ലോക്‌സഭയുടെയും സംസ്ഥാന നിയമസഭകളുടെയും അംഗങ്ങളിൽ മൂന്നിലൊന്ന് വനിതകൾക്കായി സംവരണം ചെയ്തുകൊണ്ടുള്ള പ്രഥമബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത് 30 വർഷങ്ങൾക്ക് മുമ്പാണ്. അവ ചർച്ച ചെയ്യപ്പെടുകയും ഭേദഗതികൾ നിർദേശിക്കപ്പെടുകയും വീണ്ടും അവതരിപ്പിക്കപ്പെടുകയും ബിൽ പാസാക്കുന്നത് ആവർത്തിച്ച് തടസപ്പെടുകയും ചെയ്തിട്ടുണ്ട്. 2023 സെപ്റ്റംബറിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ ചേർന്ന ഇരുസഭകളുടെയും പ്രഥമ സമ്മേളനം ‘വനിതാ സംവരണ ബിൽ’ ‘നാരീശക്തി വന്ദൻ അധിനിയം’ എന്നപേരിൽ ഭരണഘടനയുടെ 128-ാം ഭേദഗതിയായി പാസാക്കുകയുണ്ടായി. എന്നാൽ സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം ഉറപ്പുവരുത്തുന്ന ആ നിയമം തൊട്ടടുത്തവർഷം, 2024ൽ, നടന്ന തെരഞ്ഞെടുപ്പിലോ തുടർന്ന് 2029ൽ നടക്കേണ്ട തെരഞ്ഞെടുപ്പിലോ നടപ്പിലാവില്ലെന്ന് മോഡി സർക്കാർ ഉറപ്പുവരുത്തിയിരുന്നു. കോവിഡ് മഹാമാരിയുടെ പേരിൽ മാറ്റിവയ്ക്കപ്പെട്ട 2021ലെ കാനേഷുമാരി കണക്കെടുപ്പും ജനസംഖ്യാ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയവും പൂർത്തിയാക്കിയ ശേഷമേ വനിതാസംവരണ നിയമം നടപ്പാക്കുകയുള്ളു എന്നും നിഷ്കർഷിച്ചിരുന്നു. അതായത്, വനിതാ സംവരണം യാഥാർത്ഥ്യമാകാൻ 2034 വരെ കാത്തിരിക്കേണ്ടിവരും എന്നതായിരുന്നു പാർലമെന്റ് പാസാക്കിയ നിയമത്തിലെ വ്യവസ്ഥ.
2026–2027 വർഷങ്ങളിൽ രണ്ടുഘട്ടങ്ങളായാണ് ഇന്ത്യയുടെ 16-ാമത് സെൻസസ് നടക്കുക. 2026 ഏപ്രിൽ, സെപ്റ്റംബർ മാസങ്ങളിലായി രാജ്യത്തെ ഭവനങ്ങളുടെ പട്ടിക തയ്യാറാക്കലും, തുടർന്ന് 2027 ഫെബ്രുവരിയിൽ ജനസംഖ്യാ കണക്കെടുപ്പും നടക്കും. ഇത് രാജ്യത്തെ ആദ്യ ഡിജിറ്റൽ സെൻസസ് കണക്കെടുപ്പായിരിക്കും. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് പൂർണരൂപത്തിലുള്ള സെൻസസ് കണക്കുകൾ ലഭ്യമാകുന്ന മുറയ്ക്ക് ജനസംഖ്യാ അടിസ്ഥാനത്തിൽ ലോക്‌സഭയുടെയും നിയമസഭകളുടെയും അംഗബലം പുനർനിർണയിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ ദക്ഷിണേന്ത്യയിൽ ലോക്‌സഭ, നിയമസഭ അംഗങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുകയും ഉത്തരേന്ത്യയിൽ അത് വർധിക്കുകയും ചെയ്യും. ഇത് യാന്ത്രികമായി നടപ്പാക്കുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രശ്നങ്ങൾ ക്ഷണിച്ചുവരുത്തും. അവയെല്ലാം പരിഹരിക്കുന്നതുവരെ ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടും എന്നതായിരുന്നു പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ ന്യൂനത.
സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണത്തിൽ ഉണ്ടാവുന്ന കാലതാമസം ഒഴിവാക്കാൻ സെൻസസ്, മണ്ഡല പുനർനിർണയ നടപടികൾ പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ സംവരണ നിയമം നടപ്പാക്കണമെന്ന് രാജ്യത്തെ സ്ത്രീ സമൂഹവും ഇടതുപക്ഷം ഉൾപ്പെടെ മിക്ക പ്രതിപക്ഷ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അന്ന് അത് ചെവിക്കൊള്ളാൻ ബിജെപിയും ഭരണമുന്നണിയായ എൻഡിഎയും സന്നദ്ധമായിരുന്നില്ല. ഇപ്പോൾ പാസാക്കിയ നിയമത്തിൽ സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുള്ള മൂന്നിലൊന്നിൽ മൂന്നിലൊന്ന് സീറ്റുകൾ പട്ടികജാതി, പട്ടികവർഗ വനിതകൾക്കായി നീക്കിവച്ചിട്ടുണ്ട്. എന്നാൽ ജനസംഖ്യയിൽ ഗണ്യമായ ഒരുവിഭാഗത്തെ പ്രതിനിധീകരിക്കുന്ന ‘മറ്റു പിന്നാക്കവിഭാഗ’ങ്ങളിൽപ്പെട്ട വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സംവരണത്തിനുള്ളിൽ സംവരണമെന്ന ആവശ്യം അവഗണിക്കപ്പെടുകയാണ് ഉണ്ടായത്. രാജ്യത്ത് നിലനില്‍ക്കുന്നതും അപ്രത്യക്ഷമാവാൻ വിസമ്മതിക്കുന്നതുമായ ജാതിവ്യവസ്ഥയുടെയും വിവേചനത്തിന്റെയും പശ്ചാത്തലത്തിൽ മറ്റു പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട വനിതകളുടെ അർഹമായ പ്രാതിനിധ്യം ഇപ്പോഴത്തെ നിയമംകൊണ്ട് ഉറപ്പുവരുത്താനാവും എന്ന് കരുതുന്നത് ഇന്ത്യൻ യാഥാർത്ഥ്യങ്ങൾക്ക് നിരക്കുന്നതല്ല.
ഇപ്പോൾ വനിതാ സംവരണവിഷയം പ്രസക്തമാകുന്നത്, 2034 വരെ കാത്തുനിൽക്കാതെ, 2023ൽ പാർലമെന്റ് പാസാക്കിയ നിയമം, അനുയോജ്യമായ ഭേദഗതികളോടെ, നടപ്പാക്കാനുള്ള നീക്കം ഭരണവൃത്തങ്ങളിൽ തകൃതിയായി നടക്കുന്നു എന്നതുതന്നെയാണ്. ഇതുസംബന്ധിച്ച് ചില വ്യക്തമായ സൂചനകൾ കേന്ദ്ര മന്ത്രിസഭാ വൃത്തങ്ങളിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. അതുസംബന്ധിച്ച ആശയവിനിമയം കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുന്‍ ഖാർഗെയടക്കം വിവിധ പ്രതിപക്ഷ നേതാക്കളുമായി നടന്നതായി പ്രമുഖ ദേശീയ ദിനപ്പത്രങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഒരുപക്ഷെ, കേരളമടക്കം സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അത്തരത്തിലൊരു നീക്കം നടന്നാലും അത്ഭുതപ്പെടേണ്ടതില്ല.
ഝടുതിയിലുള്ള ഒരു നീക്കത്തിലൂടെ വനിതാസംവരണ നിയമം നടപ്പാക്കുന്നതിലൂടെ ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഉത്തർപ്രദേശടക്കം സംസ്ഥാനങ്ങളിലും സ്ത്രീവോട്ടുകൾ തങ്ങൾക്ക് അനുകൂലമായി മാറ്റാനാവുമെന്ന കണക്കുകൂട്ടലാണ് ബിജെപി വൃത്തങ്ങളെ നയിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മൂന്നാംതവണയും തുടരുന്ന മോഡി ഭരണത്തിന്റെ തളർച്ചയും പ്രതിച്ഛായയിലെ ഗ്ലാനിയും പ്രകടമാണ്. യുവജനങ്ങളുള്‍പ്പെടെ ഗ്രാമീണമേഖലയിലടക്കം തൊഴിൽ സന്നദ്ധർക്കിടയിൽ കുതിച്ചുയരുന്ന തൊഴിലില്ലായ്മ, വ്യാവസായിക കാർഷിക മേഖലകളെ പിടികൂടിയിരിക്കുന്ന തളർച്ച, പശ്ചിമേഷ്യയിലെ യുദ്ധമടക്കം സാമ്പത്തികരംഗത്ത് ഉയർന്നുവന്നിട്ടുള്ള വെല്ലുവിളികൾ, രൂപയുടെ മൂല്യത്തകർച്ച, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും അടിയറവയ്ക്കുന്ന സാമ്രാജ്യത്വദാസ്യത തുടങ്ങി പതിവ് വാചാടോപംകൊണ്ട് മറികടക്കാനാവാത്ത പ്രതിസന്ധികൾ മോഡി ഭരണകൂടത്തെ മറ്റൊരു ‘സർജിക്കൽ സ്ട്രൈക്കിന്’ നിർബന്ധിതമാക്കുന്നു.
അതാണ് തങ്ങളുടെ കണക്കുകൂട്ടലുകൾക്ക് വിരുദ്ധമായി സാമ്പത്തിക ബാധ്യതകൾ ഏതുമില്ലാതെ ‘വനിതാ സംവരണ’ത്തിൽ അഭയം തേടാൻ മോഡി ഭരണകൂടത്തെ നിർബന്ധിതമാക്കിയിരിക്കുന്നത്. വനിതാ സംവരണത്തെ എക്കാലത്തും കലവറയില്ലാതെ പിന്തുണച്ചുപോന്ന ഇടതുപക്ഷമടക്കം പ്രതിപക്ഷം ഒന്നാകെ ഏറെ ജാഗ്രതയോടെ സമീപിക്കേണ്ട നിയമനിർമ്മാണമാണ് പൊടുന്നനെ അണിയറയിൽ ഒരുങ്ങുന്നത്. എല്ലാ ജനവിഭാഗങ്ങൾക്കും ന്യായവും നീതിപൂർവവുമായ പ്രാതിനിധ്യം ഉറപ്പുനൽകുന്ന, സ്ത്രീകളുടെ രാഷ്ട്രീയ ശാക്തീകരണം തുല്യതയോടെ സാധ്യമാകുന്ന ഭേദഗതികളോടെ, നിയമം എത്രയുംവേഗം നടപ്പാക്കുക എന്നതായിരിക്കണം ലക്ഷ്യം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment