ട്രംപും ലോകവും നേരിടുന്ന പ്രതിസന്ധി

Janayugom
Developer Admin

പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും ഇറാനെതിരെ തുടങ്ങിവച്ച യുദ്ധം 20-ാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. യുദ്ധം ആക്രമണകാരികൾ കണക്കുകൂട്ടിയതുപോലെ പെ‌ട്ടെന്ന് അവസാനിപ്പിക്കാൻ ആയില്ലെന്ന് മാത്രമല്ല അത് യുഎസിലും ആഗോളതലത്തിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഒറ്റപ്പെടലിലേക്കാണ് നയിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. യുഎസിന്റെ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ ജോ കെന്റ്, ട്രംപിന്റെ ഇറാനെതിരായ യുദ്ധത്തിൽ പ്രതിഷേധിച്ച് തൽസ്ഥാനം രാജിവച്ചു. ട്രംപ് ഭരണകൂടം യുദ്ധത്തിന് കാരണമായി ചൂണ്ടിക്കാണിക്കുംവിധം ‘ഇറാൻ യുഎസിനെതിരായി ഉടനെയൊന്നും യാതൊരു യുദ്ധഭീഷണിയും ഉയർത്തിയിരുന്നില്ലെന്ന്’ കെന്റ് തന്റെ രാജിക്കത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇറാനെതിരായ യുഎസ് ആക്രമണം ഇസ്രയേലിന്റെയും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും അമേരിക്കയിലെ സയണിസ്റ്റ് ലോബിയുടെയും സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ട്രംപ് ആരംഭിച്ചതെന്ന് കെന്റ് എക്സിൽ പോസ്റ്റുചെയ്ത കത്തിൽ കുറ്റപ്പെടുത്തുന്നു. ട്രംപ് ഭരണകൂടത്തിൽ നിന്നും യുദ്ധത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്ന ആദ്യത്തെ ഉന്നതനാണ് കെന്റ്. ട്രംപിനെതിരെ തിരിയുന്ന അവസാനത്തെ ഉന്നതനായിരിക്കില്ല കെന്റ് എന്നാണ് യുഎസിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. ട്രംപിന്റെ ഇറാൻ യുദ്ധസംരംഭത്തോട് വിയോജിക്കുന്ന ഉന്നതരുടെ നീണ്ടനിര അദ്ദേഹത്തിന്റെ അടുത്ത ഭരണകൂട വൃത്തങ്ങളിൽത്തന്നെ ഉള്ളതായി യുഎസ് മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു. അവരിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് തുടങ്ങിയവരും ഉൾപ്പെടുന്നതായാണ് സൂചന. ഇരുവരും യുദ്ധത്തെ പരസ്യമായി എതിർക്കാനോ അപലപിക്കാനോ മുതിർന്നിട്ടില്ലെങ്കിലും യുദ്ധതീരുമാനം ട്രംപിന്റേത് മാത്രമാണെന്ന അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കാൻ വിമുഖത കാട്ടിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ട്രംപിന്റെ ‘മെഗാ’ (മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) പാളയത്തിലെ 80% പേരും യുദ്ധത്തെ അനുകൂലിക്കുന്നുണ്ടെങ്കിലും യുഎസിലെ പൊതുവികാരം യുദ്ധത്തിന് എതിരാണെന്ന് അഭിപ്രായ വോട്ടെടുപ്പുകളും പഠനങ്ങളും സൂചിപ്പിക്കുന്നു. യുദ്ധത്തിന്റെ ആദ്യത്തെ അഞ്ചുദിവസങ്ങളിൽ മാത്രം 1,200 കോടി ഡോളറിന്റെ നഷ്ടം (ഏതാണ്ട് ഒരു ലക്ഷം കോടി രൂപ) സംഭവിച്ചതായാണ് കണക്കാക്കുന്നത്. യുദ്ധം നീണ്ടുപോകുന്നതോടെ കൂടുതല്‍ പൊതുവികാരം ട്രംപിനെതിരെ തിരിയുമെന്നും അത് യുഎസ് രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവായി മാറുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്. 

ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കാൻ ട്രംപ് നാറ്റോ സഖ്യരാഷ്ട്രങ്ങളോടും ഇതര യുഎസ് സഖ്യശക്തികളായ ജപ്പാനോടും ദക്ഷിണ കൊറിയയോടും ആവശ്യപ്പെട്ടെങ്കിലും അവരെല്ലാംതന്നെ യുഎസ് — ഇസ്രയേൽ സഖ്യത്തോട് കൈകോർക്കാൻ വിസമ്മതിക്കുകയാണ്. ഇത് തങ്ങളുടെയോ തങ്ങളുടെ അനുമതിയോടെയോ ആരംഭിച്ച യുദ്ധമല്ലെന്നും അതുകൊണ്ടുതന്നെ യുദ്ധത്തിൽ പങ്കുചേരുന്ന പ്രശ്നമുദിക്കുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇ‌ക്കാര്യത്തിൽ ജർമ്മനിയും ഫ്രാൻസും കർക്കശമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ബ്രിട്ടൻ തുടക്കത്തിൽത്തന്നെ ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ വിസമ്മതിക്കുകയും അതിന്റെ പേരിൽ ട്രംപിന്റെ അപ്രീതിക്കും രോഷപ്രതികരണത്തിനും പാത്രമാവുകയും ചെയ്തിരുന്നു. യൂറോപ്പിലെ പ്രമുഖ രാഷ്ട്രങ്ങൾ കൂട്ടത്തോടെ യുഎസ് — ഇസ്രയേലി യുദ്ധസംരംഭത്തിൽ ചേരാൻ വിസമ്മതിച്ചതോടെ നാറ്റോ സഖ്യത്തിൽത്തന്നെ വിള്ളൽ വീണിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം പൊതുവിൽ തടസപ്പെട്ടിട്ടുണ്ടെങ്കിലും ഇറാന്റെ എണ്ണക്കയറ്റുമതി തടയാൻ യുഎസ് — ഇസ്രയേലി യുദ്ധസന്നാഹത്തിന് കഴിഞ്ഞിട്ടില്ല. ഇറാൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവ് ചൈനയാണ്. അവരുടെ എണ്ണ ടാങ്കറുകൾ ഇറാനിൽനിന്നും എണ്ണ കയറ്റി പോകുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യയും പാകിസ്ഥാനുമടക്കം രാജ്യങ്ങളുടെ എണ്ണടാങ്കറുകളും കുറച്ചെങ്കിലും ഹോർമുസ് വഴി കടന്നുപോകാൻ ഇറാൻ അനുവദിക്കുന്നുണ്ട്. മാത്രമല്ല, ഹോർമുസ്‌ വഴി കടന്നുപോകുന്ന കപ്പലുകൾ നൽകേണ്ട ചുങ്കം യുഎസ് ഡോളറിനു പകരം നിർബന്ധിതമായി ചൈനീസ് യുവാനിലേക്ക് മാറ്റിയ ഇറാന്റെ തീരുമാനം യുഎസിന് കനത്ത തിരിച്ചടിയായി. യുദ്ധം സൃഷ്ടിച്ച ആഗോള ഇന്ധന ദൗർലഭ്യവും വിലക്കയറ്റവും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധത്തിൽ അയവുവരുത്താൻ ട്രംപിനെ നിർബന്ധിതനാക്കി. ചുരുക്കത്തിൽ, ഇറാൻ യുദ്ധം ട്രംപ് പിടിച്ച ‘പുലിവാലാ‘യി മാറിയിരിക്കുന്നു. 

യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളും വിട്ടുവീഴ്ചകളുമാണ് വേണ്ടതെന്ന അഭിപ്രായം വിവിധ രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭതന്നെയും ഉന്നയിക്കുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വിരളമാണ്. ചർച്ചയ്ക്കുള്ള എല്ലാ വാതിലുകളും കൊട്ടിയടച്ചുകൊണ്ടാണ് ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണം യുഎസ് — ഇസ്രയേൽ സഖ്യം തുടങ്ങിവച്ചത്. ഇറാന്റെ ഉന്നത നേതൃത്വത്തെ ഒന്നാകെ ഉന്മൂലനം ചെയ്യുകയും കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം രണ്ടായിരത്തോളം പേരെ കൂട്ടക്കുരുതിചെയ്യുകയും പതിനായിരങ്ങളെ ജീവച്ഛവങ്ങളാക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ സ്വമേധയാ സന്നദ്ധമാവുമെന്ന് കരുതാനാവില്ല. ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഭൂപ്രദേശത്ത് തിരിച്ചടി അസാധ്യമാണെന്നിരിക്കെ ഇറാന് ഗൾഫിലെ യുഎസ് ആസ്തികൾ ലക്ഷ്യംവയ്ക്കുക തികച്ചും സ്വാഭാവികം മാത്രം. അതാവട്ടെ ലോക സമ്പദ്ഘടനയെ ദശാബ്ദങ്ങളോളം പിന്നോട്ടടിപ്പിക്കും. ഇന്നത്തെ നിലയിൽ അടുത്ത ആറ് മാസത്തേക്കെങ്കിലും യുദ്ധവുമായി മുന്നോട്ടുപോകാൻ ഇറാന് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുദ്ധം അവസാനിപ്പിക്കാൻ മുൻകയ്യെടുക്കാനുള്ള നയതന്ത്രശേഷിയുള്ള അലി ലാരിജാനിയെപ്പോലുള്ള നേതാക്കളുടെ ഉന്മൂലനം ഇസ്രയേലിന്റെ കരുതിക്കൂട്ടിയുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രയേലിന്റെ സമ്പൂർണ നിരായുധീകരണം, പലസ്തീൻ രാഷ്ട്രത്തിന്റെ പുനഃസ്ഥാപനം, പശ്ചിമേഷ്യയിലെ യുഎസ് സൈനികത്താവളങ്ങളുടെ അടച്ചുപൂട്ടൽ തുടങ്ങിയവയിൽ കുറഞ്ഞ യാതൊന്നിനും വിനാശകരമായ ഈ യുദ്ധഭ്രാന്തിന് വിരാമമിടാൻ കഴിയില്ല. 

Previous
ബിജെപിയുടെ കുതിരക്കച്ചവടവും കോൺഗ്രസ് അംഗങ്ങളുടെ ജനവഞ്ചനയും
Next
ലോകത്തെ കരയിച്ച പഞ്ചിനു പുതിയ കൂട്ടുകാരിയെ കിട്ടി; ഒറ്റപ്പെടലും വേദനയും ഇനി ഓർമ...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment