ജനാധിപത്യം അട്ടിമറിക്കുന്ന എസ്ഐആർ

Janayugom
Developer Admin

2024ലെ പൊതുതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണറായ ഗ്യാനേഷ് കുമാര്‍ ആ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങളില്‍ മുഖ്യ പങ്കുവഹിച്ചിരിക്കുമെന്നതില്‍ സംശയമില്ല. അതിന്റെ പ്രത്യുപകാരം കൂടി ആയിട്ടാകണം 2025 ഫെബ്രുവരിയില്‍ അദ്ദേഹത്തെ മോഡി സര്‍ക്കാര്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നതിനുള്ള ശുപാര്‍ശ നല്‍കിയത്. ഗ്യാനേഷ് കുമാറിന്റെ മുഖ്യ കമ്മിഷണറായുള്ള രംഗപ്രവേശത്തോടെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെ ഉപശാഖയായി മാറിയെന്ന പ്രതീതിയാണ് സൃ­ഷ്ടിക്കപ്പെട്ടത്. അതിന് അദ്ദേഹത്തിന് ലഭിച്ച ആദ്യ പരീക്ഷണശാലയായിരുന്നു ബിഹാര്‍. ഭരണവിരുദ്ധ വികാരവും പ്രതിപക്ഷ ഐക്യവും നിലനില്‍ക്കുന്നതിനാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ച്ചയുറപ്പിക്കുകയെന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തതെന്നത് കേവലം ആരോപണമല്ല. പിന്നീട് അദ്ദേഹം ആവിഷ്കരിച്ച നടപടികളിലൂടെ തെളിയിക്കപ്പെട്ടതാണ്. അതിന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആവിഷ്കരിച്ചതായിരുന്നു വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണ (എസ്ഐആര്‍) പ്രക്രിയ. പ്രഖ്യാപിച്ചപ്പോള്‍ ആശങ്കപ്പെട്ടതുപോലെതന്നെയാണ് അവസാനം സംഭവിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിശദീകരിച്ച വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ‘വോട്ടര്‍ പട്ടിക ശുദ്ധീകരിച്ചു’. പക്ഷേ അതിന്റെ ഫലമായി സംസ്ഥാനത്തെ 80 ലക്ഷത്തിലധികം വോട്ടര്‍മാര്‍ പുറത്തായി. മുസ്ലിം വോട്ടര്‍മാരും പ്രതിപക്ഷ കക്ഷികളുടെ ശക്തികേന്ദ്രങ്ങളില്‍ നിന്നുള്ളവരുമായിരുന്നു ഇതിലെ മഹാഭൂരിപക്ഷവും. അതിന്റെ ഗുണഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നണിക്ക് ലഭിക്കുകയും അവര്‍ക്ക് ഭരണത്തുടര്‍ച്ചയുണ്ടാകുകയും ചെയ്തു. ഇതേതുടര്‍ന്നാണ് ധൃതിപിടിച്ച് കേരളത്തിന് പുറമേ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പുതുച്ചേരി ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ഇതേ പ്രക്രിയ നടത്താന്‍ തീരുമാനിച്ചത്. 

തെരഞ്ഞെടുപ്പ് നടക്കുന്ന പ്രതിപക്ഷ ഭരണമുള്ള നാല് സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പ് നടക്കുന്ന അസമിനെ പ്രക്രിയയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഏറ്റവും കൂടുതല്‍ അനധികൃത താമസക്കാരും നുഴഞ്ഞുകയറ്റക്കാരുമുണ്ടെന്ന് മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശര്‍മ്മ തന്നെ ആവര്‍ത്തിക്കുന്ന സംസ്ഥാനമാണ് അസം. എന്നിട്ടും അവിടെ വോട്ടര്‍ പട്ടിക ശുദ്ധീകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലൂടെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത ചോദ്യചിഹ്നമാകുന്നുണ്ട്.
പശ്ചിമ ബംഗാള്‍ ഒഴികെ ഒമ്പത് സംസ്ഥാനങ്ങളിലെ എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 1.70 കോടി പേര്‍ക്കാണ് വോട്ടവകാശം ഇല്ലാതായത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലെ പട്ടിക വന്നപ്പോള്‍ അവിടെ മാത്രം 91 ലക്ഷം പേര്‍ പുറത്തായി. ആ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നടത്തിയ വെളിപ്പെടുത്തല്‍ പ്രകാരം തന്നെ 56 ലക്ഷം പേരുകള്‍ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് പൊതുധാരണ. അങ്ങനെയിരിക്കെയാണ് രണ്ടരക്കോടിയോളം പേര്‍ വോട്ടര്‍മാരല്ലാതായിരിക്കുന്നത്. അതിന് യുക്തിഭദ്രമായ വിശദീകരണം നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷനും സര്‍ക്കാരിനും സാധിച്ചിട്ടുമില്ല. കേരളമടക്കം സംസ്ഥാനങ്ങളിൽ എസ്ഐആർ പ്രക്രിയയ്ക്കിടയിൽ വൻതോതിൽ വോട്ട് വെട്ടുന്ന സാഹചര്യവുമുണ്ടായി. കേരളത്തിൽ പോലും കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന വേളയിൽ ദശലക്ഷക്കണക്കിന് പേരെയാണ് പുറത്താക്കിയത്. ജനങ്ങൾക്കിടയിൽ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് സാക്ഷരത മെച്ചപ്പെട്ട നിലയിലുള്ള സംസ്ഥാനമായതിനാൽ നീക്കം ചെയ്യപ്പെട്ടവരിൽ പൂർണമായും വോട്ടവകാശത്തിന് യോഗ്യരായവരെ മതിയായ രേഖകൾ സമർപ്പിച്ചും ഹിയറിങ് വേളയിൽ തെളിവുകൾ ഹാജരാക്കിയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സാധിച്ചു. എങ്കിലും 18 വയസ് പൂർത്തിയായി പുതിയതായി ചേർന്നവർ ഉൾപ്പെടെ അന്തിമ പട്ടിക തയ്യാറാക്കിയപ്പോഴും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മൊത്തം വോട്ടർമാരുടെ എണ്ണം കുറവായിരുന്നു കേരളത്തിലെന്നത് ശ്രദ്ധേയമാണ്. 

ജനസംഖ്യയിൽ ആനുപാതികമായെങ്കിലും വർധനവ് ഉണ്ടാകുന്നു എന്ന നിഗമനം നിലനിൽക്കുമ്പോഴാണ് കേരളത്തിൽ പോലും എസ്ഐആർ പ്രക്രിയയിലൂടെ ഇത് സംഭവിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അവസാനത്തെ വോട്ടറെയും പോളിങ് ബൂത്തിലെത്തിക്കുക എന്ന ദൗത്യമാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിക്ഷിപ്തമായിരിക്കുന്നതെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുന്നതിനുവേണ്ടിയുള്ള പ്രക്രിയയാണ് എസ്­ഐആർ പൂർത്തീകരിച്ചത്.
എസ്ഐആർ നടക്കുന്നതിനിടയിൽത്തന്നെ പശ്ചിമബംഗാൾ ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷങ്ങളുടെയും പാർശ്വവൽകൃത വിഭാഗങ്ങളുടെയും പ്രതിപക്ഷ പാർട്ടികളുടെ സ്വാധീന മേഖലകളിലെയും പേരുകൾ വ്യാപകമായി പട്ടികയിൽ നിന്നും നീക്കുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വാർത്തകൾ പുറത്ത് വന്നുകൊണ്ടേയിരുന്നു. ഗുജറാത്തിലെ സോമനാഥ് നിയമസഭാ മണ്ഡലത്തിൽ എസ്ഐആറിനെ തുടര്‍ന്ന് പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള 15,600ലധികം അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. ഇവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ പെട്ടവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
സോമനാഥ് മണ്ഡലത്തിൽ ഏകദേശം 2.6 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. 2022ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഈ സീറ്റ് ഇഞ്ചോടിഞ്ച് പോരാട്ടത്തിന് സാക്ഷ്യം വഹിച്ചതായിരുന്നു. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി വിമൽഭായ് ചുദാസ്മ ബിജെപിയുടെ മാൻസിങ് പാർമറെ 922 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. മണ്ഡലത്തിൽ കുറഞ്ഞത് അരലക്ഷം മുസ്ലിം വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. ഫോം 7 അപേക്ഷകൾ സമർപ്പിച്ചാണ് പേര് നീക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. ഇവ സമർപ്പിച്ചത് 269 വ്യക്തികളാണ്. ഈ അപേക്ഷകളിൽ പലതും മണ്ഡലത്തിലെ പട്ടണങ്ങളിലെയും ഗ്രാമങ്ങളിലെയും മുസ്ലിം വോട്ടർമാരെ ലക്ഷ്യം വച്ചുള്ളതാണ്. ഫോം 7 വഴി ആരെങ്കിലും പരാതി സമര്‍പ്പിച്ചാല്‍ തന്റെ വോട്ടവകാശം സ്ഥാപിക്കുവാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വ്യക്തികള്‍ക്കായിത്തീരുന്നു. അതുകൊണ്ടുതന്നെ മതിയായ രേഖകള്‍ സമര്‍പ്പിക്കുക തുടങ്ങിയവ അതത് വ്യക്തികളുടെ ബാധ്യതയാകുന്നു. 

ഒരു വ്യക്തി തന്നെ നിരവധി പേര്‍ക്കെതിരായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് പരിശോധിക്കാനോ തടയുന്നതിനോ സംവിധാനങ്ങളില്ലെന്നതും ബോധപൂര്‍വമായും സംഘടിതമായും വോട്ട് നിഷേധിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. ദി ക്വിന്റ് പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകള്‍, ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്യുന്നതിന് ഉപയോഗിച്ചതിന്റെ പ്രകടമായ തെളിവുകള്‍ നിരത്തുന്നുണ്ട്. രാജസ്ഥാനിലെ ആള്‍വാറിൽ ഫോം 7 ഉപയോഗിച്ച് നൂറുകണക്കിന് മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ശ്രമിച്ചുവെന്ന് ആ റിപ്പോര്‍ട്ടില്‍ പറയന്നു. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ, ഏഴ് മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ബി‌എൽ‌ഒ (ബൂത്ത് ലെവൽ ഓഫിസർ)ക്ക് അജ്ഞാത കത്ത് ലഭിച്ചു. ചന്ദൗലിയിൽ, ആറ് ബി‌എൽ‌ഒമാർക്ക് മുസ്ലിം വോട്ടർമാരെ നീക്കം ചെയ്യുന്നതിനായി നൂറുകണക്കിന് ഫോം 7 ലഭിച്ചു. ഈ ഫോമുകളിൽ ചിലത് പൂർണമായും വ്യാജമാണെന്ന് പിന്നീട് തെളിയുകയുണ്ടായി. ഫോമുകൾ നല്‍കിയ വ്യക്തികള്‍ തങ്ങൾ ഒരു പരാതിയും നൽകിയിട്ടില്ലെന്ന് പിന്നീട് വെളിപ്പെടുത്തുകയും ചെയ്തു. പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നെല്ലാം ഇത്തരം റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നുവെന്നും ഫോമുകൾ വ്യാജമായ രീതിയിലാണ് പൂരിപ്പിക്കുന്നതെന്നും ഒരേ വ്യക്തി അല്ലെങ്കില്‍ വ്യക്തികളാണ് എല്ലാ ഫോമുകളും തയ്യാറാക്കുന്നതെന്നും വ്യക്തമായെന്നാണ് ഇതുസംബന്ധിച്ച വാര്‍ത്തകളിലുള്ളത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, വോട്ട് ചെയ്യാൻ പൊലീസ് ക്രൂരത നേരിടേണ്ടി വന്നതായി ഉത്തർപ്രദേശിലെ സംഭാലില്‍ മുസ്ലിം വോട്ടർമാർ പരാതി ഉന്നയിച്ചിരുന്നു. ചില മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോളിങ് ബൂത്തുകൾ മണിക്കൂറുകളോളം അടച്ചിട്ടതായും പരാതികൾ ഉയർന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം, ഉത്തർപ്രദേശിലെ കുന്ദർകി നിയമസഭാ സീറ്റിൽ നടന്ന ഒരു ഉപതെരഞ്ഞെടുപ്പിൽ, മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ നിരവധി വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയോ ചെയ്തതായി പരാതി ഉയർന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തുനിന്ന് ഫലപ്രദമായ നടപടികള്‍ ഒന്നുംതന്നെയുണ്ടായില്ല.
(അവസാനിക്കുന്നില്ല)

Previous
ഒരു വേനല്‍ക്കനവ്
Next
തെരഞ്ഞെടുപ്പ് ഇടവേളയിലെ വിസ്മയക്കാഴ്ചകൾ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment