ലോകം കാത്തിരിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് ജൂൺ 11‑ന് തുടക്കമാവുകയാണ്. എന്നാൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികളെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് കാണാൻ സാധിക്കിമോ എന്നത് ഒരു വലിയ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇന്ത്യയിലെ സംപ്രേഷണാവകാശത്തിനായി ഫിഫ (FIFA) ആവശ്യപ്പെടുന്ന വൻ തുക നൽകാൻ കമ്പനികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
20 മില്യൺ ഡോളറും ഫിഫയുടെ കടുപിടുത്തവും ഇന്ത്യയിലെ സംപ്രേഷണത്തിനായി റിലയൻസ്-ഡിസ്നി (Jio-Star) സഖ്യം ഏകദേശം 20 മില്യൺ ഡോളറാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ഫിഫയുടെ പ്രതീക്ഷകൾക്കും ആവശ്യങ്ങൾക്കും വളരെ താഴെയാണ് ഈ തുകയെന്നാണ് റിപ്പോർട്ടുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ടീമുകൾ പങ്കെടുക്കുന്നതിനാൽ സംപ്രേഷണാവകാശ തുകയിൽ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് ഫിഫ. ചർച്ചകൾ പലവട്ടം നടന്നുവെങ്കിലും തുക കുറയ്ക്കാൻ ഫിഫ തയ്യാറാകാത്തത് ഇന്ത്യൻ വിപണിയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
ഇന്ത്യയിൽ മാത്രമല്ല, അയൽരാജ്യമായ ചൈനയിലും ലോകകപ്പ് സംപ്രേഷണവുമായി ബന്ധപ്പെട്ട് സമാനമായ പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. അവിടെയും സംപ്രേഷണാവകാശ തുകയെച്ചൊല്ലിയുള്ള ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ രണ്ട് വിപണികളിൽ ഫിഫ കളി കാണാൻ അവസരം ഒരുക്കാതിരിക്കുമോ അതോ അവസാന നിമിഷം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങളിലായാണ് ഇത്തവണ മത്സരങ്ങൾ നടക്കുന്നത്. ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ടീമുകളുടെ എണ്ണം 32‑ൽ നിന്നും 48‑ലേക്ക് വർദ്ധിപ്പിച്ചു. ഇതോടെ മത്സരങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകും. ജൂൺ 11‑ന് ആരംഭിച്ച് ജൂലൈ 19‑ന് ന്യൂജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിലാണ് ഫൈനൽ പോരാട്ടം. ഇന്ത്യൻ സമയം പുലർച്ചെയും അർദ്ധരാത്രിയിലുമായിരിക്കും മിക്ക മത്സരങ്ങളും നടക്കുക. സ്മാർട്ട്ഫോണുകളിലൂടെയും ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയും കളി കാണാനുള്ള സാധ്യതകൾ ഇനിയും ബാക്കിയുണ്ടെങ്കിലും, ടെലിവിഷൻ സംപ്രേഷണം മുടങ്ങിയാൽ അത് ഗ്രാമീണ മേഖലകളിലെയും മറ്റും ലക്ഷക്കണക്കിന് ആരാധകർക്ക് വലിയ തിരിച്ചടിയാകും. സംപ്രേഷണാവകാശ തർക്കത്തിൽ ഉടൻ ഒരു പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ലോകം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment