Related News

മൊജ്തബ ഖമനേയി കോമയിൽ? അഭ്യൂഹങ്ങൾ ശക്തമാകുന്നു

Janayugom
Developer Admin

ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഭിന്നമായ റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഫെബ്രുവരി 28ന് പിതാവ് അലി ഖമനേയി കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന പ്രധാന വിവരം. മാർച്ച് 12ന് അദ്ദേഹത്തിന്റേതായി ഒരു പ്രസ്താവന പുറത്തുവന്നെങ്കിലും, അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതിരുന്നത് ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തെക്കുറിച്ചുള്ള ദുരൂഹത വർദ്ധിപ്പിക്കുന്നു. ബ്രിട്ടീഷ് മാധ്യമമായ ‘ദ സൺ’ റിപ്പോർട്ട് പ്രകാരം മൊജ്തബ ഖമനേയിക്ക് ഒരു കാൽ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം നിലവിൽ കോമയിലാണെന്നും സൂചിപ്പിക്കുന്നു. ടെഹ്‌റാനിലെ സിന യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ അതീവ സുരക്ഷയിൽ അദ്ദേഹം ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ ആന്തരാവയവങ്ങൾക്ക് ഗുരുതരമായ പരിക്കേറ്റതായും ആശുപത്രിയിലെ പ്രത്യേക വിഭാഗം സൈന്യം സീൽ ചെയ്തിരിക്കുകയാണെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. 

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഒരു റേഡിയോ അഭിമുഖത്തിൽ മൊജ്തബയുടെ അവസ്ഥയെക്കുറിച്ച് പ്രതികരിക്കവെ അദ്ദേഹം ജീവനോടെയുണ്ടാകാമെന്നും എന്നാൽ ശാരീരികമായി തകർന്നിരിക്കുകയാണെന്നും പറയുകയുണ്ടായി. എന്നാൽ ഈ റിപ്പോർട്ടുകളെല്ലാം ഇറാൻ അധികൃതർ തള്ളിക്കളയുകയും മൊജ്തബ ഖമേനി സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് ഇറാന്റെ പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ മകൻ യൂസഫ് പെസെഷ്കിയൻ ടെലിഗ്രാം വഴി അറിയിക്കുകയും ചെയ്തു. അദ്ദേഹം പരിക്കേറ്റ ഒരു യുദ്ധ സേനാനി ആണെന്ന് ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വിശേഷിപ്പിച്ചെങ്കിലും പരിക്ക് നിസ്സാരമാണെന്നാണ് ഔദ്യോഗിക നിലപാട്. അധികാരമേറ്റ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ പേരിൽ പുറത്തിറങ്ങിയ പ്രസ്താവനയിൽ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്നും അമേരിക്കൻ താവളങ്ങൾ ആക്രമിക്കുമെന്നുമുള്ള കടുത്ത നിലപാടുകൾ ആവർത്തിച്ചിട്ടുണ്ട്.

Previous
ട്രംപിന്റെ ഇളവും ഇന്ത്യ‑യുഎസ് വ്യാപാരക്കരാർ എന്ന വഞ്ചനയും
Next
രാഹുലും കോൺഗ്രസും മുന്നോട്ടുവയ്ക്കുന്ന വഞ്ചനാരാഷ്ട്രീയം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment