ആൺകുട്ടി വേണമെന്ന അന്ധമായ മോഹത്തെത്തുടർന്ന് നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ പിതാവ് കിണറ്റിലെറിഞ്ഞു കൊന്നു. കരിംനഗർ റൂറലിലെ ജൂബിലി നഗറിലാണ് അതിദാരുണമായ സംഭവം നടന്നത്. കേസിൽ കുട്ടികളുടെ പിതാവ് കച്ചു ശ്രീശൈലം (28), ഇയാളുടെ മാതാപിതാക്കളായ അശോക്, ലാവണ്യ, സഹോദരൻ രാകേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ മൂന്നിനാണ് പ്രതിയായ ശ്രീശൈലം തന്റെ മക്കളായ ഗീതാംഷിയെയും ഗീതാൻവികയെയും കൃഷിയിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെയുള്ള കിണറ്റിലേക്ക് രണ്ട് കുരുന്നുകളെയും ഇയാൾ എറിഞ്ഞു. കുട്ടികളിൽ ഒരാൾ ഉടൻ തന്നെ മുങ്ങിമരിച്ചു. രണ്ടാമത്തെ കുഞ്ഞ് ജീവനായി പിടയുന്നത് കണ്ട പ്രതി കിണറ്റിലേക്ക് ചാടി കുഞ്ഞിനെ ബലമായി വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ കുട്ടികൾ അബദ്ധത്തിൽ വീണതാണെന്നും അവരെ രക്ഷിക്കാൻ താൻ കിണറ്റിൽ ചാടിയതാണെന്നുമാണ് ഇയാൾ മൊഴി നൽകിയത്.
ശ്രീശൈലത്തിന്റെ ഭാര്യ നിലവിൽ വീണ്ടും ഗർഭിണിയാണ്. സ്കാനിങ്ങിൽ ഇത്തവണയും ഇരട്ട പെൺകുട്ടികളാണെന്ന് കണ്ടെത്തിയതോടെ കുടുംബത്തിൽ തർക്കം രൂക്ഷമായിരുന്നു. ആൺകുട്ടി വേണമെന്ന നിർബന്ധത്തിലായിരുന്ന ശ്രീശൈലവും കുടുംബവും ഗർഭഛിദ്രം നടത്താൻ ഭാര്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു. ഇതിനിടെയാണ് നിലവിലുള്ള രണ്ട് പെൺമക്കളെയും വകവരുത്താൻ പ്രതിയും മാതാപിതാക്കളും സഹോദരനും ചേർന്ന് ഗൂഢാലോചന നടത്തിയത്. സംഭവത്തിൽ സംശയം തോന്നിയ ഗ്രാമവാസികൾ ശ്രീശൈലത്തെ തടഞ്ഞുവെച്ച് മർദ്ദിച്ചു. തുടർന്ന് ഒളിവിൽ പോയ പ്രതികളെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment