Related News

ലോകത്തെ കരയിച്ച പഞ്ചിനു പുതിയ കൂട്ടുകാരിയെ കിട്ടി; ഒറ്റപ്പെടലും വേദനയും ഇനി ഓർമ മാത്രം

Janayugom
Developer Admin

ലോകത്തെ കരയിച്ച പഞ്ചിനെ നിങ്ങൾ ഓർക്കുന്നില്ലേ? ഒരു പാവയും താങ്ങിപ്പിടിച്ച് ഒറ്റയ്ക്കിരിക്കുന്ന കുട്ടിക്കുരങ്ങനെ അങ്ങനെ പെട്ടെന്നാർക്കും മറക്കാൻ പറ്റില്ല. അമ്മ തള്ളിപ്പറയുകയും കൂട്ടത്തിലുള്ളവര്‍ ഒറ്റപ്പെടുത്തുകയും ചെയ്തപ്പോള്‍ ഓറഞ്ച് നിറമുള്ള ഒരു പാവക്കുട്ടിയെ മാറോട് ചേര്‍ത്തുപിടിച്ച് വിതുമ്പിനിന്ന പഞ്ചിന്റെ ചിത്രങ്ങള്‍ മനംനൊമ്പരത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ഇപ്പോഴിതാ പഞ്ചിനൊരു കൂട്ടുകാരിയെ കിട്ടിയെന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലൂടെ വെെറലായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽമീഡിയ നിറയെ പഞ്ചും പഞ്ചിന്റെ കൂട്ടുകാരി മോമോ ചാനുമാണ് ചർച്ചാവിഷയം.ജന്മം നൽകിയ അമ്മയും കൂട്ടരും അകറ്റിനിർത്തിയപ്പോഴാണ് ആ കുഞ്ഞിക്കുരങ്ങനെ ലോകം കണ്ടത്. സ്നേഹം കിട്ടാതെ ഉപേക്ഷിക്കപ്പെട്ട പഞ്ചിന് എല്ലാമായിരുന്നത് തന്റെ പാവ തന്നെയായിരുന്നു. മറ്റു കുരങ്ങുകൾ അക്രമിക്കുന്നതും മാറിപ്പോകുന്നതുമെല്ലാം പഞ്ചിനെ ഏറെ ഭയപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. കൂട്ടിനെത്തിയ പാവയുടെ മേൽ തലവച്ചുറങ്ങുന്ന പഞ്ച് എല്ലാവരെയും കരയിച്ചു. തന്നെക്കാൾ വലിയ പാവയെ വലിച്ചുകൊണ്ട് പോകുന്ന, ഊണിലും ഉറക്കത്തിലും അതിനെ കെട്ടിപ്പിടിച്ചിരുന്ന കുഞ്ഞിക്കുരങ്ങനെ കണ്ട് പലരും കണ്ണീരൊഴുക്കാൻ തുടങ്ങി.ഇന്ന് പഞ്ച് ഒറ്റയ്ക്കല്ല. കോടിക്കണക്കിനു മനുഷ്യരുടെ സ്നേഹം പഞ്ചിനു കൂട്ടുണ്ട്. ജപ്പാനിലെ ഇച്ചിക്കാവ സിറ്റിയിലേക്ക് പഞ്ചിനെ കാണാൻ എത്തുന്നവരുടെ തിരക്ക് ഇതുവരെയും കുറഞ്ഞിട്ടില്ല. പഞ്ചും അവന്റെ ഓറാങ്ങുട്ടാൻ പാവയും, പ്രിയപ്പെട്ട പരിപാലകരുടെയും വിഡിയോകൾ സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോൾ പഞ്ചിനെ ഒറ്റയ്ക്കു വിടാതെ, അവനൊപ്പം ഓടിക്കളിക്കുകയും തൊട്ടുരുമ്മി ഇരിക്കുകയും ചെയ്യുന്ന കൂട്ടുകാരിയെയും ആഘോഷിക്കുകയാണ് സോഷ്യൽ ലോകം.…വൈകാരികമായ ഈ കുരങ്ങന്‍ കഥയ്ക്ക് പിന്നില്‍ മൃഗശാലയ്ക്ക് വലിയൊരു സാമ്പത്തിക നേട്ടം കൂടിയുണ്ട്. പഞ്ചിന്റെയും പാവക്കുട്ടിയുടെയും കഥകള്‍ ലോകമെമ്പാടും പ്രചരിച്ചതോടെ ഇച്ചിക്കാവ സിറ്റി മൃഗശാലയുടെ വരുമാനത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. പഞ്ചിനെയും പുതിയ കൂട്ടുകാരിയെയും നേരില്‍ കാണാന്‍ സന്ദര്‍ശകരുടെ നീണ്ട നിരയാണ് മൃഗശാലയ്ക്ക് മുന്നില്‍. ഇത് ടിക്കറ്റ് വരുമാനം കുത്തനെ കൂട്ടി.
പഞ്ച് എപ്പോഴും കൂടെക്കരുതുന്ന അതേ തരം ‘ഓറഞ്ച് പ്ലഷ് ’ കളിപ്പാട്ടങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറി. മൃഗശാലയിലെ കൗണ്ടറുകള്‍ വഴി ഇവയുടെ വില്‍പന തകൃതിയായി നടക്കുന്നു. എക്‌സ് , ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് പഞ്ചിന്റെ ദൃശ്യങ്ങള്‍ കാണുന്നത്. ഇതിലൂടെ ലഭിക്കുന്ന പരസ്യവരുമാനവും സ്‌പോണ്‍സര്‍ഷിപ്പുകളും മൃഗശാലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാകുന്നു. എന്തായാലും പഞ്ചിന്റെയും മോമോ-ചാന്റെയും സൗഹൃദം വരും ദിവസങ്ങളിലും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Previous
ട്രംപും ലോകവും നേരിടുന്ന പ്രതിസന്ധി
Next
ജനാധിപത്യം ഇല്ലാതാകുന്ന ഇന്ത്യയും ലോകവും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment