തുരുമ്പിച്ച
ചുവന്ന പെട്ടിക്കുള്ളിൽ
ഉണങ്ങിയ വാക്കുകളെ
കരണ്ടുതിന്നുന്ന
ചുണ്ടെലികളുടെ
ആത്മനിർവൃതി കേൾക്കാം
പോസ്റ്റ്മാനെ കാണാനില്ല
അയാൾ
ഒരു തപാൽമുദ്ര പോലെ
ചുരുണ്ട്,
ആകാശത്തിന്റെ നീലക്കവറിൽ
സ്വയം പതിഞ്ഞു പോയിരിക്കാം
സൈക്കിളും കുടയും
ആലിന്റെ ചുവട്ടിൽ നിൽപ്പുണ്ട്
സൈക്കിളിന്റെ
പിൻചക്രത്തെ
കാറ്റ് മെല്ലെ തിരിക്കുന്നു
മണി മുഴങ്ങുന്നില്ല
മേൽവിലാസം തെറ്റിയ
കത്തുകൾ പോലെ
ഉണങ്ങിയ ആലിലകൾ
കാറ്റത്തലയുന്നു
പോസ്റ്റ്മാൻ നടന്ന വഴികളിൽ
മണിയോർഡറുകളിൽ പതിഞ്ഞ
വിരലടയാളങ്ങൾ മുളച്ചു വരുന്നു
കടലാസ് പക്ഷികൾ
വീടിന്റെ ഉമ്മറത്ത്
വാർത്തകൾക്കായി കാത്തുനിൽക്കുന്നു
അവസാനത്തെ കത്തിൽ,
ഉറുമ്പുകളായി മാറിയ
അക്ഷരങ്ങൾ
വരി തെറ്റി നടന്നു പോകുന്നു
പോസ്റ്റ്മാൻ ഇപ്പോൾ
ഒരു പൂമ്പാറ്റയുടെ ചിറകിലെ
പിൻകോഡ് തിരയുകയാവാം
അല്ലെങ്കിൽ,
മരിച്ചുപോയ ഒരാളുടെ
വിലാസത്തിലേക്ക്
മഴവില്ല് കൊണ്ട്
പാലം പണിയുകയുമാവാം
കാത്തിരിപ്പിന്റെ
വരാന്തയിൽ
മുദ്രയില്ലാത്ത ഒരു ഏകാന്തത
ബാക്കിയാവുന്നു
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment