ഭരണഘടനാ സ്ഥാനങ്ങൾക്കെതിരായ കുറ്റവിചാരണ: പ്രസക്തിയുംഅനിവാര്യതയും

Janayugom
Developer Admin

പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ അസാധാരണമായ രണ്ട് കുറ്റവിചാരണ നടപടികൾക്ക് പ്രതിപക്ഷം നിർബന്ധിതമായി. ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായതായിരുന്നു ആദ്യത്തേത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ കുറ്റവിചാരണ നോട്ടീസാണ് രണ്ടാമത്തേത്. ഭരണഘടനാ സ്ഥാപനങ്ങളിലുള്ളവരുടെ സുതാര്യതയും നിഷ്പക്ഷതയും ജനാധിപത്യത്തോടുള്ള ആദരവും നിലനിർത്തുന്നതിന് ഭരണഘടനതന്നെ അനുവദിക്കുന്ന വകുപ്പുകൾ പ്രകാരമാണ് രണ്ടുപേർക്കുമെതിരായ നടപടിക്ക് പ്രതിപക്ഷം സന്നദ്ധമായത്. ബിജെപി ഭരണത്തിനുകീഴിൽ ഭരണഘടനാ പദവികളിരിക്കുന്നവർ എത്രത്തോളം പക്ഷപാതപരവും ഏകപക്ഷീയവും സുതാര്യതയില്ലാത്തവരും ആയിരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ രണ്ട് നടപടികളിലേക്ക് പ്രതിപക്ഷത്തെ നയിച്ച സാഹചര്യങ്ങൾ. ആദ്യനടപടി സ്പീക്കർക്കെതിരായിരുന്നു. നിലവിലെ കണക്കുകൾ പ്രകാരം ഇംപീച്ച്മെന്റ് പ്രമേയം പാസാകില്ലെന്ന് പ്രതിപക്ഷത്തിന് ബോധ്യമുള്ളതായിരുന്നു. പക്ഷേ സ്പീക്കറുടെ ജനാധിപത്യവിരുദ്ധവും ഏകപക്ഷീയവുമായ നടപടികൾ സഭാതലത്തിൽ ചർച്ച ചെയ്യുന്നതിന് അവസരമൊരുക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിൽ പ്രതിപക്ഷം വിജയിച്ചു. ഭരണഘടനാ അനുച്ഛേദം 93 അനുസരിച്ച് ലോക്‌സഭാ നടപടികൾ നിയന്ത്രിക്കേണ്ടത് സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറുമാണ്. എന്നാൽ ഓംബിർള സ്പീക്കറായ ശേഷം കഴിഞ്ഞ ഏഴ് വർഷമായി സഭയിൽ ഡെപ്യൂട്ടി സ്പീക്കറില്ല. ഇതുതന്നെ ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള അവഹേളനത്തിന്റെ പ്രകടമായ ഉദാഹരണമാണ്. 

സ്പീക്കർക്കെതിരായ ഇംപീച്ച്മെന്റ് പ്രമേയം ചർച്ച ചെയ്യുമ്പോൾ ഡെപ്യൂട്ടി സ്പീക്കറായിരുന്നു സഭാ നടപടികൾ നിയന്ത്രിക്കേണ്ടിയിരുന്നത്. പ്രസ്തുത സ്ഥാനം ഒഴിഞ്ഞുകിടന്നതിനാൽ സ്പീക്കർ നിയമിച്ച പാനലിൽ നിന്നുള്ളവരായിരുന്നു ആ ചുമതല നിർവഹിച്ചത്. എന്നുമാത്രമല്ല കഴിഞ്ഞ ഏഴ് വർഷത്തെയും സ്പീക്കറെന്ന നിലയിലുള്ള ഓം ബിർളയുടെ പ്രവർത്തനം പരിശോധിച്ചാൽ അദ്ദേഹത്തിന്റെ പക്ഷപാതിത്വം വ്യക്തമാണ്. സഭയിൽ പ്രക്ഷുബ്ധ രംഗങ്ങളുണ്ടാകുമ്പോൾ പ്രതിപക്ഷാംഗങ്ങളെ സസ്പെൻഡ് ചെ­യ്യുക, പ്രതിപക്ഷാംഗങ്ങളുടെ പ്രസംഗം തടസപ്പെടുത്തുന്നതിന് സാഹചര്യമൊരുക്കുക, പ്രസംഗം സഭാ രേഖകളിൽ നിന്ന് നീക്കുക എന്നിങ്ങനെ ഏകപക്ഷീയമായ നിരവധി ഉദാഹരണങ്ങൾ ഇ­ക്കാലയളവിലുണ്ടായി. ബിജെപി സർക്കാരിന് ഇഷ്ടമില്ലാത്ത വിഷയങ്ങളും പരാമർശങ്ങളും സഭാനടപടിക്രമങ്ങളും ചട്ടങ്ങളും പരിശോധിക്കുകപോലും ചെയ്യാതെ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്ന എത്രയോ സംഭവങ്ങളുണ്ടായി. ഏറ്റവും ഒടുവിൽ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിക്കുമെന്ന കാരണം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോ­ഡിയുടെ പ്രസംഗം വേണ്ടെന്നു വയ്പിച്ച നടപടിയും സ്പീക്കറുടെ ഭാഗത്തുനിന്നുണ്ടായി. പ്രതിപക്ഷത്തുനിന്നുള്ള വനിതാ എംപിമാർ മോഡിയുടെ ഇരിപ്പിടം വളഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. ഈ വിധത്തിൽ പദവിയുടെ അന്തസ് കെടുത്തുന്ന സമീപനങ്ങൾ ഓം ബിർളയിൽ നിന്നുണ്ടായപ്പോഴാണ് അദ്ദേഹത്തിനെതിരെ ഇംപീച്ച്മെന്റിന് പ്രതിപക്ഷം നോട്ടീസ് നൽകിയത്. അംഗബലത്തിന്റെ അടിസ്ഥാനത്തിൽ പ്രമേയം പരാജയപ്പെട്ടെങ്കിലും വിഷയം ചർച്ച ചെയ്തതിലൂടെ സ്പീക്കർ പദവിയുടെ മഹത്വം ഉയർത്തിക്കാട്ടുവാനും ഓം ബിർളയെ മുൻനിർത്തി ബിജെപി ജനാധിപത്യ സ്ഥാപനങ്ങളെയും ഭരണഘടനാ പദവികളെയും എത്രത്തോളം അപഹസിക്കുന്നുവെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും സാധിച്ചു. 

സ്പീക്കർ എന്നതുപോലെ സുതാര്യതയും നിഷ്പക്ഷതയും അനിവാര്യഘടകമായ ഭരണഘടനാ പദവിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറു (സിഇസി)ടേത്. ഈ സ്ഥാനത്ത് അവരോധിതനായതുമുതൽ ഗ്യാനേഷ് കുമാർ നടത്തുന്ന ഏകപക്ഷീയവും ബിജെപിക്ക് സഹായകരവുമായ നടപടികൾക്കെതിരെയാണ് പ്രതിപക്ഷം രണ്ടാമത്തെ ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ, സാമുദായിക താല്പര്യങ്ങൾക്കനുസരിച്ച് വോട്ടവകാശം നിഷേധിക്കുന്നതിനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുണ്ടായത്. വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്ഐആർ) എന്ന പേരിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രക്രിയ ഈ ലക്ഷ്യം നേടുന്നതിനുള്ള ബോധപൂർവമായ നീക്കത്തിന്റെ ഭാഗമായിരുന്നുവെന്ന് ഇതിനകമുള്ള നടപടിക്രമങ്ങളിലൂടെത്തന്നെ വ്യക്തമായിക്കഴിഞ്ഞു. ആദ്യം നടപ്പിലാക്കിയ ബിഹാറിലും രണ്ടാം ഘട്ടത്തിൽ കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലും കോടിക്കണക്കിന് സമ്മതിദായകരെയാണ് പട്ടികയിൽ നിന്ന് നീക്കിയത്. പിന്നീട് വിവിധ ഘട്ട നടപടിക്രമങ്ങളിലൂടെ ഇവരിൽ കുറേയധികം പേരെ വീണ്ടും പട്ടികയിൽ ഉൾപ്പെടുത്തേണ്ടിവന്നു എന്നതിലൂടെ ദുരുദ്ദേശ്യം വ്യക്തമായിട്ടുണ്ട്. അപ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് ദശലക്ഷക്കണക്കിനാളുകൾ വോട്ടുചെയ്യാനാകുമോ എന്ന ആശങ്കയിൽ തുടരുകയാണ്. ബിജെപിക്ക് അധികാരമുള്ള അസമിനെ ഈ പ്രക്രിയയിൽ നിന്ന് ഒഴിവാക്കിയെന്നതും അവിടെ ഭരണകക്ഷി ആഗ്രഹിക്കുന്ന വിവിധ വിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കിയതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷതയെയും സുതാര്യതയെയും ചോദ്യമുനയിൽ നിർത്തുന്നതാണ്. സിഇസിക്കെതിരായ നോട്ടീസ് സ്വീകരിച്ചാലും ഇല്ലെങ്കിലും ആ പദവിയുടെ മഹത്വം ചോദ്യം ചെയ്യപ്പെടുന്ന വേളയിൽ അത് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിന് ഇതല്ലാതെ വഴിയില്ലെന്നതുകൊണ്ടാണ് പ്രതിപക്ഷം ഇത്തരമൊരു നീക്കത്തിന് നിർബന്ധിതമായിരിക്കുന്നത്. ചില പരാജയങ്ങൾ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ളതാണ്. അതുതന്നെയാണ് ഈ രണ്ട് ഇംപീച്ച്മെന്റ് പ്രമേയങ്ങളെയും പ്രസക്തമാക്കുന്നത്. 

Previous
മാധ്യമ, അഭിപ്രായ സ്വാതന്ത്ര്യങ്ങൾ നേരിടുന്ന അപായ മുന്നറിയിപ്പ്
Next
‘ദൃശ്യം 3’ റിലീസ് തീയതിയിൽ മാറ്റം; ജോർജ്ജുകുട്ടിയുടെ മൂന്നാം വരവ് മെയ് 21ന്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment