Related News

ആശാ ഭോസ്‌ലെ: പകരമില്ലാത്ത സംഗീതവൈവിധ്യം

Janayugom
Developer Admin

ഇന്ത്യൻ സിനിമാ പിന്നണി സംഗീതത്തിൽ എട്ട് പതിറ്റാണ്ടിനെ സ്വാധീനിച്ച ഹൃദയഹാരിയായ ശബ്ദമായിരുന്നു ആശാ ഭോസ്‌ലെ. 12,000ലേറെ പാട്ടുകൾ. ബോളിവുഡ് അടക്കം 20 ഭാഷകളുടെ ഈണമായി മാറിയ ശബ്ദം. പകരം വയ്ക്കാനില്ലാത്ത വൈവിധ്യമായിരുന്നു ആശാ ഭോസ്‌ലെ. നിത്യം നൂതനവും. തുടക്കത്തിലും വളർച്ചയുടെ ഓരോ ഘട്ടത്തിലും ബോളിവുഡിൽ മൂത്ത സഹോദരി ലതാ മങ്കേഷ്കറുടെ മറുശബ്ദവുമായി മാത്രമേ ആശയ്ക്ക് മത്സരിക്കാനുണ്ടായിരുന്നുള്ളൂ. ലതയുടെ ശബ്ദം ബോളിവുഡിൽ ചെലുത്തിയ അപാരമായ സ്വാധീനശേഷിയെ സർഗാത്മകമായി ക്രമമായി മറികടക്കാൻ ആശയ്ക്കു കഴിഞ്ഞു. 1943ൽ ഒമ്പതാം വയസിൽ പാട്ടുകളുടെ ലോകത്തിലേക്ക് കടക്കുമ്പോൾ തന്നെ മൂത്ത ചേച്ചി, ലത ബോളിവുഡിലെ കിരീടം വയ്ക്കാത്ത ശബ്ദമായിരുന്നു. കൂടെ ഷംഷാദ് ബീഗവും ഗീതാ റോയിയും അരങ്ങുവാണു.
ആശ പാട്ടിലെത്തുന്ന കാലം ഇന്ത്യൻ സിനിമാ സംഗീതത്തിലെ ഏറ്റവും സർഗാത്മകമായ ശബ്ദകാലം കൂടിയായിരുന്നു. മുകേഷിന്റെയും മുഹമ്മദ് റാഫിയുടെയും കിഷോർ കുമാറിന്റെയും ലതാ മങ്കേഷ്കറുടെയും വസന്തം. ഇക്കാലത്തുതന്നെയാണ് ആശയുടെ പാട്ടുകൾ വേറിട്ട ശബ്ദമായി അംഗീകരിച്ചു തുടങ്ങിയത്.
1943ൽ മജ് ബാൽ എന്ന മറാത്തി സിനിമയ്ക്കുവേണ്ടി പാടിയ ‘ചലാ ചലാ നവ്ബാല’ ആയിരുന്നു ആദ്യ ഗാനം. ഹിന്ദിയിൽ 1948ൽ റിലീസായ ‘ചുനാരിയ’യിലെ ‘സാവൻ ആയാ…’ ആണ് ആശയുടെ ആദ്യ ഹിന്ദി പാട്ടായി അറിയപ്പെടുന്നത്. ലതയുടെ നിഴലിൽനിന്ന് കുതറിമാറാനുള്ള പാട്ടുകളിലേക്കെത്തിയത് ഒ പി നയ്യാറിലൂടെയാണ്. അദ്ദേഹമാണ് ആശയുടെ ശബ്ദത്തിന്റെ സാധ്യതകൾ തുടക്കത്തിൽ കണ്ടെത്തിയത്. 1956ൽ സിഐഡി എന്ന സിനിമയിലൂടെ നയ്യാർ ആശയുടെ ശബ്ദം വേറിട്ട് അവതരിപ്പിച്ചു. അറുപതുകളിലും എഴുപതുകളിലും ആശ ഒ പി നയ്യാർ ജോഡി 300-ഓളം ഹിറ്റുകൾ സമ്മാനിച്ചു.
പിന്നീട്, തന്റെ എക്കാലത്തെയും പങ്കാളിയായ ആർ ഡി ബർമ്മനിലേക്ക് ആശ എത്തുന്നു. ആശ ആർ ഡി ബർമ്മൻ കൂട്ടുകെട്ട് അക്ഷരാർത്ഥത്തിൽ ബോളിവുഡിനെ ഇളക്കിമറിച്ചു. ആശയുടെ ശബ്ദത്തിന്റെ ബഹുസ്വരത ഏറ്റവും സർഗാത്മകമായി ഉപയോഗപ്പെടുത്തിയത് ആർ ഡി ബർമ്മനാണ്. പോപ്പ്, കാബറെ, റോക്ക്, ഗസൽ, ക്ലാസിക്കൽ തുടങ്ങിയ വിവിധ ശ്രേണികളിലേക്ക് ആശയുടെ ശബ്ദം പടർന്നുകയറിയത് ബർമ്മന്റെ സംഗീത സംവിധാനത്തിലാണ്. ഇത്രയും വൈവിധ്യമാർന്ന ശൈലി പിന്തുടർന്ന മറ്റൊരു ഗായികയും ബോളിവുഡിലില്ല. ആർ ഡി ബർമ്മനുമായുള്ള പാട്ടുകൂട്ടുകെട്ട് 1980ൽ വിവാഹത്തിലെത്തി.
പിന്നണി ഗാനരംഗത്തുനിന്ന് പിൻവാങ്ങാൻ തീരുമാനിച്ച കാലത്താണ്, 1995ൽ എ ആർ റഹ്മാന്റെ പാട്ടുകൾ ആശയെ തേടിയെത്തിയത്. രംഗീല എന്ന സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റായി. ഇരുവർ, ലഗാൻ, താൽ തുടങ്ങിയ റഹ്‌മാൻ ചിത്രങ്ങളെ ആശയുടെ ശബ്ദം കാലാതീതമാക്കി. അറുപതാം വയസിലും ഇരുപതു വയസുള്ള തലമുറയുടെ ശബ്ദവും അഭിരുചിയുമായി മാറാൻ ആശയ്ക്കു കഴിഞ്ഞു. ഗ്രാമി പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണ്. 1997ൽ ഉസ്താദ് അലി അക്ബർ ഖാനുമൊത്തുള്ള ‘ലെഗസി’ എന്ന ആൽബമാണ് ഈ നേട്ടത്തിലെത്തിച്ചത്. 2006ലും യു ഹാവ് സ്റ്റോളൻ മൈ ഹാർട്ട് എന്ന ആൽബത്തിലൂടെ വീണ്ടും ഗ്രാമി നാമനിർദേശം ലഭിച്ചു.
2000ൽ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം, 2008ൽ പദ്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി രാജ്യം ആദരിച്ചു. ‘ഉംറാവോ ജാൻ’, ഇജാസത്ത്’ എന്നീ സിനിമകളിലെ ആലാപനത്തിന് രണ്ടു തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും നേടി.
പിന്നണി സംഗീതത്തിനുപുറമേ, സംഗീതത്തിൽ സ്വതന്ത്രമായ നിരവധി പരീക്ഷണങ്ങൾ ആശ നടത്തിയിരുന്നു. ഗുൽസാർ, ആർ ഡി ബർമ്മൻ, ലെസ്‌ലി ലൂയിസ്, അദ്നാൻ സാമി എന്നിവരുമൊത്തുള്ള ആൽബങ്ങൾ ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവും കൂടുതൽ പാട്ടുകൾ റെക്കോഡ് ചെയ്ത ഗായിക എന്ന നിലയിൽ ആശ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്. മലയാളത്തിലും അവർ ഒരു പാട്ട് പാടിയിട്ടുണ്ട്; ‘സുജാത’ എന്ന സിനിമയ്ക്കുവേണ്ടി ‘സ്വയംവര ശുഭദിനമംഗളങ്ങൾ…’

Previous
ബഹിരാകാശവും മനുഷ്യ ശരീരവും
Next
എൻ പി പ്രഭാകരൻ നാട്ടുസംസ്കൃതിയുടെ സംഗീതധാര

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment