വിവാഹം കഴിച്ചാല്‍ ധര്‍മ്മാചാരങ്ങള്‍ എങ്ങനെ നിഷേധിക്കാനാകുമെന്ന് സുപ്രീം കോടതി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി വാക്കാല്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ചീഫ് ജസ്റ്റിസ് സുര്യകാന്ത് അധ്യക്ഷനായ ഒമ്പതംഗ ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. പാഴ്‌സി വിഭാഗത്തിലെ സ്ത്രീകള്‍ അന്യമതത്തില്‍ ഉള്‍പ്പെട്ടയാളെ വിവാഹം ചെയ്താല്‍ അഗ്നി ക്ഷേത്രങ്ങളില്‍ അവര്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സൊറോസ്ട്രിയന്‍ ആചാരം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്നലെ മുഖ്യമായും വാദം കേട്ടത്. ഇത്തരമൊരു ആചാരം ലിംഗ വിവേചനമാണെന്നാണ് പാഴ്‌സി വിഭാഗത്തിലെ മുഖ്യ ഹര്‍ജിക്കാരിയായ ഗുല്‍റോഖ് ഗുപ്തയുടെ അഭിഭാഷകന്‍ ഡാരിയസ് ജെ ഖംബട്ട വാദിച്ചത്.
മിശ്രവിവാഹത്തോടെ സ്ത്രീകളെ മതത്തില്‍ നിന്നും ഒഴിവാക്കുന്ന ആചാരമാണ് നിലനില്‍ക്കുന്നത്. വിവാഹത്തോടെ എങ്ങനെയാണ് ഒരു സ്ത്രീക്ക് ധര്‍മ്മപരമായ സ്വത്വം നിഷേധിക്കാന്‍ കഴിയുകയെന്ന പരാമര്‍ശം ജസ്റ്റിസ് നാഗരത്നയാണ് നടത്തിയത്. പാഴ്‌സി സ്ത്രീയായി ജനിച്ച ഗുപ്ത 1954ല്‍ പ്രത്യേക വിവാഹ നിയമ പ്രകാരം ഹിന്ദുവിനെ വിവാഹം ചെയ്തു. മാതാപിതാക്കള്‍ മരിച്ചപ്പോള്‍ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഗുജറാത്ത് വല്‍സാദ് പാഴ്‌സി അന്‍ജുമാന്‍ ട്രസ്റ്റ് ഗുല്‍റോഖിനെ വിലക്കിയതിനെതിരെയുള്ള ഗുജറാത്ത് ഹൈക്കോടതി പുറപ്പെടുവിച്ച ഹര്‍ജിക്കെതിരെ നല്‍കിയ അപ്പീലിലാണ് വാദം നടന്നത്.
ഇതിനിടെ ശബരിമല യുവതീ പ്രവേശനത്തിലെ മുഖ്യ ഹര്‍ജിക്കാരായ യങ് ലോയേഴ്‌സ് അസോസിയേഷനെയും ഇന്നലെ കോടതി ശക്തമായി വിമര്‍ശിച്ചു. ശബരിമല സ്ത്രീപ്രവേശനം പോലുള്ള വിഷയങ്ങളില്‍ പൊതു താല്പര്യ ഹര്‍ജി നല്‍കാതെ അഭിഭാഷകരുടെ കാര്യങ്ങളില്‍ ശ്രദ്ധയൂന്നാനും അസോസിയേഷന്റെ അഭിഭാഷകനോട് കോടതി പറഞ്ഞു. ശബരിമല തന്ത്രി ഉന്നയിച്ച വിഷയങ്ങളില്‍ അസോസിയേഷന്‍ ആക്ഷേപം ഉന്നയിച്ചതോടെയാണ് കോടതിയില്‍ നിന്നും വിമര്‍ശനമുയര്‍ന്നത്.
ഭരണഘടനാസ്വാതന്ത്ര്യവും മതങ്ങളുടെ അവകാശങ്ങളും ആചാരപരമായും ലിംഗപരവുമായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സംബന്ധിച്ച ഏഴ് ചോദ്യങ്ങളിലാണ് ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നത്. ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിക്കുന്ന ഉത്തരവിന്റെ അടിസ്ഥാനത്തിലാകും ശബരിമല സ്ത്രീ പ്രവേശനം, അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്‌സി സ്ത്രീകള്‍ക്കുള്ള മതപരമായ ഭ്രഷ്ട്, മുസ്ലിം സ്ത്രീകള്‍ക്ക് ദര്‍ഗകളില്‍ പ്രവേശനം, ദാവൂദീ ബോറാ വിഭാഗത്തിലെ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നിവയില്‍ തീരുമാനമെടുക്കുക. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ ഇന്നലെ 11-ാം ദിവസമാണ് ഭരണഘടനാ ബെഞ്ച് വാദം കേട്ടത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ ബി വി നാഗരത്ന, എം എം സുന്ദരേശ്, എ അമാനുള്ള, അരവിന്ദ് കുമാര്‍, എ ജി മസിഹ്, ആര്‍ മഹാദേവന്‍, പി ബി വരാലേ, ജ്യോയ്മാല ബഗ്ചി എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment