പകർച്ചവ്യാധികളേക്കാൾ ഭീകരമായി ഇന്ത്യക്കാരുടെ ആയുർദൈർഘ്യത്തെയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയും ജീവിതശൈലീ രോഗങ്ങൾ തകർക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യൂഎച്ച്ഒ) പുതിയ പഠന റിപ്പോർട്ട്. രാജ്യത്ത് സംഭവിക്കുന്ന മൊത്തം മരണങ്ങളിൽ 63 ശതമാനവും ഹൃദ്രോഗം, പ്രമേഹം, അമിത രക്തസമ്മർദ്ദം, കാൻസർ തുടങ്ങിയ പാരമ്പര്യേതര രോഗങ്ങൾ മൂലമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇത്തരം രോഗങ്ങളുടെ വ്യാപനത്തിൽ വലിയ കുതിച്ചുചാട്ടമാണുണ്ടായത്. 1990‑ൽ ആകെ രോഗാവസ്ഥയുടെ 30. 5 ശതമാനം മാത്രമായിരുന്ന ജീവിതശൈലീ രോഗങ്ങൾ 2016‑ൽ 55.4 ശതമാനമായും 2026‑ൽ 63 ശതമാനമായും ഉയർന്നു. ആഗോളതലത്തിൽ ചികിത്സാ രംഗം വൻ കുതിപ്പ് നടത്തുമ്പോഴും ഇന്ത്യയിൽ ഈ രോഗങ്ങളെ നിയന്ത്രിക്കുന്നതിൽ സംവിധാനങ്ങൾ പരാജയപ്പെടുന്നതായാണ് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നത്.
ആരോഗ്യ സൗകര്യങ്ങൾക്കായി രാജ്യം വൻതുക ചിലവഴിക്കുമ്പോഴും സേവനങ്ങളിലെ അസമത്വം വലിയ വെല്ലുവിളിയായി തുടരുന്നു. സ്ത്രീകൾ, പ്രായമായവർ, ഗ്രാമീണ മേഖലയിലുള്ളവർ എന്നിവർക്ക് ഇപ്പോഴും കൃത്യമായ ചികിത്സാ സൗകര്യങ്ങൾ പ്രാപ്യമല്ല. രാജ്യത്തെ 1.9 കോടി ആളുകൾ ഇപ്പോഴും ചികിത്സാ ചെലവുകൾ കണ്ടെത്താൻ പ്രയാസപ്പെടുന്നവരാണ്. ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ വഴി പ്രാഥമിക സേവനങ്ങളും ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ വഴി വ്യായാമവും പ്രോത്സാഹിപ്പിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഈ പദ്ധതികളെക്കുറിച്ച് പകുതിയിലധികം ജനങ്ങൾക്കും ഇപ്പോഴും അറിവില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പാരമ്പര്യേതര രോഗങ്ങൾക്കൊപ്പം മന്ത് രോഗവും രാജ്യത്തിന് വെല്ലുവിളിയാകുന്നു. 2017-ഓടെ രാജ്യം മന്ത് രോഗമുക്തമാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും 2022‑ൽ മാത്രം 6.96 ലക്ഷം പുതിയ രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ശാസ്ത്രീയമായ ഔഷധങ്ങളുടെ ലഭ്യതക്കുറവും ശുചിത്വ പ്രശ്നങ്ങളുമാണ് ഇതിന് കാരണമായി പറയുന്നത്. ഇന്ത്യയുടെ പ്രതിരോധ കുത്തിവെപ്പ് സംവിധാനം ലോകത്തിലെ തന്നെ ഏറ്റവും വിപുലമാണെങ്കിലും നഗരപ്രദേശങ്ങളിൽ ഇപ്പോഴും വലിയ വിടവുകളുണ്ടെന്ന് ഡബ്ല്യൂഎച്ച്ഒ നിരീക്ഷിക്കുന്നു.
ആരോഗ്യപ്രവർത്തകർക്കുള്ള പരിശീലനക്കുറവ് പരിഹരിക്കാൻ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലായി 1,605 ബ്ലോക്കുകളിൽ ലോകാരോഗ്യ സംഘടന സാങ്കേതിക സഹായം നൽകിവരികയാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയാൽ ഭൂരിഭാഗം പാരമ്പര്യേതര രോഗങ്ങളും തടയാനാകുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു. ദരിദ്രരും ഗ്രാമീണരുമായ ജനവിഭാഗങ്ങളിലേക്ക് ചികിത്സാ സൗകര്യങ്ങൾ എത്തിക്കുന്നതിനൊപ്പം വ്യായാമവും ആരോഗ്യകരമായ ഭക്ഷണരീതിയും ജനങ്ങൾക്കിടയിൽ കൂടുതൽ പ്രചരിപ്പിക്കണമെന്ന് റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment