ബിജെപിയുടെ കുതിരക്കച്ചവടവും കോൺഗ്രസ് അംഗങ്ങളുടെ ജനവഞ്ചനയും

Janayugom
Developer Admin

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് അഹങ്കരിക്കുന്നവരാണ് നാം. എന്നാൽ കഴിഞ്ഞ കുറച്ച് ദശകങ്ങളായി ആ സ്വകാര്യ അഹങ്കാരത്തിന് കനത്ത ആഘാതമേൽക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. സമ്മതിദായകരെ പണം നൽകി സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങളുടെയും കൂറുമാറുന്ന ജനപ്രതിനിധികളുടെയും കുതിരക്കച്ചവടത്തിന്റെയും വാർത്തകൾ പുതുമയല്ലാതായിരിക്കുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പോലും ഈ ജനാധ്യപത്യഹത്യയ്ക്ക് കൂട്ടുനിൽക്കുന്നുവെന്ന ആരോപണവും ബിജെപി അധികാരത്തിലെത്തിയതിനുശേഷം ശക്തമായി. തെരഞ്ഞെടുപ്പുകളിൽ അനിയന്ത്രിത പണമൊഴുക്ക് തടയണമെന്ന പൊതുതാല്പര്യ ഹർജി സുപ്രീം കോടതിയിലിരിക്കുകയാണ്. ഹർജിയിൽ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച പരമോന്നത കോടതി കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും കഴിഞ്ഞ മാസം നോട്ടീസ് അയച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ പണക്കൊഴുപ്പാണ് ഹർജിയിൽ പരാമർശിക്കുന്നതെങ്കിലും തെരഞ്ഞെടുക്കപ്പെട്ടവരെ വിലയ്ക്കുവാങ്ങി ജനഹിതം അട്ടിമറിക്കപ്പെടുന്നത്, ബിജെപിയുടെ പണക്കൊഴുപ്പിൽ പുതിയ ഔന്നത്യങ്ങളിലെത്തിയതിനാണ് നാം സാക്ഷികളാകുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുടെ കളിപ്പാവയാകുന്നതും ഇപ്പോൾ വിവാദമായിട്ടുണ്ട്. ജനാധിപത്യഹത്യകൾ ആവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അത്തരത്തിൽ ജനാധിപത്യം ജീർണിപ്പിക്കുന്നതിന്റെ തെളിവായിരിക്കുകയാണ് ഒഴിവുവന്ന രാജ്യസഭാ സീറ്റുകളിലേക്ക് കഴിഞ്ഞ ദിവസം നടന്ന വോട്ടെടുപ്പ്. 

രാജ്യസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രക്രിയയുടെ പ്രത്യേകത പ്രാതിനിധ്യ സ്വഭാവത്തിലാണ് എന്നതാണ്. അതിനാൽ നിശ്ചിത എണ്ണം സ്ഥാനാർത്ഥികൾ മാത്രമേ രംഗത്തെത്താറുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് പലപ്പോഴും രാജ്യസഭാ സീറ്റുകളിലേയ്ക്ക് എതിരില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കാറുള്ളത്. എതിരാളികൾക്കിടയിൽ ഭിന്നത നിലനിൽക്കുണ്ടെങ്കിൽ അത് മുതലെടുക്കുന്നതിനും ആശയക്കുഴപ്പമുണ്ടാക്കുന്നതിനും രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായി അധിക സ്ഥാനാർത്ഥികളെ നിർത്തുന്ന അപൂർവം ഉദാഹരണങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ട്. എന്നാൽ അടുത്തിടെ ഈ രീതിക്ക് മാറ്റം വന്നിരിക്കുന്നു. അതുപക്ഷേ എതിരാളികളുടെ ഭിന്നത മുതലെടുക്കുന്നതിനുള്ളതല്ല, മറിച്ച് കുതിരക്കച്ചവടവും കൂറുമാറ്റവും മാത്രം ലക്ഷ്യംവച്ചുള്ളതാണ്. ബിജെപിയുടെ ഈ കുത്സിതനീക്കത്തിന്റെ ഫലമായാണ് തിങ്കളാഴ്ച ചില സംസ്ഥാനങ്ങളിൽ രാജ്യസഭാ സീറ്റുകളിലേയ്ക്ക് വോട്ടെടുപ്പ് വേണ്ടിവന്നത്. 10 സംസ്ഥാനങ്ങളിൽ ഏപ്രിൽ രണ്ടോടെ ഒഴിവുവരുന്ന 37 രാജ്യസഭാ സീറ്റുകളിലേക്കാണ് മാർച്ച് 16ന് തെരഞ്ഞെടുപ്പ് നിശ്ചയിച്ചത്. നിയമസഭാംഗങ്ങളുടെ കണക്ക് പ്രകാരം വിവിധ പാർട്ടികൾക്കും മുന്നണികൾക്കും ജയിക്കാവുന്നവയായിരുന്നു ഈ ഒഴിവുകൾ. ഏഴ് സംസ്ഥാനങ്ങളിൽ നിന്നുള്ള 26 രാജ്യസഭാംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പക്ഷേ ബിജെപി ചില സംസ്ഥാനങ്ങളിൽ അതിന്റെ അംഗബലമനുസരിച്ചുള്ള അംഗങ്ങളെ മാത്രമല്ല, പണംനൽകി സ്വാധീനിക്കാമെന്ന ധാരണയിൽ അധിക സ്ഥാനാർത്ഥികളെ രംഗത്തിറക്കി. ഇതാണ് വോട്ടെടുപ്പിന് വഴിവച്ചത്. ഇതിനിടയിൽ പരിഗണിക്കപ്പെടാതെ പോകുന്നൊരു വിഷയം തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിന് ഏറ്റെടുക്കേണ്ടിവന്ന സാമ്പത്തിക ബാധ്യതയും സമയനഷ്ടവുമാണ്. 

ബിജെപി അധിക സ്ഥാനാർത്ഥികളെ രംഗത്തിറക്കിയ ബിഹാർ, ഒഡിഷ, ഹരിയാന സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ഈ മൂന്നിടങ്ങളിലും കുതിരക്കച്ചവടത്തിന് സാധ്യതയുണ്ടെന്ന വ്യക്തമായ ധാരണയിൽ ബിജെപി മത്സരത്തിന് കളമൊരുക്കുകയായിരുന്നു. വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ ഇത് വ്യക്തമാകുകയും ചെയ്തു. ഒഡിഷയിലെ കോൺഗ്രസ് എംഎൽഎമാർക്ക് കോടിക്കണക്കിന് രൂപ കോഴ നൽകുന്നതിനിടെ കർണാടകയിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബിഹാറില്‍ കോൺഗ്രസിലെ മൂന്നും ആർജെഡിയിലെ ഒന്നും എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇവിടെ സഖ്യത്തിലില്ലാതിരുന്ന എഐഎംഐഎം പിന്തുണയുണ്ടായിട്ടും പ്രതിപക്ഷ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഒഡിഷയിലും സമാന സ്ഥിതിയുണ്ടായി. ഇതിലൂടെ സ്വാഭാവികമായി ലഭിക്കാവുന്നതിനെക്കാൾ രണ്ട് സീറ്റ് അധികമായി നേടാന്‍ ബിജെപിക്കായി. ഹരിയാനയിൽ നഗ്നമായ ജനാധിപത്യഹത്യയ്ക്കാണ് ബിജെപി ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടുകൾ അസാധുവാക്കിയും കോൺഗ്രസുകാരെ വിലയ്ക്കെടുത്തും ഒഴിവുള്ള രണ്ട് സീറ്റിലും ജയിക്കുകയെന്ന തന്ത്രം പക്ഷേ ഇവിടെ പാളി. എന്നാല്‍ ഇത്തരം ജനാധിപത്യഹത്യ നടക്കുമ്പോൾ ബിജെപി മാത്രമല്ല പ്രതിക്കൂട്ടിൽ നിൽക്കേണ്ടത്. കൂറുമാറ്റവും കുതിരക്കച്ചവടവും തുടങ്ങിവയ്ക്കുകയും ഇപ്പോൾ അതിന്റെ ‘പണഭോക്താക്കളാ‘കുകയും ചെയ്ത കോൺഗ്രസ് കൂടിയാണ്. തങ്ങളെ തെരഞ്ഞെടുത്തയച്ച സമ്മതിദായകരെ വഞ്ചിച്ചുകൊണ്ട് ബിജെപിയുടെ ചാക്കിലേയ്ക്ക് കയറുന്നതിൽ ഭൂരിപക്ഷവും കോൺഗ്രസുകാരാണ്. ബിഹാറിലും ഒഡിഷയിലും ഹരിയാനയിലും കണക്കുകളിൽ അവർ തന്നെയാണ് മുന്നിൽ. അതിനർത്ഥം ബിജെപിയുടെ പണം വാങ്ങി വോട്ടുമറിക്കാൻ സന്നദ്ധമാണ് എന്നുമാത്രമല്ല , കോൺഗ്രസെന്നത് വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് സ്വയം അടിവരയിടുക കൂടിയാണ്. ജനാധിപത്യത്തെ ഇത്രമേൽ നഗ്നമായി കൊലചെയ്യുകയെന്നത് ഇന്ത്യയുടെ സൽപേരിനുകൂടിയാണ് കളങ്കമേല്പിക്കുന്നത്. 

Previous
ഓർമ്മചെപ്പിലെ ഗന്ധർവ സ്പർശം
Next
ട്രംപും ലോകവും നേരിടുന്ന പ്രതിസന്ധി

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment