തമിഴിൻ്റെ മുത്തും വൈരവും

Janayugom
Developer Admin

“മനസ്സുകൾ ഒന്നിച്ചു, നമ്മൾ സമുദ്രമായി,
ആളുകൾ ഒന്നിച്ചു, നമ്മൾ പർവതങ്ങളായി” വൈരമുത്തുവിന്റെ വരികളാണ്. വളരെ ലളിതമായ തമിഴിൽ എഴുതപ്പെട്ട രചനകളാണ് അദ്ദേഹത്തിന്റേത്. ഐക്യത്തിന്റെ, ശക്തിയുടെ മകുടോദാഹരണമായ ഈ വരികളെ ആരാധകർ വാഴ്ത്തുന്നു. തമിഴിൽ കവി, ഗാനരചയിതാവ്, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നിങ്ങനെ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന പ്രതിഭാശാലിയാണ് വൈരമുത്തു. “ഐയാരത്തൊരു പാടൽകൾ” (ആയിരത്തൊന്നു ഗാനങ്ങൾ) എന്ന ഗാനശേഖരത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം ഇപ്പോൾ. മറഞ്ഞിരിക്കുന്ന ഗാനങ്ങളുടെ ഒരു നിധി ആസ്വാദകർക്കായി പുറത്തിറക്കാനുള്ള പ്രവർത്തനം. സിനിമയിലും മറ്റുമായി പുറത്തിറങ്ങിയ ഗാനങ്ങൾ മാത്രമല്ല, പുറത്തിറങ്ങാത്ത നിരവധി ഗാനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്. വലിയ മാറ്റങ്ങൾ പോലും ചെറിയ തുടക്കത്തോടെയാണ് ആരംഭിക്കുന്നതെന്ന് കാവ്യാത്മകമായി പറയുന്ന വൈരമുത്തുവിന്റെ വരികൾ പ്രേക്ഷകരെ ആകർഷിച്ചു. തുടർന്നുള്ള വരികളിൽ, ആളുകൾ ഒത്തുചേർന്നാൽ എത്ര വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് അദ്ദേഹം കാവ്യത്മകമായി എഴുതിയിരിക്കുന്നു.

ജ്ഞാനപീഠം ലഭിച്ച സാഹചര്യത്തിൽ, സാഹിത്യത്തിൽ കൂടുതൽ ഉത്സാഹത്തോടെ ഇടപെടാൻ ഈ അവാർഡ് തന്നെ പ്രചോദിപ്പിക്കുമെന്ന് വൈരമുത്തു പറയുന്നു. ആജീവനാന്ത സാഹിത്യ സംഭാവനയ്ക്കുള്ളതാണ് ജ്ഞാനപീഠം അവാർഡ്. തമിഴിൽ ഇതുവരെ രണ്ട് പേർക്ക് മാത്രമേ ഈ അവാർഡ് ലഭിച്ചിട്ടുള്ളൂ. 1975 ൽ അഖിലനും 2002 ൽ ജയകാന്തനും ഈ അവാർഡ് ലഭിച്ചിട്ടുണ്ട്.
1962 മുതൽക്കാണ് ജ്ഞാനപീഠം നൽകിവരുന്നത്. രാജ്യത്തെ ഏറ്റവും പഴക്കമേറിയ സാഹിത്യ അവാർഡുകളിൽ ഒന്നാണിത്. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിലെ അംഗമായ സാഹു ജെയിൻ കുടുംബം സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠം ട്രസ്റ്റാണ് അവാർഡു നൽകുന്നത്. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഇരുപത്തി രണ്ട് ഭാഷകളിൽ നിന്നും എഴുത്തുകാരെ ഈ അവാർഡിനായി തെരഞ്ഞെടുക്കുന്നു. അവാർഡ് ജേതാക്കൾക്ക് 11 ലക്ഷം രൂപ സരസ്വതി ദേവിയുടെ വെങ്കല പ്രതിമ പ്രശംസാപത്രം എന്നിവ നൽകും. 59-ാമത് ജ്ഞാനപീഠ അവാർഡ് കഴിഞ്ഞ വർഷം ഹിന്ദി കവി വിനോദ് കുമാർ ശുക്ലയ്ക്ക് ലഭിച്ചു. തമിഴ്ഭാഷയെ സംബന്ധിച്ചിടത്തോളം, 24 വർഷത്തിനു ശേഷമാണ് അവാർഡ് ലഭിക്കുന്നത്. തമിഴ് ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് വൈരത്തുവിന് അവാർഡ് നൽകിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സൃഷ്ടികളിലെ സർഗാത്മക ആഴവും വ്യത്യസ്തമായ രചനാ ശൈലിയും ജ്ഞാനപീഠ പുരസ്കാര നിർണയ സമിതി കണ്ടെത്തി. വിലയിരുത്തി. അദ്ദേഹത്തിന്റെ മിക്ക രചനകളും തമിഴ് സമൂഹത്തിലും സംസ്കാരത്തിലും സംഭവിക്കുന്ന മാറ്റങ്ങളെ ഉൾക്കൊള്ളുകയും മനുഷ്യനിൽ അന്തർലീനമായ പ്രണയത്തെയും പ്രകൃതിയെയും മനുഷ്യന്റെ അതിജീവന പോരാട്ടങ്ങളെയും സദാ വിഷയങ്ങൾ ആക്കി കൊണ്ടിരിക്കുന്നു. സാഹിത്യ ഭംഗിയും വൈകാരിക തീവ്രതയും ഉള്ള എഴുത്ത് ശൈലിയാണ് വൈര മുത്തുവിന്റേത്. അത് തലമുറകളെ നിരന്തരം സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. 

മാനുഷിക വികാരങ്ങളെ ഉണർത്തുന്ന ചിത്രീകരണം സാമൂഹിക ഉത്കണ്ഠകൾ പ്രകൃതിയോടുള്ള അഗാധമായ അനുകമ്പ എന്നിവ അദ്ദേഹത്തിന്റെ രചനകളുടെ സവിശേഷതയാണ്. നാലര ദശകങ്ങളിലായി നീണ്ടുകിടക്കുന്ന സാഹിത്യ പ്രവർത്തനങ്ങൾ, കവിത, ഗാനങ്ങൾക്കും നോവലുകൾക്കും വേണ്ടിനൽകിയ സംഭാവനകൾ കൊണ്ട് സമ്പുഷ്ടമാണ്. സംസ്കാരത്തിന്റെ സ്പന്ദനങ്ങൾ ആഴത്തിൽ പതിഞ്ഞുകിടക്കുന്ന വരികൾ വൈരമുത്തുവിന്റെ ഗാനങ്ങളിലും കവിതകളിലും കാണാം. നാല്പതോളം പുസ്തകങ്ങൾ 7500 അധികം സിനിമാഗാനങ്ങളും വൈര മുത്തുവിന്റെ തൂലികയിൽ നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിക്കുന്നതിനും വളരെ മുമ്പ് തമിഴ് നാട്ടിലെ ഒരു ഗ്രാമത്തിൽ ജീവിച്ച ഒരു സ്ത്രീയുടെ ദയനീയ ജീവിതം പ്രമേയമാകുന്ന ശ്രദ്ധേയമായ നോവലാണ് കരുവാച്ചി കാവ്യം. കൂടാതെ കള്ളിക്കാട്ട് ഇതിഹാസം തണ്ണിദേശം മൂന്നാം ലോക മഹായുദ്ധം തുടങ്ങിയവ അദ്ദേഹത്തിന്റെ നോവലുകളിൽ ചിലതാണ്. 2003 ൽ പത്മശ്രീയും 2014 ൽ പത്മഭൂഷണും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. പത്മശ്രീ കിട്ടിയ വർഷം തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും അദ്ദേഹത്തിന്റെ ‘കള്ളിക്കാട്ട് ഇതിഹാസം’ എന്ന നോവലിന് ലഭിച്ചു. തമിഴ്‌നാട് സർക്കാരിൽ നിന്നും കലൈമാമണി അവാർഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ്, ഭവേന്ദർ അവാർഡ്, ഭാരതി സാഹിത്യ അവാർഡ്, ചലച്ചിത്രമേഖലയിൽ ഏഴ് ദേശീയ അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ വൈരമുത്തുവിന് മുമ്പ് ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ദേശീയ അവാർഡ് ഏഴു തവണ നേടിയ ഏക ഗാനരചയിതാവ് അദ്ദേഹമാണ്. ഇന്ത്യൻ ചലച്ചിത്രഗാന രംഗത്തിനും സംഗീതത്തിനും സിനിമയ്ക്കും വൈരമുത്തു നൽകിയ അതുല്യ സംഭാവനകൾ ശ്രദ്ധേയമാണ്. മനുഷ്യ ജീവിതത്തിന്റെ സൂക്ഷ്മതകളെ വിശകലനം ചെയ്താണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ പിറക്കുന്നത്. അതിൽ കണ്ടെത്തുന്ന ആഴം, മനുഷ്യ ചിന്തകളുടെ സവിശേഷത ഇവയെല്ലാമാണ് ചലച്ചിത്ര ഗാനരംഗത്ത് അദ്ദേഹത്തിന് അതുല്യമായ ഒന്നാം സ്ഥാനം ഉറപ്പിക്കുന്നത്. വൈരമുത്തു പലകാലങ്ങളിലായി നൂറ്റിയമ്പതോളം സംഗീതസംവിധായകരുമായി സഹകരിച്ചിട്ടുണ്ട്. നടികർ കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് തലമുറ നടന്മാർക്ക് വേണ്ടി അവരുടെ ചിത്രങ്ങളിൽ ഗാനങ്ങൾ വൈരമുത്തു എഴുതിയിട്ടുണ്ട്. മാറിവരുന്ന സാങ്കേതികവിദ്യയെയും രചനാരീതികളെയും അപ്പപ്പോൾ പഠിക്കുന്നത് കൊണ്ടാണ് തനിക്ക് ഇങ്ങനെ പലതലമുറകൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

”ജ്ഞാനപീഠം ആദ്യം ലഭിക്കേണ്ടിയിരുന്നത് ഭാരതിദാസന് ആയിരുന്നു. പക്ഷേ നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ജീവിതകാലത്ത് അങ്ങനെ ഒരു അവാർഡ് ഇല്ലായിരുന്നു. എന്നാൽ ഇന്ന് 60 വർഷങ്ങൾക്കുശേഷം ഒരു കവി എന്ന നിലയിൽ എനിക്ക് ജ്ഞാനപീഠം ലഭിച്ചിരിക്കുന്നു. തമിഴ് ഭാഷക്ക് കിട്ടുന്ന ഈ അംഗീകാരത്തിൽ ഞാൻ അഭിമാനിക്കുന്നു.” അവാർഡ് കിട്ടിയതറിഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒപ്പം ഹിന്ദി ഭാഷയ്ക്ക് പന്ത്രണ്ടു തവണയും കന്നടയ്ക്ക് എട്ടു തവണയും മലയാളത്തിന് ആറു തവണയും ഞാനപീഠം കിട്ടിയപ്പോൾ ഏറെ പഴക്കമുള്ള ശ്രേഷ്ട ഭാഷയായ തമിഴിൽ രണ്ടുപേർക്കു മാത്രമാണ് ഇതുവരെയും ജ്ഞാനപീഠം കിട്ടിയത് എന്നതിൽ അദ്ദേഹം തന്റെ ഖേദം രേഖപ്പെടുത്തി. എന്നാൽ ഇനി തമിഴിൽ കൂടുതൽ പേർക്ക് അവസരം ലഭിക്കുമെന്ന് അദ്ദേഹം പ്രതീക്ഷയും അർപ്പിക്കുന്നുണ്ട്. 1971 ൽ ‘വൈഗരെ മേഘങ്ങൾ’ എന്ന കവിതാ സമാഹാരം പുറത്തിറക്കുമ്പോൾ അദ്ദേഹത്തിന് വയസ് പതിനെട്ട് മാത്രം. 1953ൽ തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ മേട്ടൂരിൽ അദ്ദേഹം ജനിച്ചു. ചെന്നൈ നഗരത്തിലെ പച്ചയ്യപ്പാസ് കോളജിൽനിന്ന് തമിഴിൽ ഗോൾഡ് മെഡലോടെ മാസ്റ്റേഴ്സ് ബിരുദം കരസ്ഥമാക്കി ഇറങ്ങും മുമ്പേ തന്നെ അദ്ദേഹത്തിന്റെ കവിതകൾ തമിഴ്‌നാട്ടിലെ മിക്ക കോളജുകളിലെയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിക്കഴിഞ്ഞിരുന്നു. 1980 ൽ എക്കാലത്തെയും സുഹൃത്തായ ഭാരതിരാജയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ‘നിഴലുകൾ’ എന്ന സിനിമയ്ക്ക് പാട്ടെഴുതിക്കൊണ്ട് തമിഴ് സിനിമാ ഗാനരചനാ ശൈലിയ്ക്ക് പുത്തൻ ഭാവുകത്വം കുറിക്കുകയായിരുന്നു വൈരമുത്തു. ഈ ചിത്രത്തിലെ ‘ഇതു ഒരു പൊൻ മാലൈ പൊഴുതു…’ എന്ന ഗാനം ഏറ്റവും ശ്രദ്ധേയമായി. ഇളയരാജയ്ക്കും എസ് പി ബാലസുബ്രഹ്മണ്യത്തിനും ഒന്നുപോലെ ഈ ഗാനം കരിയറിൽ ഉണർവു നൽകി. 

വാക്യഘടനയിലെ പുതുമ, പുതിയ ബിംബങ്ങളുടെ സൃഷ്ടി, ഉപമകൾ, വ്യത്യസ്തമായ രൂപകങ്ങളുടെ പ്രയോഗം ഇവയെല്ലാം അദ്ദേഹത്തിന് ‘കവി പേരരശ്’ (കവികളുടെ രാജാവ്) പട്ടം ചാർത്തിക്കൊടുത്തു. അങ്ങനെ തുടങ്ങിയ ഗാനരചനാസപര്യ അനർഗളമായി നീണ്ടു. സിനിമയിൽ വന്നശേഷം ഓരോ വർഷവും അദ്ദേഹത്തിന് തിരക്കേറിയതായി മാറി. ചില വർഷങ്ങളിൽ ഇരുപത്തഞ്ചിലധികം സിനിമകൾക്ക് വരെ അദ്ദേഹം പാട്ടെഴുതിയിട്ടുണ്ട്. പരമ്പരാഗത കവിതകളെപ്പറ്റി, അവയുടെ രചനാ സങ്കേതങ്ങളെക്കുറിച്ച് നന്നായി പഠിച്ചിട്ടുണ്ടായിരുന്നു വൈരമുത്തു. ആ വലിയ അറിവിൽ നിന്നുകൊണ്ട് അദ്ദേഹം പുതിയ കവിതകൾ രചിക്കാൻ തുടങ്ങി. സിനിമയിൽ വന്നപ്പോഴേക്കും ഈ രണ്ട് ശൈലികളെയും കൂട്ടിയോജിപ്പിച്ച് പുതുമയുള്ള മറ്റൊരു ശൈലി രൂപീകരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അതാണ് ഗാനരചനയിലെ അദ്ദേഹത്തിന്റെ വിജയശൈലിയായി മാറിയത്. ‘നിഴൽകൾ’ എന്ന സിനിമയ്ക്ക് ശേഷം ഭാരതിരാജയുമായി ചേർന്ന് ഇളയരാജയുടെ സംഗീത സംവിധാനത്തിൽ അലൈകൾ ഓയ്‌തില്ലെ, ഒരു കൈദിയിൻ ഡയറി, മുതൽ മര്യാദൈ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചെയ്തു. ശേഷം മണിരത്നത്തിന്റെ ചില ചിത്രങ്ങൾക്ക് പാട്ടെഴുതി. അദ്ദേഹം ഗാനങ്ങൾ എഴുതിയ സിലങ്ക ഒലി, സിന്ധുഭൈരവി എന്നീ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് സംഗീതം നിർവഹിച്ചതിന് ഇളയരാജക്ക് ദേശീയ അവാർഡും ലഭിച്ചു. തമിഴ് സിനിമയിലെ അതുല്യ പ്രതിഭയായ കെ ബാലചന്ദർ സംവിധാനം ചെയ്ത ചില ചിത്രങ്ങൾക്കും ഇക്കാലത്ത് അദ്ദേഹം പാട്ടെഴുതി. അവയെല്ലാം അഭൂതപൂർവമായ ജനപ്രിയതയ്ക്ക് അദ്ദേഹത്തിന് ഇടനൽകി. നട്പു എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിക്കൊണ്ട് തിരക്കഥയും തനിക്ക് നന്നായി വഴങ്ങും എന്ന് തെളിയിച്ചു. തുടർന്ന് മൂന്നു സിനിമകൾക്ക് തിരക്കഥയും ‘അന്റു പെയ്ത മഴയിൽ’ എന്ന ദേശീയ അവാർഡ് ലഭിച്ച തമിഴ് ചിത്രത്തിന് സംഭാഷണവും എഴുതി.
.
പുന്നകൈ മന്നൻ എന്ന കെ ബാലചന്ദർ ചിത്രത്തിനുശേഷം ഇളയരാജയുമായി അകന്നു. എന്നാൽ ഇക്കാലത്ത് ദേവ, എ ആർ റഹ്‌മാൻ, ദേവേന്ദ്രൻ, കീരവാണി, ചന്ദ്രബോസ്, ഹംസലേഖ എന്നിങ്ങനെ നിരവധി പുതിയ സംഗീത സംവിധായകർ രംഗത്ത് വന്നിരുന്നു. വൈരമുത്തു അവരോടൊപ്പം ചേർന്നു. ഇക്കാലത്താണ് പ്രശസ്തമായ റോജ എന്ന സിനിമ പുറത്തിറങ്ങിയത്. ഈ ചിത്രത്തിലെ ‘ചിന്ന ചിന്ന ആശൈ…’ എന്ന ഗാനത്തിലൂടെ രണ്ടാമത് ദേശീയ അവാർഡ് നേടി വൈരമുത്തു ദേശീയ ശ്രദ്ധയാകർഷിച്ചു. തുടർന്നുവന്ന ചിത്രങ്ങളിലെഴുതിയ മികച്ച ധാരാളം പാട്ടുകളിലൂടെ പി ഉണ്ണികൃഷ്ണൻ, എസ് പി ബാലസുബ്രഹ്മണ്യം, ശങ്കർ മഹാദേവൻ, സ്വർണലത, കെ എസ് ചിത്ര അങ്ങനെ നിരവധി ഗായകർ ദേശീയ അവാർഡുകൾ കരസ്ഥമാക്കി. ജെന്റിൽമാൻ കാതലൻ, ഇന്ത്യൻ ജീൻസ് മുതൽ വൻ ശിവജി, എന്തിരൻ അങ്ങനെ നിരവധി സിനിമകളിലൂടെ എ ആർ റഹ്‌മാൻ വൈരമുത്തു കൂട്ടുകെട്ട് ശങ്കർ എന്ന അത്ഭുത സംവിധായകനൊപ്പം തമിഴ് സിനിമയുടെ വാണിജ്യ മൂല്യത്തെ സാങ്കേതിക വളർച്ചയ്ക്കൊപ്പം ചേർത്ത് വിളക്കിയെടുത്തു. മാത്രമല്ല തമിഴ് സിനിമയുടെ ഓഡിയോ വില്പനയിൽ ക്രമാതീതമായ വർധനവും ഇക്കാലത്ത് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ‘ഇതുവരെ ഞാൻ’ എന്ന പേരിൽ അദ്ദേഹം തന്റെ ആത്മകഥ എഴുതിയിട്ടുണ്ട്. ചോദ്യവും ഉത്തരവും എന്ന ശൈലിയിൽ രണ്ട് പുസ്തകങ്ങളും യാത്രക്കുറിപ്പുകളും പത്തിലധികം നോവലുകളും തിരുക്കുറലിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു പുസ്തകവും ഇതിനെല്ലാം പുറമേ അദ്ദേഹം രചിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി അവാർഡ് നേടിയ കള്ളിക്കാട്ട് ഇതിഹാസം ഇന്ത്യയിലെ 23 ഭാഷകളിൽ തർജമ ചെയ്തിട്ടുണ്ട്. ”എനിക്ക് എഴുത്ത് ഒരു കവചമാണ്. ഭാഷകൊണ്ട് ഞാൻ അണിയുന്ന കവചം. ഒരായുധത്തിനും അതിനെ തുളച്ചുകയറാൻ കഴിയില്ല. എനിക്ക് രണ്ട് ചിറകുകൾ ഉണ്ട്. ഈ അവാർഡിലൂടെ വീണ്ടും രണ്ട് ചിറകുകൾ കൂടി എനിക്ക് ലഭിച്ചിരിക്കുന്നു. എന്നെ എഴുതിച്ച, എഴുതിക്കുന്ന മണ്ണിനും ജനങ്ങൾക്കും ഈ പുരസ്കാരം സമർപ്പിക്കുന്നു.” വൈരമുത്തു തന്റെ അവാർഡ് ജനങ്ങൾക്ക് സമർപ്പിച്ചുകൊണ്ട് പറഞ്ഞു. 

Previous
ഭഗത്‌സിങ്: അണയാത്ത തീക്കനൽ
Next
മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ നേരിടുന്ന അപായ മുന്നറിയിപ്പ്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment