ഒരു വേനല്‍ക്കനവ്

Janayugom
Developer Admin

കൊടും വെയിലിന്റെ ക്രൂരതയാണല്ലോ ഏപ്രില്‍. ഏറ്റവും ക്രൂരമായ മാസമെന്നാണ് ടി എസ് എലിയറ്റ് ഏപ്രിലിനെ വിശേഷിപ്പിക്കുന്നത്. വാര്‍ത്തകളൊക്കെ വരള്‍ച്ചയെക്കുറിച്ച്, യുദ്ധക്കളങ്ങളിലെ മരണങ്ങളെക്കുറിച്ച്, തെരഞ്ഞെടുപ്പിന്റെ വായാടിത്തത്തെക്കുറിച്ച്, അധികാരമാറ്റത്തിന്റെ അസംബന്ധങ്ങളെക്കുറിച്ച്. എല്ലാം ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമായ മനുഷ്യചെയ്തികളുടെ ദിനസരിക്കുറിപ്പുകള്‍. കൊല്ലാനും ചാവാനും മാത്രമാണോ മനുഷ്യജന്മം. കൊലപാതകത്തിനും ആത്മഹത്യക്കുമിടയിലെ നിലവിളിപോലെയുള്ള ഓട്ടം എന്ന് കവി പറഞ്ഞത്, ആവര്‍ത്തിച്ച് വായിക്കുക. ഈ ദുഷ്കര്‍മ്മങ്ങള്‍ക്കിടയില്‍ നല്ലൊരു വര്‍ത്തമാനം ആരാണ് മോഹിക്കാത്തത്. അകംപുറം ‘വണ്ട്റം കെട്ടിയ’ ഈ വ്യവസ്ഥയില്‍ ചിലതൊക്കെ നല്ലത് സംഭവിക്കുമ്പോള്‍ അതിന്റെ നന്മ നോക്കിയാവണം, വന്മ നോക്കിയല്ല നാം കൊണ്ടാടേണ്ടത്. അങ്ങനെയൊരു വാര്‍ത്തയുടെ കുളിര്‍മ്മയാണ് എനിക്ക് ലഭിച്ചത്. അത് വായനക്കാരിലെത്തിക്കാതിരുന്നുകൂടാ എന്നുതോന്നി. വല്ലവര്‍ക്കും ഇത് നിസാരമായി തോന്നാമെങ്കില്‍, എന്റെ പഴഞ്ചന്‍ ബുദ്ധിയോട് ക്ഷമിക്കുക. എന്നാലും ‘രസകരമായൊരു കഥകള്‍ പറയണം, ആയതിനല്ലോ മാനുഷ ജന്മം’ എന്ന് കവി അയ്യപ്പ പണിക്കര്‍ പറഞ്ഞതിന്റെ ബലം മതി എനിക്ക്. അപ്പോള്‍ രസകരമായൊരു കഥ പറയാം. അല്ല ഒരു സംഭവത്തിന്റെ കഥ പറയാം. വായന ഒന്നു തണുക്കട്ടെ. കൂറ്റനാട്ടെ ‘അറിവ് ഭവനം’ എന്ന ഒരു സ്ഥാപനത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട്. വെള്ളടിക്കുന്ന് എന്ന ഗ്രാമത്തിലെ ‘ക‍ൃഷ്ണമന്ദിര’ത്തില്‍ വെള്ളടിക്കുന്ന്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലെ ഏതാണ്ട് 80ലധികം കുടുംബങ്ങള്‍ ഈ വീട്ടില്‍ ഒത്തുകൂടും. അവധിക്കാലമായി, കുട്ടികളെക്കൊണ്ട് ശല്യം തീരുന്നില്ല എന്ന് പരിഭ്രമം വീട്ടുകാര്‍ക്ക് വേണ്ട. അവരവിടെ ഒത്തുചേരുന്നതോടെ ആ വീട് ഒരു ഗ്രാമ റിപ്പബ്ലിക്കാവുന്നു. കുട്ടികളുടെ വികൃതി ഭയന്ന് കഴിയുന്ന വീട്ടുകാര്‍ക്ക് ആശ്വാസമാവുന്നു. 

ഈ സ്ഥാപനം ‘അവധിക്ക് നടത്തുന്നത്’ സവിത എന്ന ഒരു പ്രവാസിയാണ്. അവര്‍ ഇരുപതിലധികം വര്‍ഷങ്ങളായി കുടുംബസമേതം പ്രവാസജീവിതം നയിക്കുന്നു. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരി. ഒരുപാട് വിദേശ രാജ്യങ്ങളില്‍ പര്യടനം നടത്തിയ അനുഭവമുണ്ട്. ഇവരും ഭര്‍ത്താവും മക്കളും അവധിക്കാലമായാല്‍ സകല പണികളും വിട്ട് നാട്ടിലെത്തും. പണം അവര്‍ക്കു വേണ്ട. നാട്ടിലെ അമ്മമാരും കുട്ടികളുമായി ചേര്‍ന്ന് ഹ്രസ്വമെങ്കിലും ഒരു പുതിയ സമൂഹമുണ്ടാക്കുക, ബന്ധങ്ങളുടെ പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കുക, ഗ്രാമത്തിലെ കുടുംബങ്ങളും കുട്ടികളും ഒത്തുചേര്‍ന്ന് അറിയുന്നതൊക്കെ പരസ്പരം കൈമാറുക, പുതിയ ബന്ധങ്ങള്‍ സംജാതമാക്കുക. കഴി‍ഞ്ഞ വര്‍ഷം 20 ദിവസത്തെ ക്യാമ്പായിരുന്നു. ഈ വര്‍ഷം ‘സര്‍ഗജാലക’മെന്ന പേരിലാണ് ക്യാമ്പ്. മുറ്റത്തും പറമ്പിലും മരങ്ങളിന്മേലും ക്യാമ്പ് ഉണ്ടാവും. കുട്ടികളും വലിയവരും ചേര്‍ന്നിരുന്ന് നല്ല വര്‍ത്തമാനങ്ങള്‍ പറയുക, എല്ലാം നന്നാവുമെന്ന് ഉറപ്പിക്കുക. ചിത്രം വര, പാട്ട്, അഭിനയം, കളി അങ്ങനെ ക്യാമ്പ് മുന്നോട്ടുപോവും. വീട്ടമ്മമാര്‍ക്ക് അത്യാവശ്യം ഡിജിറ്റല്‍ അറിവ് — ഒരുകൂട്ടര്‍ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കില്‍. എന്തൊരു രസമാണീ ക്യാമ്പ്. കുട്ടികള്‍ മൊബൈല്‍ മറന്നു. ആരും അത് കൊണ്ടുവന്നില്ല. അതായത് മൊബൈല്‍ ഇല്ലെങ്കിലും സുഖമായി കഴിയാമെന്ന് കുട്ടികള്‍ തിരിച്ചറിയുന്നു. അവരതൊക്കെ മറന്നുപോയി. കൂട്ടിന് കൂട്ടാളികള്‍ ചുറ്റുമുള്ളപ്പോള്‍ എന്തു മൊബൈല്‍. 

കണിശമായ ചിട്ടവട്ടങ്ങളല്ലെങ്കിലും ക്യാമ്പില്‍ ചില ചിട്ടകളൊക്കെ ഉണ്ടായിരുന്നു. മിടുക്കന്മാരായ അധ്യാപകര്‍ അവിടെ വന്നെത്തി. പുസ്തക വായന, കഥകളി, ഭരതനാട്യം, ഒപ്പന, ഓട്ടംതുള്ളല്‍ തുടങ്ങിയവയും, ചെണ്ട, ഓര്‍ഗന്‍, വയലിന്‍ തുടങ്ങിയ വാദ്യോപകരണങ്ങളും പരിശീലിപ്പിച്ചു. അമ്മമാര്‍ക്ക് ഇകമ്പ്യൂട്ടറില്‍ പ്രാഥമിക അറിവ് നല്‍കി. സവിത ഇംഗ്ലീഷ് ഭാഷയില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തു. ചുരുക്കത്തില്‍ ‘അറിവ് ഭവനം’ വലിയൊരു തിരിച്ചറിവിന്റെ ഭവനമായി മാറി.
അറിവ് തിരിച്ചറിവിലെത്തണമല്ലോ. അതായിരുന്നു ഈ അറിവ് ഭവനത്തിന്റെ ഉദ്ദേശ്യം. നോക്കൂ ഒരു ചെറിയ സങ്കല്പം എത്രവലിയ കാര്യമാണ് സാധിച്ചത്. ഈ സമൂഹം ഇത്തരം വലിയ സങ്കല്പങ്ങളെ കയ്യേല്‍ക്കണം. അവധിക്കാലത്ത് കൂട്ടികളെ ട്യൂഷന്‍ സെന്ററുകളിലേക്കയച്ചും പഠനം കുത്തിനിറച്ചും അടുത്ത ക്ലാസിലെ പാഠങ്ങളുടെ വൈരസ്യത്തിലൂടെ കന്നുപൂട്ടിയും ഇപ്പോള്‍ നടക്കുന്ന കോപ്രായങ്ങള്‍ ഈ മഹദ് സംരംഭത്തിന്റെ മേന്മ അറിയണം. ഏതോ ഒരു വാര്‍ത്തയായി ഇത് മാഞ്ഞുപോവരുത്. ഞാന്‍ ഈ പ്രായത്തില്‍ ഗ്രാമത്തിലെ എന്റെ കുട്ടിക്കാലത്തെ വേനലവധിയെക്കുറിച്ചോര്‍ക്കുന്നു. ഇന്ന് എന്റെ പേരമക്കള്‍ ഈ അവധിയിലും അടുത്ത ക്ലാസിലെ പഠനത്തിരക്കിലാവും. ഇന്ത്യയിലെന്തായാലും ഇതാവും സ്ഥിതി. പഠനത്തിന്റെ വൈരസ്യങ്ങള്‍ കുട്ടികളെ അവധിക്കാലത്തും വേട്ടയാടുന്നു. അതോര്‍ക്കുമ്പോള്‍ പാട്ടുപാടിയും തമ്മിലടിച്ചും നാട്ടുമാവിന്‍ ചോട്ടില്‍ കഴിച്ച എന്റെ വേനലവധി എത്ര മനോഹരമായിരുന്നു. അണ്ണാനോട് മാങ്ങ വീഴ്ത്താനും കുയിലിനോട് പാട്ടുപാടാനും പാടിക്കഴിച്ച കാലം. മലകയറി നെല്ലിക്ക പറിച്ച കാലം. ഇപ്പോള്‍ വെള്ളടിക്കുന്നിലെ സവിതയുടെ മഹത്തായ സംരംഭം അതൊക്കെ എന്നെ ഓര്‍മ്മിപ്പിക്കുന്നു. ആ വാര്‍ത്ത അങ്ങനെ അപ്രധാനമായി വരേണ്ടതായിരുന്നില്ല. നമ്മുടെ മുന്‍ഗണനാക്രമം ശീര്‍ഷാസനത്തിലാണല്ലോ. ഈ ക്യാമ്പ് വരും വര്‍ഷങ്ങളിലും കൂടുതല്‍ കേമമായി നടക്കട്ടെ. അവിടത്തുകാര്‍ക്ക് ജീവിതത്തിന്റെ ലളിത സമവാക്യങ്ങള്‍ പകര്‍ന്ന് ആ സഹവാസം സമൃദ്ധമാവട്ടെ. 

Previous
ഏഷ്യൻ ഗെയിംസ് വേദിയാകാന്‍ ഇന്ത്യ
Next
ജനാധിപത്യം അട്ടിമറിക്കുന്ന എസ്ഐആർ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment