ട്രംപിന്റെ ഇളവും ഇന്ത്യ‑യുഎസ് വ്യാപാരക്കരാർ എന്ന വഞ്ചനയും

Janayugom
Developer Admin

ന്ത്യ‑യുഎസ് വ്യാപാരക്കരാർ വ്യവസ്ഥകളും അതിൽ അന്തർലീനമായ ‘കൊടുക്കൽ വാങ്ങൽ ഇടപാടുകളും’ (ഡീൽ) എന്തെന്ന് രാജ്യത്തോടും ജനങ്ങളോടും വെളിപ്പെടുത്താൻ മോഡി ഭരണകൂടം വിസമ്മതിക്കുകയാണ്. ഇതേപ്പറ്റി പാർലമെന്റിൽ ചർച്ചചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തെയും ഭരണകൂടം പ്രതിരോധിക്കുന്നു. എന്നാൽ, സത്യം എല്ലാക്കാലത്തേക്കും മറച്ചുവയ്ക്കാനാവില്ലെന്ന യാഥാർത്ഥ്യത്തെ സാധൂകരിക്കുകയാണ് പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടർന്ന് സംജാതമായിരിക്കുന്ന ആഗോള ഊർജ പ്രതിസന്ധി. ലോകത്തിന്റെ മുഖ്യ ഊർജ ഉറവിടങ്ങളിൽ ഒന്നായ പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതോടെ ഇന്ധന പ്രതിസന്ധി ഇന്ത്യയടക്കം ലോകരാഷ്ട്രങ്ങളുടെയും ജനതകളുടെയും മേൽ പിടിമുറുക്കി. പൊതുജനാഭിപ്രായം യുദ്ധം തുടങ്ങിവച്ച തങ്ങൾക്കെതിരെ തിരിയുമെന്നായപ്പോൾ അതിനെതിരെ ബഹുമുഖ തന്ത്രങ്ങൾ പ്രയോഗിക്കാൻ യുഎസ് ഭരണകൂടവും അതിന് മൗനാനുവാദം നൽകിയ മോഡി ഭരണകൂടമടക്കം ഭരണനേതൃത്വങ്ങളും നിർബന്ധിതമായിരിക്കുന്നു. അതിന്റെ ഭാഗമാണ് തന്റെ ഭരണകൂടത്തിന്റെ സമ്മർദങ്ങൾക്ക് വഴങ്ങി നിർത്തിവയ്ക്കാൻ നിർബന്ധിതമായ റഷ്യൻ എണ്ണ ഇറക്കുമതിചെയ്യാൻ 30 ദിവസത്തെ ഇളവ് ഇന്ത്യക്ക് അനുവദിച്ചുകൊണ്ടുള്ള ട്രംപ് ഭരണകൂടത്തിന്റെ പ്രഖ്യാപനം. ലോകത്തെവിടെ നിന്നും എണ്ണ വാങ്ങാൻ സ്വതന്ത്ര പരമാധികാര രാഷ്ട്രമായ ഇന്ത്യക്ക് അവകാശമുണ്ടെന്നും വിപണി ബലതന്ത്രമാണ് അത് നിർണയിക്കുന്നതെന്നും ഇന്ത്യൻ ഭരണകൂടത്തിന്റെ വക്താക്കൾ ആവർത്തിച്ച് നടത്തിയ പ്രഖ്യാപനങ്ങൾ കേവലം മേനിനടിക്കൽ മാത്രമായിരുന്നുവെന്നും മോഡി സർക്കാരിന്റെ വാണിജ്യ തീരുമാനങ്ങളെ ഫലത്തിൽ നിയന്ത്രിക്കുന്നത് ട്രംപും അയാളുടെ കച്ചവട താല്പര്യങ്ങളുമാണെന്നും ഇതിനകം പകൽപോലെ വ്യക്തമായിക്കഴിഞ്ഞു. മോഡി ഭരണകൂടത്തിന്റെ വാണിജ്യനയങ്ങളുടെ കടിഞ്ഞാൺ ഇന്ത്യൻ കോർപറേറ്റുകളുടെ കൈകളിലാണെന്നും കഴിഞ്ഞദിവസങ്ങളിൽ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ഇന്ത്യക്ക് ട്രംപ് പ്രഖ്യാപിച്ച ഇളവും അതിൽ ഇന്ത്യൻ ബഹുരാഷ്ട്ര കോർപറേറ്റ് ഭീമൻ റിലയൻസ് വഹിച്ച പ­ങ്കും വ്യക്തമാക്കുന്നു. 

റഷ്യ — ഉക്രെയ്ൻ യുദ്ധത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയെക്കാൾ കുറഞ്ഞ വിലയ്ക്ക് റഷ്യയിൽനിന്നും ലഭ്യമായ എണ്ണയുടെ, ചൈന കഴിഞ്ഞാൽ രണ്ടാമത്തെ, ഏറ്റവും വലിയ ഉപഭോക്താവായിരുന്നു ഇന്ത്യ. അതിൽനിന്നുള്ള വരുമാനമാണ് റഷ്യയുടെ യുദ്ധയന്ത്രത്തെ നിലനിർത്തുന്നതെന്ന് യുഎസും പാശ്ചാത്യ ശക്തികളും ആ­രോപിച്ചിരുന്നു. പാശ്ചാത്യ ഉപരോധം നേരിടുന്ന റഷ്യയുടെ എണ്ണ വരുമാന സ്രോതസ് അടയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യയിൽനിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുടെമേൽ 25% പിഴയടക്കം ഇവിടെനിന്നുള്ള എല്ലാ ഇറക്കുമതിക്കും 50% തീരുവ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനം പുറത്തുവന്നത്. അ­ത് ഇന്ത്യയുടെ സാമ്പത്തികമേഖലയിൽ കടുത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചത്. തുടർന്നുനടന്ന വ്യാപാരക്കരാറിൽ തീരുവ 18% ആയി കുറയ്ക്കാൻ കഴിഞ്ഞു. അ­തിന് ഇനിയും ദുരൂഹമായിത്തുടരുന്ന നിരവധി വിട്ടുവീഴ്ചകൾക്കും ഒത്തുതീർപ്പുകൾക്കും ഇന്ത്യ നിർബന്ധിതമായി. ആ കരാർ ഇന്ത്യയുടെ കാർഷികമേഖലയെയും വ്യാവസായിക, സേവന രംഗങ്ങളെയും കയറ്റിറക്കുമതി വ്യാപാരത്തെയും സമ്പദ്ഘടനയെ ആകെത്തന്നെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇന്ത്യക്കാരടക്കം ആഗോള സാമ്പത്തിക, വ്യാപാര വിദഗ്ധർ അത്തരം ആശങ്കകൾ പങ്കുവയ്ക്കുകയും ചെയ്യുന്നു. ആ കരാർ വ്യവസ്ഥകളിൽ ഇന്ത്യൻ സമ്പദ്ഘടനയിൽ സത്വര പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നാണ് റഷ്യൻ എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്നതിനെതിരെ ട്രംപ് ഭരണകൂടം ഇന്ത്യയുടെമേൽ ഏർപ്പെടുത്തിയ നിരോധനം. അതിന്മേലാണ് ഇപ്പോൾ 30 ദിവസത്തെ ഇളവ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അത്തരമൊരു ഇളവ് നേടിയെടുക്കുന്നതിൽ മോഡി ഭരണകൂടത്തിന് യാതൊരു പങ്കുമില്ലെന്ന് ‘ബ്ലുംബർഗ’ടക്കം പ്രമുഖ യുഎസ് — അന്താരാഷ്ട്ര ബിസിനസ് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ബഹുരാഷ്ട്ര കോർപറേറ്റായ റിലയൻസ് യുഎസിലെ ടെക്സസിൽ 30,000 കോടി ഡോളർ നിക്ഷേപത്തിൽ ഒരു എണ്ണ ശുദ്ധീകരണശാല സ്ഥാപിക്കുന്നുവെന്ന വാർത്ത പുറത്തുവിട്ടത് യുഎസ് പ്രസിഡന്റ് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ‘ട്രൂത്ത് സോഷ്യലി‘ലൂടെയാണ്. ഇന്ത്യ — യുഎസ് വ്യാപാരക്കരാറിലെ ഒരു സുപ്രധാന വ്യവസ്ഥയാണ് ഇന്ത്യ, യുഎസിൽ വരുന്ന അഞ്ചുവർഷങ്ങളിലായി 50,000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്നത്. ഈ വ്യാപാരക്കരാർ രണ്ട് സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള കരാർ എന്നതിലുപരി രണ്ട് കച്ചവടതാല്പര്യങ്ങൾ തമ്മിലുള്ള ഇടപാടാണെന്ന് ഇതോടെ വ്യക്തമാകുന്നു. 

റഷ്യൻ എണ്ണ ഇറക്കുമതിയുടെ മുഖ്യ ഗുണഭോക്താക്കൾ ഇന്ത്യൻ ജനതയല്ല. മറിച്ച്, അസംസ്കൃത റഷ്യൻ എണ്ണ ശുദ്ധീകരിച്ച് മൂല്യവർധിത ഉല്പന്നങ്ങളാക്കിമാറ്റി യുഎസ്, യൂറോപ്യൻ യൂണിയനടക്കം അന്താരാഷ്ട്ര വിപണിയിൽ വിറ്റഴിച്ച് വൻലാഭം കൊയ്യുന്ന റിലയൻസ്, നയാരാ തുടങ്ങിയ ഇന്ത്യൻ ബഹുരാഷ്ട്ര കുത്തക കോർപറേറ്റുകളാണ്. റഷ്യക്കെതിരായ യുഎസിന്റെയും പാശ്ചാത്യ ശക്തികളുടെയും സാമ്പത്തിക ഉപരോധത്തിന്റെ പൊള്ളത്തരം കൂടിയാണ് ഇവിടെ തുറന്നുകാട്ടപ്പെടുന്നത്. 1977ന് ശേഷം യുഎസിൽ സ്ഥാപിക്കപ്പെടുന്ന ആദ്യത്തെ എണ്ണ ശുദ്ധീകരണശാലയായിരിക്കും ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ച റിലയൻസിന്റെ ടെക്സസിലെ എണ്ണ ശുദ്ധീകരണശാല. ആ വസ്തുതതന്നെ യുഎസ് സമ്പദ്ഘടനയ്ക്കും രാഷ്ട്രീയമായി ട്രംപിനും അത് എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് വ്യക്തമാക്കുന്നു. അത്തരമൊരു കൂട്ടുകച്ചവടക്കാരന്റെ ലോകത്തെത്തന്നെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലയായ ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറിക്ക് നഷ്ടമുണ്ടാകാതെ നോക്കുക എന്നതാണ് ഇന്ത്യയുടെ പേരിൽ ട്രംപ് ഇപ്പോൾ പ്രഖ്യാപിച്ച ഇളവിന്റെ കച്ചവട രഹസ്യം. ആ കച്ചവടത്തിലെ കേവലമൊരു ഇടനിലക്കാരനും ഗുണഭോക്താവുമാണ് നരേന്ദ്ര മോഡിയും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും. അതുവഴി വഞ്ചിക്കപ്പെടുന്നത് 145 കോടി ഇന്ത്യക്കാരും അവരുടെ ആത്മാഭിമാനവും, നഷ്ടമാകുന്നത് രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവുമാണ്.

Previous
ഇന്ത്യയിലെ അഞ്ച് സ്ത്രീകളിൽ ഒരാൾക്ക് പിസിഒഎസ്; അറിയേണ്ടതെല്ലാം!
Next
മൊജ്തബ ഖമനേയി കോമയിൽ? അഭ്യൂഹങ്ങൾ ശക്തമാകുന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment