ജനാധിപത്യം ഇല്ലാതാകുന്ന ഇന്ത്യയും ലോകവും

Janayugom
Developer Admin

ഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന സ്വതന്ത്ര ഏജന്‍സികളുടെ രണ്ട് ആഗോള റിപ്പോര്‍ട്ടുകള്‍ ലോകത്തെ ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുവയാണ്. ലോകം സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം നീങ്ങുന്നുവെന്ന ഭീതിദമായ ചിത്രമാണ് അവ മുന്നോട്ടുവയ്ക്കുന്നത്. ഇന്ത്യക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം കൂടുതല്‍ ഞെട്ടലുണ്ടാക്കുന്നവയാണ് രണ്ട് റിപ്പോര്‍ട്ടുകളും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങൾ വലിയ തകര്‍ച്ചയിലാണെന്ന് സ്വീഡനിലെ വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഡെമോക്രസി റിപ്പോർട്ട് 2026’ പറയുന്നു. ‘തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ’രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. 179 രാജ്യങ്ങൾ ഉൾപ്പെട്ട വിശാല ജനാധിപത്യ സൂചികയിൽ കഴിഞ്ഞ വർഷത്തെ 100-ാം സ്ഥാനത്ത് നിന്നും 105ലേക്ക് കൂപ്പുകുത്തിയെന്നും റിപ്പോര്‍ട്ട് പറയുന്നു. അക്കാദമിക് ഫ്രീഡം ഇൻഡക്സ് (എഎഫ്ഐ) 2026 റിപ്പോര്‍ട്ടാകട്ടെ ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ ഇരുണ്ട ചിത്രമാണ് വരച്ചുകാണിക്കുന്നത്. നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഇന്ത്യയിലെ അക്കാദമിക് സ്വാതന്ത്ര്യം തുടര്‍ച്ചയായി താഴേക്കാണെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 2013നും 2025നും ഇടയിൽ അക്കാദമിക് സ്ഥാപനങ്ങൾക്കെതിരെയുള്ള തുടർച്ചയായ ആക്രമണങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാഷ്ട്രീയ, ഭരണ, നിയമ, സാമൂഹിക നടപടികളിലൂടെ അക്കാദമിക് സ്വാതന്ത്ര്യം ദുർബലപ്പെടുത്തിയ ഹംഗറി, തുർക്കി തുടങ്ങിയ സ്വേച്ഛാധിപത്യ രാജ്യങ്ങളുമായാണ് ഇന്ത്യയെ തുലനം ചെയ്യുന്നത്.

‘അൺറാവലിങ് ദി ഡെമോക്രാറ്റിക് എറ’ എന്ന തലക്കെട്ടിലുള്ള വി-ഡെം റിപ്പോർട്ടനുസരിച്ച് വിശാല ജനാധിപത്യ സൂചികയില്‍ 105, തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ 106, ലിബറൽ ഘടക സൂചിക 99, സമത്വ സൂചിക 138, ചർച്ചാ ഘടക സൂചിക 100 എന്നിങ്ങനെയാണ് ഇന്ത്യയുടെ സ്ഥാനം. 2017 മുതലാണ് ഇന്ത്യ തെരഞ്ഞെടുപ്പ് സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ ഗണത്തിലേക്ക് പതിച്ചത്. തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യം, മാധ്യമ സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വതന്ത്ര സ്വഭാവം എന്നിവയിൽ രാജ്യം പിന്നിലാണ്. ഭരണകൂടത്തെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്നത് വര്‍ധിച്ചതും ആവിഷ്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം ബഹുസ്വരതയെ തകർക്കുന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. ദക്ഷിണേഷ്യയിൽ നമ്മുടെ അയല്‍പ്പക്കത്തെ നേപ്പാളും ശ്രീലങ്കയും മാത്രമാണ് നിലവിൽ തെരഞ്ഞെടുപ്പ് ജനാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളായി അടയാളപ്പെടുത്തിയിരിക്കുന്നത് എന്നത് ഇന്ത്യന്‍ ദുരവസ്ഥയുടെ വലിപ്പം വെളിവാക്കുന്നതാണ്. 50 വർഷത്തിലേറെയായി നിലനിന്ന ലിബറൽ ജനാധിപത്യത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് ജനാധിപത്യത്തിലേക്ക് തരംതാഴ്ത്തപ്പെട്ട യുഎസിലെ ജനാധിപത്യം 1965ലെ നിലവാരത്തിലേക്ക് കൂപ്പുകുത്തി. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം വരവിന് ശേഷമുള്ള ജനാധിപത്യത്തകർച്ചയുടെ വേഗത ‘ആധുനിക ചരിത്രത്തിൽ അഭൂതപൂർവമായത്’ എന്നാണ് വി-ഡെം വിലയിരുത്തുന്നത്. 

ലോകത്ത് ജനാധിപത്യ രാജ്യങ്ങളെക്കാൾ കൂടുതലുള്ളത് സ്വേച്ഛാധിപത്യ രാജ്യങ്ങളാണ്. 2025 അവസാനത്തെ കണക്കനുസരിച്ച് 92 സ്വേച്ഛാധിപത്യ രാജ്യങ്ങളും 87 ജനാധിപത്യ രാജ്യങ്ങളുമാണുള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ജനാധിപത്യ രാജ്യങ്ങള്‍ കുറയുകയായിരുന്നു. അതായത് സ്വേച്ഛാധിപത്യം കാണെക്കാണെ വളരുകയാണ് എന്നര്‍ത്ഥം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള അഞ്ച് രാജ്യങ്ങളിൽ നാലെണ്ണവും സ്വേച്ഛാധിപത്യ പട്ടികയിലാണ്: ഇന്ത്യ, ചൈന, ഇന്തോനേഷ്യ, പാകിസ്ഥാൻ. ലോകജനസംഖ്യയുടെ 74% അഥവാ 600 കോടി ആളുകൾ ഇപ്പോൾ സ്വേച്ഛാധിപത്യ രാജ്യങ്ങളിലാണ് ജീവിക്കുന്നത്. 26% പേർ മാത്രമാണ് ജനാധിപത്യ രാജ്യങ്ങളിൽ താമസിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യമാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന മേഖല. 2025ൽ 44 രാജ്യങ്ങളിൽ ഇതിന്റെ അവസ്ഥ വഷളായി. 33 രാജ്യങ്ങള്‍ രാഷ്ട്രീയ എതിർപ്പ് അടിച്ചമർത്താൻ പീഡനം കൂടുതലായി ഉപയോഗിച്ചു. സ്വേച്ഛാധിപത്യവൽക്കരണത്തിന്റെ കേന്ദ്ര ഉപകരണങ്ങളായി മാധ്യമ സെൻസർഷിപ്പും പൊതുസമൂഹത്തെ അടിച്ചമർത്തലും വ്യാപകമായി. സ്വേച്ഛാധിപത്യവൽക്കരിക്കപ്പെട്ട 44 രാജ്യങ്ങളിൽ 32 എണ്ണത്തിലും പൊതുസമൂഹത്തെ അടിച്ചമർത്തുമ്പോള്‍, 30 രാജ്യങ്ങളില്‍ മാധ്യമങ്ങളെ സർക്കാർ സെൻസർ ചെയ്യുന്നു. അക്കാദമിക് സ്വാതന്ത്ര്യം കഴിഞ്ഞ ദശകത്തിലെ കണക്കനുസരിച്ച് അമ്പതിലധികം രാജ്യങ്ങളിൽ പ്രതിസന്ധി നേരിട്ടു. ഇന്ത്യയില്‍ ഈ മേഖല നേരിടുന്നത് ഘടനാപരമായ വെല്ലുവിളികളാണ്. അറിവ് സൃഷ്ടിക്കൽ, വ്യാപനം, വ്യാഖ്യാനം എന്നിവ നിയന്ത്രിക്കാൻ ഭരണകൂടം ശ്രമിക്കുന്നു. ലാറ്റിൻ അമേരിക്ക, യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവയെ അപേക്ഷിച്ച് ഏഷ്യ പോലുള്ള പ്രദേശങ്ങളിൽ അക്കാദമിക് സ്വാതന്ത്ര്യം കൂടുതൽ ദുർബലമാണ്. ജനസംഖ്യാപരമായി ലോകജനതയുടെ വലിയൊരു വിഭാഗത്തിന് അക്കാദമിക് സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കപ്പെടുന്നു എന്നാണര്‍ത്ഥം. ഇന്ത്യയുള്‍പ്പെടെ ലോകത്താകെ ജനാധിപത്യവും അക്കാദമിക സ്വാതന്ത്ര്യവും അര നൂറ്റാണ്ടിന് പിന്നിലെ ഇരുട്ടിലേക്ക് പതിക്കുന്നുവെന്നത് ആശങ്കാജനകമാണ്.

Previous
ലോകത്തെ കരയിച്ച പഞ്ചിനു പുതിയ കൂട്ടുകാരിയെ കിട്ടി; ഒറ്റപ്പെടലും വേദനയും ഇനി ഓർമ...
Next
വരുന്നു മറ്റൊരു സർജിക്കൽ സ്ട്രൈക്ക്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment