സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 33‑ൽ നിന്ന് 37 ആയി ഉയർത്താനുള്ള സുപ്രധാന തീരുമാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ചീഫ് ജസ്റ്റിസിനെ കൂടാതെയായിരിക്കും 37 ജഡ്ജിമാർ കോടതിയിലുണ്ടാകുക.
നിലവിൽ കെട്ടിക്കിടക്കുന്ന 92,000‑ത്തോളം കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനും നീതിന്യായ വ്യവസ്ഥയുടെ വേഗത വർദ്ധിപ്പിക്കുന്നതിനുമാണ് ഈ നടപടി. ഇതിനായി ‘സുപ്രീം കോടതി (ജഡ്ജിമാരുടെ എണ്ണം) ഭേദഗതി ബിൽ, 2026’ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കും. ഭരണഘടനയുടെ ആർട്ടിക്കിൾ 124(1) നൽകുന്ന അധികാരമുപയോഗിച്ച് 1956‑ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് മാറ്റം നടപ്പിലാക്കുന്നത്.
2019‑ലാണ് ഇതിന് മുൻപ് ജഡ്ജിമാരുടെ എണ്ണം 30‑ൽ നിന്ന് 33 ആയി ഉയർത്തിയത്. ആറ് വർഷത്തിന് ശേഷമുള്ള ഈ പുതിയ വർദ്ധനവ് നീതിന്യായ രംഗത്തെ വലിയൊരു ചുവടുവെപ്പായിട്ടാണ് കണക്കാക്കപ്പെടുന്നത്. തുടക്കത്തിൽ 10 ജഡ്ജിമാരുണ്ടായിരുന്ന സുപ്രീം കോടതിയിൽ കാലാനുസൃതമായ ഭേദഗതികളിലൂടെയാണ് ഇപ്പോൾ 37 പേരായി അംഗബലം ഉയരുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment