പതിറ്റാണ്ടുകളായി തുടരുന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ, സഭാംഗങ്ങളിൽ നിന്ന് ലൈംഗിക അതിക്രമങ്ങൾ നേരിട്ടവർക്ക് വൻതുക നഷ്ടപരിഹാരം നൽകാൻ ന്യൂയോർക്ക് കത്തോലിക്കാ അതിരൂപത തീരുമാനിച്ചു. സഭയിലെ വൈദികരിൽ നിന്നും ജീവനക്കാരിൽ നിന്നും കുട്ടിക്കാലത്ത് പീഡനമേൽക്കേണ്ടി വന്ന 1,300ഓളം പരാതിക്കാർക്കായി 800 മില്യൺ ഡോളർ നൽകാനാണ് ധാരണയായത്. അമേരിക്കൻ സഭാ ചരിത്രത്തിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ഒത്തുതീർപ്പാണിത്.
ന്യൂയോർക്ക് സംസ്ഥാനം നടപ്പിലാക്കിയ ‘ചൈൽഡ് വിക്ടിംസ് ആക്ട്’ ആണ് ഒത്തുതീർപ്പിലേക്ക് വഴിതെളിച്ചത്. വർഷങ്ങൾക്കു മുമ്പ് നടന്ന പീഡനക്കേസുകളിൽ പരാതി നൽകാനുള്ള കാലാവധി നിയമത്തിലൂടെ നീട്ടിനൽകിയതോടെയാണ് നൂറുകണക്കിന് ഇരകൾ സഭയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുവന്നത്. 2019ൽ നിയമം പ്രാബല്യത്തിൽ വന്നതിനെത്തുടർന്ന് അയ്യായിരത്തിലധികം കേസുകളാണ് സംസ്ഥാനത്തെ വിവിധ രൂപതകൾക്കെതിരെ ഫയൽ ചെയ്യപ്പെട്ടത്.
സാമ്പത്തിക സഹായത്തിന് പുറമെ, കുറ്റാരോപിതരായ വൈദികരെയും ജീവനക്കാരെയും കുറിച്ചുള്ള രഹസ്യരേഖകൾ കോടതിയിൽ സമർപ്പിക്കാനും അത് പരസ്യപ്പെടുത്താനും സഭ സമ്മതിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് ലോസ് ഏഞ്ചൽസ് അതിരൂപത 880 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് ന്യൂയോർക്കിലെ ഈ നീക്കം. ഇരകൾക്ക് നീതി ലഭിക്കുന്നതിനൊപ്പം സഭയുടെ സുതാര്യത ഉറപ്പാക്കാനും ഈ നടപടി അത്യാവശ്യമാണെന്ന് അതിരൂപത അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment