മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ നേരിടുന്ന അപായ മുന്നറിയിപ്പ്

Janayugom
Developer Admin

ഴിഞ്ഞ നാല് ദശാബ്ദത്തിലധികമായി പ്രവർത്തിച്ചുവന്നിരുന്ന ഡൽഹിയിലെ ആസ്ഥാനത്തുനിന്നും ഇന്ത്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ യുഎൻഐയെ ബലപ്രയോഗത്തിലൂടെ ഒഴിപ്പിച്ച സംഭവം ഇന്ത്യൻ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ചരമക്കുറിപ്പാണ്. എല്ലാ ഫാസിസ്റ്റ് ഭരണകൂടങ്ങളും അവരുടെ ജനാധിപത്യവിരുദ്ധ നടപടികളെ നിയമത്തിന്റെ മറവിലും പിൻബലത്തിലുമാണ് നടപ്പാക്കുക. ലോകത്തെവിടെയും ഫാസിസത്തിന്റെ ചരിത്രം അത് സാക്ഷ്യപ്പെടുത്തുന്നു. ഇവിടെയും മറിച്ചൊന്നുമല്ല നടന്നത്. ഡൽഹി ഹൈക്കോടതിയുടെ ഒരു വിധിയുടെ അടിസ്ഥാനത്തിലാണ് യുഎൻഐയുടെ ആസ്ഥാനം വൻ പൊലീസ് സന്നാഹത്തോടെ ഒഴിപ്പിച്ചത്. യുഎൻഐയും കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ഭൂമി വികസന വകുപ്പും ഡൽഹിയിലെ റഫി മാർഗിലുള്ള യുഎൻഐ ആസ്ഥാനം സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതി വകുപ്പിന് അനുകൂലമായി വിധി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് നടപടി ഉണ്ടായത്. തലസ്ഥാന നഗരത്തിലെ പ്രശസ്തമായ മാധ്യമ കേന്ദ്രത്തിലേക്ക് നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥർ യാതൊരു മുന്നറിയിപ്പും കൂടാതെ നടത്തിയ കടന്നുകയറ്റം ലോക മാധ്യമ ചരിത്രത്തിലെ അത്യപൂർവം സംഭവങ്ങളിൽ ഒന്നായി നിസംശയം സ്ഥാനം പിടിക്കും. തർക്കഭൂമിയെ സംബന്ധിച്ച കേസിൽ ഡൽഹി ഹൈക്കോടതിയുടെ വിധി അന്തിമമാവണമെന്ന് നിർബന്ധമില്ല. പ്രസ്തുതവിഷയത്തിൽ കക്ഷിയായ യുഎൻഐക്ക് സുപ്രീം കോടതിയെ സമീപിക്കാനുള്ള അവസരം ഉണ്ടായിരിക്കെ അതിനുള്ള അവസരവും സമയവും നിഷേധിച്ചുകൊണ്ടുള്ള മോഡിസർക്കാരിന്റെ നടപടി സാമാന്യനീതിയുടെ നിഷേധവും ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ നഗ്ന പ്രകടനവുമാണ്. 

ഇന്ത്യയടക്കം, ലോകത്തെവിടെയും മുഖ്യധാരാ മാധ്യമങ്ങളെ അമർച്ച ചെയ്യാനും വരുതിയിലാക്കാനും ഭരണകൂടങ്ങൾ ആസൂത്രിതവും സംഘടിതവുമായ നീക്കങ്ങളാണ് നടത്തുന്നത്. ഭരണകൂടങ്ങൾ സ്വതന്ത്രവും നിഷ്പക്ഷവും വിമർശനാത്മകവുമായ മാധ്യമങ്ങളെ ഏകപക്ഷീയമായ, സ്വതന്ത്രവും വസ്തുതാപരവുമായ പരിശോധനകൾ കൂടാതെയുള്ള, സമൂഹ മാധ്യമ പ്രചാരണത്തിലൂടെ മറികടക്കാനാണ് ശ്രമിക്കുന്നത്. മോഡിയുടെ മൻ കി ബാത്തും ട്രംപിന്റെ ട്രൂത്ത് സോഷ്യലും ആ പ്രതിഭാസത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യയിലും ലോകത്തെവിടെയും മൂലധന താല്പര്യങ്ങൾ മാധ്യമങ്ങളെ കയ്യടക്കുന്നു. മാധ്യമപ്രവർത്തനം സ്വതന്ത്രവും നിർഭയവുമായ ഒരു സാമൂഹ്യ, രാഷ്ട്രീയ ഇടപെടൽ എന്നതിൽ നിന്നും കേവലം ഒരു കൂലിവേലയായി മാറിയിരിക്കുന്നു. 45 വർഷമായി ഇന്ത്യയുടെ ജനാധിപത്യ ഭരണ സിരാകേന്ദ്രത്തിന് സമീപത്തായി പ്രവർത്തിച്ചുകൊണ്ടിരുന്ന യുഎൻഐ ആസ്ഥാനവും തൊട്ടുപിന്നാലെ ഇന്ത്യ പ്രസ് ക്ലബും അവിടെനിന്നും മാറ്റണമെന്ന മോഡി ഭരണകൂടത്തിന്റെ ആവശ്യത്തിന്റെ പിന്നിലെ ചേതോവികാരം സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാവും. ചോദ്യങ്ങൾ ഉന്നയിക്കുന്ന, ഭരണകൂടവായ്ത്താരികൾ അതേപോലെ വിഴുങ്ങാൻ വിസമ്മതിക്കുന്ന, ആരും പരിസരത്തുപോലും ഉണ്ടാവരുതെന്നാണ് അവരുടെ താല്പര്യം, അതാണ് മാധ്യമസ്ഥാപനങ്ങളെ ഒന്നോടെ കുടിയിറക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിക്കു പിന്നിൽ പ്രവർത്തിക്കുന്ന ബലതന്ത്രം. അതിനുപിന്നിൽ രാഷ്ട്രീയ താല്പര്യങ്ങൾക്കപ്പുറം ഭൂമികച്ചവട താല്പര്യങ്ങളും കൂട്ടിവായിക്കേണ്ടതുണ്ട്. യുഎൻഐ പോലെ ലോകത്തിലെ അപൂർവം ബഹുഭാഷാ വാർത്താ ഏജൻസിയായ ഒരു സ്ഥാപനം എങ്ങനെ ഒരു റിയൽ എസ്റ്റേറ്റ് കുത്തക സ്വന്തമാക്കിയെന്നത് ആ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമകളായ ദേശീയ മാധ്യമകുത്തകകൾ കൂടി മറുപടി നൽകേണ്ട വിഷയമാണ്.

രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും മാധ്യമപ്രവർത്തകരുടെ സംഘടനകളും പാലിക്കുന്ന നിശബ്ദതയും പ്രതികരണങ്ങളിലെ വൈക്ലബ്യവും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമ കമ്പനികളുടെ പൊതുഉടമസ്ഥതയിലുള്ള, ലാഭേച്ഛകൂടാതെ പ്രവർത്തിച്ചുവന്നിരുന്ന, കമ്പനിയാണ് യുഎൻഐ. 45 വർഷങ്ങൾക്ക് മുമ്പ് കമ്പനിക്ക് സർക്കാർ അനുവദിച്ചു നൽകിയ തലസ്ഥാന നഗരിയിലെ കണ്ണായ സ്ഥലത്ത് സർക്കാരും കമ്പനിയും തമ്മിൽ ഉണ്ടാക്കിയ കരാർപ്രകാരം ഒരു ആധുനിക ജനാധിപത്യ രാഷ്ട്രത്തിന് അനുയോജ്യമായ മാധ്യമകേന്ദ്രം പടുത്തുയര്‍ത്തുന്നതിൽ അതിന്റെ ഉടമകളായ ദേശീയ മാധ്യമങ്ങൾ അക്ഷന്തവ്യമായ കൃത്യവിലോപമാണ് കാട്ടിയത്. അതാണ് ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് സുപ്രധാനമായ ഒരു വാർത്ത ഏജൻസിയെ തുടച്ചുനീക്കാൻ അവസരം നൽകിയത്. ജനാധിപത്യ ശക്തികളുടെയും സ്ഥാപനങ്ങളുടെയും ജാഗ്രതാരാഹിത്യമാണ് സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ശക്തികൾ പ്രയോജനപ്പെടുത്തുക എന്നത് ചരിത്രം ആവർത്തിച്ചു തെളിയിച്ചിട്ടുണ്ട്. രാജ്യത്തെ മറ്റൊരു പ്രമുഖ മാധ്യമസ്ഥാപനം കൂടി ഊർധ്വശ്വാസം വലിക്കുകയാണ്. വനിതകളടക്കം മാധ്യമപ്രവർത്തകരാണ് ഭരണകൂട അതിക്രമങ്ങൾക്ക് ഇരകളായത്. അവർക്കുമുമ്പിൽ ജീവിതം വഴിയടഞ്ഞുനിൽക്കുന്നു. എഡിറ്റേഴ്സ് ഗിൽഡും ഇന്ത്യ പ്രസ് ക്ലബും കെയുഡബ്ല്യൂജെയടക്കം സംഘടനകളും പ്രസ്താവനകളുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുള്ള ഭരണകൂട അതിക്രമത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞിട്ടുണ്ടോ എന്ന് ആത്മപരിശോധനയ്ക്ക് മാധ്യമലോകം സന്നദ്ധമാവണം. യുഎൻഐക്കെതിരായ ഭരണകൂട അതിക്രമം മുഴക്കുന്നത് ഒരു അപായമണിയാണ്. ജനാധിപത്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും എതിരായ അവസാന മുന്നറിയിപ്പ്. 

Previous
തമിഴിൻ്റെ മുത്തും വൈരവും
Next
ഭരണഘടനാ സ്ഥാനങ്ങൾക്കെതിരായ കുറ്റവിചാരണ: പ്രസക്തിയുംഅനിവാര്യതയും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment