കേരളം നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തിമഘട്ടത്തിനുവേണ്ടി ആകാംക്ഷയോടുള്ള കാത്തിരിപ്പിലാണ്. മേയ് നാലിനു നടക്കുന്ന വോട്ടെണ്ണലിന് ഇനിയും ഒമ്പതു ദിവസം കൂടി കാത്തിരിക്കേണ്ടതുണ്ട്. അത് ആകാംക്ഷാഭരിതമായ കാത്തിരിപ്പാണെങ്കിലും വിരസമായ ഒന്നാണ്. സർക്കസ് പ്രകടനങ്ങളുടെ അവസാന ഇടവേളയിൽ കാണികളുടെ വിരസതയകറ്റാൻ ജോക്കർ സംഘങ്ങൾ നടത്തുന്ന പ്രകടനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് കോൺഗ്രസ് പാളയം പതിവ് വിസ്മയങ്ങളുമായി രംഗത്തുണ്ടെന്നത് പൊതുജനങ്ങൾക്ക് ഏറെ കൗതുകവും ഹാസ്യവും പകർന്നുനൽകുന്നു. തെരഞ്ഞെടുപ്പിൽ വിസ്മയങ്ങളുടെ പരമ്പരതന്നെ പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തപ്പോൾ ഇത്രത്തോളം വിസ്മയകരമാകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ നേരിടാൻ ഐക്യജനാധിപത്യ മുന്നണി ഒറ്റക്കെട്ടായി, ഒരു ടീമായി പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. പോളിങ് കഴിയുംവരെ അത്തരം ഒരു പ്രതീതി സൃഷ്ടിക്കുന്നതിന് കഴിഞ്ഞിരുന്നുവെന്നും പറയാം. പോളിങ് കഴിഞ്ഞതോടെ യുഡിഎഫിലെയും അവരെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലെയും വിശകലന വിദഗ്ധർ ചാനലുകളുടെ ന്യൂസ്റൂമുകളിൽ അണിനിരക്കുകയായി. നൂറിൽ കുറയാത്ത സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നതിൽ അവരിൽ ഏറെപേർക്കും സംശയമേ ഉണ്ടായിരുന്നില്ല. ചാനൽ ചർച്ചകളും വിശകലനങ്ങളും കൊടുമ്പിരി കൊണ്ടതോടെ പ്രതിപക്ഷ നേതാവടക്കം കോൺഗ്രസുകാരിൽ ആത്മവിശ്വാസം നിറഞ്ഞു തുളുമ്പുകയായി. വനവാസത്തെപ്പറ്റിയുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശം ആ ആത്മവിശ്വാസത്തെയാണ് പ്രസരിപ്പിച്ചത്. അപ്പോഴാണ് ഏറ്റവും സുപ്രധാനവും നിർണായകവുമായ വിഷയം കോൺഗ്രസിനെ അടിമുടി അസ്വസ്ഥമാക്കാൻ തുടങ്ങിയത്. പ്രശ്നം മറ്റൊന്നുമല്ല. ടീമിനെ ആര് നയിക്കും എന്നതാണ് നിർണായക ചോദ്യം. നൂറിലധികം സീറ്റുകളുമായി വിജയിക്കുമെന്ന് ന്യൂസ്റൂം ചർച്ചകൾ ഉറപ്പിച്ച നിലയ്ക്ക് വോട്ടെണ്ണുംവരെ കാത്തുനിൽക്കേണ്ടതില്ല. ടീം ലീഡറെ നിശ്ചയിക്കുകയാണ് ഉടൻ വേണ്ടത്. അതിനുവേണ്ടി ചേരിതിരിഞ്ഞുള്ള ടീംവർക്കാണ് ഈ തെരഞ്ഞെടുപ്പ് ഇടവേളയെ വിസ്മയിപ്പിക്കുന്നത്.
യുഡിഎഫ് രൂപീകരിക്കുന്ന സർക്കാരിനെ മുഖ്യമന്ത്രിയായി നയിക്കേണ്ടത് പ്രതിപക്ഷ നേതാവ് വി ഡി സതീശനായിരിക്കണമെന്ന് മുന്നണിയുടെ എറണാകുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിന് സംശയമേ ഉണ്ടായിരുന്നില്ല. ഷിയാസിനെ കുറ്റം പറയാനാവില്ല. തനിക്ക് സീറ്റ് ഉറപ്പാക്കിയ നേതാവിനോടുള്ള ‘ഉപകാരസ്മരണ’ ഇതിനേക്കാൾ ഭംഗിയായി മറ്റെങ്ങനെയാണ് പ്രകടിപ്പിക്കാനാവുക. തുടർന്നുവന്നത് പൂരം വെടിക്കെട്ടിനെ അനുസ്മരിപ്പിക്കുന്ന കൂട്ടപ്പൊരിച്ചിലാണ്. മുണ്ടത്തിക്കോട് ദുരന്തത്തെത്തുടർന്ന് തൃശൂർ പൂരം വെടിക്കെട്ട് വേണ്ടെന്നുവച്ചെങ്കിലും ജനങ്ങൾക്ക് വിസ്മയക്കാഴ്ച ഒരുക്കാൻ കോൺഗ്രസ് രംഗത്തുണ്ടല്ലോ എന്നത് പെരുത്ത് ആശ്വാസം. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാൻ കച്ചകെട്ടിയിറങ്ങിയ കെ സുധാകരൻ ഇരുട്ടി വെളുക്കുംമുമ്പേ കെ സി വേണുഗോപാലിനുവേണ്ടി അങ്കത്തിനിറങ്ങിയ ട്വിസ്റ്റ് മറ്റൊരു വിസ്മയം. തുടർന്നുള്ള പോരാട്ടങ്ങൾ സാമൂഹമാധ്യമ പേജുകളിൽനിന്നും പുറത്തുകടന്ന് ഡോക്യുമെന്ററികളായും അവനവൻ വാഴ്ത്തലുകളായി പുസ്തകരൂപത്തിലും മലയാളികളെ ഒന്നാകെ വിസ്മയിപ്പിക്കുകയാണ്. ഇത്തരം വിസ്മയങ്ങൾ കോൺഗ്രസിൽ മാത്രമായി ഒതുങ്ങുന്നില്ല. മുന്നണിയുടെ ടീം സ്പിരിറ്റിന് അനുയോജ്യമായ പ്രകടനത്തിൽ ഒട്ടും പിന്നിലാകരുതെന്ന വാശിയിലാണ് മുസ്ലിംലീഗ്. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാനുള്ള കരുത്തും പാരമ്പര്യവും തങ്ങൾക്കുണ്ടെന്ന കാര്യത്തിൽ പി എം എ സലാമടക്കം ലീഗിൽ ആർക്കും സംശയമില്ല. എളിമകൊണ്ട് അത് ആവശ്യപ്പെടുന്നില്ലെന്നുമാത്രം. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് കുഞ്ഞാലിക്കുട്ടിയോളം യോഗ്യന്മാർ ലീഗിൽ മറ്റാരുമില്ലെങ്കിലും അത് തങ്ങൾ ചോദിച്ചു വാങ്ങില്ലെന്ന വാശിയിലാണ് അവിടെ ഒരു കൂട്ടർ. ആഭ്യന്തരം, വിദ്യാഭ്യാസം എന്നിവയടക്കം ആറ് മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ചീഫ് വിപ്പും തങ്ങൾതന്നെ ആകണമെന്ന് വാശിയുണ്ടെങ്കിലും കോൺഗ്രസിനെപ്പോലെ വിസ്മയക്കാഴ്ചകൾക്കൊന്നും തൽക്കാലം മുതിരുന്നില്ല എന്നേയുള്ളു. കെപിസിസി പ്രസിഡന്റും ഹൈക്കമാന്‍ഡുമൊക്കെ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും വിസ്മയക്കാഴ്ചകൾക്ക് ശമനമേതുമില്ല. മാത്രമല്ല, അവ ‘പെയ്ഡ് പിആർ വർക്ക്’ ആണെന്ന ആരോപണം അകത്തളത്തിൽനിന്നും ഉയരുന്നുമുണ്ട്.
കോൺഗ്രസ് രാഷ്ട്രീയത്തെ ഗ്രസിച്ചിരിക്കുന്ന ജീർണതയും അധികാരാർത്തിയുമാണ് മുഖ്യമന്ത്രി പദത്തിനുവേണ്ടിയുള്ള ആ പാർട്ടിയിലെ പോര് തുറന്നുകാട്ടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സമ്മതിദായകർ രേഖപ്പെടുത്തിയ വോട്ട് എണ്ണാനിരിക്കുന്നതേയുള്ളു. നാളിതുവരെ പുറത്തുവന്ന പഠനങ്ങളും നിരീക്ഷണങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമാണ്. എൽഡിഎഫ് സർക്കാരിനെ നിരന്തരം കടന്നാക്രമിച്ചുപോന്ന ചാനലുകളും അതിലെ അന്തിച്ചർച്ചകളിലെ സ്ഥിരം കഥാപാത്രങ്ങളും പടച്ചുണ്ടാക്കിയ ആഖ്യാനമാണ് യുഡിഎഫ് അധികാരത്തിലേക്കെന്നത്. അടിസ്ഥാനരഹിതമായ ആ ആഖ്യാനമാണ് ഈ തെരഞ്ഞെടുപ്പ് ഇടവേളയിലെ വിസ്മയക്കാഴ്ചകൾ. ഇത് യുഡിഎഫ് ഭരണത്തെപ്പറ്റി ഏതെങ്കിലും വ്യാമോഹം വച്ചുപുലർത്തിയിരുന്നവരുടെ കണ്ണുതുറപ്പിക്കാൻ മതിയായ വിസ്മയക്കാഴ്ചകൾ തന്നെ. അന്തിച്ചർച്ചകളിൽ ന്യൂസ്റൂം കയ്യടക്കിയിരുന്ന പലരും ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു എന്ന് ഇപ്പോഴത്തെ വിസ്മയക്കാഴ്ചകളോടുള്ള അവരുടെ പ്രതികരണം സൂചിപ്പിക്കുന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ടീംവർക്ക് അനുസ്മരിപ്പിക്കുന്നത് മലയാളം പഴഞ്ചൊല്ലുകളിലുള്ള ഒരു ‘കുഴലി‘നെയാണ്. ദീർഘനാൾ കുഴലിൽ സൂക്ഷിച്ച വാൽ കുഴലിൽനിന്നൂരിയപ്പോഴും വളഞ്ഞുതന്നെയിരുന്നു. കോൺഗ്രസെന്ന വാൽ എത്രകാലം കുഴലിൽ സൂക്ഷിച്ചാലും വളഞ്ഞുതന്നെയിരിക്കുമെന്ന് ഗുണപാഠം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment