സംഗീതം മനുഷ്യ ഹൃദയത്തെ ഏറ്റവും ആഴത്തിൽ സ്പർശിക്കുന്ന കലാരൂപമാണ്. വാക്കുകൾക്കതീതമായി വികാരങ്ങളെ പ്രകടിപ്പിക്കാനും മനസിൽ മറഞ്ഞിരിക്കുന്നതലങ്ങളിലേക്ക് സഞ്ചരിക്കാനും സംഗീതത്തിന് കഴിയുന്നു. സംഗീത സംവിധാനമാണ് സംഗീതത്തിന് ജീവനുണ്ടാക്കുന്നത്. സംഗീത സംവിധാനത്തിന്റെ മാസ്മരികത പഠിക്കുന്നതും അന്വേഷിക്കുന്നതും ആത്മാവിനെ തിരിച്ചറിയുന്നതുപോലെയാണ്.
ശബ്ദങ്ങളുടെ ക്രമീകരണമാണ് സംഗീത സംവിധാനം. സ്വരങ്ങൾ, താളം, ലയം, ഹാർമണി എന്നിവ ഒത്തുചേരുമ്പോൾ ഒരുസമ്പൂർണ സൃഷ്ടി രൂപംകൊള്ളുന്നു. ഒരു നല്ല സംഗീത സംവിധായകൻ ഈ ഘടകങ്ങളെ, നൈപുണ്യത്തോടെ ചേർത്തുനിർത്തുമ്പോൾ സാധാരണ വരികൾ പോലും അനശ്വരഗാനങ്ങളായി മാറുന്നു. ഈ ഗണത്തിൽ ചേർത്തുവെയ്ക്കാവുന്ന സവിശേഷ സംഗീത സംവിധായകനായിരുന്നു എൻ പി പ്രഭാകരൻ.
അന്യമായി കൊണ്ടിരിക്കുന്ന ഗ്രാമീണ സൗന്ദര്യത്തിന്റെ, രാഗ, താള, ലയ, ഭാവങ്ങൾ സംഗീതത്തിലൂടെ മനസിന്റെ ആഴത്തിൽ കോറിയിട്ടതായിരുന്നു അദ്ദേഹത്തിന്റെ സംഗീത ജീവിതം. സംഗീത കുടുംബത്തിലായിരുന്നു എൻപിയുടെ ജനനം. കോട്ടയം തിരുവഞ്ചൂരിൽ പരമേശ്വരൻ-കമലാക്ഷി ദമ്പതികളുടെ എട്ട് മക്കളിൽ മൂത്തവൻ. അച്ഛനും അച്ഛന്റെ സഹോദരനും സംഗീതജ്ഞരായിരുന്നു. കുട്ടിക്കാലത്തുതന്നെ പിതാവിൽനിന്ന് കർണാടക സംഗീതം പഠിച്ചു. ഓലയിൽ എഴുതിയ കീർത്തനമെല്ലാം വീട്ടിലുണ്ടായിരുന്നു. സ്കൂൾ കഴിഞ്ഞുവന്നാൽ തിരുവഞ്ചൂർ ക്ഷേത്രത്തിൽ സ്ഥിരമായി പോകും. പഞ്ചവാദ്യം, ഇടയ്ക്ക തുടങ്ങിയ ക്ഷേത്ര വാദ്യങ്ങൾ സ്ഥിരമായി കേൾക്കുന്നതോടുകൂടി സംഗീതത്തോട് ആഭിമുഖ്യമുണ്ടായി. വിദ്യാഭ്യാസത്തിനുശേഷം, ഗാനമേള ട്രൂപ്പിൽ ഹാർമോണിസ്റ്റായും അമേച്ചർ നാടകങ്ങളിലെ സംഗീത സംവിധായകനുമായി. കോട്ടയം വിശ്വഭാരതി തിയേറ്റേഴ്സ്, നാഷണൽ തിയേറ്റേഴ്സ് എന്നിവയിൽ ഹാർമോണിസ്റ്റായി. നാടക രംഗത്തെ പ്രസിദ്ധ സംഗീത സംവിധായകനായിരുന്ന കുമരകം രാജപ്പന്റെ കീഴിൽ പ്രവർത്തിച്ചു. തിരുവഞ്ചൂർ മോഹനൻ, തിരുവഞ്ചൂർ ചന്ദ്രമോഹൻ തുടങ്ങിയ കാഥികൻമാരോടൊപ്പം സഹകരിച്ചു. 1979ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ജോലി ലഭിച്ചതോടെ കോഴിക്കോടായി, സംഗീതകലാ പ്രവർത്തനങ്ങളുടെ തട്ടകം. ടി വി ബാലൻ, ആസാദ്, ലതിക ജി നായർ, കെ പി വിജയകുമാർ, എ പി കുഞ്ഞാമു, എം എം സചീന്ദ്രൻ, വി പി സദാനന്ദൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യുവകലാസാഹിതി പുറത്തിറക്കിയ വിപ്ലവ ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചത്, എൻപിയുടെ ജീവിതത്തിലെ വഴിത്തിരവായി.
‘ഒരു നിനവിൻ ഇടിവെട്ടി ഉടലുറ പെയ്യുന്ന കർക്കടക മഴയല്ല നാടിന്റെ വിപ്ലവം എന്ന എം എം സചീന്ദ്രന്റെ വരികൾ, ഉദയത്തിന് എന്നു നിറം ചുവപ്പ്, ഏറണംകുന്നേപയ്യേ, പയ്യേ, പുഞ്ചവയലേലകളിൽ തേക്കുപാട്ട്’ തുടങ്ങിയ നാടൻ ശീലുകളിൽ അർത്ഥവത്തായ പദപ്രയോഗങ്ങൾ കൊണ്ട് കോർത്തിണക്കിയ വിപ്ലവഗാനങ്ങൾ ജനപ്രിയമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ ശക്തിഗീതങ്ങൾ രചിച്ചത് പി കെ ഗോപി, കണിയാപുരം രാമചന്ദ്രൻ, പെരുമ്പുഴ ഗോപാലകൃഷ്ണൻ, എം എം സചീന്ദ്രൻ എന്നിവരായിരുന്നു.
ഒഎൻവി, തിരുനല്ലൂർ കരുണാകരൻ, കെ ജയകുമാർ, കൈതപ്രം, ഏഴാച്ചേരി, വയലാർ ശരത്ചന്ദ്രവർമ്മ, മുരുകൻ കാട്ടാക്കട, അനിൽ പനച്ചൂരാൻ എന്നിവരുടെ രചനകൾക്കും സംഗീതം പകർന്നു. മെലഡിയുടെ ആർദ്രതയും നാടോടിത്താളങ്ങളുടെ ചുടുലതയും സംഗീതത്തിന് അസാധാരണമായ ആകർഷത്വമുണ്ടാക്കി. പൂനിലാവ്, ആനപ്പാറ അച്ചാമ്മ, സുഖവാസം, അനുയാത്ര, ഗന്ധർവരാത്രി, ശശിനാസ്, ഇന്ദുലേഖ എന്നീ ചലച്ചിത്രങ്ങളുടെ സംഗീതം ചെയ്തു.
1995ൽ, തിക്കോടിയിലെ നെയ്ത്ത് തൊഴിലാളികളെ ആസ്പദമാക്കി മണിയൂർ ഇ ബാലൻ രചിച്ച്, പി സി ദാമോദരൻ നമ്പ്യാർ നിർമ്മിച്ച ‘ഉറങ്ങാത്തവർ ഉണരാത്തവർ’ എന്ന വീഡിയോ ചിത്രത്തിന്റെ സംവിധാനം, സംഗീത സംവിധാനം, രവീന്ദ്രന്റെ ഒരേതൂവൽപക്ഷികൾ എന്ന സിനിമയുടെ സഹസംവിധാനം എന്നിവ നിർവഹിച്ചു. കോഴിക്കോട് സൗഹാർദ തിയേറ്റേഴ്സിന്റെ വലംപിരി ശംഖ്, മറുതീരം, ക്രീഡ തിയേറ്റേഴ്സിന്റെ വർത്തമാനം, കാലിക്കറ്റ് യൂണിവേഴ്സിറ്റി തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച പി എം താജിന്റെ പാവത്താൻനാട്, വയല വാസുദേവൻപിള്ളയുടെ കുചേലഗാഥ യൂണിവേഴ്സിറ്റി ആർട്ടേഷ്യയുടെ പല്ലക്ക് ചുമക്കുന്നവർ എന്നീ നാടകങ്ങൾക്ക് സംഗീതം ചെയ്തു. കോഴിക്കോട് കലിംഗ, തൃശൂർ മാതാ, തിരുവനന്തപുരം സോപാനം, ബ്രഹ്മകല, കൊല്ലം വയലാർ നാടകവേദി, ചാലക്കുടി നവസാരഥി എന്നീ നാടക ട്രൂപ്പുകൾക്ക് സംഗീത സംവിധായകനായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വെളിച്ചം പിന്നെയും വെളിച്ചം എന്ന ബൈബിൾ ലൈറ്റ് ആന്റ് സൗണ്ട് ഷോയുടെ സംഗീത സംവിധായകനായി. യൂണിവേഴ്സിറ്റി ജീവനക്കാരുടെ കലാ സംഘടനയായ ആർട്ടേഷ്യയുടെ ഭാരവാഹിയായിരുന്നു.
ഇപ്റ്റയുടെയും യുവകലാസാഹിതിയുടെയും സന്ദേശവാഹകനായി. എൻ സി മമ്മൂട്ടി അവാർഡ്, ജി ദേവരാജൻ മാസ്റ്റർ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ സംഗീതരംഗത്തെ സമഗ്രസംഭാവന പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങള്‍ എൻപിക്ക് ലഭിച്ചു. മനുഷ്യൻ ഉള്ളിടത്തോളം സംഗീതമുണ്ടെന്ന് വിശ്വസിച്ച സംഗീത സംവിധായകനായിരുന്നു എൻ പി. പാശ്ചാത്യസംഗീതത്തിനും സംഗീത ഉപകരണങ്ങളുടെ അതിപ്രസരത്തിനും മലയാളമണ്ണിൽ ഭാവിയില്ലെന്നും ഉറച്ചുവിശ്വസിച്ചു. നാട്ടുസംസ്കൃതിയുടെ സന്ദേശവാഹകനായിരുന്ന ഈ സംഗീതജ്ഞന്റെ മണ്ണിന്റെ മണമുള്ള ഗാനങ്ങൾക്ക് മരണമില്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment