ആധാർ പ്രതിസന്ധിയില്‍ ആദിവാസി മേഖലകള്‍

Janayugom
Developer Admin

ന്ധ്രാപ്രദേശിലെ ഒരു വിദൂര ഗ്രാമത്തിൽ, പ്രായമായ ആദിവാസി സ്ത്രീ റെസ്മോ തന്റെ ആധാർ കാർഡിനായി രജിസ്റ്റർ ചെയ്തു. വെെകാതെ അത് ലഭിക്കുമെന്ന് രജിസ്ട്രേഷന്‍ കേന്ദ്രത്തിലുള്ളവര്‍ പറഞ്ഞു. കുറച്ചുനാള്‍ കഴിഞ്ഞ് അവര്‍ വീണ്ടും ഇതേ ഓഫിസിലെത്തിയപ്പോഴും ‘വരും രജിസ്റ്റർ ചെയ്തിട്ടുണ്ടെ‘ന്ന് പറഞ്ഞ് തിരിച്ചയച്ചു. എൻറോൾമെന്റ് ഐഡി ഇല്ലാത്തതുകൊണ്ട്, അവരുടെ അപേക്ഷ കണ്ടെത്താനോ എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനോ മാർഗമില്ലായിരുന്നു. താങ്ങാൻ കഴിയാത്ത ചെലവ്, ദിവസവേതന നഷ്ടം എന്നിവ സഹിച്ചായിരുന്നു പലതവണ അവര്‍ യാത്ര ചെയ്തത്. പ്രശ്നം പരിഹരിക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാല്‍ വീണ്ടും ശ്രമിക്കുക എന്നത് മാത്രമാണ് അവര്‍ക്ക് ചെയ്യാൻ കഴിയുന്നത്. പെൻഷനുകൾ മുതൽ പൊതുവിതരണ സമ്പ്രദായം വരെയുള്ള ക്ഷേമ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി ആധാർ കാർഡ് മാറിയിരിക്കുന്നു. എന്നാല്‍ അതുസംബന്ധിച്ച പൊതുചർച്ചകളാകട്ടെ, ഭൂരിഭാഗവും എൻറോൾമെന്റ്, പ്രാമാണീകരണം, കാര്യക്ഷമത എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്നാല്‍ പല ആദിവാസി മേഖലകളിലും പ്രശ്നം തുടക്കം മുതല്‍ത്തന്നെ തുടങ്ങുന്നു. എൻറോൾമെന്റ് തന്നെ പരാജയപ്പെടുന്നതില്‍ക്കൂടുതല്‍ എന്ത് സംഭവിക്കാന്‍!

ആധാറിന് വ്യക്തമായ ഒരു തുടക്കവും വ്യക്തമായ അന്തിമ ലക്ഷ്യവുമുണ്ട്. ഇല്ലാത്തത് പ്രവർത്തനക്ഷമമായ ഒരു ഇടനിലയാണ് — എൻറോൾമെന്റിനും വിജയകരമായി കാര്‍ഡ് നൽകുന്നതിനും ഇടയിലെ തകരാറുകൾ ട്രാക്ക് ചെയ്യാനും പരിഹരിക്കാനും കഴിയുന്ന ഒരു സംവിധാനം. ആദിവാസി മേഖലകളിൽ രേഖകൾ തയ്യാറാക്കുന്നതിൽ അസമത്വവും സേവനങ്ങളിലേക്കുള്ള പ്രവേശനം പരിമിതവുമാകുമ്പോൾ ഈ വിടവ് കൂടുതല്‍ ദൃശ്യമാകുന്നു. ആധാർ അപേക്ഷ ഒറ്റത്തവണ പ്രക്രിയയാണെന്ന് പറയുമെങ്കിലും ആദിവാസി മേഖലകളിൽ, ഇത് പലപ്പോഴും നിരവധി തടസങ്ങളുള്ളതും അനിശ്ചിതത്വമുള്ളതുമായ ഇടപാടാകുന്നു. ആദ്യ തടസം ഡോക്യുമെന്റേഷനാണ്. ഐഡന്റിറ്റി സ്ഥാപിക്കുന്നതിന് ജനനത്തീയതി അല്ലെങ്കിൽ വിലാസം തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. അത് ആദിവാസികൾക്ക് പലപ്പോഴും എത്തിക്കാന്‍ കഴിയില്ല. ഈ തടസം മറികടന്നാലും എൻറോൾമെന്റ് കേന്ദ്രങ്ങളില്‍ എത്തണം. ഈ കേന്ദ്രങ്ങൾ സാധാരണയായി ആദിവാസി ആവാസ വ്യവസ്ഥകളിൽ നിന്ന് വളരെയകലെ പട്ടണങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെ അപേക്ഷകൾ സ്വീകരിക്കുകയോ പലപ്പോഴും വിശദീകരണമില്ലാതെ നിരസിക്കുകയോ ചെയ്യാം. എൻറോൾമെന്റ് വിജയകരമായാലും തുടർന്നുള്ള ഘട്ടങ്ങൾ വീണ്ടും അവശേഷിക്കുന്നു; മൊബൈൽ ലിങ്കിങ്, ബയോമെട്രിക് അപ്ഡേറ്റുകൾ, ഡോക്യുമെന്റ് തിരുത്തല്‍ തുടങ്ങിയവ. അങ്ങനെ, പ്രാമാണീകരണ പരാജയങ്ങളും ഭരണപരമായ ആവശ്യകതകളും കാരണം ആധാർ അപേക്ഷ തുടർച്ചയായ വെല്ലുവിളിയായി മാറുന്നു. മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകൾ ഭാരം വർധിപ്പിക്കുകയും ചെയ്യുന്നു. 

ഇങ്ങനെ തുടർച്ചയായ ഇടപെടലുകള്‍ ഉണ്ടായാലും ആധാർ സംവിധാനവും അതിന്റെ നിർവഹണാധികാരികളും പരിമിതമായ പിന്തുണ മാത്രമേ നൽകുന്നുള്ളൂ. ലിബ്ടെക് ഇന്ത്യ നടത്തിയ 300ലധികം കേസുകളുടെ ഫീൽഡ് ഡോക്യുമെന്റേഷൻ ഉൾപ്പെടെ ആന്ധ്രാപ്രദേശിലെ ഗോത്ര മേഖലകളിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് എൻറോൾമെന്റ് നിരസിക്കൽ 24% വരെഎന്നാണ്. ജനസംഖ്യയുടെ ഏകദേശം 80% ആദിവാസികളായ അല്ലൂരി സീതാരാമ രാജു ജില്ലയിൽ 60% വരെ നിരസിക്കൽ നിരക്ക് ഉയര്‍ന്നിട്ടുണ്ട്. ഈ കണക്കുകൾ ഒറ്റപ്പെട്ട പിശകുകളിലേക്കല്ല, മറിച്ച് വ്യവസ്ഥാപരമായ പാറ്റേണുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. എന്നാലും പരാജയങ്ങൾ മനസിലാക്കാനോ പിന്തുടരാനോ ഒരു മാർഗവുമില്ല. എന്‍റോള്‍ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്നാണ് പല പരാജയങ്ങളും ഉണ്ടാകുന്നത്. അപേക്ഷാ ഫോമുകൾ മിക്കവാറും ഇംഗ്ലീഷിലാണ്. ഓപ്പറേറ്റർമാരാണ് അവ പൂരിപ്പിക്കേണ്ടത്. ഫോം തെരഞ്ഞെടുക്കുന്നതിലെ പിശകുകൾ ഡോക്യുമെന്റ് അപ്‌ലോഡുകൾ നിരസിക്കുന്നതിലേക്ക് നയിച്ചേക്കാം. ചില സന്ദർഭങ്ങളിൽ, വിശദീകരണമില്ലാതെ അപേക്ഷകൾ ‘ഡ്യൂപ്ലിക്കേറ്റ്’ എന്ന് നിരസിക്കപ്പെടും. ഇവ ഐഡന്റിറ്റിയുടെ പരാജയങ്ങളല്ല, മറിച്ച് ഡോക്യുമെന്റേഷൻ പിശക്, ഓപ്പറേറ്ററുടെ തെറ്റ്, സിസ്റ്റം ഡിസൈൻ പരിമിതികൾ എന്നിവയിൽ നിന്നുണ്ടാകുന്നവയാണ്. എൻറോൾമെന്റിനപ്പുറം സിസ്റ്റത്തിന് തുടർച്ചയില്ലെന്നതാണ് മറ്റൊരു വലിയ പരിമിതി. അപേക്ഷകരുടെ വിവരങ്ങൾ ഒരു ഹ്രസ്വ കാലയളവിനപ്പുറം (സാധാരണയായി 15 ദിവസം) സൂക്ഷിക്കാൻ എൻറോൾമെന്റ് ഓപ്പറേറ്റർക്ക് അനുവാദമില്ല. ഇത് മുൻ ശ്രമങ്ങളുടെ തെളിവുകൾ നിശ്ചിത തീയതിക്കുള്ളില്‍ മായ്ച്ചുകളയുന്നു. രേഖകൾ സൂക്ഷിക്കാൻ പ്രയാസമുള്ളതും മൊബൈൽ ആക്സസ് അസ്ഥിരവുമായ ആദിവാസി ആവാസവ്യവസ്ഥയിലെ എൻറോൾമെന്റ് ഐഡികൾ എളുപ്പത്തിൽ നഷ്ടപ്പെടും. ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇല്ലാതെ, അപേക്ഷാനില ആക്സസ് ചെയ്യാനോ വിശദാംശങ്ങൾ വീണ്ടെടുക്കാനോ മാർഗവുമില്ല. അതായത് ഐഡന്റിറ്റി അവ്യക്തമായതുകൊണ്ടല്ല, മറിച്ച് സിസ്റ്റത്തിന് മുൻ ശ്രമങ്ങളുമായി വീണ്ടും ബന്ധിപ്പിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇന്‍റോള്‍ പ്രക്രിയ പുനരാരംഭിക്കാൻ വ്യക്തികള്‍ നിർബന്ധിതരാകുന്നത്. 

ഇത് പരിഹരിക്കാനുള്ള ഒരു പ്രായോഗിക മാർഗം അത്തരം വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കുള്ളിൽ ഉറപ്പാക്കുക എന്നതാണ്. പട്ടികജാതി പ്രദേശങ്ങളിൽ, ഗ്രാമസഭകൾ സമൂഹത്തിലെ അംഗങ്ങളുടെ അംഗീകാരമുള്ള ഭരണ സ്ഥാപനങ്ങളായി പ്രവർത്തിക്കുന്നുണ്ട്. ഈ തലത്തിൽ എൻറോൾമെന്റ് വിശദാംശങ്ങൾ ആക്സസ് ചെയ്യാൻ കഴിയുമെങ്കിൽ, വ്യക്തികൾക്ക് വീണ്ടും തുടങ്ങുന്നതില്‍ നിന്ന് രക്ഷപ്പെടാനാകും. ഈ പരിമിതികൾ വ്യക്തികൾക്കപ്പുറത്തേക്കും വ്യാപിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ പലപ്പോഴും എൻറോൾമെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കുകയും ആദിവാസികളെ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ അത് പൂർത്തിയായിക്കഴിഞ്ഞാൽ, അപേക്ഷകൾ സ്വീകരിച്ചോ നിരസിക്കപ്പെട്ടോ എന്ന് അറിയാൻ അവർക്കും കഴിയില്ല. തൽഫലമായി, ഭരണപരമായ ശ്രമങ്ങളും ഫലപ്രദമാകുന്നില്ല. ദുർബലരായ ആദിവാസി വിഭാഗങ്ങൾക്ക് ആധാർ കാർഡ് എൻറോൾമെന്റ് പ്രക്രിയ ലഘുവായ നടപടിക്രമങ്ങളിലൂടെ എളുപ്പമാക്കാൻ ശ്രമിക്കുന്ന പിഎം-ജൻമൻ പദ്ധതിയിൽ പോലും, സമാനമായ ബുദ്ധിമുട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ മാത്രം പങ്കിടുന്നതിനാണ് ആധാർ സംവിധാനങ്ങൾ രൂപകല്പന ചെയ്തിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങൾക്ക് ആക്സസ് ചെയ്യാനുള്ള സൗകര്യം കുറവാണ്. ഡാറ്റാ സംരക്ഷണത്തെക്കുറിച്ചുള്ള വ്യക്തികേന്ദ്രീകൃത ധാരണകള്‍ക്ക് അനുയോജ്യമാണെങ്കിലും, ആദിവാസി സാഹചര്യങ്ങളിൽ ഇത് അവ്യക്തത സൃഷ്ടിക്കും. അവിടെ സ്വത്വവും അവകാശങ്ങളും സമൂഹഘടനകളിൽ ഉൾച്ചേർന്നിരിക്കുന്നു. ‘ഷെഡ്യൂൾഡ്’ പ്രദേശങ്ങളിൽ, ഗ്രാമസഭകൾ പോലുള്ള സംവിധാനങ്ങള്‍ക്ക് ഭരണഘടനാപരമായി അംഗീകാരം നൽകിയിട്ടുണ്ട്. എന്നാല്‍ എൻറോൾമെന്റ് സ്റ്റാറ്റസ് അല്ലെങ്കിൽ നിരസിക്കാനുള്ള കാരണം പോലുള്ള അടിസ്ഥാന വിവരങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അവര്‍ക്ക് സാധ്യമല്ല. ഇത് ഒരു ഘടനാപരമായ വൈരുധ്യം സൃഷ്ടിക്കുന്നു: ഗ്രാമസഭകൾ പോലുള്ള സ്ഥാപനങ്ങളിലൂടെ ഭരണനിർവഹണവും പ്രശ്നപരിഹാരവും സ്ഥാപനപരമായ ഇടനില വഹിക്കുന്ന സന്ദർഭങ്ങളിലാണ്, കർശനമായി വ്യക്തിഗത പ്രവേശനത്തിനായി രൂപകല്പന ചെയ്ത ഒരു സംവിധാനം പ്രവർത്തിക്കുന്നത്.
സുരക്ഷാ സംവിധാനം എന്ന നിലയിലെ സ്വകാര്യത, കൂട്ടായ പ്രശ്നപരിഹാരത്തിന് തടസമാവുകയും പിന്തുണയ്ക്കാൻ കഴിയുന്ന സ്ഥാപനങ്ങളിൽ നിന്ന് വ്യക്തികളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്നു. പ്രായോഗികമായി, സിസ്റ്റം ഡാറ്റകള്‍ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, കമ്മ്യൂണിറ്റികളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും ഇടപെടാന്‍ ഇത് പ്രാപ്തമാക്കുന്നില്ല. ഈ അർത്ഥത്തിൽ സ്വകാര്യത എന്നത് വെളിപ്പെടുത്തലിനെ മാത്രമല്ല, ഉത്തരവാദിത്തത്തെയും പരിമിതപ്പെടുത്തുന്നു. അതായത് പ്രശ്നം ഡാറ്റ പങ്കിടുന്നുണ്ടോ എന്നതല്ല, മറിച്ച് പരിഹാരം സാധ്യമാക്കുന്ന രീതിയിൽ അത് ആക്സസ് ചെയ്യാൻ കഴിയുമോ എന്നതാണ്.

ഇത് ആധാറിനെതിരായ വാദമല്ല. രേഖകൾ അസമമായിരിക്കുകയും പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്യുന്ന സന്ദർഭങ്ങളിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനുള്ള സിസ്റ്റം രൂപകല്പന ചെയ്‌തിട്ടുണ്ടോ എന്ന ചോദ്യമാണ്. ആദിവാസി മേഖലകളിൽ ഈ പരിമിതികൾ തീര്‍ത്തും വ്യക്തമാകുന്നുണ്ട്. മറ്റിടങ്ങളിൽ ഒരുപക്ഷേ നിസാരമായി കാണപ്പെടുന്നത് ഇവിടെ വ്യവസ്ഥാപിതമായി മാറുന്നു. ആധാർ ഒരു അടിസ്ഥാന തിരിച്ചറിയൽ സംവിധാനമായി പ്രവർത്തിക്കണമെങ്കിൽ, അതിൽ ഇല്ലാത്തത് ഉൾപ്പെടുത്തണം. അതിന് പരാജയം തിരിച്ചറിയാനും തിരുത്തലിനെ പിന്തുണയ്ക്കാനും സ്ഥാപനപരമായ ഏകോപനം സാധ്യമാക്കാനും കഴിയുന്ന ഘടനാപരമായ മാറ്റം ആവശ്യമാണ്. ഇത് പട്ടികവിഭാഗ പ്രദേശങ്ങളെ നിയന്ത്രിക്കുന്ന ഭരണഘടനാ ചട്ടക്കൂടുമായി പൊരുത്തപ്പെടണം. പൗരന്മാരെ ഓർമ്മിക്കാൻ കഴിയാത്ത ഒരു സംവിധാനത്തിന് അവരെ സേവിക്കാൻ കഴിയില്ല. ആദിവാസി മേഖലകളിൽ, ആളുകളെ പിന്തുണയ്ക്കാൻ കഴിയാത്ത ഒരു സംവിധാനം കാര്യങ്ങൾ തെറ്റുമ്പോൾ സ്വത്വങ്ങളെ ഉൾപ്പെടുത്തുന്നതിന് പകരം ഒഴിവാക്കലിന്റെ ഒരു വേദിയാക്കി മാറ്റാൻ സാധ്യതയുണ്ട്.
(ദി വയര്‍)

Previous
കരുത്താർജിക്കുന്ന തൊഴിലാളി പോരാട്ടം
Next
‘ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ’ നീളുന്ന വിദ്വേഷ വിഭജന രാഷ്ട്രീയം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment