വേട്ടയാടലിൽ തളരില്ല തൊഴിലാളി പ്രക്ഷോഭം

Janayugom
Developer Admin

രാജ്യം വ്യാപാര, വാണിജ്യ സൗഹൃദമാക്കുകയെന്ന പ്രഖ്യാപിത നയമാണ് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരുകൾ നടപ്പിലാക്കിപ്പോരുന്നത്. അവിടെ തൊഴിലാളി വേതനം, സുരക്ഷ എന്നിവയ്ക്ക് പരിഗണന ലഭിക്കില്ല. മുതൽമുടക്കുന്നവരുടെയും കോർപറേറ്റുകളുടെയും താല്പര്യ സംരക്ഷണത്തിനും അവരുടെ ലാഭാർത്തി പരിപോഷിപ്പിക്കുന്നതിനുമാണ് മുൻഗണന ലഭിക്കുന്നത്. അതിന്റെ ഭാഗമായാണ് വിവിധ തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് നാല് തൊഴിൽ കോഡുകൾ വിജ്ഞാപനം ചെയ്ത നടപടി. നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിരക്ഷകളെല്ലാം ഉണ്ടായിരുന്നതുകൊണ്ടാണ് രാജ്യത്തെ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെട്ടുനിൽക്കുന്നതെന്ന ധാരണയാണ് നിലനിൽക്കുന്നത്. അപ്പോഴും പല മേഖലകളിലെയും തൊഴിലാളികൾ ചൂഷണത്തിനിരയാകുന്നുവെന്നും പരിമിത വേതനവും തീര്‍ത്തും സുരക്ഷിതമില്ലാത്ത സാഹചര്യങ്ങളാണ് നേരിടുന്നത് എന്നുമാണ് ഉത്തർപ്രദേശിലെ നോയിഡ, ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് അടുത്ത ദിവസങ്ങളിൽ രാജ്യ ശ്രദ്ധയിലെത്തിയ തൊഴിലാളി സമരങ്ങളിലൂടെ വ്യക്തമാകുന്നത്. അതീവ ദുരിതപൂർണമാണ് തൊഴിലാളികളുടെ സ്ഥിതി. കരാർ, താൽക്കാലികം എന്നിങ്ങനെ വിവിധ പേരുകളിൽ നഗ്നമായ ചൂഷണമാണ് നടക്കുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തി വാടക മുറികളിൽ താമസിച്ച് തൊഴിലെടുക്കുന്നവർക്കുള്ള വേതനം കേവലം 14,000 രൂപ വരെയാണെന്നത് ഞെട്ടിക്കുന്നതാണ്. 

തൊഴിലാളി പ്രക്ഷോഭം ആരംഭിച്ച ഘട്ടത്തിൽ ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശിലെ ബിജെപി സർക്കാർ കണ്ണിൽപ്പൊടിയിടുന്നതിന് പ്രഖ്യാപിച്ച വേതന വർധനയിൽ നിന്നുതന്നെ തൊഴിലാളികളുടെ ശോചനീയാവസ്ഥ വ്യക്തമാകുന്നതാണ്. ഗാസിയാബാദ്, നോയിഡ എന്നീ രണ്ട് ജില്ലകളിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ 21%, മറ്റ് നഗരപ്രദേശങ്ങളിൽ 15% എന്നിങ്ങനെ വർധനയാണ് പ്രഖ്യാപിച്ചത്. മറ്റ് പ്രദേശങ്ങളിലെ വർധന വെറും ഒമ്പത് ശതമാനം മാത്രമാണ്. ഇതനുസരിച്ച് നോയിഡയിലെയും ഗാസിയാബാദിലെയും വിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 13,940ൽ നിന്ന് 16,868, അർധ നൈപുണ്യ തൊഴിലാളി വേതനം 12,445 ൽ നിന്ന് 15,059 രൂപ എന്നിങ്ങനെയാണ് വർധിക്കുക. അവിദഗ്ധ തൊ­ഴിലാളികളുടേത് 11,313ൽ നിന്ന് 13,690 ആയാണ് ഉയർത്തിയത്. നിലവിലുള്ള നിരക്കും വർധിപ്പിച്ച തോതും പരിശോധിച്ചാൽത്തന്നെ തൊ­ഴിലാളികൾക്ക് ലഭിക്കുന്ന വേതനം എത്ര തുച്ഛമാണെന്ന് ബോ­ധ്യപ്പെടുന്നതാണ്. ഈ മേഖലയോട് തൊട്ടുകിടക്കുന്ന ഹരിയാനയിൽ അടുത്തിടെ കുറഞ്ഞ വേ­തനത്തിൽ 31% വർധന വരുത്തിയിരുന്നു. ഇതും ദേശീയ ശരാശരിയുമായോ ഇതര സംസ്ഥാന വേതന നിരക്കുമായോ പൊരുത്തപ്പെടുന്നതായിരുന്നില്ല. പരിഷ്കരണത്തിന് ശേഷവും, ഹരിയാനയിൽ അവിദഗ്ധ, വിദഗ്ധ തൊഴിലാളികളുടെ ദിവസ വേതന നിരക്ക് യഥാക്രമം 582.4 രൂപയും 747.14 രൂപയുമാണ്. ഉത്തർപ്രദേശിൽ, പുതിയ നിരക്കനുസരിച്ച് അവിദഗ്ധ തൊഴിലാളികൾക്ക് 435.14, വിദഗ്ധ തൊഴിലാളികൾക്ക് 536.16 രൂപയാണ് ലഭിക്കുക. ദേശീയ തലത്തിൽ, മിനിമം ദിവസ വേതനം 2016–17ലെ 408 രൂപയിൽ നിന്ന് 2023–24ൽ 593 രൂപയായി വർധിപ്പിച്ചിരുന്നുവെങ്കിലും ഈ രണ്ട് സംസ്ഥാനങ്ങളിലും അതുണ്ടായില്ല. എന്നുമാത്രമല്ല മിക്ക തൊഴിലാളികളും കുറഞ്ഞ വേതനത്തിന്റെയോ മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയോ പരിധിക്ക് പുറത്ത്, കരാർ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. വേതനത്തിന്റെ സ്ഥിതി ഇത്രയും പരിതാപകരമാണെങ്കിൽ മറ്റ് തൊഴിൽ സുരക്ഷാ നിയമങ്ങളൊന്നും പാലിക്കപ്പെടുന്നില്ലെന്ന വസ്തുതയും ഇപ്പോൾ വെളിപ്പെടുകയാണ്. സാഹചര്യങ്ങൾ ഇത്രത്തോളം പരിതാപകരമായതിനാൽ തൊഴിലാളി സംഘടനകൾ ഇടപെടുകയും പ്രശ്നപരിഹാര ശ്രമങ്ങൾ നടത്തുകയും ചെയ്തിരുന്നു. പക്ഷേ ഫാക്ടറികൾക്കും സ്ഥാപനങ്ങൾക്കുമുള്ളിൽ യൂണിയനുകളുമായി ബന്ധപ്പെടുകയോ സമര നീക്കം നടത്തുകയോ ചെയ്യുന്നവരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുന്ന കാടൻ നീതിയാണ് നടപ്പിലാക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിൽ തൊഴിലാളി സംഘടനകളിൽ നിന്ന് മഹാഭൂരിപക്ഷവും അകലം പാലിക്കുകയായിരുന്നു. 

എല്ലാതരത്തിലും സഹികെട്ട തൊഴിലാളികളാണ് ഒരാഴ്ച മുമ്പ് തെരുവിലിറങ്ങിയിരിക്കുന്നത്. രണ്ട് ദിവസം പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ശ്രമം നടത്തിയത് പ്രക്ഷുബ്ധാവസ്ഥയുണ്ടാക്കി. നിരവധി പേർക്ക് ലാത്തിച്ചാർജിലുൾപ്പെടെ പരിക്കേറ്റു. 500ഓളം പേരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. കള്ളക്കേസുകളെടുത്തു. എന്നിട്ടും സമരം ശക്തമായി മുന്നോട്ടുപോകുന്നുവെന്ന സാഹചര്യത്തിലാണ് നേരിയ വേതന വർധനയെന്ന കണ്ണിൽപ്പൊടിയിടൽ തീരുമാനം ആദിത്യ നാഥ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സാഹചര്യങ്ങൾ അതിദയനീയമായതിനാലും എഐടിയുസി ഉൾപ്പെടെ തൊഴിലാളി സംഘടനകൾ സമരം ഏറ്റെടുത്തതിനാലും പ്രക്ഷോഭം ശക്തമായി തുടരുകയാണിപ്പോഴും. അതുകൊണ്ട് പതിവുപോലെ ‘ദേശവിരുദ്ധ ശക്തികളുടെ പിൻബലത്തോടെ’ എന്നിങ്ങനെ കുറ്റം ചുമത്തി സമരം തകർക്കുന്നതിന് പുതിയ നയങ്ങൾ സ്വീകരിക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്തകളിൽ നിന്ന് വ്യക്തമാകുന്നത്. ചില വ്യക്തികളെ പ്രത്യേകം കണ്ടെത്തി, കടുത്ത കുറ്റം ചുമത്തി വേട്ടയാടുകയാണ് ചെയ്യുന്നത്. ഫാസിസ്റ്റ്, കോർപറേറ്റ് അനുകൂല ഭരണകൂടങ്ങളുടെ രീതിയാണ് അവലംബിക്കുന്നത്. അതുകൊണ്ട് പ്രക്ഷോഭം തളർന്നുപോകുമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്.

Previous
പുനഃസംഘടന പ്രതീക്ഷിച്ച് സിദ്ധരാമയ്യ; മുഖ്യമന്ത്രി പദം മോഹിച്ച് ശിവകുമാര്‍
Next
ഒറ്റപ്പെട്ടുപോകുന്ന ദേവദാസി ജീവിതങ്ങൾ

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment