Related News

ഏഷ്യൻ ഗെയിംസ് വേദിയാകാന്‍ ഇന്ത്യ

Janayugom
Developer Admin

2038 ലെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഔദ്യോഗികമായി താല്പര്യം പ്രകടിപ്പിച്ച് ഇന്ത്യ. ഇതിനായുള്ള നിര്‍ദേശം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്ക് (ഒസിഎ) സമർപ്പിച്ചു.ചൈനയിലെ സാൻയയിൽ നടന്ന ഒളിമ്പിക് കൗൺസിലിന്റെ എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിലാണ് ഇന്ത്യയുടെ ഈ നിര്‍ദേശം ചർച്ച ചെയ്തത്. ഇന്ത്യയുടെ താല്പര്യത്തെക്കുറിച്ച് ഒളിമ്പിക് കൗൺസിൽ പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, തുടർന്നുള്ള നടപടികളെക്കുറിച്ച് കൗൺസിൽ ഇന്ത്യയെ അറിയിക്കുമെന്നും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സിഇഒ രഘുറാം അയ്യർ വ്യക്തമാക്കി.

2030ലെ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത് അഹമ്മദാബാദാണ്. കൂടാതെ 2036 ലെ ഒളിമ്പിക്സ് വേദിയായും ഇന്ത്യ അഹമ്മദാബാദിനെയാണ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ, 2038ലെ ഏഷ്യൻ ഗെയിംസ് ലഭിക്കുകയാണെങ്കിൽ അഹമ്മദാബാദ് തന്നെയായിരിക്കും പ്രധാന വേദിയാകുക. നരേന്ദ്ര മോഡി സ്റ്റേഡിയം ഉൾപ്പെടുന്ന സർദാർ വല്ലഭഭായി പട്ടേൽ സ്പോർട്സ് എൻക്ലേവ് ഇതിന്റെ ഭാഗമായി വൻ തോതിൽ വികസിപ്പിക്കുന്നുണ്ട്.ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നതിൽ ഇന്ത്യയ്ക്ക് വലിയ ചരിത്രമുണ്ട്. 1951ലെ ആദ്യ ഏഷ്യൻ ഗെയിംസും 1982ലെ ഗെയിംസും നടന്നത് ഡൽഹിയിലാണ്. 2038ലെ ഗെയിംസ് ഇന്ത്യയിൽ നടക്കുകയാണെങ്കിൽ, 56 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരിക്കും അത് രാജ്യത്തേക്ക് തിരികെ എത്തുന്നത്.

2038ലെ ഗെയിംസിനായി ഇന്ത്യയ്ക്ക് പുറമെ ദക്ഷിണ കൊറിയയും മംഗോളിയയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, 2030ലെ കോമൺവെൽത്ത് ഗെയിംസ്, 2036 ഒളിമ്പിക്സ് എന്നിവയ്ക്കായി തയ്യാറാക്കിയ കായിക സൗകര്യങ്ങൾ ഒരേസമയം ഏഷ്യൻ ഗെയിംസിനും ഉപയോഗിക്കാമെന്നത് ഇന്ത്യയ്ക്ക് വലിയ മുൻതൂക്കം നൽകുന്നുണ്ട്. ഇത് നിർമ്മാണച്ചെലവ് കുറയ്ക്കാനും കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഒരുക്കാനും ഇന്ത്യയെ സഹായിക്കും. 2038ലെ ആതിഥേയ നഗരത്തെ സംബന്ധിച്ച അന്തിമ തീരുമാനം 2028 ഓടെ ഉണ്ടാകുമെന്നാണ് ഒളിമ്പിക് കൗൺസിൽ നൽകുന്ന സൂചന. 

Previous
കുതിപ്പ് തുടരാന്‍ പഞ്ചാബ്; അപരാജിതരെ പിടിച്ചുകെട്ടാന്‍ ഡൽഹി
Next
ഒരു വേനല്‍ക്കനവ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment