ഭഗത്സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് തികയാൻ കേവലം അഞ്ച് വർഷങ്ങൾ മാത്രമാണ് അകലം. 1931 മാർച്ച് 23നായിരുന്നു ആ ധീരരക്തസാക്ഷിത്വം. സാമ്രാജ്യത്വം തീർത്ത ചങ്ങലയിൽ നിന്നുള്ള മോചനത്തിനായി പുതിയ ആശയങ്ങളെ നെഞ്ചേറ്റിയ ദീർഘദർശിയായ യുവാവായിരുന്നു ഭഗത്‌സിങ്. സഹപ്രവർത്തകർക്കൊപ്പം രൂപീകരിച്ച ‘ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ ആർമി’ പിന്നീട് മാർക്സിസ്റ്റ് ആശയങ്ങളുടെ സ്വാധീനത്താൽ ആർമി മാറ്റി ‘അസോസിയേഷൻ’ എന്ന് പുനർനാമകരണം ചെയ്തു. വിപ്ലവകരമായ പ്രത്യയശാസ്ത്രപരമായ വളർച്ചയെയാണ് ഇത് അടയാളപ്പെടുത്തിയത്. വിചാരണവേളയിൽ കോടതിയിൽ അദ്ദേഹം പറഞ്ഞ വാക്കുകകൾ എന്നും പ്രസക്തമാണ്: “വിപ്ലവം മനുഷ്യവർഗത്തിന്റെ അലംഘനീയമായ അവകാശമാണ്. സ്വാതന്ത്ര്യം സകലരുടെയും ജന്മാവകാശവും. തൊഴിലാളിയാണ് സമൂഹത്തിന്റെ യഥാർത്ഥ സംരക്ഷകൻ. ഇത്രമേൽ ഉദാത്തമായൊരു ലക്ഷ്യത്തിനുവേണ്ടി നടത്തുന്ന ഏതൊരു ത്യാഗവും ഒരിക്കലും വലുതല്ല.” ഭഗത്‌സിങ്ങിന് വിപ്ലവം എന്നത് ബോംബിന്റെയോ തോക്കിന്റെയോ ആരാധനയായിരുന്നില്ല. പലതവണ അദ്ദേഹം ഇത് ആവർത്തിച്ചിട്ടുണ്ട്. വിദേശി-സ്വദേശി മുതലാളിത്തത്തെ പിഴുതെറിഞ്ഞ് തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്ന സമഗ്രമായ സാമൂഹിക മാറ്റമായിരുന്നു അദ്ദേഹത്തിന് വിപ്ലവം. തൂക്കുമരം തനിക്കായൊരുങ്ങുമ്പോഴും ജയിലറയിൽ മാർക്സിസ്റ്റ് ദർശനങ്ങൾ പഠിക്കുന്നതിനദ്ദേഹം സമയം വിനിയോഗിച്ചു. അദ്ദേഹത്തിന്റെ ജ്ഞാനദാഹത്തെ വെളിപ്പെടുത്തുന്ന ഉദാഹരണങ്ങൾ നിരവധിയാണ്. ഒരേ പാതയും ഒരേ ആദർശങ്ങളും പങ്കിട്ട ഭഗത്‌സിങ്ങും സുഹൃത്തുക്കളും തടവറയ്ക്കുള്ളിലെ രാഷ്ട്രീയ തടവുകാരുടെ നരകതുല്യമായ അവസ്ഥകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങി. കോടതിയിൽ വിചാരണ നേരിട്ടുകൊണ്ടിരുന്ന നിർണായകമായ ആ കാലഘട്ടത്തിലും അവരുടെ സമരവീര്യത്തിന് കുറവുണ്ടായില്ല.
രാജ്യത്തുടനീളം പ്രത്യാശയുടെ കിരണങ്ങൾ പ്രകടമായിരുന്ന വർത്തമാനമായിരുന്നു അക്കാലം. ബോംബെയിലെ തുണിമിൽ തൊഴിലാളികൾ ആറുമാസം നീണ്ടുനിന്ന പണിമുടക്ക് ആരംഭിച്ചു. കൽക്കട്ടയിലെ തൊഴിലാളികൾ ബോംബെയിലെ സഖാക്കൾക്കൊപ്പം അണിചേർന്നതോടെ ആവേശം അണപൊട്ടിയൊഴുകി. വൈകാതെ കാൺപൂരും ആ മുന്നേറ്റത്തിന്റെ ഭാഗമായി. 1926ൽ ഭഗത്‌സിങും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച ‘നൗ ജവാൻ ഭാരത് സഭ’ പഞ്ചാബിലെ യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. സോഷ്യലിസ്റ്റ് മാസികയായ കീര്‍ത്തിയുടെ പത്രാധിപ സമിതിയിലും പ്രവർത്തിച്ച ഭഗത്‌സിങ് ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി ഇന്ത്യയെ മാറ്റുക എന്ന ലക്ഷ്യത്തിലേക്കാണ് തന്റെ തൂലികയും ചലിപ്പിച്ചത്. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ പുനഃസംഘടിപ്പിക്കപ്പെട്ടതോടെ ഭാരതത്തെ ഒരു സ്വതന്ത്ര സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറ്റുക എന്നതായി മുഖ്യലക്ഷ്യം. സ്വാതന്ത്ര്യത്തിനും സോഷ്യലിസത്തിനും വേണ്ടിയുള്ള പോരാട്ടം എങ്ങനെ സജീവമാക്കാം എന്നതായിരുന്നു പ്രധാന ചർച്ചാവിഷയം. സോഷ്യലിസം എന്നത് വെറുമൊരു വാക്കല്ല, മറിച്ച് ഒരു മഹത്തായ ആദർശമായി അവർ നെഞ്ചേറ്റി. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയായി മാറിയ അജോയ് ഘോഷ് ഉൾപ്പെടെയുള്ള പലരും ഈ ലക്ഷ്യത്തിന് പിന്നിൽ അണിനിരന്നവരായിരുന്നു. രാജ്യത്ത് കരിനിഴൽ പടർന്നിരുന്ന കാലത്തും പ്രത്യാശയുടെ ഒരു ചെറുതിരി എവിടെയോ തെളിയുന്നുണ്ടായിരുന്നു. ജനങ്ങൾ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങി. യൂത്ത് ലീഗുകൾ സജീവമായി. തൊഴിലാളിവർഗം വലിയൊരു പ്രക്ഷോഭത്തിനായി തയ്യാറെടുത്തു. എന്നാൽ, അധികം വൈകാതെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്കും ട്രേഡ് യൂണിയൻ നേതാക്കൾക്കും നേരെ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിക്കപ്പെട്ടു. അലഹബാദ് സർവകലാശാലാ വിദ്യാർത്ഥിയും യൂത്ത് ലീഗ് നേതാവുമായിരുന്ന പി സി ജോഷി അറസ്റ്റ് ചെയ്യപ്പെട്ടതോടെ വിദ്യാർത്ഥിസമൂഹം ഒന്നടങ്കം പ്രതിഷേധ കൊടുങ്കാറ്റുയർത്തി. രാജ്യത്തുടനീളം പ്രകടനങ്ങൾ കനത്തു.
ഈ ഘട്ടത്തിലാണ് ഭഗത്‌സിങും സഹപ്രവർത്തകരും കമ്മ്യൂണിസ്റ്റുകാരുമായി ചേർന്ന് ഒരു വിപ്ലവ സഖ്യം രൂപീകരിക്കാൻ തീരുമാനിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ചില വ്യത്യാസങ്ങൾ നിലനിൽക്കുമ്പോഴും സാമ്രാജ്യത്വവിരുദ്ധതയിലും സോഷ്യലിസത്തിലേക്കുള്ള പ്രയാണത്തിലും ഇരുവിഭാഗങ്ങളും ഒന്നായിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ അറസ്റ്റ് തങ്ങൾക്കെതിരെയുള്ള വെല്ലുവിളിയായി വിപ്ലവകാരികൾ തിരിച്ചറിഞ്ഞു. ജനങ്ങളെ അടിച്ചമർത്തുന്ന സാമ്രാജ്യത്വ നയങ്ങൾക്കെതിരെ പ്രത്യേകിച്ച് വ്യാപാര തർക്ക നിയമത്തിനെതിരെ പ്രതികരിക്കാൻ അവർ ഉറച്ചു. ആ ബില്ലിന്റെ ചതിക്കുഴികൾ വിവരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യാനും രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റാനുമായി അസംബ്ലിയിൽ ബോംബ് സ്ഫോടനം തീരുമാനിച്ചു. ആരെയും കൊല്ലുക എന്നതായിരുന്നില്ല സ്ഫോടനത്തിന്റെ ലക്ഷ്യം. ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കാന്‍ മാത്രമായിരുന്നു അത്. ഭഗത്‌സിങും ബടുകേശ്വർ ദത്തും ആ ഉത്തരവാദിത്തം ഏറ്റെടുത്തു. സ്ഫോടനത്തിന് പിന്നാലെ അസംബ്ലിയിലുണ്ടായ പരിഭ്രാന്തിക്കിടയിൽ ഭഗത്‌സിങ് എഴുതിയ ലഘുലേഖകൾ അവർ അവിടെ വിതറി. അവിടെ വച്ച് തന്നെ അവർ അറസ്റ്റ് വരിക്കുകയും ചെയ്തു. 1929ൽ ലാഹോർ ഗൂഢാലോചന കേസിന്റെ വിചാരണ ആരംഭിച്ചപ്പോൾ, ആ വേദി വിപ്ലവകരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള സുവർണാവസരമായി ഭഗത്‌സിങ്ങും കൂട്ടരും തിരിച്ചറിഞ്ഞു. ഓരോ ഘട്ടത്തിലും ബ്രിട്ടീഷ് സർക്കാരിന്റെ പൊള്ളത്തരങ്ങളും കാപട്യങ്ങളും തുറന്നുകാട്ടാനും വിപ്ലവകാരികളുടെ അചഞ്ചലമായ ഇച്ഛാശക്തി പ്രകടിപ്പിക്കാനും അവർ ഈ വിചാരണയെ ഉപയോഗിച്ചു. ജയിലിനുള്ളിലും പുറത്തും ജനങ്ങളെ ഉണർത്തുന്ന പ്രവർത്തനം തുടരുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. തങ്ങളുടെ തലമുറ കാണിക്കുന്ന ഈ മാതൃക പുതിയൊരു നേതൃത്വത്തിന് അടിത്തറ പാകുമെന്ന് ആ വിപ്ലവകാരികൾ ഉറച്ചു വിശ്വസിച്ചു.
സോഷ്യലിസ്റ്റ് സാഹിത്യങ്ങളുടെ വായനക്കാരനായിരുന്നു ഭഗത്‌സിങ്. തന്റെ വിപ്ലവ സംഘത്തിൽ സോഷ്യലിസത്തിലേക്ക് ആദ്യം ആകർഷിക്കപ്പെട്ട വ്യക്തിയും ഒരുപക്ഷേ അദ്ദേഹമായിരുന്നു. തടവറയ്ക്കുള്ളിലായിരിക്കുമ്പോഴും പുറംലോകത്ത് നടക്കുന്ന ഓരോ ചലനങ്ങളും അദ്ദേഹം സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. ഷോളാപൂരിലെ ഉയിർത്തെഴുന്നേല്പും പെഷവാറിലെ പ്രക്ഷോഭങ്ങളും ചന്ദ്രസിങ് ഗർവാലിയുടെ നേതൃത്വത്തിൽ ഗർവാലി സൈനികർ ഉയർത്തിയ ധീരമായ നിലപാടുകളും അദ്ദേഹത്തിന് ആവേശം പകർന്നു. തന്റെ പോരാട്ടം വെറും പിസ്റ്റളിലും ബോംബിലും അധിഷ്ഠിതമല്ലെന്ന് അദ്ദേഹം കോടതിയിൽ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു. ഓരോ മനുഷ്യന്റെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെടുന്ന, സോഷ്യലിസത്തിൽ അധിഷ്ഠിതമായ ഒരു സാമൂഹിക മാറ്റമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. ജയിൽവാസം കാഴ്ചപ്പാടുകളെ കൂടുതൽ വിശാലമാക്കി. വിപ്ലവത്തിന്റെ വിളനിലമായ സോവിയറ്റ് യൂണിയനെ അവർ എപ്പോഴും ആദരവോടെയാണ് നോക്കിക്കണ്ടത്. 1930ൽ ഒക്ടോബർ വിപ്ലവം വാർഷിക വേളയിൽ, സോവിയറ്റ് യൂണിയന്റെ വിജയങ്ങളെ വാഴ്ത്തിക്കൊണ്ട് ആശംസകൾ അയയ്ക്കുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഒടുവിൽ ആ കറുത്ത നാൾ കടന്നുവന്നു. 1931 മാർച്ച് 23ന്, കോൺഗ്രസിന്റെ കറാച്ചി സമ്മേളനത്തിന് തൊട്ടുതലേന്ന്, ഭാരതാംബയുടെ ആ ധീരപുത്രന്റെ വധശിക്ഷ നടപ്പിലാക്കി. തൂക്കുമരത്തിലേക്ക് നടന്നുനീങ്ങുമ്പോൾ ഭഗത് സിങ്ങിന് 24 വയസ് മാത്രമായിരുന്നു പ്രായം. അദ്ദേഹം പകർന്നുനൽകിയ വിപ്ലവ വീര്യം അന്നും ഇന്നും എന്നും ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ ജ്വാലയായി പടരും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment