“പെന്റഗണിനും സോവിയറ്റ് യൂണിയനും സൈനിക‑വ്യാവസായിക സമുച്ചയത്തിനും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരില്ലായിരുന്നെങ്കിൽ എനിക്ക് ഒരിക്കലും ഇന്നത്തെ മനുഷ്യനാവാൻ കഴിയുമായിരുന്നില്ലെ“ന്ന് ഫലിതം പുരട്ടി പ്രതികരിച്ചത് അമേരിക്കൻ കൊമേഡിയൻ ജോർജ് ഡെനിസ് പാട്രിക് കാർലിനാണ്. വാഷിങ്ടൺ ഡിസിയിൽ നിന്ന് പൊട്ടോമാക് നദിക്ക് കുറുകെ വിർജീനിയയിലെ ആർലിങ്ടൺ കൗണ്ടിയിൽ അമേരിക്കൻ ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ആസ്ഥാനമാണ് പെന്റഗൺ. സൈന്യത്തിന്റെ പ്രതീകമായി അത് പലപ്പോഴും പ്രതിരോധ വകുപ്പിന്റെയും അതിന്റെ നേതൃത്വത്തിന്റെയും പര്യായമായി ഉപയോഗിക്കുന്നു. ‘പാശ്ചാത്യ രാഷ്ട്രീയ നേതൃത്വങ്ങൾ കള്ളം പറയുമ്പോൾ ദശലക്ഷക്കണക്കിന് മനുഷ്യർ മരിക്കുന്നു; കൃത്രിമ സമ്മതത്തിന്റെ സങ്കീർണ വാസ്തുവിദ്യയാണത്.’ ആധുനിക ‘വിജയം’ ആദ്യ വെടിവയ്പിന് ഏറെമുമ്പ് തയ്യാറാക്കപ്പെടും. രാഷ്ട്രീയ വഞ്ചനയും മാധ്യമ പങ്കാളിത്തവും നിയമവിരുദ്ധ ആക്രമണങ്ങളെ ധാർമ്മിക ആവശ്യകതകളാക്കി മാറ്റുകയാണ്. ബാഗ്ദാദിലെ മായക്കാഴ്ചകളായ നശീകരണായുധങ്ങളായാലും അഫ്ഗാനിസ്ഥാൻ അധിനിവേശത്തിന്റെ സ്വാതന്ത്ര്യസമര വിവരണമായാലും മനുഷ്യക്കടത്തിന്റെ തകർന്ന വിപണിയാക്കി മാറ്റി ലിബിയയുടെ ഉത്തരവാദിത്തം ഏറ്റെടുക്കലായാലും മാധ്യമങ്ങൾ കാവൽക്കാരനായിട്ടല്ല, മറിച്ച് സാമ്രാജ്യത്വ അധിനിവേശത്തിന്റെ മെഗാഫോണായാണ് പ്രവർത്തിച്ചത്. 2003ൽ ഇറാഖിനെതിരെ കൃത്രിമ സമ്മതത്തിന്റെ സുവർണ മാനദണ്ഡമാണ് കെട്ടിച്ചമച്ചത്. കൂട്ടനശീകരണായുധങ്ങളുടെ ഭൂതത്തെയും ബാഗ്ദാദും അൽ‑ഖ്വയ്ദയും തമ്മിലെ സാങ്കല്പിക ബന്ധത്തെയും കേന്ദ്രീകരിച്ചുള്ള ബഹുതല പ്രചാരണമായിരുന്നു അക്കാലത്ത്.
2001-05 വർഷങ്ങളിൽ 65-ാമത് യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കോളിൻ ലൂഥർ പവൽ 2003 ഫെബ്രുവരി അഞ്ചിന് ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിലിനെ അഭിസംബോധന ചെയ്ത് ഇറാഖിലെ വരാനിരിക്കുന്ന അധിനിവേശത്തെ ന്യായീകരിക്കുന്നതിനുള്ള അവതരണത്തിന്റെ ഭാഗമായി വെള്ളപ്പൊടി നിറച്ച ചെറിയ കുപ്പി ഉയർത്തിപ്പിടിക്കുകയുണ്ടായി. സദ്ദാം ഹുസൈൻ നിർമ്മിക്കുന്നുവെന്ന് ആരോപിച്ച ജൈവായുധമായ ആന്ത്രാക്സിനെ പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുകൊണ്ട് അത് വീശിയപ്പോൾ പാശ്ചാത്യ മാധ്യമങ്ങൾ അധികാരത്തിന്റെ കേട്ടെഴുത്തുകാരായാണ് നിന്നുകൊടുത്തത്. അപകീർത്തികരമായ ഉറവിടങ്ങളിൽ നിന്നുമുള്ള സ്ഥിരീകരിക്കാത്ത രഹസ്യാന്വേഷണത്തെ സാധൂകരിക്കുകയും ചെയ്തു. ഇറാനിലും അതേ രീതി ആവർത്തിക്കപ്പെടുന്നു. ‘ഇറാൻ യുദ്ധം’ എന്ന പ്രയോഗത്തിന്റെ അമിത ഊന്നലിൽ വസ്തുതകൾ മുങ്ങിമരിക്കുകയാണ്. വാസ്തവത്തിൽ ശരിയായ വിവരണം ഇറാനെതിരായ യുദ്ധമെന്നാവേണ്ടിയിരുന്നു. ട്രംപ് രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും കാര്യങ്ങൾ മാറിയിട്ടില്ല. അദ്ദേഹത്തെ പ്രീതിപ്പെടുത്താൻ പാശ്ചാത്യ മാധ്യമങ്ങൾ പദാവലിയും നിഘണ്ടുവും വിപുലമാക്കുകയും വളച്ചൊടിക്കുകയും ചെയ്തു. ഈ യുദ്ധങ്ങൾ ഒരിക്കലും വിമോചനത്തെയോ ജനാധിപത്യത്തെയോ കുറിച്ചല്ലെന്ന് തിരിച്ചറിയുന്നതിലൂടെയാണ് യഥാർത്ഥ ഉത്തരവാദിത്തം ആരംഭിക്കുന്നത്. ലാഭകരവും ശാശ്വതവുമായ കുഴപ്പങ്ങൾ ഇളക്കിവിടാൻ രാജ്യങ്ങളെ വ്യവസ്ഥാപിതമായി തകർക്കുന്നതിനാണവ. നുണയുടെ ഘടന അവഗണിക്കുന്നത് തുടർന്നാൽ നാളെ ദശലക്ഷക്കണക്കിന് ജഡങ്ങൾ എണ്ണാൻ നാം നിർബന്ധിതരാകും. അമേരിക്കൻ- ഇസ്രയേൽ അച്ചുതണ്ടിന്റെ യുദ്ധത്തിന് വത്തിക്കാന്റെ പിന്തുണ ലഭിക്കാൻ പെന്റഗൺ ഉന്നതോദ്യോഗസ്ഥനും അമേരിക്കൻ ദേശീയ സുരക്ഷാനയ പ്രൊഫഷണലും അണ്ടർ സെക്രട്ടറി ഓഫ് ഡിഫൻസുമായ എൽബ്രിഡ്ജ് ആൻഡ്രൂ കോൾബി, ലിയോ പതിനാലാമൻ മാർപാപ്പയുടെ അംബാസഡറും വ്യക്തിഗത പ്രതിനിധിയും ഫ്രഞ്ച് കത്തോലിക്കാ പുരോഹിതനുമായ കർദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചുവരുത്തി അടച്ചിട്ട മുറിയിൽ ഭീഷണിപ്പെടുത്തിയത് കേട്ടുകേൾവിയില്ലാത്തതാണ്. 2026 ജനുവരി ഒമ്പതിന് ട്രംപ് ഭരണകൂടത്തിനെതിരെ പോപ്പ് നടത്തിയ വിമർശന പ്രസംഗത്തോടുള്ള നേരിട്ടുള്ള പ്രതികരണമെന്നോണമാണ് ‘വാഷിങ്ടണിന്റെ പക്ഷം സ്വീകരിക്കുന്നതാണ് സഭയ്ക്ക് നല്ലതെന്ന ഉപദേശം.’
ആഗോള കാര്യങ്ങളിൽ വർധിച്ചുവരുന്ന സൈനിക ബലപ്രയോഗത്തിനെതിരെ മാര്‍പാപ്പ സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് അമ്പരപ്പിച്ച സംഭവം. ട്രംപിന്റെ വിദേശനയത്തിനെതിരായ വ്യക്തമായ വിമർശനമായാണ് വാഷിങ്ടൺ പരാമർശങ്ങളെ വ്യാഖ്യാനിച്ചത്. കൂടിക്കാഴ്ച മാന്യമായിരുന്നെന്ന് വാദിച്ച് വിവരണത്തിൽ നിന്ന് പിന്നോട്ട് പോയ യുഎസ് ഉദ്യോഗസ്ഥർ ഭീഷണിയുയർത്തിയെന്ന വാദങ്ങൾ തള്ളി. എന്നാൽ ‘ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ സൈനിക ശക്തിയുണ്ടെന്നും പോപ്പ് തങ്ങളുടെ പക്ഷം പിടിക്കുന്നതാണ് നല്ലതെന്നും’ പറഞ്ഞതായി വത്തിക്കാൻ ഉദ്യോഗസ്ഥർ ഫ്രീ പ്രസിനോട് വിശദീകരിച്ചു.
യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വത്തിക്കാൻ അംബാസഡറെ വിളിച്ചുവരുത്തിയതിൽ പ്രതിഷേധിച്ച്, അമേരിക്കൻ ഐക്യനാടുകൾ സ്വാതന്ത്ര്യ പ്രഖ്യാപനം ഒപ്പുവച്ചതിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന യുഎസ് സന്ദർശനം മാർപാപ്പ റദ്ദാക്കി. നിലവിലെ ഭരണകൂടം തുടരുന്നിടത്തോളം അദ്ദേഹം ആ രാജ്യം സന്ദർശിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. അതേസമയം വത്തിക്കാനുമായി നടന്നത് മാന്യമായ നയതന്ത്ര ചർച്ച മാത്രമാണെന്ന് പറഞ്ഞ് വിവാദങ്ങളിൽ നിന്ന് തടിയൂരാൻ ശ്രമിക്കുന്നുണ്ട് പെന്റഗൺ. അമേരിക്കയുടെ 50-ാമത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാവ് ജെ ഡി വാൻസ് വിഷയത്തിൽ ഇടപെടുമെന്ന് അറിയിച്ചെങ്കിലും ബന്ധം ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവിലാണ് എത്തിനിൽക്കുന്നത്.
പാപ്പയുടെ അമേരിക്കൻ സന്ദർശന പദ്ധതി വത്തിക്കാൻ ഉപേക്ഷിച്ചുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് ലെറ്റേഴ്സ് ഫ്രം ലിയോ എന്ന പ്രസിദ്ധീകരണം സ്ഥിരീകരിച്ചു. യുഎസിലേക്ക് പോകുന്നതിനുപകരം ലിയോ 2026 ജൂലൈ നാലിന് ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസ സന്ദർശിച്ച് കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും കാണും. ആധുനിക ചരിത്രത്തിലാദ്യമായി പെന്റഗൺ ഈ വർഷം കത്തോലിക്കർക്ക് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ വാഗ്ദാനം ചെയ്തില്ല. പിരിമുറുക്കങ്ങൾ ഏറിയെങ്കിലും പോപ്പ് പിന്മാറിയില്ലെന്നതും പ്രധാനം. രണ്ടു പ്രാവശ്യം നിലപാട് ആവർത്തിച്ചു. അതും അസാധാരണമാണത്. സഭയെ നിയന്ത്രിക്കാൻ ബലപ്രയോഗം നടത്തിയ ഇരുണ്ട അധ്യായമായ അവിഗ്നോന്‍ പേപ്പസിയെ ഉദ്യോഗസ്ഥർ ഉപയോഗിച്ചതായും വാർത്ത പരന്നു. ഇത് വത്തിക്കാനിലെ പരിശുദ്ധ സിംഹാസനത്തിനെതിരായ മറഞ്ഞിരിക്കുന്ന സൈനിക ഭീഷണിയാണ്. ബലപ്രയോഗത്തിൽ അധിഷ്ഠിതമായ നയതന്ത്രവും വളർന്നുവരുന്ന യുദ്ധത്തിനായുള്ള തീക്ഷ്ണതയും നയിക്കുന്ന ലോകത്തെ, പോപ്പ് പരസ്യമായി അപലപിച്ച ശേഷമാണ് ഏറ്റുമുട്ടലുണ്ടായത്. അത് യുഎസിനോടുള്ള നേരിട്ടുള്ള വെല്ലുവിളിയായി കണ്ടു.
വത്തിക്കാന്റെ നയതന്ത്ര ചരിത്രത്തിലെ എതിരാളിയുടെ ഉത്ഭവം 1300 കളിൽ ഫ്രഞ്ച് രാജാവ്, പോപ്പിനുമേൽ ആധിപത്യത്തിന് സൈനിക ശക്തി പ്രയോഗിച്ച കാലം മുതലാണ്. യുദ്ധങ്ങൾക്ക് പണം നൽകുന്നതിന് ഫിലിപ്പ് നാലാമൻ ഫ്രഞ്ച് പുരോഹിതരിൽ നികുതി ചുമത്തുന്നതിനെച്ചൊല്ലി സംഘർഷം ആരംഭിച്ചു. പോപ്പ് ക്ലെറിസിസ് ലൈക്കോസ് അത് വിലക്കി. 1303 സെപ്തംബറിൽ ഫിലിപ്പ്, ഉപദേഷ്ടാവായ ഗില്ലൂം ഡി നൊഗാരറ്റിനെ പോപ്പിനെ പിടികൂടാൻ അയച്ചു. സെപ്തംബർ ഏഴിന് സൈന്യം പേപ്പൽ കൊട്ടാരത്തിലേക്ക് അതിക്രമിച്ചു കയറി അദ്ദേഹത്തെ ബന്ദിയാക്കി. നാട്ടുകാർ മോചിപ്പിച്ചെങ്കിലും ആഘാതത്തിൽനിന്ന് വിമുക്തനാവാതെ ആ എഴുപത്തിമൂന്നുകാരൻ 1303 ഒക്ടോബറിൽ മരിച്ചു.
ഇറാനെതിരായ ട്രംപിന്റെ ആക്രമണങ്ങളെയും പശ്ചിമേഷ്യൻ നാഗരികതയെ മുഴുവൻ ഉന്മൂലനം ചെയ്യുമെന്ന മുന്നറിയിപ്പുകളെയും ലിയോ തുറന്ന് വിമർശിക്കുന്നത് യുഎസ് - വത്തിക്കാൻ ശത്രുതയിലെ അഭൂതപൂർവമായൊരു മാനമാണ്. വത്തിക്കാനിൽ നടന്ന ഈസ്റ്റർ ആഘോഷത്തിനിടെ അദ്ദേഹം ലോക നേതാക്കളോട് ആയുധങ്ങൾ താഴെയിടാൻ ആവശ്യപ്പെട്ടു, അതേസമയം ഇറാനിൽ യുഎസ് സൈനികനെ രക്ഷപ്പെടുത്തിയതിനെ ഈസ്റ്റർ അത്ഭുതമെന്ന് പ്രശംസിക്കുകയായിരുന്നു ട്രംപും ഭരണകൂടവും. യുദ്ധത്തെ ക്രിസ്തീയ ഭാഷയിൽ ന്യായീകരിക്കുകയും ചെയ്തു. ബൈബിളിൽ ദൈവം കടന്നാക്രമണങ്ങളെ ന്യായീകരിക്കുന്നുവെന്ന അവകാശവാദം പോപ്പ് നിരാകരിച്ചു. അധിനിവേശക്കാരുടെ പ്രാർത്ഥനകൾ അവൻ കേൾക്കുന്നില്ല, മറിച്ച് അവരെ നിരസിക്കുന്നുവെന്നായിരുന്നു തിരുത്ത്. ജനുവരിയിൽ മാർപാപ്പ നടത്തിയ പ്രസംഗത്തിൽ അമേരിക്കയുടെ സൈനിക ഇടപെടലുകളെയും ആധിപത്യ മനോഭാവത്തെയും വിമർശിച്ചിരുന്നു. അതിനെതിരെ നടന്ന കൂടിക്കാഴ്ചയിൽ പതിനാലാം നൂറ്റാണ്ടിലെ അവിഗ്നൻ പാപ്പസി കാലഘട്ടത്തെക്കുറിച്ച് യുഎസ് ഉദ്യോഗസ്ഥൻ പരാമർശിച്ചതാണ് വത്തിക്കാനെ ചൊടിപ്പിച്ചത്. അമേരിക്കൻ എഴുത്തുകാരിയും നരവംശശാസ്ത്രജ്ഞയുമായ സോറ നീൽ ഹർസ്റ്റൺ കുറിച്ച വരികൾ മറക്കാനാവില്ല. “വേദനയിൽ മിണ്ടാതിരുന്നാൽ അവർ നിങ്ങളെ കൊന്ന് നിങ്ങൾ അത് ആസ്വദിച്ചുവെന്ന് പറയും. ഇക്കാലത്ത് വേദന കാണാൻ അനുവദിച്ചാൽ നിങ്ങളെ നശിപ്പിക്കുകയും നിങ്ങൾ അത് അർഹിക്കുന്നുവെന്ന് ഉറപ്പിക്കുകയും ചെയ്യും.”
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment