പേടിഎം: പേയ്‌മെന്റ് മാതൃകയുടെ പരാജയം

Janayugom
Developer Admin

പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുകയാണ്. പേയ്‌മെന്റ് ബാങ്ക് മാതൃക തന്നെ വികലമാണെന്നും ആർബിഐ ഈ മാതൃക പുനഃപരിശോധിക്കണമെന്നുമായിരുന്നു ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) നിലപാട്. എല്ലാ സ്വകാര്യമേഖലാ ബാങ്കുകളെയും ദേശസാൽക്കരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും ഇതര ഇടപാടുകളിൽ നിന്നും രണ്ട് വർഷത്തിലേറെ വിലക്കിയതിന് ശേഷമാണ് ഏപ്രിൽ 24ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ബാങ്കിങ് ലൈസൻസ് റദ്ദാക്കിയത്. നിരന്തരമായ നിയമലംഘനത്തെത്തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെയാണ് ഈ നീക്കമുണ്ടായത്. പേയ്‌മെന്റ് ബാങ്കിനെ ഏതെങ്കിലും ബാങ്കിങ് ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിലക്കുകയാണ് ചെയ്തിരിക്കുന്നത്.

ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ഗുരുതരമായ ആശങ്കകൾ ആർബിഐ ആവർത്തിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ഒടുവിൽ നടപടിയിലേക്ക് എത്തിക്കുകയായിരുന്നു. ബാങ്കിന്റെയും അതിലെ നിക്ഷേപകരുടെയും താല്പര്യത്തിന് ഹാനികരമായ രീതിയിലാണ് കാര്യങ്ങൾ നടത്തിയതെന്ന് ആർബിഐ അതിന്റെ പ്രസ്താവനയിൽ പറയുന്നു. ബാങ്ക് മാനേജ്മെന്റിന്റെ പൊതുസ്വഭാവം നിക്ഷേപകരുടെയും പൊതുവായുമുള്ള താല്പര്യത്തിന് ദോഷകരമാണ്, ബാങ്കിനെ തുടരാൻ അനുവദിക്കുന്നതിലൂടെ ഫലപ്രദമായ ലക്ഷ്യമോ പൊതുതാല്പര്യമോ നിറവേറ്റപ്പെടില്ല എന്നും പ്രസ്താവനയിലുണ്ട്. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരെ ആർബിഐ നേരത്തെയും ചില നടപടികൾ സ്വീകരിച്ചിരുന്നു. 2022 മാർച്ചിൽ ഉപഭോക്തൃ വിവരങ്ങൾ (കെവൈസി) സംബന്ധിച്ചുള്ള ആശങ്കകളെത്തുടർന്ന് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്ന് ബാങ്കിനെ വിലക്കി. 2024 മാർച്ചിൽ പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിൽ നിന്നും ക്രെഡിറ്റ് ഇടപാടുകളിൽ നിന്നും ഉപഭോക്തൃ അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്റ്റ് ടാഗുകൾ, എൻസിഎംസി കാർഡുകൾ എന്നിവയിൽ ടോപപ്പുകൾ അനുവദിക്കുന്നതിൽ നിന്നും വിലക്കുകയും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു.

ബാങ്കിങ് മേഖലയിലെ ഉദാരവൽക്കരണത്തിന്റെയും പരിഷ്കാരങ്ങളുടെയും പേരുപറഞ്ഞ് 2013ൽ ആർബിഐ നിയമിച്ച നചികേത് മോർ കമ്മിറ്റി ശുപാർശയായിരുന്നു പേയ്‌മെന്റ് ബാങ്കുകൾ അനുവദിക്കുക എന്നത്. ചെറുകിട വ്യാപാരങ്ങളെയും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെയും സഹായിക്കുന്നതിനായിരുന്നു ഈ നിർദേശം. ഇതിന്റെ അടിസ്ഥാനത്തിൽ 11 പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കാൻ ആർബിഐ അനുമതി നൽകി. ചില ബാങ്കുകൾ ആരംഭിക്കുകയും ചെയ്തു. പ്രവർത്തനക്ഷമതയില്ലാത്തതിനാൽ 2019ൽ ആദിത്യ ബിർള പേയ്‌മെന്റ് ബാങ്ക് അടച്ചുപൂട്ടി. ചോളമണ്ഡലം പേയ്‌മെന്റ്സ് ബാങ്ക് ആരംഭിക്കാത്തതിനാൽ അനുമതി ഇല്ലാതായി. വോഡഫോൺ എംപെസയും ലൈസൻസ് വേണ്ടെന്ന് വച്ചു. ടെക് മഹീന്ദ്ര, സൺ ഫാർമ എന്നിവയും പ്രവർത്തനം തുടങ്ങിയില്ല. ജിയോ പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് സജീവമാണെങ്കിലും പ്രവർത്തനക്ഷമമല്ല. അനുമതിയില്ലാതെ അക്കൗണ്ടുകൾ തുറന്നതിന് 2018ൽ എയർടെൽ പേയ്‌മെന്റ് ബാങ്കിന് അഞ്ച് കോടി രൂപ പിഴ ചുമത്തി. നാല് മാസത്തേക്ക് പുതിയ അക്കൗണ്ടുകൾ നൽകരുതെന്ന് നിർദേശിക്കുകയും ചെയ്തു.

ഇപ്പോൾ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കിയിരിക്കുന്നു. പേയ്‌മെന്റ് ബാങ്ക് ബിസിനസ് മോഡലിന്റെ അവസാനത്തിന്റെ ആരംഭമാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പരാജയമെന്ന് വിലയിരുത്താവുന്നതാണ്. ഒരു പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നത് വെറുമൊരു സ്ഥാപനത്തിന്റെ അടച്ചുപൂട്ടൽ മാത്രമല്ല, പേയ്‌മെന്റ് ബാങ്ക് എന്ന മാതൃകയുടെ നിലനില്പിനെക്കുറിച്ചും ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ബാങ്കിന്റെ 2025ലെ വാർഷിക റിപ്പോർട്ട് പ്രകാരം 14,500ൽ അധികം ജീവനക്കാരും ഏകദേശം 66,000 ബിസിനസ് ഏജന്റുമാരും സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ട്. അവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇവ വെറും കണക്ക് മാത്രമല്ല. പുതിയതായി ആവിഷ്കരിച്ച ഒരു നയപരീക്ഷണത്തെ ചുറ്റിപ്പറ്റി ഉപജീവനമാർഗം നേടിയവരെയാണ് അവർ പ്രതിനിധീകരിക്കുന്നത്. പ്രതിസന്ധി ഏകദേശം 9.5 കോടി ഉപഭോക്തൃ അടിത്തറയുള്ള സ്ഥാപനത്തിൽ മാത്രം ഒതുങ്ങുന്നില്ല. 540 ജില്ലകളിലെ 15,000 ഗ്രാമങ്ങളിലായാണ് ഏകദേശം 66,000 ബിസിനസ് ഏജന്റുമാർ സേവനമനുഷ്ഠിച്ചത്.

അടിസ്ഥാന ബാങ്കിങ് സേവനങ്ങൾക്കുള്ള കണ്ണിയായാണ് അവർ പ്രവർത്തിച്ചത്. ദൈനംദിന സാമ്പത്തിക ഇടപാടുകൾക്കായി ഈ ശൃംഖലയെ ആശ്രയിച്ചിരുന്ന ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് ഗ്രാമീണ, ബാങ്കിങ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് എന്ത് സംഭവിക്കുമെന്ന ചോദ്യം പ്രസക്തമാണ്. പരാജയത്തിന് ബാങ്ക് മാനേജ്മെന്റാണ് കാരണമായതെങ്കിൽ അവരുടെ ഉത്തരവാദിത്തം ഉറപ്പാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുക എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ അടിസ്ഥാന മാതൃക തന്നെ പിഴവുള്ളതാണെങ്കിൽ വായ്പ നൽകാൻ കഴിയാത്തതുപോലുള്ള നിയന്ത്രണങ്ങൾ കണക്കിലെടുക്കുമ്പോൾ ഈ ചട്ടക്കൂട് രൂപകല്പന ചെയ്ത റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കുള്ള ഉത്തരവാദിത്തവും ചെറുതല്ല. അതുകൊണ്ട് ഈ തകർച്ചയുടെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിഞ്ഞുനിൽക്കാനാകില്ല. അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് ബാങ്ക് ഉദ്ഘാടനം ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഡിജിറ്റൽ ഇന്ത്യ എന്ന ആശയത്തിന്റെ ഭാഗമായാണ് നടപടികളുണ്ടായത്. അദ്ദേഹത്തിന്റെ പ്രതിച്ഛായ അതിന്റെ പ്രചാരണങ്ങളിൽ പോലും ഉപയോഗിച്ചു. ഇന്ന്, ആ ആശയം താഴേത്തട്ടിൽ എത്രത്തോളം ഫലപ്രദമായിരുന്നുവെന്ന അസ്വസ്ഥമായ ചോദ്യങ്ങളാണ് ഉയരുന്നത്. കൂടുതൽ ആഴത്തിലും ഘടനാപരവുമായ ആശങ്കയിലേക്കും ഈ തകർച്ച വിരൽ ചൂണ്ടുന്നുണ്ട്. മത്സരാധിഷ്ഠിത ബാങ്കിങ് വ്യവസ്ഥയിൽ പ്രധാനമായ വരുമാനം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന ഒരു മാതൃക സുസ്ഥിരമായി നിലനിൽക്കുമോ എന്നതാണ് അതിൽ പ്രധാനം. നിയന്ത്രണ മേൽനോട്ടവും പരിശോധിക്കപ്പെടേണ്ടതുണ്ട്. നിയമലംഘനങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വ്യവസ്ഥാപരമായ ദൗർബല്യങ്ങൾ മുൻകൂട്ടി കാണുന്നതിലും തടയുന്നതിലും വീഴ്ചയുണ്ടായി.

ജീവനക്കാർ, ബിസിനസ് ഏജന്റുമാർ, ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഭാരം വഹിക്കേണ്ടിവരുന്നത്. ഭാവിയിലുള്ള ഏതൊരു നടപടിയിലും അടിയന്തര മുൻഗണനകൾ പരിഗണിക്കേണ്ടതുണ്ട്: ജോലി സംരക്ഷണം, ഉപഭോക്താക്കൾക്കുള്ള സേവനത്തുടർച്ച, പേയ്‌മെന്റ് ബാങ്കുകളെ നിയന്ത്രിക്കുന്ന നയത്തിന്റെയും നിയന്ത്രണ ചട്ടക്കൂടിന്റെയും സുതാര്യമായ അവലോകനം എന്നിവയാണ് അതിൽ ആദ്യം. രണ്ടാമതായി, സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണമാണ്. ബാങ്കുകൾ വലിയ പൊതു സമ്പാദ്യമാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ബാങ്കുകളിൽ നിക്ഷേപങ്ങളായി സൂക്ഷിച്ചിരിക്കുന്ന പൊതുജനങ്ങളുടെ സമ്പാദ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 1969ൽ പ്രധാന സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണം ഇക്കാര്യത്തിൽ ഒരു ശരിയായ ചുവടുവയ്പായിരുന്നു. ഇതിനെത്തുടർന്ന് 1980ൽ ആറ് ബാങ്കുകൾ കൂടി വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് ചേർക്കപ്പെട്ട ഈ പൊതുമേഖലാ ബാങ്കുകൾ ഇന്ന് ജനങ്ങളുടെ 140 ലക്ഷം കോടി രൂപയുടെ സൂക്ഷിപ്പുകാരാണ്. എന്നാൽ ഇപ്പോഴും 85 ലക്ഷം കോടി രൂപയുടെ പൊതു സമ്പാദ്യം കൈകാര്യം ചെയ്യുന്നത് സ്വകാര്യ ബാങ്കുകളാണ്. പ്രവർത്തനവീഴ്ചയും നിയമലംഘനങ്ങളും കാരണം പല സ്വകാര്യ ബാങ്കുകളെയും പൊതുമേഖലാ ബാങ്കുകളിൽ ലയിപ്പിക്കേണ്ടിവന്നിട്ടുണ്ട്.

ജനങ്ങളുടെ വിലയേറിയ സമ്പാദ്യമാണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ എല്ലാ സ്വകാര്യ ബാങ്കുകളെയും പൊതുമേഖലയ്ക്ക് കീഴിൽ നിലനിർത്തുന്നതാണ് നല്ലതും സുരക്ഷിതവുമെന്നാണ് അനുഭവങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സ്വകാര്യ മേഖലയുടെ കാര്യക്ഷമതക്കുറവ് ഇതിനകം തന്നെ കാണാൻ കഴിഞ്ഞിട്ടുള്ളതുമാണ്. സ്വകാര്യ കോർപറേറ്റ്, ബിസിനസ് സ്ഥാപനങ്ങൾ വായ്പകൾ തിരിച്ചടയ്ക്കാത്തതാണ് ബാങ്കുകളിലെ വൻതോതിലുള്ള കിട്ടാക്കടങ്ങൾക്ക് കാരണം. അതുകൊണ്ട് പൊതുസമ്പാദ്യം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരമായി നമ്മുടെ രാജ്യത്തെ എല്ലാ സ്വകാര്യ ബാങ്കുകളുടെയും ദേശസാൽക്കരണം നടപ്പിലാക്കേണ്ടതുണ്ട്. പേയ്‌മെന്റ് ബാങ്കുകൾ എന്ന മാതൃക പരാജയമാണെന്ന് അംഗീകരിക്കുകയും വേണം.

Previous
ഇറാന്‍ ആക്രമണം: യുഎസ് സൈനിക ശൃംഖല തകർന്നു
Next
ഇറാൻ യുദ്ധം: നെതന്യാഹുവിന്റെ ലക്ഷ്യമെന്ത് ?

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment