ഉത്തരേന്ത്യയിലെ പ്രധാന വ്യവസായ കേന്ദ്രങ്ങളായ ബറൗണി, പാനിപ്പട്ട്, ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, സൂറത്ത് തുടങ്ങിയ പ്രദേശങ്ങളിൽ കരാർ തൊഴിലാളികൾ തെരുവിലിറങ്ങി നടത്തുന്ന സമരം കേന്ദ്ര — സംസ്ഥാന സർക്കാരുകൾക്ക് തലവേദന സൃഷ്ടിച്ചിരിക്കുന്നു. എട്ട് മണിക്കൂർ ജോലി, തൊഴിൽ സുരക്ഷ, സ്ഥിരതയുള്ള മിനിമം വേതനം, സാമൂഹിക സുരക്ഷ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് തൊഴിലാളി തെരുവിലിറങ്ങിയത്. സമരത്തിന് പിന്നിൽ പാകിസ്ഥാനാണെന്നും മാവോയിസ്റ്റുകളാണെന്നുമുള്ള സംഘ്പരിവാർ പ്രചരണം ഏശിയില്ല. ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാത്തതിനെതിരെ കർഷക സമരം ഇപ്പോഴും തുടരുന്നു. മധ്യപ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ ആദിവാസി ജനവിഭാഗങ്ങൾ നടത്തുന്ന സമരങ്ങളും ശക്തിപ്രാപിക്കുകയാണ്. ഇതൊന്നും മാധ്യമങ്ങളിൽ വാർത്തകളാകാതിരിക്കുവാൻ കേന്ദ്ര ഏജൻസികൾ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യങ്ങൾ അതിനപ്പുറമാണ്. കോർപറേറ്റുകൾക്ക് വേണ്ടി തൊഴിലാളികളെ കൂച്ചുവിലങ്ങണിയിക്കുന്നതിനായി പാർലമെന്റിൽ പാസാക്കിയെടുത്ത ലേബർ കോഡുകൾ 2026 ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വന്നതായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞു. കോവിഡ് വ്യാപന നാളുകളിൽ തിരക്കിട്ട് വിളിച്ചുചേർത്ത പാർലമെന്റ് സമ്മേളനത്തിലാണ് ആവശ്യമായ ചർച്ചകൾ പോലും നടത്താതെ ലേബർ കോഡുകൾ പാസാക്കിയെടുത്തത്. തൊഴിൽ എന്നത് തൊഴിലാളിയുടെ ധർമ്മമെന്ന് ആവർത്തിച്ച് പറയുന്ന ചാതുർ വർണ്യ വ്യവസ്ഥയെ അരക്കിട്ടുറപ്പിക്കുന്ന ‘ശ്രം ശക്തി നീതി’ പ്രഖ്യാപനം 2025 നവംബർ 21നാണ് കേന്ദ്രസർക്കാർ നടത്തിയത്. മനുസ്മൃതിയിലേക്കും യാജ്ഞവൽക്യ സ്മൃതിയിലേക്കും ശുക്ര നീതിയിലേക്കും മടങ്ങുവാനാണ് കേന്ദ്രസർക്കാർ ആഹ്വാനം നൽകിയത്.
വ്യാവസായിക തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള വേദികൾ പോലും മരവിപ്പിച്ചിരിക്കുകയാണ്. 1942 മുതൽ നിലവിലുള്ള ഇന്ത്യൻ ലേബർ കോൺഫറൻസ് 2015ന് ശേഷം കേന്ദ്രം വിളിച്ചുചേർത്തിട്ടില്ല. ഭരണകൂടം കോർപറേറ്റുകൾക്കായി നടത്തുന്ന ദാസ്യവേല തൊഴിലാളികൾ തിരിച്ചറിയുന്നു. രാജ്യവ്യാപകമായി അവർ ശക്തമായ പ്രക്ഷോഭത്തിലാണ്. ഹരിയാനയിലെ മനേസറിലുള്ള ഹോണ്ട ഫാക്ടറിയിൽ ഏപ്രിൽ എട്ടിന് ആരംഭിച്ച സമരം നോയിഡ വഴി ഉത്തരേന്ത്യ മുഴുവൻ വ്യാപിക്കുകയാണ്. ഡൽഹിക്ക് പുറമെ ഹരിയാനയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലും രാജസ്ഥാനിലും ബിഹാറിലും, തെലങ്കാനയിലും സമരം നടക്കുന്നുണ്ട്. മനേസർ, പാനിപ്പത്ത്, സോണിപ്പെട്, നോയിഡ, വിവാഡ, അൽവാർ തുടങ്ങിയവ പ്രധാന സമരകേന്ദ്രങ്ങളാണ്. ലേബർ കോഡുകളിലൂടെ തൊഴിലാളികളുടെ സംഘടനാ സ്വാതന്ത്ര്യം പണിമുടക്ക് അവകാശം തുടങ്ങിയവ വെട്ടിനീക്കിയവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സമരങ്ങൾ.
സ്ഥിരം തൊഴിലാളികൾ ചെയ്യുന്ന ജോലികൾ കരാർ തൊഴിലാളികളെക്കൊണ്ടാണ് ചെയ്യിക്കുന്നത്. അവർക്ക് നൽകുന്നത് നാമമാത്ര വേതനം മാത്രം. തൊഴിൽ സമയം 12 മുതൽ 16 മണിക്കൂർ വരെയാണ്. അമേരിക്ക ഇറാനിൽ നടത്തിയ കടന്നാക്രമണത്തിന് ശേഷം ഉയർന്ന പാചകവാതക വിലവർധനവും ഈ വിഭാഗം തൊഴിലാളികളിൽ അസംതൃപ്തിയുണ്ടാക്കി. 100 രൂപയ്ക്ക് ലഭിച്ചിരുന്ന ചെറിയ സിലിണ്ടറുകളുടെ വില 600 രൂപയിലധികമായി. 12 മണിക്കൂർ വരെ പണിയെടുത്ത് ലേബർ ക്യാമ്പുകളിൽ തിരിച്ചെത്തിയാല്‍ ഭക്ഷണമുണ്ടാക്കുവാൻ പാചക വാതകം ലഭിക്കാത്ത സ്ഥിതിയും കരിഞ്ചന്തയിൽ ലഭിക്കുന്ന പാചക വാതകത്തിന് തീ വിലയും ആയതോടെയാണ് നോയിഡയിലെ കരാർ തൊഴിലാളികൾ തെരുവിലിറങ്ങിയത്. അറസ്റ്റും, ജയിൽ വാസവും, പൊലീസ് മർദനവും അവരെ പിന്നോട്ടടിപ്പിച്ചില്ല.
മിനിമം കൂലി വർധനവും എട്ട് മണിക്കൂർ ജോലിയും മനുഷ്യാവകാശ സംരക്ഷണവും ഉൾപ്പെടെയുള്ള ആവശ്യങ്ങളുയർത്തികൊണ്ട് ആയിരകണക്കിന് തൊഴിലാളികളാണ് തെരുവിലിറങ്ങിയത്. പാനിപ്പത്തിലെ ഇന്ത്യൻ ഓയിൽ കോർപറേഷന്‍ റിഫൈനറിയിൽ ഫെബ്രുവരി 23ന് സമരം നടന്നു. ഫാക്ടറിയിലുണ്ടായ അപകടങ്ങളും മാനേജ്മെന്റിന്റെ അനാസ്ഥയും കാരണം തൊഴിലാളികൾ സമരത്തിന് നിർബന്ധിതരായി. ഗുവാഹട്ടിയിലും ബറോണിയിലുംഇന്ത്യൻ ഓയിൽ കോർപറേഷന്‍ തൊഴിലാളികൾ പണിമുടക്കി. സൂറത്തിലെ ആർസെലർ മിത്തൽ നിപ്പോൺ സ്റ്റീൽ പ്ലാന്റിലെ കരാർ തൊഴിലാളികളുടെ സമരവും ശ്രദ്ധേയമായിരുന്നു. ഛത്തീസ്ഗഢിലെ കോർബയില്‍ അഡാനി തെർമൽ പവർ പ്ലാന്റ്, സിത്താരയിലെ വേദാന്ത പവർ പ്ലാന്റ്, രാജസ്ഥാനിലെ ചിത്തോർഘട് ഹിന്ദുസ്ഥാൻ സിങ്ക്, ഗുജറാത്ത് വഡോദരയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ജാംഷെഡ്പൂർ ടാറ്റാ സ്റ്റീൽ പ്ലാന്റ്, റായ്ഗഡ് ജിന്‍ഡാൽ ഫാക്ടറി, ബിഹാറിലെ ബക്സർ തെർമൽ പവർ പ്ലാന്റ്, രാജസ്ഥാനിലെ ചിത്തോർഘട് ഹിന്ദുസ്ഥാൻ സിങ്ക്, ഗുജറാത്ത് വഡോദരയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, യുപിയിലെ ഒബ്ര തെർമൽ പ്ലാന്റ്, മധ്യപ്രദേശ് സിംഗ്റൗളി അഡാനി പവർ പ്ലാന്റ്, ഝാർഖണ്ഡിലെയും ആന്ധ്രയിലെയും അൾട്രാടെക് സിമന്റ് ഫാക്ടറികൾ തുടങ്ങിയവിടങ്ങളിൽ പണിമുടക്ക് നടന്നു. വീട്ടുവാടക , ഭക്ഷണ ചെലവ്, ഇന്ധനവില വർധനവ് ഇവയെല്ലാം തൊഴിലാളിയെ പ്രതിസന്ധിയിലാക്കി. ഭക്ഷണത്തിനും വീട്ടുവാടകയ്ക്കുമായി മാത്രം ഒരു തൊഴിലാളിക്ക് ശരാശരി 20,000 രൂപ വരെയാകും. അതിനു പുറമേയാണ് പാചകവാതകത്തിന്റെ വൻതോതിലുള്ള വിലവർധനവ്. ഹരിയാന സർക്കാർ 2015ൽ പ്രഖ്യാപിച്ച മിനിമം വേതനത്തിന്റെ കാലാവധി 2020 ഒക്ടോബറിൽ അവസാനിച്ചു. ആറ് വർഷമായിട്ടും അത് പുതുക്കിയിട്ടില്ല. സർക്കാർ നിയമിച്ച ത്രികക്ഷി കമ്മിറ്റി 23,196 രൂപ മിനിമം വേതനം നിശ്ചയിച്ചു. എന്നാൽ സംസ്ഥാന ബജറ്റിൽ 15,220 രൂപയാണ് പ്രഖ്യാപിച്ചത്. മുതലാളിമാർ ഈ തുക നൽകിയതുമില്ല.
വ്യത്യസ്തമായ മിനിമം കൂലിയാണ് ഡൽഹിയിൽ നിലനിൽക്കുന്നത് — 19,864 രൂപ. യുപിയിൽ 11,313 രൂപ, രാജസ്ഥാനിൽ 7,410 രൂപ എന്നിങ്ങനെയാണ് മിനിമം കൂലി. പ്രഖ്യാപിത മിനിമം കൂലി പോലും ലഭിക്കുന്നില്ല എന്ന പരാതി വ്യാപകമാണ്. 1970ലെ കരാർ തൊഴിലാളി നിയമം ഒരു സ്ഥാപനത്തിൽ പരമാവധി 20 കരാർ തൊഴിലാളികളെ നിജപ്പെടുത്തുമ്പോൾ പുതിയ നിയമം ഉല്പാദന മേഖലയിൽ അടക്കം അത് 50 ആക്കി വർധിപ്പിക്കുകയാണ്. പക്ഷേ മിക്ക ഫാക്ടറികളിലും നൂറ് കണക്കിന് തൊഴിലാളികൾ കരാർ അടിസ്ഥാനത്തിൽ പണിയെടുക്കുന്നു. ഫാക്ടറി ഇൻസ്പെക്ടറുടെ പരിശോധന അവസാനിക്കുകയും, പകരം കമ്പനി നൽകുന്ന സത്യവാങ്മൂലം സ്വീകരിക്കുകയും ചെയ്യണമെന്നാണ് പുതിയ നിയമം. സ്ഥിരം തൊഴിലാളികളുടെ ആറിൽ ഒന്ന് വേതനം പോലും കരാർ തൊഴിലാളിക്കില്ല. 15 വർഷമായിട്ടും അവരുടെ കൂലി 8,000 മുതൽ 11,000 വരെ മാത്രം. ഓവർ ടൈമിന് ഇരട്ടി വേതനമില്ല, ആഴ്ചയിൽ അവധിയില്ല. സ്ത്രീ തൊഴിലാളി ഫാക്ടറിയിലെ ശുചിമുറി ഉപയോഗിക്കുന്നതിന് 21 രൂപ വീതം നൽകണം. ശുചിമുറിയിൽ കൂടുതൽത്തവണ പോകാതിരിക്കുവാൻ കുടിവെള്ളത്തിന് റേഷനാണ്. ഏപ്രിൽ 13ന് 132 സ്ഥാപനങ്ങളിലെ 50,000 തൊഴിലാളികൾ പണിമുടക്കി ദേശീയപാത ഉപരോധിച്ചു. മദേഴ്സൺ സുമി ഫാക്ടറി പ്രദേശത്തിന്റെ പരിസരത്ത് റോഡ് ഉപരോധിച്ച നൂറുകണക്കിന് ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകൾ അടക്കമുള്ളവരെ രാത്രിയും തടങ്കലിൽ വച്ചു. നേതാക്കളെ അറസ്റ്റ് ചെയ്തു. സ്ഥലം സന്ദർശിക്കാൻ പോയ കേന്ദ്ര ട്രേഡ് നേതാക്കന്മാരെ തടഞ്ഞുവച്ചു. തൊഴിലവകാശങ്ങൾക്ക് വേണ്ടിയും, അടിച്ചമർത്തൽ നടപടികൾക്കെതിരെയും തൊഴിലാളികളുടെ സമരം മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയാണ്. മിനിമം വേതനം 26,000 രൂപയായി നിജപ്പെടുത്തുക, പാചകവാതകം കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുക, സ്ഥിരം തൊഴിലുകളെ കരാർ അടിസ്ഥാനത്തിൽ നൽകരുത്, ക്ഷേമ ആനുകൂല്യങ്ങൾ അനുവദിക്കണം, ലേബർ കോഡുകൾ പിൻവലിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളികളുടെ സമരം തുടരുകയാണ്. വിവിധ കേന്ദ്ര ട്രേഡ് യൂണിയൻ സംഘടനകളുടെ കൂടി പിന്തുണയോടെ സമരം ശക്തിയാർജിച്ചു കൊണ്ടിരിക്കുകയുമാണ്.
തൊഴിലാളികളും, കർഷകരും നടത്തുന്ന സമരങ്ങൾക്കൊപ്പം ആദിവാസി സമൂഹം നടത്തുന്ന സമരങ്ങളും കാണാതെ പോകരുത്. മധ്യപ്രദേശിലെ ചത്തർപൂർ ജില്ലയിൽ കെൻ‑ബെത്വ നദീസംയോജന പദ്ധതിയും റുഞ്ജ്-മജ്ഗുവ അണക്കെട്ടും മൂലം ദുരിതമനുഭവിക്കുന്ന ആദിവാസി കുടുംബങ്ങൾ സമരത്തിലാണ്. പദ്ധതി മൂലം കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നതിൽ പ്രതിഷേധിച്ച് നൂറുകണക്കിന് ആദിവാസി സ്ത്രീകൾ ചിതയിൽ കിടന്നുകൊണ്ടുള്ള സമരം സംഘടിപ്പിച്ചു. ആദിവാസി സമൂഹങ്ങൾ തലമുറകളായി കൃഷി ചെയ്യുന്ന വനഭൂമിയിൽ നിന്ന് അവരെ ഒഴിപ്പിക്കുന്നതിനെതിരെയും, വനാവകാശ നിയമപ്രകാരം ഭൂമി ലഭിക്കാത്തതിനെതിരെയും ശക്തമായ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. 3.5 ലക്ഷത്തോളം ആദിവാസി കുടുംബങ്ങളുടെ അവകാശവാദങ്ങൾ മധ്യപ്രദേശ് സർക്കാർ നിരസിച്ചിരിക്കുകയാണ്.
ഒഡിഷയിലെ രയഗഡ ജില്ലയിൽ വേദാന്തയുടെ ബോക്സൈറ്റ് ഖനന പദ്ധതിക്കെതിരെ ആദിവാസികൾ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. കാശിപൂർ ബ്ലോക്കിലെ സിജിമാലി ബോക്സൈറ്റ് ഖനിയിലേക്ക് പോകുന്ന പാതയുടെ നിർമ്മാണം തടഞ്ഞ ആദിവാസികളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കോർപറേറ്റുകൾക്കായി ഭരണകൂടം തൊഴിലാളികളെയും കർഷകരെയും അദിവാസികളെയും അടിമകളാക്കി നിർത്തുകയാണ്. ഇതിനെതിരെയുള്ള ചെറുത്തുനില്പാണ് രാജ്യത്ത് ശക്തിപ്രാപിക്കുന്നത്. നിലനില്പിനായി വിവിധ വിഭാഗങ്ങൾ നടത്തുന്ന ഇത്തരം സമരങ്ങൾ ഏകോപിക്കുവാനുള്ള സമയമായി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment