നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലങ്ങളിൽ മുഖ്യമായും പ്രതിഫലിക്കുന്നത് ശക്തമായ ഭരണവിരുദ്ധ വികാരമാണ്. തെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിൽ മൂന്നിലും ഭരണവിരുദ്ധ വികാരം, നിലവിലുണ്ടായിരുന്ന സർക്കാരുകളെ നിലംപരിശാക്കി. അസമിൽ ഭരണകക്ഷിയായ ബിജെപി അവരുടെ നിയമസഭാ പ്രാതിനിധ്യം ഗണ്യമായി ഉയർത്തിക്കൊണ്ടാണ് അധികാരത്തിൽ പിടിമുറുക്കിയിട്ടുള്ളത്. മുപ്പതംഗ പുതുച്ചേരി നിയമസഭയിലേക്ക് ഭരണമുന്നണിയായ എൻഡിഎ നില മെച്ചപ്പെടുത്തി ഭരണം ഉറപ്പാക്കി. കേരളത്തിൽ കഴിഞ്ഞ 10 വർഷങ്ങളായി ഭരണത്തിൽ തുടർന്നുവന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ നൂറിലധികം സീറ്റുകളുമായാണ് ഐക്യ ജനാധിപത്യ മുന്നണി അധികാരം ഉറപ്പിക്കുന്നത്. തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിലെ നവാഗതനായ ചലച്ചിത്രതാരം ജോസഫ് സി വിജയ്‌യുടെ പുതിയ പാർട്ടി തമിഴക വെട്രി കഴകം (ടിവികെ) ഇതെഴുതുമ്പോൾ 234 സീറ്റിൽ 109 എണ്ണവുമായി ഭരണകക്ഷിയായ, ഡിഎംകെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന മുന്നണിയെ പിന്തള്ളി, ഏറ്റവും വലിയ കക്ഷിയായി മാറി. ഡിഎംകെ മുന്നണി ഇതെഴുതുമ്പോൾ 74 സീറ്റുകളുമായി രണ്ടാംസ്ഥാനത്തുണ്ടെങ്കിലും മുന്നണി നേതാവും മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിൻ 2011 മുതൽ അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു. ടിവികെ നേതാവ് വിജയ് മത്സരിക്കുന്ന പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ടുമണ്ഡലങ്ങളിലും മുന്നേറ്റം തുടരുകയാണ്. വോട്ടെണ്ണലിന്റെ തുടക്കത്തിൽ എഐഎഡിഎംകെ നയിക്കുന്ന ബിജെപി മുന്നണി രണ്ടാംസ്ഥാനത്തായിരുന്നെങ്കിലും അവസാനഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു പാർട്ടിക്കും മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പുഫലം പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾക്കും നാടകങ്ങൾക്കും വഴിവയ്ക്കുമെന്നുവേണം പ്രതീക്ഷിക്കാൻ. പശ്ചിമ ബംഗാളിൽ മമതാ ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണക്കുത്തകയ്ക്ക് അറുതിവരുത്തിക്കൊണ്ടാണ് ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നത്. ഈ തെരഞ്ഞെടുപ്പുകളിൽ ഭരണത്തിലിരിക്കുന്ന സർക്കാരിനെ തൽസ്ഥാനത്തുനിന്നും നിഷ്കാസനം ചെയ്യാൻ ബിജെപിയും കേന്ദ്രസർക്കാരും സാധ്യമായ എല്ലാ അടവുകളും പയറ്റിയ സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു പശ്ചിമ ബംഗാൾ.
കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണി മുന്നണിയുടെ വിജയം മുന്നണി നേതൃത്വം അവകാശപ്പെട്ടതരത്തിലുള്ള വൻ വിജയമാണെങ്കിലും വിശദവും സൂക്ഷ്മവുമായ വിശകലനത്തിന് ഇനിയും വ്യക്തമാകേണ്ട കണക്കുകൾ പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. യുഡിഎഫിന്റെ വിജയം മുഖ്യമായും പ്രാഥമികമായും ഭരണവിരുദ്ധ വികാരമാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുത്തുന്നുണ്ടെങ്കിലും എവിടെയാണ് 10 വർഷം നീണ്ട എൽഡിഎഫ് ഭരണത്തിൽ വീഴ്ചകളും പാളിച്ചകളും സംഭവിച്ചതെന്ന് മുന്നണിയും ഘടകകക്ഷികളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. 10 വർഷത്തെ എൽഡിഎഫ് ഭരണം സംസ്ഥാനത്ത് വികസനരംഗത്തും ജനക്ഷേമ പ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത മുന്നേറ്റം കാഴ്ചവച്ചിട്ടുണ്ടെന്നത് നിഷ്പക്ഷമതികൾ അംഗീകരിക്കുന്ന വസ്തുതയാണെങ്കിലും ഭരണവും അതിന് നേതൃത്വം നൽകിയ രാഷ്ട്രീയ പ്രസ്ഥാനങ്ങളും എങ്ങനെ, എന്തുകൊണ്ട് ജനങ്ങളിൽ നിന്നും അകലുകയും ഒറ്റപ്പെടുകയും ചെയ്തുവെന്നത് ആത്മാർത്ഥവും സത്യസന്ധവുമായ ആത്മപരിശോധന ആവശ്യപ്പെടുന്നുണ്ട്. മുന്നണിക്ക് നേതൃത്വം നൽകിയ സിപിഐ (എം) നേതൃത്വത്തിലെ പ്രമുഖരായ ചില നേതാക്കൾ ആ പാർട്ടി വിട്ട് യുഡിഎഫിൽ ചേക്കേറിയതും പാർട്ടിയെയും മുന്നണിയെയും വെല്ലുവിളിച്ച് വിജയിച്ചതും ഇരുത്തിച്ചിന്തിപ്പിക്കാൻ മതിയായ രാഷ്ട്രീയ പ്രതിഭാസമാണ്. സിപിഐ (എം)ന്റെയും ഇടതുപക്ഷ മുന്നണിയുടെയും പരമ്പരാഗത അടിത്തറയ്ക്ക് ഇളക്കം തട്ടുകയും വോട്ടുചോർച്ച സംഭവിക്കുകയും ഉണ്ടായെന്ന് പ്രഥമദൃഷ്ട്യാ കരുതേണ്ടിവരും.
അത് എന്തുകൊണ്ട്, എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്തുകയും അതിലേക്ക് നയിച്ച കാര്യകാരണങ്ങൾ വിലയിരുത്തി പരിഹാരമാർഗങ്ങൾ ആരായുകയും തിരുത്തലുകൾക്ക് തയ്യാറാവുകയും ചെയ്യുക എന്നത് കേരള രാഷ്ട്രീയത്തിൽ മാത്രമല്ല ദേശീയ രാഷ്ട്രീയത്തിൽത്തന്നെ ഇടതുപക്ഷം പ്രസക്തമായ ഒരു രാഷ്ട്രീയശക്തിയായി തുടരാൻ അനിവാര്യമാണ്. തെരഞ്ഞെടുപ്പുഫലം വിലയിരുത്താനും മുന്നണിയുടെയും ഘടകകക്ഷികളുടെയും ഭാവി നയപരിപാടികൾ ആസൂത്രണം ചെയ്യാനും ആവശ്യമായ ആലോചനകൾ വൈകാതെതന്നെ ഉണ്ടാവും. അത് മുന്നണിക്ക് പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമായ ദിശാബോധം നൽകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത്തരത്തിലുള്ള സൂചനകൾ മുന്നണിയുടെയും ഘടകകക്ഷികളുടെയും നേതൃത്വത്തിൽനിന്നും ഇതിനകം ഉണ്ടായിട്ടുണ്ട്.
അഞ്ച് നിയമസഭകളിലേക്ക് നടന്ന ഇപ്പോഴത്തെ തെരഞ്ഞെടുപ്പും അവയുടെ ഫലങ്ങളും ഇന്ത്യൻ രാഷ്ട്രീയത്തെ സംബന്ധിച്ച് നൽകുന്ന മുന്നറിയിപ്പ് അവഗണിക്കാവുന്നതല്ല. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയുടെ അജയ്യതാ പരിവേഷത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. പൂർണമായും സാക്ഷാത്ക്കരിക്കാനാവാതിരുന്ന ഇന്ത്യ സഖ്യം എന്ന രാഷ്ട്രീയ ആശയവും പ്രാദേശിക പാർട്ടികൾക്ക് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസക്തിയുമാണ് ഒറ്റയ്ക്ക് നാനൂറിലധികം സീറ്റുനേടി വിജയിക്കാമെന്ന ബിജെപിയുടെ സ്വപ്നത്തെ തകർത്തത്. ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നിന്നാൽ ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങളെയും മുന്നേറ്റത്തെയും എങ്ങനെ പ്രതിരോധിക്കാനാവുമെന്ന് മണ്ഡല പുനർനിർണയം സംബന്ധിച്ച നിയമനിർമ്മാണത്തെ പരാജയപ്പെടുത്തി പ്രതിപക്ഷം രാജ്യത്തിന് കാണിച്ചുകൊടുത്തു. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്തി ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ഇന്ത്യ സഖ്യം പരാജയപ്പെട്ടിടത്താണ് തമിഴ്‍നാട്ടിലും പശ്ചിമബംഗാളിലും പ്രതിപക്ഷം പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. 2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളുടെ പരമ്പര തന്നെ രാജ്യത്തെ കാത്തിരിക്കുന്നു. അവയിൽ പ്രതിപക്ഷ പാർട്ടികളുടെ ഐക്യനിരയുയർത്തി ബിജെപിയെ ഫലപ്രദമായി പ്രതിരോധിക്കുകയെന്നത് ഇന്ത്യൻ ജനാധിപത്യത്തെ കാത്തിരിക്കുന്ന സുപ്രധാന വെല്ലുവിളിയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment