Related News

കസേരയ്ക്ക് ഗ്രൂപ്പ്‌ മാനേജർമാർ കളത്തിൽ; ഹൈ ടെൻഷനില്‍ ഹൈക്കമാന്‍ഡ്

Janayugom
Developer Admin

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ കണ്ടെത്താൻ നിർണായക ചർച്ചയ്ക്കിടയിൽ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ടസ് കമ്മിറ്റി (പിഎസി) അധ്യക്ഷനായി പുനര്‍ നിയമനം കിട്ടിയ കെ സി വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രിയെയും തമിഴ്നാട്ടിലെ സഖ്യസാധ്യതകളും നിർണയിക്കുന്ന യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇത് വേണുഗോപാലും മത്സരത്തിനുണ്ടെന്ന സൂചനയായതിനാല്‍ രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയും ഗ്രൂപ്പ് മാനേജർമാർ എംഎൽഎമാരെ ബന്ധപ്പെട്ടുതുടങ്ങി. കെ സിക്കായി കർണാടക വ്യവസായികൾ അടക്കം ഓപ്പറേഷനിലുണ്ട്‌. സതീശനായുള്ള നീക്കങ്ങൾ സജീവമായി നിലനിർത്തുന്നത് ഡിസിസി അധ്യക്ഷനും നിയുക്ത എംഎൽയുമായ മുഹമ്മദ് ഷിയാസാണ്. എംഎൽഎമാരുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തതിനാൽ സോണിയാ ഗാന്ധി നൽകിയ വാക്കാണ് തന്റെ ബലമെന്ന് സതീശൻ തീർത്തുപറയുമ്പോൾ അവിശ്വസിക്കാൻ കാരണമില്ലെന്നാണ് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എ ഗ്രൂപ്പ് അനുഭവമുള്ള എംഎൽഎ പറയുന്നത്. 

രമേശിനായി എംഎൽഎമാരായ ടി ജെ വിനോദും അൻവർ സാദത്തുമാണ് കളത്തിലിറങ്ങിയിരിക്കുന്നത്. 2021ൽ എംഎൽഎമാർ തനിക്കൊപ്പമായിരുന്നു. അത് പരിഗണിക്കാതെയാണ് സതീശനെ പ്രതിപക്ഷ നേതാവാക്കിയത്. അന്ന് സോണിയാ ഗാന്ധി തനിക്കും ചില വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെന്ന് ചെന്നിത്തല പറയുന്നു. മത്സരിക്കുന്ന മറ്റ് രണ്ടു പേരും കെഎസ്‌യു കാലത്ത് നേതാവായി അംഗീകരിച്ചിരുന്ന ആളാണ് ചെന്നിത്തലയെന്നും സീനിയോരിറ്റി ഹൈക്കമാൻഡ് തള്ളില്ലെന്നുമാണ് ഗ്രൂപ്പ് മാനേജർമാർ പറയുന്നത്. പിഎസി അധ്യക്ഷനായി നിയമിച്ച നടപടി ഫലം കണ്ടുവെന്ന ആശ്വാസത്തിലിരിക്കുമ്പോഴാണ് കെസി വെടിപൊട്ടിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക് നിയോഗിക്കപ്പെടുന്നപക്ഷം പിഎസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കേരളത്തിലെത്താനാകുമെന്ന് കെ സി വേണുഗോപാലിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. പിഎസി അധ്യക്ഷ സ്ഥാനത്തേക്ക് 2026–27 വര്‍ഷത്തേക്കുള്ള നിയമനം ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപിച്ചത്. ലോക്സഭയില്‍ നിന്നുള്ള 15 പേരും രാജ്യസഭയില്‍ നിന്നുള്ള ഏഴുപേരും ഉള്‍പ്പെടെ 22 അംഗങ്ങളാണ് സമിതിയിലുള്ളത്. ലോക്‌സഭയിലെ മുഖ്യപ്രതിപക്ഷ കക്ഷിയെ പിഎസി അധ്യക്ഷനായി നിയമിക്കുകയാണ് കീഴ്‌‌വഴക്കം. ഇതനുസരിച്ചാണ് കെസി വീണ്ടും പദവിയിലെത്തുന്നത്. 

ഇന്നലെ രാത്രിയോടെ എറണാകുളത്തെത്തിയ വി ഡി സതീശൻ തന്റെ അടുത്തയാളുകളുമായി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. വൈകീട്ട് കൊച്ചിയിലെത്തിയ വി ഡി സതീശന് ഉജ്വല സ്വീകരണമാണ് ലഭിച്ചത്. മുഖ്യമന്ത്രി സതീശൻ എന്ന മുദ്രാവാക്യത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശൻ വിഭാഗം നടത്തുന്ന സമ്മർദത്തിന്റെ ഭാഗമാണ് ഇന്നലത്തെ സ്വീകരണ പരിപാടിയെന്ന് മറ്റ് നേതാക്കൾ വിലയിരുത്തുന്നു.
മുസ്ലിം ലീഗ് വിഡി സതീശനെ പിന്തുണയ്ക്കുകയാണെന്ന സൂചന പരസ്യമായി അറിയിച്ച സാഹചര്യത്തില്‍ അവരുടെ അഭിപ്രായത്തിന് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ വലിയ പ്രാധാന്യം ലഭിക്കുമെന്ന് നേരത്തെതന്നെ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു. കെ സി വേണുഗോപാല്‍ മത്സരത്തില്‍ നിന്ന് ഒഴിവാകുന്ന പക്ഷം അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചേക്കുമെന്ന രമേശ് വിഭാഗത്തിന്റെ ആശയും ഇന്നലെ അസ്തമിച്ചു. എംഎല്‍എമാരുടെ പിന്തുണ നോക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ കെസി വേണുഗോപാലിനായിരിക്കും. 63 എംഎൽഎമാരിൽ 35 പേരുടെ പിന്തുണയാണ് കെ സി വിഭാഗം അവകാശപ്പെടുന്നത്. ഇതിനുപുറമെ എട്ട് എംഎൽഎമാർ കൂടി കെ സി വേണുഗോപാലിനെ പിന്തുണച്ചേക്കുമെന്നും ഇവർ അവകാശപ്പെടുന്നു. മുഹമ്മദ് ഷിയാസിനെപ്പോലെ വളരെക്കുറച്ചുപേരുടെ പിന്തുണ മാത്രമെ വി ഡി സതീശനുണ്ടാവുകയുള്ളുവെന്നാണ് വേണുഗോപാലിനെ അനുകൂലിക്കുന്നവർ പറയുന്നത്.
എന്നാല്‍ ഘടകകക്ഷികളുടെ പിന്തുണയാണ് സതീശന്‍ ബലമായി കാണുന്നത്. മുതിർന്ന നേതാക്കളെ കേരളത്തിലേയ്ക്കയക്കുമ്പോൾ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നത് ഹൈക്കമാന്‍ഡിനെ സംബന്ധിച്ചിടത്തോളം വലിയ തലവേദനയാകും എന്ന കാര്യം ഉറപ്പാണ്.

Previous
ശബരിമല യുവതി പ്രവേശനം; വിവാഹം ധര്‍മ്മാചാരങ്ങളെ നിഷേധിക്കുന്നില്ലെന്ന് സുപ്രീം കോ...
Next
ബെല്‍ജിയത്തിന് കരുത്തായി ലുകാകു തിരിച്ചെത്തുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment