നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യുഡിഎഫിൽ മുസ്ലിം ലീഗിന്റെ ഉപമുഖ്യമന്ത്രി ചൊല്ലിയുള്ള ചർച്ചകൾ ചൂടുപിടിക്കുന്നു. മുന്നണി അധികാരത്തിൽ വന്നാൽ മുസ്ലിം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനവും അഞ്ച് മന്ത്രിസ്ഥാനങ്ങളും നൽകണമെന്ന ആവശ്യം ശക്തമാവുകയാണ്. ഈ നീക്കങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പിന്തുണയുണ്ടെന്ന റിപ്പോർട്ടുകൾ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.
യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയെന്ന നിലയിൽ ഉപമുഖ്യമന്ത്രി പദവി തങ്ങളുടെ സ്വാഭാവിക അവകാശമാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തൽ. മുൻപ് സി എച്ച് മുഹമ്മദ് കോയ വഹിച്ച പദവി ചൂണ്ടിക്കാട്ടിയാണ് പാർട്ടി ഈ ആവശ്യം ഉന്നയിക്കുന്നത്. വി ഡി സതീശൻ ഈ ആവശ്യത്തോട് അനുകൂല നിലപാട് സ്വീകരിക്കുന്നത് കോൺഗ്രസിനുള്ളിലെ അധികാര തർക്കങ്ങളിൽ ലീഗിന്റെ പിന്തുണ ഉറപ്പാക്കാനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ലീഗിനെ ഒപ്പം നിർത്തുന്നതിലൂടെ പാർട്ടിയിലെ മറ്റ് ഗ്രൂപ്പ് വെല്ലുവിളികളെ മറികടന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴി സുഗമമാക്കുകയാണ് സതീശന്റെ ലക്ഷ്യമെന്നാണ് സൂചന.
മുന്നണിയുടെ കരുത്ത് ലീഗിന്റെ വോട്ട് ബാങ്കാണെന്നും നിയമസഭയിൽ മികച്ച സീറ്റ് നിലയുള്ള തങ്ങൾക്ക് അർഹമായ പരിഗണന വേണമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും പങ്കെടുത്ത യോഗത്തിൽ അഭിപ്രായമുയർന്നു. ഉപമുഖ്യമന്ത്രി പദവിക്ക് പുറമെ അഞ്ച് മന്ത്രിസ്ഥാനങ്ങൾ എന്ന കർശന നിലപാടിലേക്കും ലീഗ് കടന്നേക്കും. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ വിഭജിക്കുമ്പോൾ കേരളത്തിലെ സാമുദായിക സന്തുലിതാവസ്ഥ തെറ്റുന്നത് മറ്റ് സമുദായങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമോ എന്ന് ഹൈക്കമാൻഡ് ആശങ്കപ്പെടുന്നു. മത്സരിച്ച 27 സീറ്റുകളിൽ 22 സീറ്റുകളിലും ലീഗ് വിജയിച്ചിരുന്നു. 85,327 വോട്ടിന്റെ റെക്കോഡ് ഭൂരിപക്ഷമാണ് പി കെ കുഞ്ഞാലിക്കുട്ടിയ്ക്ക് ലഭിച്ചത്. ഇതെല്ലം പരിഗണിച്ചാണ് ലീഗിന്റെ പുതിയ നീക്കം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment