‘ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ’ നീളുന്ന വിദ്വേഷ വിഭജന രാഷ്ട്രീയം

Janayugom
Developer Admin

‘ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ’ ഇരുപതിലധികം സംസ്ഥാനങ്ങളിൽ ‘താമര വിരിയിച്ച’തിനെപ്പറ്റി വീമ്പിളക്കിക്കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി തലസ്ഥാന നഗരിയിലെ ബിജെപി ആസ്ഥാനത്തെ തെരഞ്ഞെടുപ്പ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്. എന്നാൽ നിരന്തര പരിശ്രമങ്ങൾകൊണ്ടും, കേരളവും തമിഴ‌്നാടും ഉൾപ്പെട്ട തെക്കേ ഇന്ത്യയിൽ ബിജെപിക്ക് ചുവടുറപ്പിക്കാനാവാത്തതിനെപ്പറ്റി പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ പരാമർശം ഒന്നുമുണ്ടായില്ല. പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ് വിധിനിർണയത്തിൽ നിർണായക ഘടകമായ മുസ്ലിം മതന്യൂനപക്ഷത്തെ കൂട്ടത്തോടെ വോട്ടർ പട്ടികയ്ക്ക് പുറത്താക്കിയതുൾപ്പെടെ തെരഞ്ഞെടുപ്പ് കമ്മിഷൻ വഴി സംസ്ഥാനത്ത് എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ച് നടത്തിയ അതിരുകടന്ന ഇടപെടലുകളാണ് 15 വർഷം നീണ്ട ടിഎംസി സർക്കാരിനെ സമ്പൂർണമായി അട്ടിമറിച്ച് അധികാരം കയ്യാളാൻ ബിജെപിയെ പ്രാപ്തമാക്കിയതെന്ന് ഇതിനകം പുറത്തുവന്ന വസ്തുതകൾ വ്യക്തമാക്കുന്നു. അസമിലാകട്ടെ, മോഡി സർക്കാരിന്റെ കലവറയില്ലാത്ത പിന്തുണയോടെ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ സംസ്ഥാനത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ രാജ്യത്തെ ഏറ്റവും ഫലപ്രദമായ പരീക്ഷണശാലയാക്കി മാറ്റിയിരുന്നു. അത് സംസ്ഥാനത്തെ ജനങ്ങളെ മതത്തിന്റെയും ഭാഷയുടെയും ദേശീയതയുടെയും പേരിൽ നെടുകെ പിളർത്തി. ബംഗാൾ പിടിച്ചെടുക്കുന്നതിനും അസമിനുമേൽ പിടിമുറുക്കുന്നതിലും നിർണായകമായത് ബിജെപിയുടെ തീവ്ര ഹിന്ദുത്വ വിദ്വേഷ രാഷ്ട്രീയമാണെന്ന് ഇതുവരെ ലഭ്യമായ കണക്കുകളും വസ്തുതകളും സാക്ഷ്യപ്പെടുത്തുന്നു. രാജ്യം നാളിതുവരെ സംരക്ഷിക്കാനും മുറുകെപ്പിടിക്കാനും ശ്രമിച്ച ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭരണഘടനാ തത്വങ്ങളിൽ അധിഷ്ഠിതമായ നിയമവാഴ്ചയുടെയും എല്ലാ മൂല്യങ്ങളെയും അട്ടിമറിച്ചുകൊണ്ടുള്ള രാഷ്ട്രീയ തിന്മയുടെ തേരോട്ടമാണ് ബിജെപിയുടെ വിജയത്തിലൂടെ പശ്ചിമബംഗാളിലും അസമിലും നടന്നത്. 

പശ്ചിമബംഗാളിൽ 90 ലക്ഷത്തിലധികം വോട്ടർമാർക്കാണ് പ്രത്യേക വോട്ടർപട്ടിക പുനഃപരിശോധനയിലൂടെ (എസ്ഐആര്‍) വോട്ടവകാശം നിഷേധിക്കപ്പെട്ടത്. ഇ­തി­ൽ സിംഹഭാഗവും മുസ്ലിം ന്യൂനപക്ഷ വോട്ടർമാർക്ക് ഭൂരിപക്ഷമുള്ളതോ അവരുടെ വോട്ട് വിജയപരാജയങ്ങളി­ൽ നിർണായക പങ്കവഹിക്കുന്നവയോ ആ­ണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തമുള്ള 294 സീറ്റുകളിൽ 177ലും ഒഴിവാക്കപ്പെട്ട വോട്ടുകളിലും കുറവാണ് ബിജെപിയുടെ ഭൂരിപക്ഷമെന്ന പ്രാഥമിക കണക്കുകൾ ബംഗാളിലെ തെ­രഞ്ഞെടുപ്പ് അട്ടിമറിയിൽ തെരഞ്ഞെടുപ്പ് ക­മ്മിഷന്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കൂ­ട്ട സ്ഥലംമാറ്റം തെരഞ്ഞെടുപ്പ് അട്ടിമറിക്ക് സുഗമ പാതയൊരുക്കാ­ൻ ലക്ഷ്യംവച്ചുള്ള നടപടിയാണെന്നും ആ­രോപണം ഉയർന്നിരുന്നു. തെ­രഞ്ഞെടുപ്പ് പ്രമാണിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ 700 കമ്പനി, അഥവാ 70,000 സിആർപിഎഫ് അംഗങ്ങളെയാണ് പശ്ചിമബംഗാളിൽ വിന്യസിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പ്ര­ക്രിയ പൂർത്തിയായാലും അവർ സംസ്ഥാനത്തുതന്നെ തുടരുമെന്നും കമ്മിഷൻ പ്ര­ഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിയിലൂടെ അധികാരം കയ്യാളുന്ന ബിജെപിയുടെ അധികാരാരോഹണം സുഗമമാക്കുകയാണ് ലക്ഷ്യം വച്ചിട്ടുള്ളത്. ബിജെപിയിലെ സുവേന്ദു അധികാരിക്കെതിരെ മത്സരിച്ച മുഖ്യമന്ത്രി മമതാ ബാനർജിക്കായിരുന്നു ഭവാനിപ്പൂർ മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ ആദ്യ പതിനാറ് റൗണ്ടിലും ലീഡെന്നും, അപ്പോഴേക്കും സിആർപിഎഫ് പിന്തുണയോടെ വോട്ടെണ്ണൽ കേന്ദ്രത്തിൽ കടന്നുകയറിയ ഗുണ്ടകൾ തന്നെ കയ്യേറ്റം ചെയ്യുകയും ടിഎംസി ഏജന്റുമാരെ ആട്ടിയോടിക്കുയും, ജനവിധി അട്ടിമറിക്കുകയുമായിരുന്നവെന്നും അവര്‍ ആരോപിക്കുന്നു. ടിഎംസിയുടെ അക്രമരാഷ്ട്രീയത്തിനേറ്റ തിരിച്ചടിയായി അതിനെ വ്യാഖ്യാനിച്ച് ആശ്വസിക്കാമെങ്കിലും, സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പിന്റെ അട്ടിമറിയായിരുന്നുവെന്നത് വിസ്മരിച്ചുകൂടാ. അക്രമ, അട്ടിമറി രാഷ്ട്രീയത്തിന്റെ കുത്തക ടിഎംസിയിൽ നിന്നും ബിജെപി ഏറ്റെടുക്കുന്നതിനാണ് പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷ്യംവഹിച്ചത് എന്ന് കരുതുന്നതിൽ തെറ്റില്ല. ഇത്തവണ അതിന് നേതൃത്വവും ഒത്താശയും ചെയ്തത് തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്ര സേനയും മോഡി ഭരണകൂടവുമാണെന്ന വ്യത്യാസമേയുള്ളൂ. 

അസമിലെ ഇപ്പോഴത്തെ മത സാമുദായിക ധ്രുവീകരണപ്രക്രിയയ്ക്ക് 2014ലെ ബിജെപിയുടെ കേന്ദ്രഭരണ ആരോഹണത്തോളം തന്നെ പഴക്കമുണ്ട്. അസമിൽ തദ്ദേശീയരെന്ന് അവകാശപ്പെടുന്നവരും ബംഗാളി, ഹിന്ദി ഭാഷകൾ സംസാരിക്കുന്നവരും തമ്മിലുള്ള അക്രമ, വിദ്വേഷ രാഷ്ട്രീയത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ ബിജെപിയുടെ രംഗപ്രവേശവും അതിന്റെ നേതൃത്വത്തിലേക്ക് കോൺഗ്രസിൽ നിന്നും കാലുമാറിയെത്തിയ ഹിമന്ത ബിശ്വ ശർമ്മയുടെ പ്രവേശനവും അസമിലെ വംശീയ രാഷ്ട്രീയം പുതിയൊരു ഹിന്ദുത്വ ആഖ്യാനത്തിനുള്ള വഴിമാറ്റമായി. സംസ്ഥാനത്തെ പരമ്പരാഗത അസം ദേശീയവാദ രാഷ്ട്രീയത്തെ വിശാലഹിന്ദുത്വ ആഖ്യാനത്തിന് വിധേയമാക്കി, അത് മുസ്ലിം ന്യൂനപക്ഷ വിദ്വേഷ രാഷ്ട്രീയമാക്കി ഏകീകരിക്കുന്നതിന് ശർമ്മയുടെ നേതൃത്വത്തിന് കഴിഞ്ഞു. സംസ്ഥാന മണ്ഡല പുനർനിർണയത്തിലൂടെ സമൂഹത്തിന്റെ വിഭജനവും ന്യുനപക്ഷത്തിന്റെ സമ്പൂർണ ഒറ്റപ്പെടലും വിദ്വേഷകലുഷിതമായ ഹിന്ദുത്വ ഏകീകരണവും ശർമ്മയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു. 2023ലെ മണ്ഡല പുനർനിർണയത്തിലൂടെ സംസ്ഥാനത്തുണ്ടായിരുന്ന 35 മുസ്ലിം ന്യുനപക്ഷ മണ്ഡലങ്ങൾ 23 ആയി കുറയ്ക്കുന്നതിൽ ശർമ്മ ഭരണകൂടം വിജയിച്ചു. വിജയിച്ച 19 കോൺഗ്രസ് നിയമസഭാംഗങ്ങളിൽ 18 പേരും മുസ്ലിം ന്യൂനപക്ഷ സമുദായംഗങ്ങളാണെന്നത് സംസ്ഥാനത്ത് സംഭവിച്ചിട്ടുള്ള രൂക്ഷമായ സാമുദായിക ധ്രൂവീകരണത്തെയാണ് തുറന്നുകാട്ടുന്നത്. മിതമായ ഭാഷയിൽ, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയം അടയാളപ്പെടുത്തുന്നത് രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങളുടെ തകർച്ചയും മത, സാമുദായിക വിദ്വേഷ, വിഭജന രാഷ്ട്രീയത്തിന്റെ അപായകരമായ വളർച്ചയുമാണ്.

Previous
ആധാർ പ്രതിസന്ധിയില്‍ ആദിവാസി മേഖലകള്‍
Next
ഇന്ന് ഹോട്ടലുകള്‍ അടച്ച് പ്രതിഷേധം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment