ദിവസങ്ങൾ ദിനരാത്രങ്ങളിൽ ഒതുങ്ങുമ്പോൾ ഒതുക്കി വെക്കുന്ന ചില അമൂല്യനിമിഷങ്ങൾ ജീവിതത്തിൽ അനവധി ഉണ്ടാകാറുണ്ട്. സർവ്വചരാചരങ്ങൾക്കും അഹോരാത്രത്തിനിടയിൽ ഒരു താളിനുള്ള അനുഭവമെങ്കിലും ഉറപ്പിക്കാവുന്നതാണ്. 2026മാർച്ച് പതിനാല് എന്റെ ജീവിതത്തിലെ അത്തരം നിമിഷങ്ങളിലൂടെ ഒന്ന് സഞ്ചരിച്ചാൽ കുറിക്കാതിരിക്കാൻ എനിക്കാവില്ല എന്ന് തുറന്നു സമ്മതിച്ചേ മതിയാകൂ. കാരണം എന്താണ് എന്ന് ചോദിച്ചാൽ മലയാളത്തിന് ഗന്ധർവനെ സമ്മാനിച്ച ഞവരയ്ക്കലിന്റെ കൊച്ചൻ പത്മരാജൻ എന്ന കഥാകാരൻ,നോവലിസ്റ്റ്,തിരക്കഥാകൃത്ത്, സംവിധായകൻ അദ്ദേഹത്തിന്റെ സൃഷ്ടികളെ ആസ്പദമാക്കി രചിച്ച ഉപന്യാസത്തിന് ഉപഹാരം എന്നല്ല ഓർമ്മകളിൽ മാറ്റുകൂട്ടുന്ന മാണിക്യം ലഭിച്ച ദിവസം ആ സമ്മാനം നൽകിയതോ സാക്ഷാൽ രാധാലക്ഷ്മി പത്മരാജൻ എന്ന രാധമ്മ.
ചടങ്ങ് തീർന്നപ്പോൾ അമ്മയോട് ഒന്നും സംസാരിക്കാൻ സാധിക്കാത്ത വിഷമം എനിക്കുണ്ടായിരുന്നു. ആ ദുഃഖം പൂർണമായി മാറിയത് പിറ്റേദിവസം മാർച്ച് പതിനഞ്ചിനു വൈകുന്നേരം അഞ്ചുമണിക്ക് ആയിരുന്നു. ഉപന്യാസം വിധി നിർണയിച്ചത് രാധാകലക്ഷ്മി അമ്മ ഉൾപ്പെടുന്ന വ്യക്തികൾ ആയിരുന്നത്രേ . എന്റെ രചനയിലെ ഭാഷ മനോഹരം എന്നും ഒരു പത്രപ്രവർത്തകനാണ് ഇത് എഴുതിയതെന്നും അനുമാനിക്കാൻ ആ അമ്മയ്ക്ക് സാധിച്ചതിൽ എനിക്ക് അതിശയോക്തി തോന്നിയില്ല കാരണം കാലത്തിനു മുന്നേ സഞ്ചരിച്ച ദീർഘ ദർശനത്തിന്റെ സൃഷ്ടികൾ ജനിപ്പിച്ച പത്മരാജന്റെ പാതി മെയ്യായ പത്നിക്ക് അത്തരം അനുമാനങ്ങൾ അനുയോജ്യവും അലങ്കാരവുമാണ്.
തിരുവനന്തപുരം പൂജപ്പുരയിലുള്ള വസതിയിൽ രാധാലക്ഷ്മി അമ്മയെ ഒന്ന് കാണാനും ഒപ്പം നിന്ന് ഒരു ഫോട്ടോയെടുക്കാനും അല്പം വർത്തമാനം പറയുവാനും ആണ് ചെന്നത് എങ്കിൽ ലഭിച്ചത് വിഭവസമൃദ്ധമായ സദ്യവട്ടം പോലെയുള്ള വാൽസല്യത്തിന്റെ സ്നേഹാമൃതം ആയിരുന്നു. കുറെ വർത്തമാനങ്ങൾ വാതോരാതെയുള്ള സംഭാഷണങ്ങൾ പൊട്ടിച്ചിരികൾ ഒരു കപ്പ് കാപ്പി അമ്മ തന്നെ ഇട്ടു കൊണ്ടുവന്നു തന്നു അല്പം കഴിഞ്ഞപ്പോൾ മരുമകൾ പാൽപ്പായസം നൽകി ചുറുചുറുക്കുള്ള രണ്ട് കൊച്ചു മക്കളെ കണ്ടു പിന്നീട് രണ്ടുമണിക്കൂറോളം അമ്മയുടെ സംഭാഷണങ്ങൾ ശ്രവിക്കുന്നതിനായി എന്റെ കാതുകൾ പണയം വെച്ചു.നാലാം ക്ലാസിൽ പഠിക്കുമ്പോഴാണത്രേ രാധാലക്ഷ്മി അമ്മ ആദ്യമായി നോവൽ എഴുതിയത് എന്ന് പറഞ്ഞപ്പോൾ എനിക്ക് ആദ്യം അത്ഭുതം തോന്നി.
കുട്ടിക്കാലത്തെ എന്തോ കുത്തി കുറിക്കൽ ആണെന്ന് പറഞ്ഞു എങ്കിലും പക്ഷേ ചരിത്രങ്ങൾ എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഒരു സിനിമയുടെ തിരക്കഥ വായിച്ചത് പോലെയോ അതുമല്ലെങ്കിൽ ഒരു ചലച്ചിത്രം തന്നെ കണ്ടതായി ഉള്ള അനുഭൂതിയായിരുന്നു മനസ്സിൽ. പാലക്കാട് ചിറ്റൂർ മണ്ണിൽ മാതൃഭൂമിയുടെ ലേഖകനായി ഞാൻ ജോലി ചെയ്ത കാലത്ത് പത്തു വട്ടം എങ്കിലും ശോകനാശിനി പുഴയും ജപപ്പാറയും, തെക്കേ ഗ്രാമവും കണ്ടുകാണും.അതിലെല്ലാം ഈ അമ്മയുടെ ജീവിതത്തിൽ നേർസാക്ഷ്യം വഹിച്ച അനുഭവങ്ങൾ ഉണ്ടെന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നുന്നു.സാമൂതിരിയെ പേടിച്ച് നാടുവിട്ട എഴുത്തച്ഛന് എഴുതാനുള്ള എഴുത്തുപുര ഒരുക്കിയത് രാധാലക്ഷ്മി അമ്മയുടെ പൂർവികരായിരുന്നു ആ കുടുംബത്തിലായിരുന്നു അമ്മയുടെ ജനനം. പത്മരാജൻ മാഷിന്റെ ഭാര്യ,ആകാശവാണിയിലെ ഉദ്യോഗസ്ഥ എന്നതിനേക്കാൾ വ്യക്തിപരമായി കായിക വിനോദങ്ങൾ കാഴ്ചവെച്ച വ്യക്തി കൂടിയാണ് രാധാകലക്ഷ്മി അമ്മ. ഒന്നാന്തരം അതലറ്റ് ആയിരുന്നു. ചിറ്റൂർ കോളേജിലും സ്കൂളിലും എല്ലാം നിറഞ്ഞുനിന്ന കായികതാരം.
കാർഡുകളിക്കാനും,ചെസ്സ് കളിക്കാനും ഇന്നും അമ്മയ്ക്ക് ചുറുചുറുക്ക് ഏറെയാണ്.പത്മരാജൻ മാഷിന്റെ മിക്ക കൃതികളും പകർത്തി എഴുതിയത് രാധാ ലക്ഷ്മി അമ്മയായിരുന്നു. അതിനെക്കുറിച്ചൊക്കെ ചോദിക്കുമ്പോൾ അനർഗ നിർഗളമായി വാക്കുകളും വരികളും ഒഴുകുന്നത് കാണാം. പി. പത്മരാജനെ കുറിച്ചുള്ള ഓർമ്മ പുസ്തകമായി രാധാ ലക്ഷ്മി അമ്മ എഴുതിയ പുസ്തകമാണ് പത്മരാജൻ എന്റെ ഗന്ധർവ്വൻ. “സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീ ഇല്ല പകലുകൾ നിന്നിൽ നിന്നും ചോർത്തി കളഞ്ഞിരിക്കുന്നു ചന്ദ്രസ്പർശം ഉള്ള രാത്രികളും, രാത്രിയുടെ പതിനേഴാമത്തെ കാറ്റു വീശാൻ തുടങ്ങുമ്പോൾ നീ ഈ ഭൂമിയിൽ നിന്ന് യാത്രയാകും ഒരിക്കലും തിരിച്ചു വരാത്ത യാത്ര “ഞാൻ ഗന്ധർവനിൽ പത്മരാജൻ കുറിച്ച വരികളാണിത്. ഒടുവിലത്തെ ചലച്ചിത്രത്തിൽ ഇങ്ങനെ കുറിച്ചത് യാഥാർത്ഥ്യബോധം സ്വന്തം ജീവിതത്തിൽ പകർത്തിയതാണോ എന്തോ പക്ഷേ ആത്മാവിന് മരണമില്ല എന്ന സത്യത്തിൽ ഇന്നും അദ്ദേഹത്തിന്റെ സാമീപ്യം അറിയുന്ന പൂജപ്പുരയിലെ വീട്ടിലെ മുറിയിൽ ഒരു വലിയ വെളുത്ത പെട്ടിയിൽ അദ്ദേഹം എഴുതിയ എല്ലാ സൃഷ്ടികളും കയ്യെഴുത്ത് പ്രതികളും നിധി പോലെ സൂക്ഷിക്കുന്നുണ്ട്.
പുസ്തകങ്ങളുടെ കലവറ തീർത്ത ആ മുറിയെ കണ്ടപ്പോൾ അറിയാതെ ഞാൻ വർണ്ണിച്ചത് ഇത് അക്ഷരങ്ങളുടെ മെത്തയാണെന്നാണ് അത് കേട്ട് രാധലക്ഷ്മി അമ്മ ഒത്തിരി ചിരിച്ചു ഒടുവിൽ പടിയിറങ്ങാൻ നിന്ന എനിക്ക് അമ്മ എഴുതിയ പത്മരാജൻ എന്റെ ഗന്ധർവ്വൻ എന്ന പുസ്തകം സമ്മാനിക്കുകയും അദ്ദേഹം പണ്ട് കൊണ്ട് നട്ട വള്ളിച്ചെടിയിൽ ഒരു വള്ളി പൊട്ടിച്ച് എനിക്ക് വീട്ടിൽ നടാൻ നൽകുകയും ചെയ്തു. ആ ചെടി ആദ്യം എന്റെ ഹൃദയത്തിലും പിറ്റേദിവസം ഭവനത്തിലെ മണ്ണിലും വേരൂന്നിയപ്പോൾ ഒരു ബലിക്കാക്ക അടുത്ത് പറന്നു വന്നിരുന്നു ഒരുപക്ഷേ അത് പത്മരാജൻ മാഷിന്റെ ആത്മാവാകാം എന്ന് ഞാൻ കരുതുന്നു . ഇനി അത് പടർന്നു പന്തലിക്കുമെന്ന് പ്രത്യാശയേറെയുണ്ട്.യാത്ര പറയും മുൻപ് ഞാൻ അമ്മയുടെ ഒരു ചിത്രം എടുത്തു വീട്ടിലെ ചെമ്പരത്തി ചോട്ടിൽ ഇരുത്തി ഒരു ചിത്രം. മടങ്ങാൻ നേരത്ത് അമ്മ പറഞ്ഞു ഇപ്പോഴും ദിവസവും ഡയറി എഴുതുന്ന ശീലം ഉണ്ട് ഇന്നത്തെ ഡയറിയിൽ റാം വന്നതും ഇതുവരെ സംസാരിച്ചതുമായ ഓർമ്മകൾ ഇടം നേടും എന്ന വാക്കുകൾ ഒരു പക്ഷേ അനുവാചകൻ എന്ന നിലയിൽ എനിക്കുണ്ടായ ഏറ്റവും വലിയ സന്തോഷമാണ്.ഇന്നത്തെ ഡയറിയിലെ ഒരു താളിൽ മാത്രമല്ല ആ അമ്മയുടെ ഹൃദയത്താളിൽ ഒരിടം ലഭിച്ചു എന് ചാരുതാർത്ഥ്യത്തോടെ മുന്നോട്ട് പോകുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment