രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കാർഷികമേഖലയെ അടിസ്ഥാനമാക്കിയാണെന്നും അവയുടെ ഉന്നമനമാണ് തങ്ങളുടെ ലക്ഷ്യമെന്നും കഴിഞ്ഞയാഴ്ച പോലും പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവർത്തിച്ചിരുന്നതാണ്. കെട്ടിപ്പൊക്കിയ കണക്കുകളും എടുത്താൽ പൊങ്ങാത്ത അവകാശവാദങ്ങളും അധികൃതർ ഉന്നയിക്കാറുമുണ്ട്. കാലാവസ്ഥാ വ്യതിയാനമുൾപ്പെടെ ലോകത്തും രാജ്യത്തും സംഭവിക്കുന്ന ഏത് ദുരന്തങ്ങളുടെയും പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടി വരുന്നവരാണ് ഇന്ത്യയിലെ കർഷകസമൂഹം. ഏറ്റവുമൊടുവിൽ നടന്നുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യൻ സംഘർഷാവസ്ഥയുടെ സ്ഥിതിയും വ്യത്യസ്തമല്ല. അസംസ്കൃത ഇന്ധനമെത്താത്തതിന്റെ ഫലമായി വളം ലഭ്യതയിൽ കുറവ് വന്നത് കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയുമാണ്. ചൈനയ്ക്ക് പിന്നിൽ ലോകത്തിലെ രണ്ടാമത്തെ വളം ഉപഭോക്താവായ ഇന്ത്യ, അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഗൾഫിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴിയാണെത്തേണ്ടത്. അവിടെയൊണ് ചരക്ക് ഗതാഗതം തടസപ്പെട്ടിരിക്കുന്നതെന്നത് വളം വിതരണത്തെ ബാധിക്കുകയും കർഷകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന യൂറിയ പോലുള്ള നൈട്രജൻ വളങ്ങൾ കർഷകർക്ക് നിർണായകമാണ്. സർക്കാർ സബ്സിഡികളുടെ പിന്തുണയോടെ പ്രതിവർഷം ഏകദേശം 40 ദശലക്ഷം ടൺ യൂറിയ ഉപയോഗിക്കുന്നുണ്ട്. വിതരണ തടസം നീണ്ടുനിൽക്കുന്നത് ജൂൺ, ജൂലൈ മാസങ്ങളിലെ വിതയ്ക്കൽ ജോലിയെ ബാധിക്കുമെന്നാണ് കർഷകരുടെ ആശങ്ക. കാരണം അക്കാലത്തേക്കുള്ള വളങ്ങൾ വാങ്ങുന്നത് മേയ് മാസത്തിലായിരിക്കും. ഇതിന് പുറമേയാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾ.
അപ്പോഴും കേന്ദ്ര ഭരണാധികാരികൾ പതിവ് പല്ലവികൾതന്നെ ആവർത്തിക്കുന്നു. എന്നാൽ രാജ്യത്തെ കർഷകരുടെ പരിതാപകരമായ അവസ്ഥയ്ക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും പ്രതിസന്ധിയും അതുമൂലമുള്ള ആത്മഹത്യകളും തുടരുന്നുവെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കർഷക വരുമാനം ഇരട്ടിയാക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം നേരിട്ടത്. അക്കാലത്ത് നരേന്ദ്ര മോഡി നടത്തിയ പ്രസംഗങ്ങളിലെ ഈ ഭാഗങ്ങൾ ഇപ്പോഴും സമൂഹ മാധ്യമങ്ങളുടെയും ദൃശ്യമാധ്യമങ്ങളുടെ ശേഖരങ്ങളിൽ ലഭ്യവുമാണ്. പക്ഷേ പത്തുവർഷത്തിലധികമായിട്ടും അവരുടെ സ്ഥിതിയിൽ അവകാശവാദങ്ങൾക്കപ്പുറം മാറ്റങ്ങളുണ്ടായെന്നതിന്റെ തെളിവാകുകയാണ് ഈ കണക്കുകൾ. മാർച്ച് 23ന് പഞ്ചാബിലെ രണ്ട് കർഷക സഹോദരന്മാർ ഓടുന്ന തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിവിധ ഘട്ടങ്ങളിൽ കാർഷികാവശ്യത്തിനെടുത്ത 20 ലക്ഷത്തിലധികം രൂപയുടെ വായ്പ ഇരട്ടിയോളമാകുകയും കാർഷിക വരുമാനം കുറഞ്ഞതിനാൽ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് വാർത്തയിൽ പറയുന്നത്. വരുമാനം ഇരട്ടിയാക്കിയെന്ന് അവകാശവാദം ആവർത്തിക്കുമ്പോഴാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നത് അതിന്റെ പൊള്ളത്തരങ്ങളാണ് തുറന്നുകാട്ടുന്നത്.
ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ പ്രതിവർഷം ശരാശരി 10,000ത്തിലധികം കർഷകരും കാർഷിക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നുണ്ട്. യുപിഎ സർക്കാരിന്റെ കാലത്തെ ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇരട്ടിവരുമാനമെന്ന വാഗ്ദാനം ബിജെപി 2014ലെ തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിച്ചത്. പക്ഷേ സ്ഥിതിയിൽ ഒരു മാറ്റവുമുണ്ടായില്ലെന്ന് കണക്കുകൾ സാക്ഷ്യം പറയുന്നു. ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള പന്ത്രണ്ടോളം വർഷത്തിനിടെ അഞ്ച് ലക്ഷത്തിലധികം കർഷക ആത്മഹത്യകളുണ്ടായെന്നാണ് വിവിധ ഏജൻസികളുടെ കണക്കുകൾ ക്രോഡീകരിച്ചുകൊണ്ട് കർഷക സംഘടനകൾ പറയുന്നത്. എൻസിആർബി കണക്കുകൾ പ്രകാരം തന്നെ 2018ൽ കർഷക ആത്മഹത്യ 10,349 ആയിരുന്നു. 2019ൽ 10,281, 2020ൽ 10,677, 2021ൽ 10,881, 2022ൽ 11,290, 2023ൽ 10,786 എന്നിങ്ങനെ കർഷക ആത്മഹത്യകളുടെ കണക്കുകളുണ്ട്. വരുമാനം ഇരട്ടിയാക്കിയെങ്കിൽ എന്തുകൊണ്ടാണ് കർഷക ആത്മഹത്യ കുറയാത്തതെന്ന ചോദ്യത്തിന് അവകാശവാദം പൊള്ളയാണെന്ന ഉത്തരമാണ് മറുപടി. കുറഞ്ഞ താങ്ങുവില നിശ്ചയിക്കല്‍, മതിയായ സംഭരണ സംവിധാനം, സബ്സിഡികളും സാമ്പത്തിക പിന്തുണയും യഥാസമയം ലഭ്യമാക്കൽ എന്നിവയെല്ലാം പ്രതിസന്ധി പരിഹരിക്കുന്നതിന് സുപ്രധാനമാണ്. പക്ഷേ ഈ കാര്യത്തിൽ സർക്കാർ സംവിധാനങ്ങൾ അപര്യാപ്തമാണെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ പുറത്തുവരാറുണ്ട്. വിലക്കുറവും സംഭരണ സംവിധാനമില്ലാത്തതും കാരണം ഉള്ളി റോഡിലുപേക്ഷിച്ചതിന്റെ വാർത്തകളും ചിത്രങ്ങളും അടുത്തിടെ പോലും നാം കണ്ടിട്ടുണ്ട്. ഉരുളക്കിഴങ്ങിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുഖ്യവരുമാനമായി ആശ്രയിക്കാനാകാത്ത വിധം കൃഷി മാറിയിരിക്കുന്നുവെന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണിവയെല്ലാം. കോർപറേറ്റുകളുടെ കടന്നുകയറ്റവും ഇടനിലക്കാരുടെ ചൂഷണവും തടസങ്ങളൊന്നുമില്ലാതെ തുടരുകയും ചെയ്യുന്നു. വാചകക്കസർത്തുകൾക്കപ്പുറം സമൂർത്തമായ ആശ്വാസ പദ്ധതികളും നടപടികളുമാണ് കാർഷിക രംഗത്ത് ആവശ്യമെന്നാണ് ഈ കണക്കുകൾ പറയുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment