ആഴ്ചകൾ നീണ്ട പരിക്കിന്റെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബെൽജിയം സൂപ്പർ താരം റൊമേലു ലുകാകു കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി താരത്തിന്റെ തിരിച്ചുവരവ് ബെൽജിയം ടീമിന് വലിയ ആശ്വാസമാകും. അഞ്ച് ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷം താരം തന്റെ ക്ലബ്ബായ നാപ്പോളിയിൽ തിരിച്ചെത്തിയതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലുകാകുവിന്റെ മടങ്ങിവരവ് ശുഭവാർത്തയാണെങ്കിലും ക്ലബ്ബായ നാപ്പോളിയുമായി താരം അത്ര നല്ല ബന്ധത്തിലല്ല. ചികിത്സയ്ക്കായി ബെൽജിയത്തിൽ തുടർന്ന ലുകാകു ക്ലബ്ബിന്റെ അനുമതിയില്ലാതെ വിട്ടുനിന്നതിന് കടുത്ത അച്ചടക്ക നടപടികൾ നേരിടേണ്ടി വന്നു. താരത്തിന്റെ പ്രതിമാസ ശമ്പളത്തിന്റെ 20% പിഴയായി ക്ലബ്ബ് ഈടാക്കി. ലുകാകുവിന്റെ പെരുമാറ്റത്തിൽ പരിശീലകൻ അന്റോണിയോ കോണ്ടെ പരസ്യമായി നിരാശ പ്രകടിപ്പിച്ചു. പരിശീലന കേന്ദ്രത്തിൽ തിരിച്ചെത്തിയിട്ടും തന്നെ നേരിട്ട് കാണാൻ താരം തയ്യാറായില്ലെന്ന് കോണ്ടെ വ്യക്തമാക്കി.
നാപ്പോളിയിൽ ലുകാകുവിന് ഈ സീസൺ അത്ര മികച്ചതായിരുന്നില്ല. പരിക്കുകൾ കാരണം ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായ താരം ആകെ ആറ് മത്സരങ്ങളിൽ മാത്രമാണ് പകരക്കാരനായി ഇറങ്ങിയത്. ഫെബ്രുവരിയിൽ വെറോണയ്ക്കെതിരെ നേടിയ ഒരു ഗോൾ മാത്രമാണ് ഈ സീസണിലെ അദ്ദേഹത്തിന്റെ സമ്പാദ്യം.
ബെൽജിയത്തിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ ലുകാകുവിന്റെ സാന്നിധ്യം ടീമിന് നിർണായകമാണ്. 124 മത്സരങ്ങളിൽ നിന്ന് 89 ഗോളുകൾ നേടിയിട്ടുണ്ട്. ലോകകപ്പിൽ ഗ്രൂപ്പ് ജിയില്‍ ഈജിപ്ത്, ഇറാൻ, ന്യൂസിലൻഡ് എന്നിവർക്കൊപ്പമാണ് ബെൽജിയം മത്സരിക്കുന്നത്. നാപ്പോളിക്ക് സീസണിൽ ഇനി മൂന്ന് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്. ഈ മത്സരങ്ങളിലെ ലുകാകുവിന്റെ പ്രകടനം വിലയിരുത്തിയാകും ലോകകപ്പിലെ ലുകാകുവിന്റെ സ്ഥാനം ഉറപ്പിക്കുക.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment