യുദ്ധം നയിക്കുന്നത് തൊഴിലില്ലായ്മയിലേക്ക്

Janayugom
Developer Admin

യുദ്ധം പരിണാമ പ്രക്രിയയുടെ നിഷേധാത്മകമായ ഉല്പന്നമാണ്. ഗൾഫ് യുദ്ധം ഈ സത്യത്തിന് ഒരിക്കൽ കൂടി അടിവരയിടുന്നു. ഊർജലഭ്യതയിലും അസംസ്കൃത വസ്തുക്കളുടെ വിതരണത്തിലും നേരിട്ട കടുത്ത പ്രതിസന്ധി മൂലം ഉല്പാദന മേഖല അതീവ ഗുരുതരമായ തകർച്ചയെ നേരിടുകയാണ്.

ഈ ദുരവസ്ഥ തുടരുകയാണെങ്കിൽ ഗൾഫ് ഊർജ സ്രോതസുകളിലേക്കുള്ള സുഗമമായ പ്രവേശനം വിദൂര സ്വപ്നമായേക്കാം. വ്യവസായശാലകൾ ഒന്നൊന്നായി അടച്ചുപൂട്ടാൻ തുടങ്ങിയതോടെ തൊഴിലില്ലായ്മ അതിന്റെ വന്യതയിൽ പ്രകടമായിരിക്കുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ ഇരുപക്ഷവും തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾക്കായി ദുരുപയോഗം ചെയ്തിട്ടുണ്ട്. സാമ്പത്തിക രംഗത്താകട്ടെ, വ്യവസായങ്ങൾ നിലയ്ക്കുന്നതിലൂടെ ഉല്പാദനം ഏറ്റവും കുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തി. ഇതിനോടു ചേർന്ന് സംഭവിക്കുന്ന അനിയന്ത്രിതമായ വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കുന്നു.

പെട്രോകെമിക്കൽ വ്യവസായത്തിന്റെ ഉപോല്പന്നമായ പോളിസ്റ്റർ നിർമ്മാണത്തിന് ആവശ്യമായ പെല്ലറ്റുകൾ ഉല്പാദിപ്പിക്കുന്ന റിലയൻസ് പോലുള്ള പ്രമുഖ സ്ഥാപനങ്ങൾ പോലും അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം വൻ പ്രതിസന്ധിയിലാണ്. ആഗോളവൽക്കരണ സുസ്ഥിരതയെക്കുറിച്ചുള്ള മുതലാളിത്തപ്രതീക്ഷകളും അതിവേഗം പൊലിഞ്ഞുകൊണ്ടിരിക്കുന്നു. ആഗോളവൽക്കരണത്തിന് വിരുദ്ധമായ നടപടികൾ കൂടുതൽ വ്യക്തമാകുന്നതോടെ, ഊർജ മേഖല വൻ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് യുദ്ധം മൂലം അടയ്ക്കപ്പെടുമെന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.

ഇന്ന് ഇന്ത്യൻ പതാകയേന്തിയ കപ്പലുകൾ അവിടെ അപൂർവമായി മാത്രമേ കാണുന്നുള്ളൂ. രാജ്യത്ത് ഉല്പാദിപ്പിക്കുന്ന എണ്ണയുടെയും വാതകത്തിന്റെയും കൽക്കരിയുടെയും ഓരോ അംശവും സംരക്ഷിക്കേണ്ടതുണ്ട് എന്ന ഒഎൻജിസി മേധാവിയുടെ വാക്കുകളും ഗൗരവമാണ്.

പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിലെ പ്രതിസന്ധിയും നിലനില്പിന് മറ്റ് വഴികളില്ലാതെ നാടുവിടേണ്ടി വന്നതും തൊഴിൽ മേഖലയിൽ തൊഴിലാളികളുടെ അഭാവത്തിനു വഴിയായി. ഇന്ത്യയുടെ പാചക വാതക ഇറക്കുമതിയുടെ 40 ശതമാനവും ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഗവൺമെന്റ് ഔദ്യോഗികമായി ക്ഷാമം നിഷേധിക്കുകയും ബദൽ മാർഗങ്ങൾ തേടുകയും ചെയ്യുന്നുണ്ടെങ്കിലും ഉണ്മ ആശങ്കാജനകമാണ്. പ്രത്യേകിച്ചും അസംഘടിത മേഖലയെ ആശ്രയിക്കുന്ന കുടിയേറ്റ തൊഴിലാളികൾ ഇതിന്റെ ദുരിതം അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. ഇന്ത്യയുടെ മൊത്തം പാചക വാതക ഉപഭോഗത്തിന്റെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചാണെന്നിരിക്കെ, ഈ അവസ്ഥ ഗുരുതരമാണ്.

ബിഹാർ, ബംഗാൾ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് നഗരങ്ങളുടെ നട്ടെല്ല്. കുറഞ്ഞ കൂലിക്ക് ജോലി ചെയ്യുന്ന ഇവർ തൊഴിലുടമകൾക്ക് ലാഭകരമാണെങ്കിലും തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവർ ബോധവാന്മാരല്ല. യുദ്ധം സൃഷ്ടിച്ച ഈ പുതിയ സാഹചര്യം അവരെ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കിയിരിക്കുന്നു. കോവിഡ് കാലത്തേക്കാൾ ഭീകരമായ അവസ്ഥയാണിത്. കാരണം അവരുടെ ഉപജീവനമാർഗമാണ് ഇല്ലാതാകുന്നത്.

മടങ്ങിപ്പോകുന്ന ഇടങ്ങളിലും ഈ തൊഴിലാളികൾ ചുഷണം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്. അവരുടെ മാതൃസംസ്ഥാനങ്ങളിൽ പോലും വിലകുറഞ്ഞ തൊഴിലാളികളെ തേടുന്ന പ്രാദേശിക വ്യാവസായിക ബിസിനസ് സംരംഭങ്ങളുടെ ഇരകളായി അവർ മാറുന്നു. കുടിയേറ്റ തൊഴിലാളികളുടെ താമസം സാധാരണയായി താൽക്കാലികമായതിനാൽ തൊഴിലുടമകൾക്ക് സാധാരണയായി അവരോട് ഒരു ഉത്തരവാദിത്തവുമില്ല. തൊഴിലിന്റെ ഘട്ടത്തിലോ വിരമിക്കൽ ഘട്ടത്തിലോ തൊഴിൽ ശക്തിയുടെ പുനരുജ്ജീവനത്തിനായി ഉടമകൾ വ്യവസ്ഥ ചെയ്യേണ്ടതില്ല. കാരണം തൊഴിലാളിയുടെ സ്വഭാവം തന്നെ താൽക്കാലികമാണ്.

പാകിസ്ഥാൻ മധ്യസ്ഥതയിൽ നടന്ന അമേരിക്ക‑ഇറാൻ ചർച്ചകൾ പരാജയപ്പെട്ടത് ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തിയിരുന്നു. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് എരിതീയിൽ എണ്ണപകർന്നു. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും നിയന്ത്രിക്കുന്ന ഈ ജലപാതയ്ക്ക് മേൽ തന്ത്രപരമായ അധികാരം സ്ഥാപിക്കാനുള്ള നീക്കവും ആപല്‍ക്കരമായിരുന്നു. ഇത്തരം സംഭവവികാസങ്ങൾ ഭാരതത്തിനോ ലോകത്തിനോ ഒരു തരത്തിലും ഗുണകരമാവുന്നതുമല്ല.

Previous
സാമ്രാജ്യത്വ അഹന്തയും ആത്മീയ പ്രതിരോധവും
Next
പോസ്റ്റ്മാനെ കാണ്മാനില്ല

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment