ഇന്ത്യയിലെ അഞ്ച് സ്ത്രീകളിൽ ഒരാൾക്ക് പിസിഒഎസ്; അറിയേണ്ടതെല്ലാം!

Janayugom
Developer Admin

ഇന്ത്യയിൽ അഞ്ചിൽ ഒരാൾക്ക് എന്ന തോതിൽ കണ്ടുവരുന്ന ഹോർമോൺ വ്യതിയാനമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഎസ്. ഇതൊരു പ്രത്യുൽപ്പാദന സംബന്ധമായ പ്രശ്നം മാത്രമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ ഇതൊരു സങ്കീർണ്ണമായ ഉപാപചയ പ്രശ്നമാണെന്നും ശരീരത്തിന്റെ പല ഭാഗങ്ങളെയും ഇത് ബാധിക്കുമെന്നും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. രോഗത്തെക്കുറിച്ച് കൃത്യമായ അവബോധമില്ലാത്തതിനാൽ പലരിലും ഇത് വൈകിയാണ് തിരിച്ചറിയപ്പെടുന്നത്.

അണ്ഡാശയത്തിലെ കുമിളകൾക്ക് പുറമെ ശരീരത്തെ മൊത്തമായി ബാധിക്കുന്ന ഒന്നാണ് പിസിഒഎസ്. ഇൻസുലിൻ പ്രതിരോധം മൂലം ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഇത് വർദ്ധിപ്പിക്കുന്നു. കൂടാതെ അമിത രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ വ്യതിയാനം എന്നിവയ്ക്കും ഇത് കാരണമാകാറുണ്ട്. ഗർഭകാലത്ത് പ്രീ-എക്ലാംപ്‌സിയ പോലുള്ള സങ്കീർണ്ണമായ അവസ്ഥകളിലേക്കും ഇത് നയിച്ചേക്കാം. അപൂർവ്വം ചിലരിൽ ഇത് ഗർഭാശയ കാൻസറിനോ അണ്ഡാശയ കാൻസറിനോ കാരണമാകാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ശ്രദ്ധിക്കേണ്ട പ്രധാന ലക്ഷണങ്ങൾ

  • രക്തത്തിൽ ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് കൂടുക
  • മുഖത്തും ശരീരത്തിലും അമിതമായി രോമം വളരുക
  • വിട്ടുമാറാത്ത മുഖക്കുരു
  • ക്രമം തെറ്റിയ ആർത്തവം അല്ലെങ്കിൽ ആർത്തവം ഇല്ലാതിരിക്കുക
  • തലമുടി കൊഴിച്ചിലും കട്ടി കുറയലും
  • അണ്ഡാശയത്തിൽ കുമിളകൾ കാണപ്പെടുക

ഏത് ഡോക്ടറെയാണ് കാണേണ്ടത്?

പിസിഒഎസ് ഒരു മൾട്ടി ഡിസിപ്ലിനറി ആരോഗ്യപ്രശ്നമായതിനാൽ ഒന്നിലധികം വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം ആവശ്യമായി വന്നേക്കാം:

  • ആർത്തവ സംബന്ധമായ പ്രശ്നങ്ങൾക്ക് ഗൈനക്കോളജിസ്റ്റിനെ കാണാം.

  • ഹോർമോൺ വ്യതിയാനങ്ങളും ഉപാപചയ പ്രശ്നങ്ങളും പരിഹരിക്കാൻ എൻഡോക്രൈനോളജിസ്റ്റിന്റെ സഹായം തേടാം.

  • അമിത രോമവളർച്ചയ്ക്കും ചർമ്മത്തിലെ കറുത്ത പാടുകൾക്കും ഡെർമറ്റോളജിസ്റ്റിനെ കാണുക.

  • മൂഡ് വ്യതിയാനങ്ങളും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു തെറാപ്പിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ സമീപിക്കാവുന്നതാണ്.

Previous
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം 3.21 ശതമാനമായി വർദ്ധിച്ചു
Next
ട്രംപിന്റെ ഇളവും ഇന്ത്യ‑യുഎസ് വ്യാപാരക്കരാർ എന്ന വഞ്ചനയും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment