Related News

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് അനുജ് അഗ്നിഹോത്രിക്ക് , 18ാം റാങ്കില്‍ മലയാളി തിളക്കം

Janayugom
Developer Admin

2025ലെ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ദേശീയതലത്തിൽ അനുജ് അഗ്നിഹോത്രി ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോൾ രാജേശ്വരി സുവേ രണ്ടാം റാങ്ക് നേടി. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിന് അഭിമാനമായി. മറ്റൊരു മലയാളിയായ സിദ്ധാർത്ഥ എം ജോയി 271-ാം റാങ്കും സ്വന്തമാക്കിയിട്ടുണ്ട്.

2025 മെയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് ഈ വർഷത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ 31 വരെ നടന്ന മെയിൻ പരീക്ഷയ്ക്കും ഫെബ്രുവരി 27ന് അവസാനിച്ച പേഴ്സണാലിറ്റി ടെസ്റ്റിനും (അഭിമുഖം) ശേഷമാണ് ഇപ്പോൾ അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഭിമുഖം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഫലം പ്രഖ്യാപിക്കുന്ന രീതി യുപിഎസ്‌സി ഇത്തവണയും നിലനിർത്തി.

ഐ എ എസ്, ഐ പി എസ്, ഐ എഫ് എസ് ഉൾപ്പെടെ 23 വിവിധ സർവീസുകളിലേക്കാണ് ഈ റാങ്ക് പട്ടികയിൽ നിന്ന് നിയമനം നടക്കുന്നത്. ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ‘ഫൈനൽ റിസൾട്ട്’ വിഭാഗത്തിൽ പിഡിഎഫ് രൂപത്തിൽ ഫലം പരിശോധിക്കാം. മെറിറ്റ് പട്ടികയിൽ റോൾ നമ്പറും പേരും റാങ്ക് ക്രമത്തിൽ ലഭ്യമാണ്.

സിവില്‍ സര്‍വീസില്‍ മലയാളിത്തിളക്കം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മലയാളിത്തിളക്കം. ആദ്യ 1000 റാങ്കുകാരില്‍ 47 പേര്‍ കേരളത്തില്‍ നിന്നും പരീക്ഷ എഴുതിയവരാണ്. ആദ്യ 150ല്‍ ആറുപേരും മലയാളികളാണ്. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെ എസ് ശ്രീജ കേരളത്തില്‍ നിന്നും ഒന്നാമതെത്തി. 57-ാം റാങ്കാണ് ശ്രീജയ്ക്ക്. കൊല്ലം സ്വദേശിയായ ആദിത്യ നാരായണ്‍ എച്ച് (68), തിരുവനന്തപുരം ആനയറ സ്വദേശി ഗോപിക ബി (105), കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് (109), എറണാകുളം സ്വദേശി വിനീത് ലോഹിദാസൻ (129), തൃശൂര്‍ സ്വദേശി ശ്രീലക്ഷ്മി വി സി (133), തൃശൂര്‍ സ്വദേശി വിഷ്ണുപ്രിയ (149) എന്നിവരാണ് 150 റാങ്കില്‍ ഇടം നേടിയത്. തന്റെ ആദ്യ അവസരത്തിലാണ് ശ്രീജ 57-ാം റാങ്കെന്ന മിന്നും നേട്ടം കൈവരിച്ചത്. കൂലിപ്പണിക്കാരനായ അച്ഛൻ ജയകുമാറിന്റെയും അമ്മ ഷീജയുടെയും കഠിനാധ്വാനം കൂടിയാണ് ശ്രീജയെ വലിയ നേട്ടത്തിലേക്കെത്തിച്ചത്. ചിട്ടയായ പഠനത്തിനും പ്ലാനിങ്ങിനും പുറമെ അച്ഛനും അമ്മയും നല്‍കിയ പിന്തുണയാണ് കരുത്തായതെന്ന് ശ്രീജ പറഞ്ഞു.

കാഴ്ചപരിമിതികളെ മനക്കരുത്തിലൂടെ പൊരുതി തോല്പിച്ചുകൊണ്ടാണ് കോഴിക്കോട്ടെ അജയ് ആർ രാജിന്റെ നേട്ടം. നഷ്ടപ്പെട്ടു എന്ന് തോന്നിയ തന്റെ സ്വപ്നത്തെ തിരിച്ചുപിടിക്കുന്നതായി കോഴിക്കോട് സ്വദേശി ആതിര സുഗതന്റെ സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയം, 483-ാം റാങ്കാണ് ആതിര സ്വന്തമാക്കിയത്. റോഡപകടത്തെത്തുടർന്ന് ഓർമ്മശക്തിയും അരയ്ക്ക് കീഴ്പോട്ട് ചലന ശേഷിയും നഷ്ടപ്പെട്ടിടത്തു നിന്നാണ് ആതിരയുടെ സ്വപ്നനേട്ടം. ഭിന്നശേഷിക്കാരായ വിദ്യാർത്ഥികള്‍ക്കായുള്ള ‘പ്രൊജക്ട് ചിത്രശലഭം’ എന്ന സൗജന്യ സിവിൽ സർവീസ് പരിശീലന പദ്ധതിയിലൂടെയാണ് ആതിര നേട്ടം കെെവരിച്ചത്. തിരുവനന്തപുരം നേമം സ്വദേശി എ എസ് അനുഷ 284-ാം റാങ്കും വിതുര സ്വദേശി ബി അതിഥി കൃഷ്ണദേവ് 451-ാം റാങ്കും, തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം എസ് അരുണിമ 558-ാം റാങ്കും നേടി.

Previous
യുദ്ധഭീതിയിൽ വിപണി ഉലയുന്നു; രൂപയുടെ മൂല്യം 92 കടന്നു
Next
‘മനസിലായിക്കുന്ന്’ കയറുന്ന അജിതയുടെ സ്വപ്നങ്ങള്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment