ആഗോള വിപണിയില്‍ ഉണ്ടായ അസംസ്കൃത ഇന്ധന വില വര്‍ധനയുടെ പേര് പറഞ്ഞ് എണ്ണക്കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില വന്‍ തോതില്‍ ഉയര്‍ത്തിയിരിക്കുന്നു. പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ചതുമുതല്‍ ഇന്ധന വിലയില്‍ വര്‍ധനയുണ്ടായതിനനുസൃതമായി മാര്‍ച്ച്, എപ്രില്‍ മാസങ്ങളില്‍ വില കൂട്ടിയ ശേഷമാണ് മേയ് ഒന്നിന് 993 രൂപയെന്ന താങ്ങാനാകാത്ത വര്‍ധന വരുത്തിയത്. അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കഴിയട്ടെയെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം കമ്പനികള്‍ വിലക്കയറ്റം നടപ്പിലാക്കാന്‍ കഴുകന്‍ കണ്ണുകളുമായി കാത്തിരിക്കുകയായിരുന്നുവെന്ന് തോന്നിപ്പിക്കുന്ന തീരുമാനമാണ് ഉണ്ടായത്. സിപിഐ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നേരത്തെ തന്നെ ഇക്കാര്യം പ്രവചിച്ചിരുന്നതുമാണ്.
ഇപ്പോഴത്തെ വില വര്‍ധനയ്ക്ക് ആഗോള സാഹചര്യങ്ങള്‍ കാരണമായി പറയുന്നുവെങ്കിലും അത് പച്ചക്കള്ളമാണെന്നും ജനങ്ങളെ കൊള്ളയടിക്കുന്നതിനുള്ള സുവര്‍ണാവസരം കമ്പനികള്‍ സര്‍ക്കാര്‍ ഒത്താശയോടെ ഉപയോഗിക്കുകയാണെന്നും വ്യക്തം. ആഗോളതലത്തില്‍ 100 ഡോളര്‍ വരെ ഒരു വീപ്പ അസംസ്കൃത ഇന്ധനത്തിന് വിലയുണ്ടായിരുന്നപ്പോള്‍ നിശ്ചയിച്ചിരുന്ന നിരക്ക് തന്നെയാണ് 70 ഡോളറിലെത്തിയ ഫെബ്രുവരി മാസം വരെ കമ്പനികള്‍ ജനങ്ങളില്‍ നിന്ന് ഈടാക്കിയത്. 60 ഡോളര്‍ വരെ താഴ്ന്നപ്പോള്‍ പോലും വില കുറയ്ക്കുന്നതിന് സന്നദ്ധമായതുമില്ല. ഇടപെടാന്‍ ബിജെപി സര്‍ക്കാരും തുനിഞ്ഞില്ല. വിലനിര്‍ണയം കമ്പനികളുടെ അവകാശമാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനമാണെന്നും വിശദീകരിച്ച് കൈകഴുകുന്ന സമീപനം സ്വീകരിച്ചു. പിന്നീട് ആഗോള വിപണിയില്‍ നേരിയ വര്‍ധനയുണ്ടായപ്പോള്‍ വില കൂട്ടുകയും ചെയ്തു. അതുപ്രകാരമുള്ള നിരക്കാണ് യുദ്ധം തുടങ്ങുന്നതിന് മുമ്പുള്ള ദിവസങ്ങള്‍ വരെ ജനങ്ങളില്‍ നിന്ന് ഈടാക്കിയത്.
ഫെബ്രുവരി അവസാനം ഇറാനെതിരെ യുഎസും ഇസ്രയേലും ചേര്‍ന്ന് യുദ്ധം ആരംഭിച്ചതോടെ എണ്ണ വില വീണ്ടും ഉയരാന്‍ തുടങ്ങുകയും മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ആദ്യയാഴ്ച വാണിജ്യ പാചക വാതക വിലയില്‍ വര്‍ധന വരുത്തുകയും ചെയ്തു. രണ്ടുതവണയായി യഥാക്രമം 115, 200 രൂപ വീതം കൂട്ടിയിരുന്നു. ആഗോള വില വീണ്ടും 100 ഡോളറിലെത്തിയ ഘട്ടത്തിലായിരുന്നു ഈ വില വര്‍ധന. വെടിനിര്‍ത്തലിലെത്തിയപ്പോള്‍ വിലയില്‍ കുറവുണ്ടായെങ്കിലും മാറ്റം വരുത്താന്‍ കമ്പനികള്‍ തയാറായതുമില്ല. കഴിഞ്ഞയാഴ്ച ആഗോള വില 120 ഡോളര്‍ കടന്നത് മുതലെടുത്താണ് 993 രൂപയെന്ന ഭീമന്‍ വര്‍ധന വരുത്തിയത്.
പക്ഷേ അതിന് തൊട്ടടുത്ത മണിക്കൂറില്‍ത്തന്നെ വില 110ന് താഴെയെത്തുകയും ചെയ്തു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത തോതിലാണ് ഇപ്പോള്‍ വര്‍ധന വരുത്തിയിരിക്കുന്നത്. മഹാഭൂരിപക്ഷം വരുന്ന ഗാര്‍ഹിക സിലിണ്ടര്‍, പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില വര്‍ധിപ്പിച്ചില്ലെന്നും സാധാരണക്കാരെ ബാധിക്കില്ലെന്നുമുള്ള വ്യര്‍ത്ഥ ന്യായം നിരത്തി കമ്പനികളുടെ നടപടിയെ ന്യായീകരിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും മത്സരിക്കുകയും ചെയ്യുന്നു. ജനങ്ങളോട് എന്തെങ്കിലും പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാനാകാത്ത നിലപാടാണിത്.
ഇതിലൂടെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ദീര്‍ഘവീക്ഷണമില്ലായ്മയും തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു. പ്രതിസന്ധികളില്‍ നിന്ന് ഈ സര്‍ക്കാര്‍ പാഠമുള്‍ക്കൊണ്ടില്ലെന്ന് മാത്രമല്ല പ്രതിവിധി നടപടികള്‍ കൈക്കൊള്ളുന്നതില്‍ ഗുരുതര വീഴ്ച വരുത്തുകയും ചെയ്തു. ഇതുസംബന്ധിച്ചൊരു റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്തുവരികയുണ്ടായി. ഊര്‍ജ സ്വയംപര്യാപ്തത അസാധ്യമാണെങ്കിലും സംഭരണ സംവിധാനങ്ങള്‍ ഒരുക്കി കരുതല്‍ ശേഖരമുണ്ടാക്കുകയെന്നത് ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികളുടെ ഉത്തരവാദിത്തമാണ്. പക്ഷേ ബിജെപി സര്‍ക്കാര്‍ അത്തരം ഗൗരവതരമായ നടപടികളോ ആസൂത്രണമോ കൈക്കൊണ്ടില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ആഗോള സമ്മര്‍ദങ്ങളോ യുദ്ധം പോലുള്ള സാഹചര്യങ്ങളോ ഉണ്ടാകുമ്പോള്‍ ഊര്‍ജ പ്രതിസന്ധി സ്വാഭാവികമാണെന്നും അതിനനുസരിച്ചുള്ള കരുതലുണ്ടാകണമെന്നും നേരത്തെ തന്നെ മുന്നറിയിപ്പുകളുള്ളതാണ്. അതിന്റെ അടിസ്ഥാനത്തില്‍ 2004ൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ പെട്രോളിയം കരുതൽ പദ്ധതിക്ക് അംഗീകാരം നൽകിയതാണ്.
ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ്സ് ലിമിറ്റഡ് (ഐഎസ്‌പിആര്‍എല്‍) എന്ന പേരിൽ സംരംഭം രൂപീകരിക്കുകയും ചെയ്തു. ഭൂഗര്‍ഭ സംഭരണികളായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2010കളുടെ തുടക്കത്തിൽ വിശാഖപട്ടണം, മംഗലാപുരം, പാദൂർ എന്നീ മൂന്ന് സ്ഥലങ്ങളിലെ ഭൂഗര്‍ഭ സംഭരണികളുടെ പ്രവര്‍ത്തനം 90% പൂർത്തിയായെങ്കിലും അപൂര്‍ണമായ പൈപ്പ്‌ലൈനുകൾ, വൈദ്യുതി കണക്ഷനുകൾ വൈകല്‍ എന്നിവ കാരണം പ്രവർത്തനക്ഷമമായില്ല. ഒടുവില്‍ പദ്ധതി ആവിഷ്കരിച്ച് ഏകദേശം 15 വർഷങ്ങൾ കഴിഞ്ഞ് 2015ൽ വിശാഖപട്ടണവും 2016ൽ മംഗലാപുരവും പാദൂരില്‍ 2018ലും തുറന്നു. അപ്പോഴേയ്ക്കും ഊര്‍ജ ഉപഭോഗം പതിന്മടങ്ങ് വര്‍ധിച്ചിരുന്നുവെന്നതിനാല്‍ ഈ സംഭരണികള്‍ അപര്യാപ്തമായി.
എന്നിട്ടും പുതിയ സംഭരണ സംവിധാനങ്ങളെക്കുറിച്ച് ആലോചനകള്‍ പോലുമുണ്ടായില്ല. അതേസമയം, ഇന്ത്യക്കൊപ്പം പെട്രോളിയം കരുതല്‍ പദ്ധതിക്ക് തുടക്കമിട്ട ചൈന ഇക്കാര്യത്തില്‍ വളരെയധികം മുന്നോട്ടുപോകുകയും ചെയ്തു. ചൈന 102 ദശലക്ഷം ബാരലുകൾ കരുതല്‍ വയ്ക്കാനുള്ള ശേഷി കൈവരിച്ചപ്പോള്‍ നമ്മുടേത് 40 ദശലക്ഷം ബാരല്‍ മാത്രമായിരുന്നു. ചെറിയ പ്രതിസന്ധികള്‍ പോലും നേരിടാനാകാത്ത സ്ഥിതിയിലാണ് നമ്മുടെ രാജ്യം. അതുകൊണ്ടുതന്നെ ഈ ഭാരം അടിച്ചേല്പിച്ചതില്‍ ബിജെപി സര്‍ക്കാരിനുള്ള പങ്ക് നിഷേധിക്കാനാകാത്തതാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment