ഐപിഎല്ലിലെ ആവേശമത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസും പഞ്ചാബ് കിങ്സും ഏറ്റുമുട്ടുന്നു. ഈ സീസണിൽ തോൽവിയറിയാത്ത പഞ്ചാബ് കിങ്സിനെതിരെ വിജയം ലക്ഷ്യമിട്ടാണ് ഡൽഹി ക്യാപിറ്റൽസ് ഇറങ്ങുന്നത്. തുടർച്ചയായ തോൽവികളിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന ഡൽഹിക്ക് ഈ മത്സരം ഏറെ നിർണായകമാണ്. അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 3.30നാണ് മത്സരം ആരംഭിക്കുന്നത്.
ഈ സീസണിൽ മികച്ച ഫോമിലുള്ള പഞ്ചാബ് കിങ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ആറ് മത്സരങ്ങളിൽ നിന്ന് 11 പോയിന്റാണ് അവർ നേടിയിട്ടുള്ളത്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ 254 റൺസ് അടിച്ചുകൂട്ടിയ പഞ്ചാബിന്റെ ബാറ്റിങ് നിര ഏത് വമ്പൻ സ്കോറും പിന്തുടരാൻ കെല്പുള്ളവരാണ്. പ്രഭ്സിമ്രാൻ സിങ്, ക്യാപ്റ്റൻ ശ്രേയസ് അയ്യർ, പ്രിയാൻഷ് ആര്യ, കൂപ്പർ കോണലി എന്നിവർ മികച്ച ഫോമിൽ തുടരുന്നത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. ബൗളിങ്ങിൽ അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർ അച്ചടക്കത്തോടെ പന്തെറിയുന്നത് പഞ്ചാബിന്റെ വിജയസാധ്യതകൾ വര്‍ധിപ്പിക്കുന്നു.
പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ഡൽഹി ക്യാപിറ്റൽസിന് ഇത് നിർണായക മത്സരമാണ്. ബാറ്റിങ്ങിലെ സ്ഥിരതയില്ലായ്മയാണ് ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നം. കെ എൽ രാഹുൽ, ഡേവിഡ് മില്ലർ, ട്രിസ്റ്റൻ സ്റ്റബ്സ് തുടങ്ങിയ താരങ്ങൾ മികച്ച ഫോമിലാണെങ്കിലും കൂട്ടായ പ്രകടനം പുറത്തെടുക്കാൻ ടീമിന് പലപ്പോഴും കഴിയുന്നില്ല. ഫീൽഡിങ്ങിലെ പിഴവുകളും ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നതും ഡൽഹിക്ക് വലിയ തിരിച്ചടിയാകുന്നുണ്ട്. അക്സർ പട്ടേലിന്റെ നേതൃത്വത്തിലുള്ള ടീമിന് ബൗളർമാരെ കൃത്യമായി വിനിയോഗിക്കുന്നതിലും തന്ത്രപരമായ പിഴവുകൾ തിരുത്തേണ്ടതുണ്ട്.
പഞ്ചാബിന്റെ കുതിപ്പിനെ തടയാൻ ഡൽഹിക്ക് അസാധാരണമായ പ്രകടനം തന്നെ കാഴ്ചവയ്ക്കേണ്ടി വരും. ക്യാപ്റ്റൻ അക്സർ പട്ടേൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേസമയം തിളങ്ങിയാൽ മാത്രമേ ഡൽഹിക്ക് അട്ടിമറി വിജയം സാധ്യമാകൂ. സ്വന്തം കാണികൾക്ക് മുന്നിൽ കളിക്കുന്നതിന്റെ ആനുകൂല്യം മുതലെടുത്ത് ജയത്തിലേക്ക് തിരിച്ചെത്താനാണ് ഡൽഹി ശ്രമിക്കുന്നത്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ഡൽഹിക്ക് വിജയം കൂടിയേ തീരു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment