മലബാർ മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന് (മലബാർ മിൽമ) കഴിഞ്ഞ സാമ്പത്തിക വർഷം മികച്ച മുന്നേറ്റം. വിറ്റുവരവിൽ 152.11 കോടി രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. മുൻ വർഷത്തെ 1622.17 കോടി രൂപയിൽ നിന്ന് 1774.28 കോടി രൂപയായാണ് വിറ്റുവരവ് ഉയർന്നത്. പാലും പാൽ ഉത്പന്നങ്ങളും വിപണിയിൽ മികച്ച സ്വീകാര്യത നേടിയതാണ് ഈ നേട്ടത്തിന് പിന്നിൽ. പാൽ വിൽപനയിൽ 5.1 ശതമാനം വർധനവുണ്ടായപ്പോൾ മൂല്യവർധിത ഉത്പന്നങ്ങൾ വിപണി കീഴടക്കി. മുൻ വർഷത്തെ അപേക്ഷിച്ച് ഉത്പന്ന വിപണിയിൽ 18.7 ശതമാനം വർധനവോടെ 516 കോടി രൂപയുടെ വിറ്റുവരവാണുണ്ടായത്. നെയ്യ് (21.8%),ഐസ്‌ക്രീം (19.6%),തൈര് (3.6%) എന്നീ പ്രധാന ഉത്പന്നങ്ങള്‍ക്കും വർധനവ് ഉണ്ടായി.
യൂണിയന്റെ 57 വ്യത്യസ്ത ഉത്പന്നങ്ങൾ നിലവിൽ വിപണിയിലുണ്ട്. നെയ്യ്, പാലട, പനീർ, ഡെയറി വൈറ്റ്‌നർ എന്നിവയ്ക്ക് വിദേശ വിപണിയിലും ആവശ്യക്കാർ ഏറി. 11% വിൽപന വർധനവാണ് വിദേശ വിപണിയിൽ മാത്രം ഉണ്ടായത്. പാൽ സംഭരണത്തിലും വലിയ മുന്നേറ്റം ദൃശ്യമായി. മുൻ വർഷം പ്രതിദിനം ശരാശരി 6,13,437 ലിറ്റർ പാൽ സംഭരിച്ചിടത്ത് 2025–26 സാമ്പത്തിക വർഷം ഇത് 6,85,075 ലിറ്ററായി ഉയർന്നു (11.7% വർധന). ക്ഷീരകർഷകർക്കും സംഘങ്ങൾക്കുമായി ആകെ 1240 കോടി രൂപയാണ് മലബാർ മിൽമ നൽകിയത്. ഇതിൽ 1165 കോടി രൂപ പാൽവിലയായും 75 കോടിയോളം രൂപ അധിക പാൽവിലയും മറ്റ് ആനുകൂല്യങ്ങളുമാണ്. കൂടാതെ, കർഷകർക്ക് വർഷം മുഴുവൻ കാലിത്തീറ്റ സബ്‌സിഡിയും യൂണിയൻ അനുവദിച്ചിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment