2026 ഫെബ്രുവരി 25ന്, യുദ്ധത്തിന് മൂന്ന് ദിവസം മുമ്പ്, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒരു പ്രസ്താവന നടത്തി. “അമേരിക്കയുമായി ചരിത്രപരമായ കരാർ അടുത്തെത്തിയിരിക്കുകയാണ്. നയതന്ത്രത്തിന് മുൻഗണന നൽകണം. ഇറാൻ ആണവായുധങ്ങൾ ആഗ്രഹിക്കുന്നില്ല” എന്നായിരുന്നു അത്. അടുത്ത ദിവസം, ഫെബ്രുവരി 26ന്, ഒമാൻ ഇടപെടലിൽ ജനീവയിൽ മൂന്നാമത്തെ സമാധാന ചർച്ച നടന്നു. ഒമാന്‍ വിദേശകാര്യ മന്ത്രി ബദർ അൽ‑ബുസൈദി പറഞ്ഞു; “ചർച്ചകളിൽ ഒരു വലിയ മുന്നേറ്റം കൈവരിച്ചു. ഇറാൻ സമ്പുഷ്ടമായ യുറേനിയം സംഭരിക്കില്ലെന്ന് സമ്മതിച്ചു. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പൂർണ പരിശോധനയ്ക്ക് സമ്മതിച്ചു.” ശാന്തി കൈവശം വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ മാർച്ച് രണ്ടിന് വീണ്ടും ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ തൊട്ടടുത്ത ദിവസം, ഫെബ്രുവരി 28ന് രാവിലെ, അമേരിക്കയും ഇസ്രയേലും ഇറാനെ മിസൈലുകളും ബോംബുകളുമായി ആക്രമിക്കുകയായിരുന്നു. ഇതറിഞ്ഞ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത് “ഈ ആക്രമണം മൂന്നാമത്തെ ചർച്ചയ്ക്ക് ശേഷമാണ് നടന്നത്. ഇത് നയതന്ത്രത്തിനുള്ള അവസരം നഷ്ടപ്പെടുത്തി” എന്നായിരുന്നു.
ചർച്ചയുടെ മധ്യസ്ഥനായ ഒമാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. “ഞാൻ നിരാശനാണ്. സജീവവും, ഗൗരവപരവുമായ ചർച്ചകൾ വീണ്ടും തകർക്കപ്പെട്ടു കഴിഞ്ഞു.” ആ പ്രതികരണത്തിലെ ‘വീണ്ടും’ എന്ന പ്രയോഗം വളരെ പ്രധാനമാണ്. കാരണം ഇതാദ്യമായല്ല ഇങ്ങനെ നടക്കുന്നത്. ഇപ്പോൾ ഉയരുന്ന ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതാണ്, എന്തിനായിരുന്നു ഈ യുദ്ധം? സ്വന്തം വ്യക്തിമേന്മ നിലനിർത്താൻ യുദ്ധം ആവശ്യമായ മനുഷ്യനാണ് ബെഞ്ചമിൻ നെതന്യാഹു എന്നതാണ്, ഇപ്പോൾ ഗൾഫ് മേഖലയിൽ നടക്കുന്ന യുദ്ധത്തിന്റെ അടിസ്ഥാന കാരണമെന്ന് വ്യക്തമാണ്. 2020 മുതൽ നെതന്യാഹു ഇസ്രയേലിൽ അഴിമതി, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളിൽ വിചാരണ നേരിടുകയാണ്. ‘കേസ് 1000, കേസ് 2000, കേസ് 4000’ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത കേസുകൾ! അതിൽ ഏതെങ്കിലും ഒന്നിൽ കുറ്റക്കാരനായി കണ്ടെത്തിയാൽ, പൊതുപദവികളിൽ നിന്ന് അദ്ദേഹത്തെ വിലക്കും. മാത്രമല്ല 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള സാധ്യതയുമുണ്ട്. നെതന്യാഹു ആദ്യമായി പ്രധാനമന്ത്രിയായ കാലത്തുതന്നെ, ചില രാഷ്ട്രീയ അഴിമതി ആരോപണങ്ങൾ ഉയരാൻ തുടങ്ങിയിരുന്നു. പക്ഷേ ഔദ്യോഗികമായി കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല. എന്നാൽ പിന്നീട് കൂടുതൽ പരാതികൾ ഉയരുകയും, തെളിവുകൾ പുറത്തുവരികയും ചെയ്തതോടെ 2015 – 17 കാലത്ത് ഇസ്രയേൽ പൊലീസ് നെതന്യാഹുവിനെതിരെ രഹസ്യാന്വേഷണം ആരംഭിച്ചു. ഈ അന്വേഷണമാണ് മുകളിൽപ്പറഞ്ഞ മൂന്നു കേസുകളിലേയ്ക്ക് നയിച്ചത്.
2018ൽ പൊലീസ് അന്വേഷണത്തെപ്പറ്റി പൊതു വെളിപ്പെടുത്തൽ നടത്തി. നെതന്യാഹുവിനെതിരെ കുറ്റപത്രം നൽകണമെന്ന് ഔദ്യോഗികമായി ശുപാർശ ചെയ്തു. ആ ശുപാർശ ഇല്ലാതാക്കാൻ നെതന്യാഹു ശ്രമിച്ചെങ്കിലും, പൊതുജന സമ്മർദം വർധിച്ചതോടെ ഇസ്രയേൽ രാഷ്ട്രീയത്തിൽ വലിയ പ്രതിസന്ധി ഉടലെടുത്തു. തുടർന്ന് 2019 – 20 കാലത്ത്, അറ്റോർണി ജനറൽ ഔദ്യോഗികമായി, മൂന്ന് കേസുകളിലും കുറ്റപത്രം സമർപ്പിച്ചു. ഇത് ഇസ്രയേൽ ചരിത്രത്തിൽ ആദ്യമായി അധികാരത്തിലിരിക്കുമ്പോൾ ഒരു പ്രധാനമന്ത്രിക്കെതിരെ കുറ്റപത്രം നൽകുന്ന സംഭവമായി മാറി.
2020 മുതൽ കേസുകളിൽ വിചാരണ ആരംഭിക്കുകയും ചെയ്തു. നെതന്യാഹു എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെങ്കിലും, കോടതിയിൽ മൂന്നു കേസുകളും ഒന്നിച്ച് കേൾക്കാൻ തുടങ്ങി. കേസ് 1000 എന്നത് ‘സമ്മാനങ്ങളുടെ കേസ്’ എന്നറിയപ്പെടുന്ന അഴിമതിക്കേസാണ്. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് നെതന്യാഹുവും ഭാര്യ സാറയും വിദേശ കോടീശ്വരന്മാരായ അർനോൺ മിൽച്ചൻ (ഹോളിവുഡ് നിർമ്മാതാവ്), ജെയിംസ് പാക്കർ (ഓസ്ട്രേലിയൻ വ്യവസായി) എന്നിവരിൽ നിന്ന് വിലകൂടിയ സമ്മാനങ്ങൾ കൈപ്പറ്റി എന്നതാണ് പ്രധാന ആരോപണം. ഈ കേസിൽ വിശ്വാസവഞ്ചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസ് 2000 എന്നത് ‘മാധ്യമ ഇടപാട് കേസ്’ എന്നറിയപ്പെടുന്നു. നെതന്യാഹു ഇസ്രയേലിലെ പ്രമുഖ ദിനപത്രമായ ‘യെഡിയത് അഹറോണോത്തി‘ന്റെ ഉടമ അർനോൺ മോസസുമായി രഹസ്യ ഇടപാട് നടത്തി, തനിക്ക് അനുകൂല വാർത്തകൾ പ്രസിദ്ധീകരിക്കുകയും, പകരം അവരുടെ എതിർ പത്രമായ ‘ഇസ്രയേൽ ഹായോ‘മിന്റെ മേൽ സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസിന് അടിസ്ഥാനം. കേസ് 4000 അഥവാ ബെസെക് — വാലാ കേസ്, ബെഞ്ചമിൻ നെതന്യാഹുവിനെതിരെയുള്ള കേസുകളില്‍ ഏറ്റവും ഗൗരവമേറിയതായി കണക്കാക്കപ്പെടുന്നു. വാർത്താവിനിമയ മന്ത്രിയായിരുന്ന കാലത്ത് (2014 — 17) നെതന്യാഹു പ്രമുഖ ടെലികോം കമ്പനിയായ ബെസെകിന് കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന രീതിയിൽ നിയമവിരുദ്ധ ഇളവുകൾ നൽകി എന്നാണ് പ്രധാന ആരോപണം. പകരമായി, ബെസെക് ഉടമ ഷൗൾ എലോവിച്ചിന്റെ ‘വാലാ’ എന്ന വാർത്താ പോർട്ടലിൽ നെതന്യാഹുവിനും കുടുംബത്തിനും അനുകൂലമായ വാർത്തകൾ നൽകാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളെ മോശമായി ചിത്രീകരിക്കാനും നിർദേശം നൽകി എന്ന് പ്രോസിക്യൂഷൻ വാദിക്കുന്നു. മൂന്ന് അഴിമതിക്കേസുകളിലും ഇപ്പോൾ വിചാരണ തുടരുകയാണ്.
2024 ഡിസംബറിൽ ആരംഭിച്ച നെതന്യാഹുവിന്റെ മൊഴി നൽകൽ ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇറാനുമായുള്ള സംഘർഷത്തെത്തുടർന്ന് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ പിൻവലിച്ചതിനാൽ വിചാരണ ഏപ്രിൽ 12 മുതൽ പുനരാരംഭിക്കേണ്ടതായിരുന്നു. എന്നാൽ, യുദ്ധസാഹചര്യങ്ങളും സുരക്ഷാ കാരണങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ വിചാരണ വൈകിപ്പിക്കാൻ വീണ്ടും അപേക്ഷ നൽകി. സാക്ഷിവിസ്താരം വീണ്ടും കുറച്ചു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ കോടതി അനുമതി നൽകി. ഒരു കേസിലും ഇതുവരെ നെതന്യാഹു കുറ്റം സമ്മതിച്ചിട്ടില്ല. പക്ഷെ 2025 നവംബറിൽ അദ്ദേഹം തന്റെ പേരിലുള്ള അഴിമതിക്കേസുകളിൽ വിചാരണ ഒഴിവാക്കാനായി പ്രസിഡന്റ് ഐസക് ഹെർസോഗിന് മാപ്പപേക്ഷ സമർപ്പിച്ചു.
രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ജനങ്ങൾക്കിടയിൽ ഈ വിചാരണ വലിയ വിള്ളലുകൾ ഉണ്ടാക്കുന്നുവെന്നും ഇത് അവസാനിപ്പിക്കേണ്ടത് രാജ്യത്തിന്റെ ഐക്യത്തിന് അത്യാവശ്യമാണെന്നും അദ്ദേഹം വാദിച്ചു. ആഴ്ചയിൽ മൂന്ന് തവണ കോടതിയിൽ ഹാജരാകുന്നത് പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തെ തടസപ്പെടുത്തുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. യുദ്ധം ആരംഭിച്ചതിന് 12 ദിവസങ്ങൾക്കുശേഷം നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ നെതന്യാഹു തന്റെ അഴിമതി വിചാരണയെ ‘അസംബന്ധ നാടകം’ എന്ന് വിളിച്ചു. ഒരു അമേരിക്കൻ സെനറ്റർ ഇറാനിൽ നടത്തുന്ന സംഘർഷത്തെ ‘നെതന്യാഹുവിന്റെ നിരന്തര സമ്മർദത്തിൽ ആരംഭിച്ച അസംബന്ധമായ യുദ്ധം’ എന്നായിരുന്നു വിശേഷിപ്പിച്ചത്. വരുന്ന ഒക്ടോബറിൽ ഇസ്രയേലിൽ നടക്കാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി, തന്റെ പാർട്ടിയുടെ രാഷ്ട്രീയ നില മെച്ചപ്പെടുത്താനും ഈ യുദ്ധം നെതന്യാഹുവിന് അത്യാവശ്യമാണ്.
ഇന്ത്യയെപ്പോലെ തന്നെ പട്ടാളവും, യുദ്ധവും, രാജ്യസ്നേഹവുമെല്ലാം ഇസ്രയേലിലും വോട്ട് കിട്ടാൻ ഉതകുന്ന അജണ്ടകൾ ആണ്. ഗാസയിലെ സൈനിക നടപടികളുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര ക്രിമിനൽ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 2024 നവംബറിലാണ് ഈ നിർണായക ഉത്തരവുണ്ടായത്. അറസ്റ്റ് ഭീഷണി കാരണം, നെതന്യാഹുവിന് ലോകത്തിലെ പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യാൻ പോലും കഴിയില്ല. അതൊക്കെ കണക്കിലെടുക്കുമ്പോൾ, ഇറാനുമായുള്ള സംഘർഷം അവസാനിക്കാതിരിക്കുക എന്നത് ബെഞ്ചമിൻ നെതന്യാഹുവിന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ ആവശ്യമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment