വയറ്റിലുണ്ടായ കടുത്ത അണുബാധയെത്തുടർന്ന് ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോയതെന്ന് നടിയും ഹൃത്വിക് റോഷന്റെ പങ്കാളിയുമായ സബ ആസാദ്. രണ്ടാഴ്ച നീണ്ടുനിന്ന രോഗാവസ്ഥയിൽ തന്റെ ശരീരഭാരം നാല് കിലോയോളം കുറഞ്ഞതായും താരം വെളിപ്പെടുത്തി. ‘സൈക്ലോസ്പോറ കയെറ്റനെൻസിസ്’ എന്ന അപൂർവ്വമായ പാരസൈറ്റ് ഇൻഫെക്ഷനാണ് സബയെ ബാധിച്ചത്. മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ഈ അണുബാധ കുടലിനെയാണ് പ്രധാനമായും ബാധിക്കുന്നത്. ഒരു ദിവസം കഠിനമായ വ്യായാമം ചെയ്തിരുന്ന തനിക്ക് പിറ്റേന്ന് ഒരു ടൂത്ത് പിക്ക് പോലും ഉയർത്താൻ ശേഷിയില്ലാത്ത വിധം തളർച്ച ബാധിച്ചുവെന്ന് സബ ഇൻസ്റ്റഗ്രാം കുറിപ്പിൽ പറഞ്ഞു.
വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്ന തനിക്ക് ഇത്തരമൊരു അസുഖം വന്നതിൽ സബ അത്ഭുതം പ്രകടിപ്പിച്ചു. പച്ചക്കറികളും ഇലക്കറികളും കഴുകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഇപ്പോൾ താൻ ബേക്കിങ് സോഡ ഉപയോഗിച്ചാണ് പച്ചക്കറികൾ കഴുകുന്നതെന്നും താരം ആരാധകരെ ഓർമ്മിപ്പിച്ചു. നിർത്താതെയുള്ള വയറിളക്കം, കടുത്ത ക്ഷീണം, വയറുവേദന, പനി എന്നിവയായിരുന്നു പ്രധാന ലക്ഷണങ്ങൾ. പ്രയാസമേറിയ ഈ കാലഘട്ടത്തിൽ തനിക്ക് താങ്ങായി നിന്ന ഹൃത്വിക് റോഷന് സബ നന്ദി പറഞ്ഞു. ഏറ്റവും മോശം അവസ്ഥയിലും തന്നെ ചിരിപ്പിക്കാൻ ഹൃത്വികിന് സാധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment