മെഴ്സിഡസ് ബെൻസിന്റെ അത്യാധുനിക മോഡലായ സിഎൽഎ ഇവി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 62.40 ലക്ഷം രൂപ പ്രാരംഭ വിലയിൽ എത്തുന്ന ഈ ലക്ഷ്വറി സെഡാൻ, ഒറ്റത്തവണ ചാർജ് ചെയ്താൽ 792 കിലോമീറ്റർ ദൂരം ഓടുമെന്നതാണ് പ്രധാന ആകർഷണം. ഇന്ത്യയിലെ ഇലക്ട്രിക് കാർ വിപണിയിൽ നിലവിലുള്ള ഏറ്റവും മികച്ച റേഞ്ചുകളിൽ ഒന്നാണിത്. മെഴ്സിഡസ് ബെൻസിന്റെ പുതിയ മോഡുലാർ ആർക്കിടെക്ചറിൽ നിർമ്മിച്ച ആദ്യ വാഹനമാണിത്. 800‑വോൾട്ട് ഇലക്ട്രിക്കൽ സിസ്റ്റം ഉപയോഗിക്കുന്നതിനാൽ അതിവേഗ ചാർജിംഗ് സാധ്യമാണ്. വെറും 15 മിനിറ്റ് ചാർജ് ചെയ്താൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള ചാർജ്ജ് ബാറ്ററിക്ക് ലഭിക്കും. ദീർഘദൂര യാത്രകൾക്ക് ഇലക്ട്രിക് കാറുകൾ അനുയോജ്യമല്ലെന്ന പരാതിക്ക് കൂടിയാണ് ഇതോടെ പരിഹാരമാകുന്നത്.
വാഹനത്തിനുള്ളിലെ പ്രധാന ആകർഷണം ഡാഷ്ബോർഡിലുടനീളം നീണ്ടുകിടക്കുന്ന എഐ അധിഷ്ഠിത എംബിയുഎക്സ് സൂപ്പർസ്ക്രീനാണ്. ഡ്രൈവർക്കും യാത്രക്കാർക്കും ഒരുപോലെ വിവരങ്ങളും വിനോദവും നൽകുന്ന മൂന്ന് ഡിസ്പ്ലേകൾ ഇതിലുണ്ട്. മെഴ്സിഡസ് ബെൻസിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ എംബി ഒഎസ് വഴിയാണ് വാഹനത്തിലെ ഫീച്ചറുകൾ നിയന്ത്രിക്കപ്പെടുന്നത്.
ബാറ്ററി കപ്പാസിറ്റി 89 കെഡബ്ല്യൂഎച്ച്ആണ്. കാറ്റിന്റെ പ്രതിരോധം കുറയ്ക്കുന്ന രീതിയിലുള്ള രൂപകൽപ്പനയായതിനാൽ കൂടുതൽ വേഗതയും റേഞ്ചും ലഭിക്കുന്നു. നക്ഷത്ര ചിഹ്നമുള്ള എൽഇഡി ഹെഡ്ലൈറ്റുകളും സ്പോർട്ടി ലുക്കും വാഹനത്തിന് പ്രീമിയം അനുഭവം നൽകുന്നു. ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങൾ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ വിപണിയിൽ ബിഎംഡബ്ല്യു i4,ബൈഡി സീൽ തുടങ്ങിയ കരുത്തരായ എതിരാളികളുമായാണ് മെഴ്സിഡസ് ബെൻസ് സിഎൽഎ ഇവി മത്സരിക്കുന്നത്. മികച്ച മൈലേജും ആഡംബരവും ഒരേപോലെ ആഗ്രഹിക്കുന്ന വാഹനപ്രേമികളെ ലക്ഷ്യം വെച്ചാണ് കമ്പനി ഈ മോഡൽ എത്തിച്ചിരിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment