ഫ്രാൻസിസ് മാർപാപ്പ; പൗരോഹിത്യത്തിനുള്ളിലെ വിപ്ലവകാരി

Janayugom
Developer Admin

ഫ്രാൻസിസ് മാർപാപ്പ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഭൂമിയിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ശരിക്കും ബോധ്യമാവുകയാണ്. ഇറാനെതിരെ യുഎസും ഇസ്രയേലും ചേർന്ന് നടത്തുന്ന യുദ്ധം ഒരു മൂന്നാം ലോക യുദ്ധത്തിന്റെ വക്കോളം എത്തി നില്‍ക്കുകയാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പട്ടാളം തട്ടിക്കൊണ്ടുപോയി വീട്ടു തടങ്കലിലാക്കിയിട്ട് ഏതാനും നാളുകൾ മാത്രമെ ആയിട്ടുള്ളു. അടുത്ത ഊഴം ക്യൂബയായിരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു കഴിഞ്ഞു. നിയമങ്ങളില്ലാത്ത ഒരു ലോകത്തേക്ക് നാം വഴുതി വീഴുകയാണ്. യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് ലോകത്തോട് അഭ്യർത്ഥിച്ച ലിയോ പതിനാലാമൻ മാർപാപ്പയെ യുഎസ് പ്രസിഡന്റ് ട്രംപ് രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടണ്ട, സഭയുടെ കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് പറഞ്ഞ് രൂക്ഷമായി ആക്ഷേപിക്കുകയും പരിഹസിക്കുകയുമാണ് ചെയ്തത്. ലോകത്തെ ഏറെ സ്വാധീനിച്ച ആത്മീയ ആചാര്യനും ലോക സമാധാനത്തിന്റെ സന്ദേശവാഹകനുമായിരുന്ന ഫ്രാൻസിസ് പോപ്പിന്റെ വാക്കുകൾ ലോകമെങ്ങുമുള്ള സമാധാനകാംക്ഷികളുടെ കാതുകളിൽ മുഴങ്ങുകയാണ്. “സമാധാനം പുലരുന്ന ഒരു ലോകത്തേ പ്രതീക്ഷയുണ്ടാവുകയുള്ളു. സംവാദം കൂടാതെ സമാധാനമുണ്ടാവുകയില്ല. എല്ലാ യുദ്ധങ്ങളുടെയും എല്ലാ സംഘർഷങ്ങളുടെയും പരിഹരിക്കാനാവാത്ത എല്ലാ പ്രശ്നങ്ങളുടെയും കാരണം സംവാദത്തിന്റെ അഭാവമാണ്. പ്രശ്നങ്ങളുണ്ടാകുമ്പോൾ സംസാരിക്കു, അതു സമാധാനമുണ്ടാക്കും.”

പാവങ്ങളുടെ പാപ്പ, മാറ്റത്തിന്റെ മാർപാപ്പ, ലോകസമാധാനത്തിന്റെ സന്ദേശവാഹകൻ, മനുഷ്യസ്നേഹിയായ പാപ്പ എന്നീ നിലകളിൽ ഫ്രാൻസിസ് പോപ്പിനെ വിശേഷിപ്പിക്കാറുണ്ട്. എല്ലാ അർത്ഥത്തിലും അദ്ദേഹം അതെല്ലാമായിരുന്നു. ലോകത്തെങ്ങുമുള്ള രാഷ്ട്രീയ നേതാക്കൾക്കും ഭരണകർത്താക്കൾക്കും ആത്മീയ ആചാര്യന്മാർക്കും അനുകരണീയമായ മാതൃകയായിരുന്നു പോപ്പ് ഫ്രാൻസിസ്. ഭാവനപൂർണവും പ്രായോഗികതയും അനുരഞ്ജനവും കരുണയും നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ഓരോ പ്രവർത്തനങ്ങളും. നിരന്തരം നവീകരിച്ചുകൊണ്ടു മാത്രമേ ഏതു മഹത്തായ കാഴ്ചപ്പാടുകൾക്കും കൂടുതൽ അംഗീകാരത്തോടെ മുന്നോട്ടുപോകുവാൻ കഴിയുവെന്നദ്ദേഹം മനസിലാക്കി. യേശു ക്രിസ്തുവിന്റെ സന്ദേശത്തിലും ജീവിത വഴികളുമായിരിക്കണം സഭയുടെ പ്രതിബദ്ധത ഉടലെടുക്കേണ്ടതെന്ന് അദ്ദേഹം നിഷ്കർഷിച്ചു. ഇരകളോടൊപ്പം ഓടുകയും വേട്ടക്കാർക്കൊപ്പം നായാടുകയും ചെയ്തിരുന്ന സഭയെ ദരിദ്രർക്കൊപ്പം നിലയുറപ്പിക്കുവാൻ ഫ്രാൻസിസ് പാപ്പാ നിർബന്ധിതരാക്കി. വിശ്വാസം മങ്ങിയ കാലത്ത് സഭയ്ക്ക് വെളിച്ചമാകുവാൻ ആ വലിയ ഇടയന് കഴിഞ്ഞു. ആഢംബരങ്ങളുപേക്ഷിച്ച് സാന്താ മാർത്ത അതിഥി മന്ദിരത്തിൽ താമസിച്ച് പൊതുഭക്ഷണ ശാലയിൽ നിന്നും ഭക്ഷണവും കഴിച്ച് സാധാരണക്കാരെ പോലെയാണ് അദ്ദേഹം ജീവിച്ചുപോന്നത്. അംബരചുംബികളായ ദേവാലയങ്ങളിലും മണിമന്ദിരങ്ങളിലുമല്ല തന്നെ തിരയേണ്ടതെന്ന് പഠിപ്പിച്ച് ദരിദ്രരോടും പാപികളോടുമൊപ്പം ജീവിച്ച യേശുക്രിസ്തുവിന്റെ ജീവിത സന്ദേശത്തിന്റെ സ്പർശനങ്ങൾ ആ ലളിത ജീവിതത്തിന് അടിസ്ഥാനമായി. സഭയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഫ്രാൻസിസ് പാപ്പ തുടക്കമിട്ടു. വേറിട്ട വഴികളിലൂടെ സഭയെ നയിക്കാൻ അദ്ദേഹത്തിനായി. കാലങ്ങളായി സഭ മൂഢമായി സംരക്ഷിച്ചു പോന്നിരുന്ന വിശ്വാസത്തിന്റെ മാമൂൽ ശിലകളെയാണ് അദ്ദേഹം ഇളക്കി പ്രതിഷ്ഠിച്ചത്. സഭയുടെ വാതിലുകളും ജനാലകളും അദ്ദേഹം തുറന്നിട്ടു. അത് ഒരു നവീകരണത്തിന്റെ തുടക്കമായിരുന്നു. തന്റെ പിന്നാലെ വരുന്നവർക്ക് അടയ്ക്കാൻ കഴിയാത്ത വാതിലുകളാണ് അദ്ദേഹം തുറന്നിട്ടുപോയത്. 

“നല്ല മനുഷ്യനാകുവാൻ ദൈവത്തിൽ വിശ്വസിക്കണമെന്ന് നിർബന്ധമില്ല. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ ഒരർത്ഥത്തിൽ പഴഞ്ചനായി കഴിഞ്ഞു. മതമില്ലാതെ തന്നെ ഒരാൾക്ക് സ്പിരിച്വൽ ആകുവാൻ കഴിയും. പള്ളിയിൽ പോകണമെന്നും പണം കൊടുക്കണമെന്നും നിർബന്ധമില്ല. പലർക്കും പ്രകൃതി തന്നെയാണ് ആരാധനാലയം. ചരിത്രത്തിലെ ഏറ്റവും മികച്ച പല വ്യക്തികളും ദൈവവിശ്വാസമില്ലാത്തവരാണ്. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശമായ പലതും പലരും ചെയ്തിട്ടുള്ളത് ദൈവത്തിന്റെ പേരിലാണ്.” 140 കോടിയോളം വരുന്ന ലോകത്തെ ഏറ്റവും വലിയ വിശ്വാസി സമൂഹത്തിന്റെ ആത്മീയ ആചാര്യന്റേതാണ് ഈ വാക്കുകളെന്ന് ആർക്കും വിശ്വസിക്കാൻ കഴിയത്തില്ല. ആ പൗരോഹിത്യത്തിനുള്ളിൽ ഒരു വിപ്ലവകാരിയുണ്ടെന്നുള്ളത് കഴിഞ്ഞ 12 വർഷക്കാലവും ലോകം കണ്ടതാണ്. അങ്ങ് തുല്യതയുടെ സമൂഹത്തെക്കുറിച്ച് എപ്പോഴും പറയുന്നുണ്ടല്ലോ അതു മാര്‍ക്സിസമല്ലേയെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ പാപ്പ നൽകിയ മറുപടി ലോകത്തെ അമ്പരപ്പിക്കുന്നതായിരുന്നു. “ഈ ചോദ്യം ഞാൻ പല തവണയായി കേട്ടുകൊണ്ടിരിക്കുന്നതാണ്. അതു സംബന്ധിച്ച എന്റെ മറുപടി ഒന്നുതന്നെയാണ്. ക്രിസ്ത്യാനികളെ പോലെ ചിന്തിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. ദരിദ്രരും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടിരിക്കുന്നവരുമായ ജനങ്ങൾക്ക് തീരുമാനമെടുക്കുവാൻ അധികാരമുണ്ടാവേണ്ട സമൂഹത്തെക്കുറിച്ചാണ് ക്രിസ്തു പറഞ്ഞു കൊണ്ടിരുന്നത്. അത് ഭരണാധികാരികളോ ഭരണ നേതൃത്വമോ അല്ല, ദരിദ്രരായ ജനങ്ങളാണ്. അവർ ദൈവത്തില്‍ വിശ്വസിക്കുന്നുവോ ഇല്ലയോ എന്നതല്ല കാര്യം. അവരാണ് തുല്യതയ്ക്കും സ്വാതന്ത്യ്രത്തിനും വേണ്ടി നിലകൊള്ളുന്നത്. ” പ്രപഞ്ചോല്പത്തിയുടെ മഹാവിസ്ഫോടന സിദ്ധാന്തവും പരിണാമ സിദ്ധാന്തവും പരിപൂർണമായും അംഗീകരിച്ച ഫ്രാൻസിസ് പാപ്പ ഒറ്റയ്ക്ക് പ്രപഞ്ചം സൃഷ്ടിച്ച മഹാമാന്ത്രികനായി ആരും ദൈവത്തെ കാണണ്ടായെന്നു പറഞ്ഞത് ശാസ്ത്രസത്യങ്ങൾക്കൊപ്പം ഒത്തുപോകാനുള്ള സഭയുടെ നിലപാടാണ് വ്യക്തമാക്കിയത്. 

Tags: pope francis
Previous
മദ്യപിക്കാത്തവരിലും വർധിക്കുന്ന കരൾ രോഗം
Next
പോപ്പിന്റെ ദൂതന് പെന്റഗൺ ഭീഷണി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment