രാജ്യത്തെ എയർടെൽ ഉപഭോക്താക്കൾ ഞെട്ടലിൽ. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ റീചാർജ് പ്ലാനിന്റെ വില വർധിപ്പിച്ചു. എയർടെലിന്റെ ജനപ്രിയ 84 ദിവസത്തെ പ്ലാനാണ് പരിഷ്കരിച്ചിരിക്കുന്നത്. ദിവസവും 1.5 ജിബി ഡാറ്റ നൽകിയിരുന്ന പ്ലാനിന് നേരത്തെ 859 രൂപയായിരുന്നു. എന്നാൽ ഇപ്പോൾ അത് 899 രൂപയായി കമ്പനി ഉയർത്തി. ഇതിന് മുൻപ് ഗ്ലോബൽ ഇന്റർനാഷണൽ റോമിംഗ് പാക്കുകളിൽ കഴിഞ്ഞ ഫെബ്രുവരിയിൽ വരുത്തിയ വില വർദ്ധനവിന് പിന്നാലെയാണ് എയർടെൽ ഇപ്പോൾ പ്രീപെയ്ഡ് നിരക്കിലും മാറ്റം വരുത്തിയിരിക്കുന്നത്. അതേസമയം, ലക്ഷക്കണക്കിന് എയർടെൽ ഉപയോക്താക്കളെയാണ് വില വർധനവ് ബാധിച്ചിരിക്കുന്നത്.
പുതുക്കിയ 899 രൂപയുടെ പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകളും ദിവസവും 100 എസ്എംഎസും 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റയും ലഭ്യമാണ്. പ്രതിദിന ഡാറ്റാ പരിധി കഴിഞ്ഞാൽ ഇന്റർനെറ്റ് വേഗത 64 കെബിപിഎസ് ആയി കുറയും. അധിക ആനുകൂല്യങ്ങളായി 12 മാസത്തേക്ക് അഡോബ് എക്‌സ്‌പ്രസ് പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോട്യൂൺസ്, എയർടെൽ സ്പാം അലേർട്ടുകൾ എന്നിവയും ഈ പ്ലാനിനൊപ്പം ലഭിക്കും.
വില വർദ്ധനവിനൊപ്പം പ്ലാനിലെ ചില ആനുകൂല്യങ്ങളിലും കമ്പനി മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ 859 രൂപയുടെ പ്ലാനിനൊപ്പം ലഭിച്ചിരുന്ന റിവാർഡ്‌സ് മിനി സബ്‌സ്‌ക്രിപ്‌ഷൻ പുതിയ പ്ലാനിൽ നിന്ന് ഒഴിവാക്കിയതായാണ് റിപ്പോർട്ടുകൾ. ശരാശരി വരുമാനം വർദ്ധിപ്പിക്കുന്നതിന്റെയും ഉപഭോക്താക്കളെ ഫെെവ് ജി സേവനങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെയും ഭാഗമായാണ് നടപടിയെന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം, റിലയൻസ് ജിയോ, വോഡഫോൺ തുടങ്ങിയ കമ്പനികൾ സമാനമായ പ്ലാനുകൾ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment