പുനഃസംഘടന പ്രതീക്ഷിച്ച് സിദ്ധരാമയ്യ; മുഖ്യമന്ത്രി പദം മോഹിച്ച് ശിവകുമാര്‍

Janayugom
Developer Admin

ർണാടക കോൺഗ്രസില്‍ നേതൃമാറ്റങ്ങളെക്കുറിച്ച് സമീപകാലത്തുണ്ടായ ചർച്ചകൾക്കിടയിൽ, യതീന്ദ്ര സിദ്ധരാമയ്യ തന്റെ പിതാവിനെ ശക്തമായി പിന്തുണച്ചിരുന്നു. അതോടൊപ്പം, മുഖ്യമന്ത്രിയെന്ന നിലയിൽ തന്റെ സ്ഥാനത്തിന് ഒരു ഭീഷണിയുമില്ലെന്ന് സിദ്ധരാമയ്യ ആവർത്തിക്കുന്നു. എന്നാലിപ്പോൾ സിദ്ധരാമയ്യയുടെ ക്യാമ്പ് മന്ത്രിസഭാ പുനഃസംഘടനയ്ക്ക് വേണ്ടി സമ്മർദം ചെലുത്തുകയാണ്. മന്ത്രിസഭയിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് സംസ്ഥാനത്തെ നിയമസഭാംഗങ്ങൾ ന്യൂഡൽഹിയിലേക്ക് പോയിരി‌ക്കുന്നു. അതേസമയം മുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ച് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പുനഃസംഘടനയെ എതിർക്കുകയാണ്. നിലവിൽ, കെ എൻ രാജണ്ണയുടെയും ബി നാഗേന്ദ്രയുടെയും രാജിയിലൂടെ രണ്ട് മന്ത്രിസ്ഥാനങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കർണാടകയിലെ നേതൃത്വ പ്രശ്നം പരിഹരിക്കുന്നതിന് സിദ്ധരാമയ്യയെയും ശിവകുമാറിനെയും വിളിച്ചുവരുത്താനുള്ള താല്പര്യം മുതിർന്ന നേതാവ് രാഹുൽ ഗാന്ധി പ്രകടിപ്പിച്ചിട്ടുണ്ട്. ചില മന്ത്രിമാരെ ഒഴിവാക്കി പുതുമുഖങ്ങളെ കൊണ്ടുവരാമെന്നതിനാല്‍ മന്ത്രിസഭാ പുനഃസംഘടനയോട് കോ­ൺഗ്രസ് ഹൈക്കമാൻഡ് അ­നുകൂലമാണ്. നിര്‍ദിഷ്ട വനിതാ സംവരണ ബില്ലിന് കീഴിൽ മുസ്ലിങ്ങൾക്ക് ഉപസംവരണം അനുവദിക്കണമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷന്‍ അഖിലേഷ് ആഗ്രഹിക്കുന്നു. 

2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്, വനിതാ സംവരണ ബിൽ ചട്ടക്കൂടിനുള്ളിൽ മുസ്ലിം വനിതകള്‍ക്ക് പ്രത്യേക സംവരണം വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് എസ്‌പി, തങ്ങളുടെ പരമ്പരാഗത വോട്ട് ബാങ്ക് ഏകീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്കുള്ള നിർദിഷ്ട 33% സംവരണത്തിൽ മുസ്ലിം, പിന്നാക്ക വിഭാഗ (ഒബിസി) സ്ത്രീകൾക്ക് പ്രത്യേക ഉപസംവരണം ഉൾപ്പെടുത്തണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ലോക്‌സഭയിൽ വനിതാ സംവരണവുമായി ബന്ധപ്പെട്ട്, മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ മുസ്ലിം സ്ത്രീകൾക്കുള്ള സംവരണത്തിന്റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഖിലേഷ് യാദവും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം നടന്നു. വനിതാ സംവരണ ബിൽ പാസായതിനുശേഷം മുസ്ലിം സ്ത്രീകൾക്ക് പ്രത്യേക സംവരണം ലഭിക്കണമെന്ന് അഖിലേഷ് ആവര്‍ത്തിച്ചു. ഇതിനുള്ള മറുപടിയില്‍ മതാടിസ്ഥാനത്തിലുള്ള സംവരണം എന്ന ആശയത്തെ അമിത് ഷാ ശക്തമായി നിരാകരിച്ചു. മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നത് സ്വീകാര്യമല്ലെന്നും മതപരമായി മുസ്ലിങ്ങൾക്ക് സംവരണം നൽകുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സമാജ്‌വാദി പാർട്ടിയെ ആക്രമിച്ച ഷാ, “സമാജ്‌വാദി പാർട്ടിക്ക് അവരുടെ എല്ലാ സീറ്റുകളും മുസ്ലിം സ്ത്രീകൾക്ക് നൽകാം, ഞങ്ങൾക്ക് എതിർപ്പില്ല” എന്ന് പരിഹസിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രിയുടെ പരാമർശങ്ങൾ ജനാധിപത്യവിരുദ്ധമാണെന്ന് അഖിലേഷ് യാദവ് തിരിച്ചടിച്ചു. രാജ്യത്തെ ജനസംഖ്യയിൽ മുസ്ലിം സ്ത്രീകൾ ഉൾപ്പെടുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ട്രഷറി ബെഞ്ച് എംപിമാരെയും ചിരിപ്പിച്ച ‘ചാണക്യ’ പരാമർശം ഉദ്ധരിച്ച് പ്രിയങ്കാ ഗാന്ധി എംപി ലോക്‌സഭയിൽ കേന്ദ്രത്തിന്റെ വനിതാ സംവരണ ബില്ലിനെ എതിർത്തു. “ആജ് അഗർ ചാണക്യ സിന്ദാ ഹോതേ, തോ ആപ് കി ചതുരൈ ദേഖ് കർ വോ ഭി ഹൈരാൻ ഹോ ജാതേ” എന്നാണ് അവർ പറഞ്ഞത്. (ഇന്ന് ചാണക്യൻ ജീവിച്ചിരുന്നെങ്കിൽ, താങ്കളുടെ രാഷ്ട്രീയ തന്ത്രം കണ്ട് അദ്ദേഹം ഞെട്ടിപ്പോകുമായിരുന്നു) കോൺഗ്രസ് വനിതാ സംവരണത്തെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രിയങ്ക, അതിന്റെ നിലപാടില്‍ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും പറഞ്ഞു. വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്കും ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുന്നതിനുമായി അവതരിപ്പിച്ച ബില്ലുകളെക്കുറിച്ചുള്ള ചർച്ചയിൽ, ലോക്‌സഭയില്‍ നിലവിലെ 543 സീറ്റുകളിൽ സ്ത്രീകൾക്ക് 33% സംവരണം നൽകാൻ സർക്കാരിന് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി ചോദിച്ചു. 2011 ലെ സെൻസസ് ഡാറ്റയുടെ അടിസ്ഥാനത്തിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി ഉയർത്തുന്നതിനുള്ള ഡീലിമിറ്റേഷൻ കമ്മിഷനെ അവര്‍ ചോദ്യം ചെയ്തു. ബംഗാളിലെ സ്ത്രീകള്‍ക്ക് പ്രതിമാസം 3,000 രൂപ ധനസഹായം വാഗ്ദാനം ചെയ്ത് ബിജെപിക്കുവേണ്ടി മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി മാതൃശക്തി ഭരോസ കാർഡ് പുറത്തിറക്കി. വനിതാ വോട്ടർമാരെ ആകർഷിക്കുന്നതിനായി 294 നിയമസഭാ മണ്ഡലങ്ങളിലെയും മുഴുവന്‍ വീടുകളിലും വനിതകള്‍ക്കുള്ള 3,000 രൂപ പ്രതിമാസ പദ്ധതിയുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഗ്യാരന്റികള്‍ ലഘുലേഖകളായി വിതരണം ചെയ്യുന്ന പ്രചാരണ പരിപാടി ബിജെപി ആസൂത്രണം ചെയ്തിട്ടുണ്ട്. അതേസമയം, വനിതാ സംവരണ നിയമം ഭേദഗതി ചെയ്യുന്നതും ഡീലിമിറ്റേഷൻ കമ്മിഷൻ സ്ഥാപിക്കുന്നതും തമ്മില്‍ ബന്ധിപ്പിക്കുന്നത് വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ ഇല്ലാതാക്കുന്നതിനും എൻആർസി നടപ്പിലാക്കുന്നതിനുമുള്ള ഗൂഢാലോചനയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ചൂണ്ടിക്കാട്ടി. കൂച്ച് ബെഹാർ ജില്ലയിലെ മാതഭംഗയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട്, വനിതാ സംവരണ, ഡീലിമിറ്റേഷൻ ബില്ലുകൾ ബന്ധിപ്പിച്ച് ഇന്ത്യയെ വിഭജിക്കാൻ തീവ്രശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മമത പറഞ്ഞു.
(ഐപിഎ)

Previous
പോപ്പിന്റെ ദൂതന് പെന്റഗൺ ഭീഷണി
Next
വേട്ടയാടലിൽ തളരില്ല തൊഴിലാളി പ്രക്ഷോഭം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment