“കസ്തൂർബാ ഗാന്ധി ഇനിയില്ല. 74-ാം വയസിൽ ബ്രിട്ടീഷ് ജയിലിൽ വച്ചാണ് അവർ അന്തരിച്ചത്… ഇന്ത്യക്കാരുടെ മാതാവിനെപ്പോലെയായിരുന്ന ഈ മഹതിയെ ഞാൻ അഭിവാദ്യം ചെയ്യുന്നു… മാതൃഭൂമിയുടെ സ്വാതന്ത്ര്യസമരത്തിൽ തന്നോടൊപ്പം ജീവിക്കുകയും ഇടപഴകുകയും ചെയ്ത ദശലക്ഷക്കണക്കിന് ഇന്ത്യൻ പെൺകുട്ടികൾക്ക് കസ്തൂർബാ ഒരു പ്രചോദനമായിരുന്നു. ദക്ഷിണാഫ്രിക്കയിലെ സത്യഗ്രഹ നാളുകൾ മുതൽ തന്റെ മഹാനായ ഭർത്താവിനൊപ്പം ജീവിതത്തിലെ നിരവധി കഷ്ടപ്പാടുകളിലും ദുരിതങ്ങളിലും അവർ പങ്കാളിയായിരുന്നു. പലതവണ അവർ ജയിലിൽ പോയി, അത് അവരുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു, എന്നാൽ 74-ാം വയസിലും ജയിലിൽ പോകാൻ അവർ ഭയപ്പെട്ടില്ല. മഹാത്മാ ഗാന്ധി നിയമലംഘന പ്രസ്ഥാനത്തിന് നേതൃത്വം നൽകിയപ്പോൾ ആ സമരത്തിന്റെ മുൻനിരയിൽ കസ്തൂർബാ ഉണ്ടായിരുന്നു. ” 1944 ഫെബ്രുവരി 22ന് ആഗാഖാൻ കൊട്ടാരത്തിൽ (യഥാർത്ഥത്തിൽ അത് ഒരു ജയിലാക്കി മാറ്റിയിരുന്നു) തടങ്കലിൽ കഴിയവെ കസ്തൂർബാ അന്തരിച്ചപ്പോൾ സുഭാഷ് ചന്ദ്രബോസ് അവരെ അനുസ്മരിച്ചത് ഈ വാക്കുകളാലായിരുന്നു. കസ്തൂർബായുടെ വഷളായിക്കൊണ്ടിരിക്കുന്ന ആരോഗ്യനില പരിഗണിക്കാതെ അവരെ മോചിപ്പിക്കാൻ വിസമ്മതിച്ച ക്രൂരരായ കൊളോണിയൽ ഭരണാധികാരികൾ വിളിച്ചുവരുത്തിയ മരണമായിരുന്നു അതെന്നതിന് ചരിത്രം സാക്ഷിയാണ്. നാല് മാസത്തിലേറെയായി അവർ ഹൃദ്രോഗബാധിതയായിരുന്നു. ഈ കാലയളവിൽ അവർക്ക് ഹൃദയാഘാതവും ഉണ്ടായി. ഇതുകൊണ്ടൊക്കെയാവാം കസ്തൂർബായ്ക്കുള്ള തന്റെ ആദരാഞ്ജലിയിൽ, “കസ്തൂർബാ ഒരു രക്തസാക്ഷിയായി മരിച്ചു” എന്ന് അടിവരയിട്ടു പറയാൻ ബോസ് മടിച്ചില്ല. കൂടാതെ ഈ “ക്രൂരമായ കൊലപാതകത്തിന്” ഉത്തരവാദി ബ്രിട്ടീഷ് സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. “സ്വാതന്ത്ര്യം, നീതി, ധാർമ്മികത എന്നിവയെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്ന, എന്നാൽ ഈ ക്രൂരമായ കൊലപാതകത്തിന് യഥാർത്ഥത്തിൽ ഉത്തരവാദികളായ ഈ കഴുകന്മാരോടുള്ള എന്റെ വെറുപ്പ് ഞാൻ പ്രകടിപ്പിക്കുന്നു, ” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തതിനാണ് കസ്തൂർബാ ഗാന്ധിയെ അവിടെ തടങ്കലിൽ വച്ചിരുന്നത്. ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള സർക്കാരിന്റെ നടപടികളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും വെടിയേൽക്കുകയും കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശിവാജി പാർക്കിലെ ചരിത്രപ്രധാനമായ യോഗത്തിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് തന്നെ തടയുകയും തടവിലാക്കുകയും ചെയ്യുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ട് അവർ ചെയ്ത കാര്യത്തെക്കുറിച്ച് അവരുടെ ജീവചരിത്രകാരൻ ഇപ്രകാരം പറയുന്നു: “അതുകൊണ്ട് അവർ സുശീല നയ്യാരോട് പൊതുജനങ്ങൾക്കുള്ള തന്റെ സന്ദേശം എഴുതിയെടുക്കാൻ പറഞ്ഞു: ‘ഇന്നലെ രാത്രി ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ ഗാന്ധിജി രണ്ട് മണിക്കൂർ നേരം തന്റെ ഹൃദയം നിങ്ങൾക്ക് മുന്നിൽ തുറന്നുവച്ചു. എനിക്ക് അതിൽ കൂടുതൽ എന്ത് ചേർക്കാനുണ്ട്? ഇന്ത്യൻ സ്ത്രീകൾ തങ്ങളുടെ കരുത്ത് തെളിയിക്കണം. ജാതിയോ മതമോ നോക്കാതെ അവരെല്ലാവരും ഈ സമരത്തിൽ പങ്കുചേരണം. സത്യവും അഹിംസയുമായിരിക്കണം നമ്മുടെ മുദ്രാവാക്യങ്ങൾ.”
1869 ഏപ്രില്‍ 11ന് ജനിച്ച കസ്തൂർബായുടെ 157-ാം ജന്മനാള്‍ കടന്നുപോകുമ്പോഴും അറുപതിലധികം വർഷത്തെ പൊതുജീവിതത്തിന്റെ പല വശങ്ങളും പ്രത്യേകമായി ഒരു സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിലും ഇന്ത്യയിലുടനീളമുള്ള നിരവധി സിവിൽ നടപടികളിലും പ്രതിഷേധങ്ങളിലും പങ്കെടുത്ത സജീവമായ പ്രവർത്തക എന്ന തലത്തിലും നിരന്തരം ഓർമ്മിക്കേണ്ടതുണ്ട്.എന്നാൽ, ഹിന്ദു സംഘടനാവാദികൾ ഗാന്ധിയെ താഴ്ത്തിക്കെട്ടാൻ മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ കസ്തൂർബായ്ക്കുള്ള പങ്ക് നിഷേധിക്കാനും അവരുടെ മുഴുവൻ ജീവിതത്തെയും ഒരു വീട്ടമ്മയുടേത് മാത്രമാക്കി ചുരുക്കാനും എന്നും ആഗ്രഹിച്ചിരുന്നു. ആന്‍ഡമാൻ ജയിലിൽ നിന്ന് നേരത്തെ മോചിപ്പിക്കാനായി ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ അയച്ചിരുന്ന ഹിന്ദു മഹാസഭയുടെ നേതാവ് വിനായക് ദാമോദർ സവർക്കർ, ചരിത്രപ്രധാനമായ ക്വിറ്റ് ഇന്ത്യ സമരം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് ബ്രിട്ടീഷുകാരുടെ യുദ്ധശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ ജനതയെ അടിച്ചമർത്തുന്നതിനും സഹായിക്കുന്നതിനായി ‘ഹിന്ദുക്കളെ സൈനികവൽക്കരിക്കുക, രാഷ്ട്രത്തെ ഹൈന്ദവവൽക്കരിക്കുക’ എന്ന ആഹ്വാനവുമായി ഇന്ത്യൻ യുവാക്കളോട് സൈന്യത്തിൽ ചേരാൻ ആവശ്യപ്പെട്ട് ഇന്ത്യയിലുടനീളം പര്യടനം നടത്തുകയായിരുന്നു.
“ഹിന്ദു സംഘടനകൾ കോൺഗ്രസുകാരിയായ കസ്തൂർബാ ഫണ്ടിലേക്ക് ഒരു പൈസ പോലും സംഭാവന ചെയ്യരുത്” എന്നായിരുന്നു കസ്തൂര്‍ബായുടെ മരണശേഷം അദ്ദേഹം പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടത്. കസ്തൂർബാ ഫണ്ടിലേക്ക് ശേഖരിക്കുന്ന പണം ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി കോൺഗ്രസ് ഉപയോഗിക്കുമെന്നും അത് ആത്യന്തികമായി മുസ്ലിം പേഴ്സിലേക്ക് പോകുമെന്നും സവർക്കർ അവകാശപ്പെട്ടു. ഗാന്ധിയോടുള്ള സവർക്കറുടെ കടുത്ത വിദ്വേഷത്തിന്റെയും ഇന്ത്യയിലെ സംഭവവികാസങ്ങളിൽ താൻ ഒരു ബ്രിട്ടീഷ് ഏജന്റായി കൂടുതൽ കൂടുതൽ ചിത്രീകരിക്കപ്പെടുന്നതിലുള്ള നിരാശയുടെയും സൂചനയായിരുന്നു അത്. കസ്തൂർബായുടെ പങ്കിനെക്കുറിച്ച് സുഭാഷ് ചന്ദ്രബോസ് നടത്തിയ വസ്തുനിഷ്ഠമായ വിലയിരുത്തൽ പോലും ഉൾക്കൊള്ളാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഹിന്ദുത്വത്തിന്റെ ഈ സൈദ്ധാന്തികനിൽ നിന്ന് സൂചന ഉൾക്കൊണ്ട്, എന്തിനാണ് കസ്തൂർബായുടെ സ്മരണയ്ക്കായി പെൺകുട്ടികൾക്കും സ്ത്രീകൾക്കുമായി സ്കൂളുകൾ തുറക്കുന്നത് എന്ന് ഹിന്ദുത്വവാദി എസ് എൽ കരാന്തിക്കർ ചോദിച്ചു. കസ്തൂർബായെ കേവലം ഒരു വീട്ടമ്മയായി ചിത്രീകരിച്ച് അദ്ദേഹം പരിഹസിച്ചു, “കസ്തൂർബാ ഒരു മാതൃകാ ഹിന്ദു സ്ത്രീയായിരുന്നു, അവളുടെ ഭർത്താവിന്റെ ജീവിതത്തിന്റെ ഭാഗമാവുക എന്നതായിരുന്നു അവളുടെ ഏക സന്തോഷം. കസ്തൂർബായുടെ ജീവിതവും മരണവും ഇതിനപ്പുറം ഒന്നുമല്ല.” ഹിന്ദുത്വം ഇവിടെയും സ്ത്രീയെ അപഹസിക്കാന്‍ വേദി കണ്ടെത്തി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment