മേയ്ദിന നേട്ടങ്ങളെ കരിമേഘം പൊതിയുമ്പോൾ

Janayugom
Developer Admin

ട്ടുമണിക്കൂർ പ്രവൃത്തിസമയം ഉള്‍പ്പെടെ തൊഴിലാളിവർഗം ദീർഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നിരവധി അവകാശങ്ങൾ യൂണിയൻ ഭരണകൂടം പുതിയ തൊഴിൽ നിയമങ്ങളിലൂടെ കവർന്നെടുക്കുന്നു എന്നതാണ് വർത്തമാന യാഥാർത്ഥ്യം. ഭീഷണമായ ഈ സാഹചര്യത്തിൽ തൊഴിലാളികളുടെ പോരാട്ടത്തിന്റെയും കരുത്തിന്റെയും ഓർമ്മപ്പെടുത്തലാണ് മേയ്ദിനം. 1882നും 1886നും ഇടയിലുണ്ടായ സാമ്പത്തികമാന്ദ്യ വേളയിലാണ് അനിയന്ത്രിതമായ ജോലി സമയത്തിനെതിരെ തൊഴിലാളികൾ പോരാട്ടത്തിനിറങ്ങിയത്. വിശപ്പടക്കാൻ പോലും ഉതകുന്നതായിരുന്നില്ല അവർക്ക് ലഭിച്ചിരുന്ന വേതനം. എട്ടുമണിക്കൂർ ജോലിസമയം എന്ന ആവശ്യത്തിന് പിന്തുണയുമായി ലോകമെങ്ങുമുള്ള വിവിധ തുറകളിലുള്ള തൊഴിലാളികൾ ഇരമ്പിയെത്തുകയായിരുന്നു.

1884ൽ 70,000 ആയിരുന്ന സമരപോരാളികളുടെ എണ്ണം 1886 ആയപ്പോഴേക്കും ഏഴ് ലക്ഷത്തിലധികമായി. അമേരിക്കയിലെ എഎഫ്എൽ, നൈറ്റ്സ് ഓഫ് ലേബർ തുടങ്ങിയ ട്രേഡ് യൂണിയൻ സംഘടനകൾ ഈ ആവശ്യത്തിനായി തൊഴിലാളികളെ സജ്ജരാക്കി. 1884 മുതൽ ട്രേഡ് യൂണിയനുകൾ ഈ ആവശ്യമുന്നയിച്ചുള്ള സമരത്തിന് തയ്യാറെടുത്ത് തുടങ്ങിയിരുന്നു. അന്താരാഷ്ട്ര തൊഴിലാളിവർഗം കൂടുതൽ സംഘടിതമായതോടെ സമരമുറകൾക്കും കരുത്തേറി. വിവിധ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ തൊഴിൽരഹിത തൊഴിലാളികളുടെ കൂറ്റൻ റാലികൾ നടന്നു. തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വർധനവ് അവരാർജിച്ച കരുത്തിനെയും മാർക്സിസം എത്രത്തോളം ആഴത്തിൽ വേരുപടർത്തി എന്ന യാഥാർത്ഥ്യവും വിളിച്ചുപറഞ്ഞു. തൊഴിലാളിവർഗ സമരമുറകളിലെ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു ഈ വർഷങ്ങൾ. തൊഴിലാളിവർഗം തുടക്കം കുറിച്ച ഇത്തരം സമരങ്ങൾ വിലമതിക്കാനാവാത്ത അനുഭവസമ്പത്താണ് പകർന്നത്.

ഇത് അതിവേഗം പടരുകയും തൊഴിലാളികളുടെ ഏകോപനത്തിന് വഴിയൊരുക്കുകയും ചെയ്തു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശാബ്ദങ്ങൾ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അതിവേഗ വളർച്ചയുടെ കാലമായിരുന്നു. യൂറോപ്പിലാകെ തൊഴിലാളികൾ തൊഴിലിന്റെ അടിസ്ഥാനത്തിൽ സംഘടിക്കുകയും പിന്നീട് അവ ലയിച്ച് വലിയ യൂണിയനുകളാവുകയും ചെയ്തു. ഈ കാലഘട്ടത്തെക്കുറിച്ച് ലെനിൻ എഴുതി, ‘ലോകത്ത് ഒരിടത്തും ട്രേഡ് യൂണിയനുകളിലൂടെയല്ലാതെ തൊഴിലാളിവർഗ വികാസം നടന്നിട്ടില്ല, നടക്കുകയുമില്ല’. പ്രാദേശിക അതിരുകൾക്കുള്ളിൽ ഐക്യത്തോടെ പ്രവർത്തിക്കുന്ന ട്രേഡ് യൂണിയൻ ശാഖകൾ രൂപപ്പെട്ടു. ഈ ഘടകങ്ങൾ തൊഴിലുടമകൾക്കെതിരായ പോരാട്ടത്തിൽ യൂണിയനുകളുടെ ശേഷി വർധിപ്പിച്ചു. സമരത്തിന് ഒരു ഐക്യമുന്നണി അനിവാര്യമെന്ന ബോധവും ഇതിലൂടെ സാധിതമായി. 1880കളിലും 90കളിലും ഐക്യത്തിന്റെയും പോരാട്ടത്തിന്റെയും സമീപനം രാജ്യാന്തരതലങ്ങളിൽ ജനപ്രീതി നേടി. തുടക്കം ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കുന്നതിലായിരുന്നു. ബ്രിട്ടൻ, യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഇത് വ്യാപകമായി. ശാസ്ത്രീയ സോഷ്യലിസത്തിന്റെ തത്വങ്ങളെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടികളെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ട്രേഡ് യൂണിയനുകളായിരുന്നു പിന്നീട് ശക്തിപ്പെട്ടത്. ജർമ്മനി, ഓസ്ട്രിയ‑ഹംഗറി, ബെൽജിയം, സ്വിറ്റ്സർലൻഡ്, നെതർലാൻഡ്സ്, സ്കാൻഡിനേവിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇതായിരുന്നു സമീപനം. സ്പെയിനിലും ഫ്രാൻസിലും ഉടലെടുത്ത അരാജകത്വ സിൻഡിക്കലിസത്തിന്റെ സ്വാധീനത്തിൽ വന്ന തൊഴിലാളികളെക്കുറിച്ച് ലെനിൻ ‘ഇടതുപക്ഷ കമ്മ്യൂണിസം: ഒരു ബാലാരിഷ്ടത’ എന്ന പുസ്തകത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തൊഴിലാളിവർഗം ഭരിക്കുന്ന ഒരു പുതിയ സമൂഹം സൃഷ്ടിക്കുന്നതിലല്ല, മറിച്ച് അവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ മാത്രമാണ് അവർ വിശ്വസിച്ചിരുന്നത്. ഫ്രെഡറിക് ഏംഗൽസ് പറഞ്ഞത് ഇപ്രകാരമാണ്, ‘ട്രേഡ് യൂണിയനുകൾ നൽകുന്ന പ്രതിരോധ മാർഗങ്ങളില്ലായിരുന്നുവെങ്കിൽ തനിക്ക് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങൾ പോലും തൊഴിലാളിക്ക് ലഭിക്കുമായിരുന്നില്ല’. 1886 മേയ് ഒന്നിന്, എട്ടുമണിക്കൂർ പ്രവൃത്തിസമയം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലുടനീളം തൊഴിലാളികൾ പൊതുപണിമുടക്കിനായി തെരുവിലിറങ്ങി. രാജ്യത്തുടനീളം 3,50,000ത്തിലധികം തൊഴിലാളികൾ പണിമുടക്കിൽ നേരിട്ട് പങ്കെടുത്തു. ലക്ഷക്കണക്കിന് തൊഴിലാളികൾ ജാഥകളിൽ പങ്കുചേർന്നു. മേയ് മൂന്നിന് യുഎസ് തൊഴിലാളി പ്രസ്ഥാനത്തിന്റെ ഹൃദയമായ ചിക്കാഗോയിലെ മക്കോർമിക് റീപ്പർ വർക്സിൽ നടന്ന പണിമുടക്കിനിടെ, നിരായുധരായ തൊഴിലാളികൾക്ക് നേരെ പൊലീസ് നിറയൊഴിച്ചു. ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. നിരവധിയാളുകൾക്ക് പരിക്കേറ്റു. സർക്കാരിന്റെയും പൊലീസിന്റെയും ഈ ക്രൂരതയ്ക്കെതിരെ രാജ്യമൊട്ടാകെ പ്രതിഷേധം കനത്തു. വരുംദിവസം പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ തൊഴിലാളികൾ തീരുമാനിച്ചു.

മേയ് നാലിന് ചിക്കാഗോയിലെ ഹേമാർക്കറ്റ് ചത്വരത്തിൽ പൊലീസ് ക്രൂരതയ്ക്കെതിരെ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്ത റാലി നടന്നു. മഴ പെയ്തിറങ്ങിയ ആ സായാഹ്നത്തിൽ അവസാനത്തെ പ്രസംഗകനും സംസാരിച്ചു കഴിഞ്ഞപ്പോൾ അവശേഷിച്ചിരുന്ന തൊഴിലാളികളോട് പിരിഞ്ഞുപോകാൻ 180ഓളം വരുന്ന സായുധ പോലീസുകാർ ആവശ്യപ്പെട്ടു. പൊടുന്നനെ പൊലീസ് നിരകൾക്കിടയിൽ നിന്നും ബോംബ് പൊട്ടിത്തെറിച്ചു. ഏഴ് പോലീസുകാർ കൊല്ലപ്പെട്ടു. നിരായുധരായ തൊഴിലാളികൾക്ക് നേരെ പൊലീസ് വെടിയുതിർത്തു. എത്ര തൊഴിലാളികൾ കൊല്ലപ്പെട്ടുവെന്നോ പരിക്കേറ്റുവെന്നോ ഉള്ള കണക്കുകൾ ഇന്നും അജ്ഞാതമാണ്. തുടർന്നുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിലൂടെ തൊഴിലാളികൾക്കെതിരെ സർക്കാർ നിരവധി കുറ്റാരോപണങ്ങൾ ചുമത്തി.

സ്വാഭാവികമായും സർക്കാരിന്റെ ക്രൂരതകളെയും കൊലപാതകങ്ങളെയും മറച്ചുപിടിക്കുന്ന രീതിയിലായിരുന്നു ഇത്. ഭരണകൂടം കുറ്റം ചുമത്തിയ എട്ടുപേരിൽ ഒരാൾ മാത്രമേ പ്രതിഷേധ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ബോംബ് പൊട്ടുമ്പോൾ അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയുമായിരുന്നു. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹസന വിചാരണകളിലൊന്നിൽ, എട്ടുപേരെയും കുറ്റക്കാരായി വിധിച്ചെങ്കിലും അവർക്കെതിരെ എന്തെങ്കിലും തെളിവുകൾ ഹാജരാക്കാൻ ഭരണകൂട പിണിയാളുകൾക്ക് കഴിഞ്ഞില്ല. എങ്കിലും ആൽബർട്ട് പാഴ്സൺസ്, ഓഗസ്റ്റ് സ്പൈസ്, ജോർജ് ഏഞ്ചൽ, അഡോൾഫ് ഫിഷർ എന്നിവരെ വധശിക്ഷയ്ക്ക് വിധേയമാക്കി. ലൂയിസ് ലിങ് ആത്മഹത്യ ചെയ്തു.

1893ലെ ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങളെത്തുടർന്ന് ബാക്കിയുള്ള മൂന്ന് പേർക്ക് മാപ്പ് നൽകി വിട്ടയച്ചു. ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം 1923ലാണ് ഇന്ത്യയിൽ മേയ് ദിന ആഘോഷങ്ങൾ ആരംഭിച്ചത്. എട്ടുമണിക്കൂർ പ്രവൃത്തിസമയത്തിന് വേണ്ടിയുള്ള സമരത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ചെന്നൈയിലായിരുന്നു ഇത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ സ്ഥാപക നേതാക്കളിലൊരാളായ മലയാപുരം ശിങ്കാരവേലു ചെട്ടിയാർ സ്ഥാപിച്ച ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ ആയിരുന്നു നേതൃത്വം നൽകിയത്. 1942ൽ വൈസ്രോയിയുടെ കൗൺസിലിൽ ലേബർ മെമ്പറായ ഡോ. ബി ആർ അംബേദ്കറാണ് ഇന്ത്യൻ ലേബർ കോൺഫറൻസിന്റെ ഏഴാം സെഷനിൽ ഇന്ത്യയിൽ എട്ടുമണിക്കൂർ ജോലി സമയം നടപ്പിലാക്കിയത്. തൊഴിലാളിവർഗത്തിന്റെ അവകാശങ്ങൾക്കായി അദ്ദേഹം സ്ഥാപിച്ചതാണ് ഇൻഡിപെൻഡന്റ് ലേബർ പാർട്ടി. തൊഴിലാളികളുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾ സംരക്ഷിക്കുക, ബ്രാഹ്മണ്യ‑മുതലാളിത്ത ഘടനകളെ എതിർക്കുക എന്നിവയായിരുന്നു പ്രധാന ലക്ഷ്യങ്ങൾ.

Previous
അതുൽ കുമാർ അഞ്ജാൻ: രാഷ്ട്രീയകാലത്തിന്റെ വായന
Next
കുവൈറ്റിൽ നീറ്റ് പരീക്ഷ ഇന്ന്; ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ പരീക്ഷാ കേന്ദ്രം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment